സോഷ്യൽ മീഡിയ ജനപ്രിയമായ കാല ഘട്ടം മുതൽ അതിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി നിരീക്ഷണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അച്ചടി മാധ്യമത്തിനെ പലപ്പോഴും സോഷ്യൽ മീഡിയയുമായി താരതമ്യം ചെയ്തുകൊണ്ടാണ് പല അഭിപ്രായങ്ങളും.എന്നാൽ ഇവ രണ്ടും തീർത്തും വ്യത്യസ്തമായ സ്വാഭാവ സവിശേഷതകൾ അടങ്ങിയ മാധ്യമങ്ങൾ ആണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്, അത് മനസിലാക്കിയാൽ ഒന്നു മറ്റൊന്നിന് പകരമാവില്ല എന്നു വ്യക്തമാവും.അച്ചടി മാധ്യമത്തിൽ എഴുതുന്ന ഒരാൾ സോഷ്യൽ നെറ്റവർക്കു കളെയോ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്ന ഒരാൾ അച്ചടി മാധ്യമത്തെയോ അപ്പോൾ വില കുറച്ച് കാണില്ല.
റഫീക്ക് അഹമ്മദ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളെ വിമർശിച്ചിരുന്നു. അതിന് മറുപടി എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിലും പ്രിന്റ് മീഡിയയിലും സജീവ സാന്നിധ്യമായ എസ്.ശരദക്കുട്ടി ഈ കുറിപ്പെഴുതിയത്.
“മുന്തിയ രസങ്ങളുടെ, ഉത്തമാഭിരുചികളുടെ പ്രതിനിധിയെന്ന മട്ടിൽ കവിയും അതേ സമയം ഗാനരചയിതാവുമായ റഫീക് അഹമ്മദ് fbയെ കുറിച്ച് താഴ്ത്തി സംസാരിച്ചതിനോട് വിയോജിക്കുന്നു. നമുക്കറിയാമല്ലോ പണ്ട് സമ്പന്നർക്ക് മാത്രമാണ് വായനശാലകളും തിയറ്ററുകളും കലാമ്യൂസിയങ്ങളും സാധ്യമായിരുന്നത്. സുകുമാരകലകളുമായിട്ടായിരുന്നു ഹൈ കൾച്ചറിന്റെ സംസർഗ്ഗം. നേരെ വിപരീതമായി, സാമാന്യജനത്തിന്റെ അഭിരുചികളുമായിട്ടായിരുന്നു ലോ കൾച്ചർ അണിനിരന്നത്.സംസ്കാരത്തിന്റെ ഈ അംബരച്ചുംബി ഉദാഹരണത്തിൽ നമ്മൾ യോജിച്ചാലും ഇല്ലെങ്കിലും ഈ മേലെ-താഴെ, ഉയർന്ന-താഴ്ന്ന ഹൈറാർക്കി തന്നെയാണ് സംസ്കാരത്തെപ്പറ്റി നാം ചർച്ച ചെയ്യുമ്പോൾ അതിനെ നിർവചിക്കുകയോ അഥവാ ക്ലിപ്തപ്പെടുത്തുകയോ ചെയ്യുന്നത് – അതൊരു വസ്തുതയാണ്. ഈ ക്ലിപ്തപരിധിയെയാണ് സൈബർ എഴുത്ത് പൊളിക്കാൻ ശ്രമിക്കുന്നത്. .ഇന്ന് അതിന്റെ രൂപങ്ങൾ ആക്ഷൻ സിനിമകളും റിയാലിറ്റി ടീവിയും ഗോസ്സിപ്പ് കോളങ്ങളും ആണ് – വാട്സാപ്പിൽ വരുന്ന തമാശകൾ പോലും – അങ്ങനെ പല രൂപത്തിൽ.
ഈ രണ്ടു വിഭക്താവസ്ഥകളെ തമ്മിൽ ബന്ധിപ്പിച്ചു, അല്ലെങ്കിൽ ഈ രണ്ടു വിഭക്താവസ്ഥകൾ തമ്മിലുള്ള വിടവ് കുറയ്ക്കുന്നു എന്നതാണ് ഇന്റർനെറ്റിന്റെ വരവോടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവം. ഇന്നത്തെ സൈബർ സാഹിത്യത്തിന്റെയും fb യുടെയും പ്രസക്തിയും അതുതന്നെ.
സ്വയം രേഖപ്പെടുത്താനും അംഗീകരിക്കപ്പെടാനുമായി f bയെ പ്രത്യക്ഷത്തിലും ഒളിഞ്ഞിരുന്നും കൂലിക്കാളെ വെച്ചും ബന്ധുക്കളുടെ പ്രൊഫൈൽ വഴിയും ഉപയോഗിക്കുന്ന സെലിബ്രിറ്റികളെ എല്ലാവർക്കുമറിയാം. അറിയില്ല എന്നവർ നടിച്ചാലും.
fb യാണ് എല്ലാം എന്നല്ല പറഞ്ഞു വരുന്നത് അതിനെ നിഷേധിച്ചിട്ടു കാര്യമില്ല എന്നാണ്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഇന്ന് അതിനെ ഒഴിച്ചുനിർത്താനാവില്ല. ഒന്നിൽ തെളിയാൻ മറ്റൊരു സജീവ ഇടത്തിനെ ചവിട്ടിത്താഴ്ത്തേണ്ടതില്ല. ആത്മവിശ്വാസക്കുറവാണ് അവിടെ വെളിപ്പെട്ടു പോകുന്നത് “