എഴുത്തുകാരന്‍ അധികാരകേന്ദ്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്തില്ല: ടി.പത്മനാഭന്‍

tnprakash

 

എഴുത്തുകാരന്‍ ആ പേരിന് അര്‍ഹനാണെങ്കില്‍ അവാര്‍ഡുകള്‍ക്കോ അക്കാദമികളില്‍ അംഗത്വത്തിനോവേണ്ടി അധികാരകേന്ദ്രങ്ങളില്‍ ശയനപ്രദക്ഷിണത്തിന് പോവില്ലെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍. ടി.എന്‍. പ്രകാശിന്റെ സമ്പൂര്‍ണ്ണ ചെറുകഥാമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്നും ഇന്നും ഇറങ്ങുന്ന ഒട്ടുമുക്കാല്‍ പുസ്തകങ്ങളും പീറയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍, പ്രകാശിന്റെ കഥകള്‍ തനിക്കേറെ ഇഷ്ടമാണ്. സാഹിത്യരംഗത്തെ ഗ്രൂപ്പുകളില്‍ മനംമടുത്ത് എഴുത്തു നിറുത്തുകയാണെന്ന് പ്രകാശ് പറഞ്ഞതില്‍ അദ്ഭുതപ്പെടുന്നില്ല. അര്‍ഹതയുള്ളത് മാത്രമേ അതിജീവിക്കുകയുള്ളൂ. അല്ലാത്തവ സോഷ്യല്‍ മീഡിയയില്‍ കൈകാലിട്ടടിക്കുക മാത്രമാണ് ചെയ്യുക. ടി.പദ്മനാഭന്‍ കൂടച്ചേര്‍ത്തു.

പ്രസാധനം നിര്‍വ്വഹിച്ച സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ രണ്ടാംജന്മത്തിന് മന്ത്രി ജി.സുധാകരനോടാണ് കടപ്പാട്. പ്രകാശിന്റെ ആദ്യകഥ ‘വളപട്ടണം പാലം’ പ്രകാശനം ചെയ്യണമെന്ന ആവശ്യവുമായി ഡോ.ടി.പി. സുകുമാരനാണ് തന്നെ കാണാന്‍ വന്നത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പുസ്തകം അവിടെവെച്ച് ഡോക്ടര്‍ മടങ്ങി. എന്നാല്‍ വായിച്ചശേഷം തനിക്ക് പ്രകാശനം ചെയ്യാന്‍ സമ്മതിക്കേണ്ടിവന്നതായി പത്മനാഭന്‍ അനുസ്മരിച്ചു.

