ഹൃദയത്തിൽ , വേനലിൽ വറ്റാത്തൊരോർമയിൽ ,
പകലിന്റെ വെണ്മപോലൊരു മുഖം
വാടാമുല്ലയായ് നിൽപ്പൂ.
ഹരിതസ്‌തൂപ വൃക്ഷങ്ങൾക്കിടയിലെ
പാതയിൽനിന്നു , കിനാവിൽ
പണ്ടെന്നോ പകർന്നതാണാനനം.
ദേവദാരുക്കൾ തലതാഴ്ത്തുമിന്നും
കാന്തിയുടെയാഴങ്ങൾ ചൂഴ്ന്ന്…
പാതവരഞ്ഞൊരാ കാനനമെന്തിനോ
കാലത്തിൻ വാമൊഴിയായ്
കൗമാരക്കുളിരിന്റെ
മഞ്ഞുതൂകുന്നു.
വെറുതെയോരോരോ നിനവുകളിൽ
അവിടേക്കു യാത്ര മെനയുന്നു.
നാലുമണി വെയിലിന്റെ മഞ്ഞൾപുരണ്ട
മുഖമത് , അവധിവക്കിന്റെ വെള്ളിയാഴ്ചയിൽ
മിഴികളിലേക്കടിയുന്നു , പടരുന്നു ഹൃദയത്തിൽ വേനലിൽ
ഭാവഗീതങ്ങളായ്…