എഴുത്തുകാരനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അധികകാലം നിലനില്ക്കാന്‍ കഴിയില്ലെന്ന് ചെറുകഥാസമാഹാരം ഏറ്റുവാങ്ങിയ സാഹിത്യകാരന്‍ എം.മുകുന്ദന്‍ പറഞ്ഞു. നശിപ്പിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുമ്പോള്‍ സ്നേഹം പകരുന്ന ഒട്ടേറെ കൂട്ടരും എഴുത്തുകാര്‍ക്കിടയിലുണ്ട്. അക്ബര്‍ കക്കട്ടില്‍, ടി.എന്‍.പ്രകാശ് എന്നിവര്‍ അക്കൂട്ടത്തില്‍പ്പെട്ട അനുജരന്മാരാണ്. എഴുത്തില്‍ സമൂഹമാണുണ്ടാകേണ്ടത്. എഴുത്തുകാരന്‍ കാശു ചോദിക്കാന്‍ പാടില്ല, റോയല്‍റ്റി ചോദിക്കരുത് എന്നതാണ് പൊതുസമൂഹത്തിന്റെ നിലപാട്. എഴുത്തു വേണം, ജീവിതം വേണ്ട എന്ന വൈരുദ്ധ്യമാണിത്. എഴുത്തുകാരന് നിഗൂഡതകള്‍ പാടില്ലെന്നും എന്നാല്‍, എഴുത്തില്‍ വേണമെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
എന്‍.ബി.എസ് ബുള്ളറ്റിന്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓർമ
Next articleഎന്താണ് ചുവര്ചിത്രങ്ങള്?
1931ൽ കണ്ണൂരിനടുത്ത്‌ പളളിക്കുന്നിൽ ജനിച്ചു അച്‌ഛൻഃ പുതിയിടത്ത്‌ കൃഷ്‌ണൻനായർ. അമ്മഃ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ്‌ ഹൈസ്‌കൂളിലും മംഗലാപുരം ഗവണ്മെന്റ്‌ ആർട്‌സ്‌ കോളജിലും മദ്രാസ്‌ ലോ കോളജിലും പഠിച്ചു. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്‌ടീസ്‌ ചെയ്‌തശേഷം ഫാക്‌ടറിന്റെ കൊച്ചിൻ ഡിവിഷനിൽ ഉദ്യോഗം സ്വീകരിച്ചു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. 1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജിമകൾ വന്നിട്ടുണ്ട്‌. കഥകൾ ഫ്രഞ്ച്‌, റഷ്യൻ, ജർമൻ, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലും വന്നിട്ടുണ്ട്‌. 1973-ൽ കേരള സാഹിത്യ അക്കാദമിയുടെ അവർഡ്‌ സാക്ഷി എന്ന സമാഹാരത്തിന്‌ ലഭിച്ചപ്പോൾ, അക്കാദമി എന്ന സങ്കല്‌പത്തോട്‌ പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാൽ സ്വീകരിച്ചില്ല. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ എം.പി. പോൾ പ്രൈസ്‌ സാക്ഷിക്കു ലഭിച്ചിട്ടുണ്ട്‌. 1988-ൽ കാലഭൈരവന്‌ സാഹിത്യപരിഷത്തിന്റെ ആദ്യത്തെ ഗോൾഡൻ ജൂബിലി അവാർഡ്‌ കിട്ടി. 1991-ൽ പ്രസിദ്ധീകരിച്ച ‘ഗൗരി’ എന്ന കഥയ്‌ക്ക്‌ കഴിഞ്ഞ 6 കൊല്ലക്കാലത്തിനുളളിൽ മലയാളത്തിൽ വന്ന ഏറ്റവും മികച്ച കഥയ്‌ക്കുളള ‘സ്‌റ്റജ്‌ ഓഫ്‌ അൽ-ഐൻ’ അവാർഡ്‌ ലഭിച്ചു. ‘പുഴ കടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌’ എന്ന കഥയ്‌ക്ക്‌ 1996-ലെ പത്‌മരാജൻ പുരസ്‌കാരം കിട്ടി. ഗൗരിക്ക്‌ 1996-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. കടലിന്‌ 1995-ലെ അബുദാബി മലയാള സമാജം അവാർഡും 1996-ലെ ഓടക്കുഴൽ പുരസ്‌കാരവും. പുഴകടന്ന്‌ മരങ്ങളുടെ ഇടയിലേക്ക്‌ എന്ന സമാഹാരത്തിന്‌ 2000-ൽ അരങ്ങ്‌ (അബുദാബി) അവാർഡും ലഭിച്ചു. 1996-ൽ എം.കെ.കെ.നായർ അവാർഡ്‌. അമേരിക്കയിലും കാനഡയിലും ഇംഗ്ലണ്ടിലും യൂറോപ്പിലും നേപ്പാളിലുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌. 15 കഥാസമാഹാരങ്ങളും ഒരു ലേഖനസമാഹാരവുമുണ്ട്‌ (എന്റെ കഥ, എന്റെ ജീവിതം). നോവൽ എഴുതിയിട്ടില്ല. ഭാര്യഃ കല്ലന്മാർതൊടി ഭാർഗ്ഗവി. വിലാസംഃ 15, രാജേന്ദ്രനഗർ സ്‌റ്റേജ്‌- 2 പളളിക്കുന്ന്‌ കണ്ണൂർ 670 004

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here