എഴുത്തുകാരനും പേനയും തമ്മിലൊരു കശപിശ

 

 

 

 

 

ഇന്നേതായാലും ഞാനൊരു കഥ പറഞ്ഞു തരാം അതങ്ങ് എഴുതിയാല്‍ മതി.

ഒരു കഥക്കുള്ള ത്രെഡ് മേന്‍പൊടിക്കു പോലും വിത്തായി ഉള്ളീലേക്കൊന്നു വീഴുന്നില്ല.

എന്നാല്‍ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ പറഞ്ഞു തരുന്നതൊക്കെ കടലാസിലേക്കൊന്നു കുറിച്ചു വച്ചാല്‍ മതിയല്ലോ
ശരി എന്നാ പറ.

ഓണ്‍ലൈന്‍ എഴുത്തുത്സവം ഉത്ഘാടനം ചെയ്യാനെത്തിയ ഇന്ദുമേനോനെ കുറിച്ച് ഒന്നു എഴുതിയാലോ

അതു വേണ്ടതുതന്നെ

മുഖം നിറഞ്ഞ വട്ടപ്പൊട്ടും , വജ്രം തോറ്റു പോകുന്ന തിളങ്ങുന്ന മൂക്കുത്തിയുമൊക്കെയായി അനുസരണ തീരെയില്ലാത്ത മുടിയിഴകളെ ഇടക്കും തലക്കും താക്കീതു ചെയ്യുന്ന ആയമ്മ മാധവിക്കുട്ടിയെ ഓര്‍മ്മയിലെത്തിക്കുന്നുണ്ടൊ എന്നൊരു സംശയം തൊട്ടൊന്നു മാറിപ്പോയി.

പ്രസംഗത്തിനിടക്ക് ഔപചാരികത എടുത്ത് ദൂരെ കളഞ്ഞ് , ചില പരമ്പരാഗത തുടര്‍ച്ചകള്‍ തിരുത്താനെന്നവണ്ണം ഒന്നു ഹായ് പറഞ്ഞു പോകുന്നവരെ വരെ ഓടിച്ചിട്ടു പിടിച്ച് വര്‍ത്തമാനം പറയുന്ന വേറിട്ട ശൈലി.

സംഭവങ്ങളീങ്ങനെ ജീവസുറ്റതാക്കിയ കഥാകാരിയെകുറിച്ച് തീര്‍ച്ചയായും എഴുതണം

ഉത്ഘാടനപ്രസംഗം കഴിഞ്ഞ വട്ടപ്പൊട്ടുകാരിക്ക് ഓണ്‍ലൈനില്‍ നിന്നും ഇറങ്ങിപ്പോകാനും ഇറക്കി വിടാന്‍ അനുവാചകര്‍ക്കും എന്തൊരു മടിയായിരുന്നു.

ഈ എനിക്കും.

ചുണ്ടില്‍ മെല്ലെ വിടര്‍ന്ന ആ ചിരിയിലൂടെ ശരീരഭാഷയിലൂടെ ടണ് ‍കണക്കിനല്ലേ പോസറ്റീവ് എനര്‍ജിക്കു ക്ഷാമമായ ഈ കാലത്ത് വിളമ്പി തന്നത്.

എന്നെന്നും ഓര്‍ക്കാനും , ഓര്‍മ്മയില്‍ സൂക്ഷിക്കാനും അനുകരിക്കാനും ഉതകുന്ന ചില വര്‍ത്തമാനങ്ങള്‍ പറഞ്ഞു കേട്ടതൊക്കെയങ്ങു ചേര്‍ത്തു വച്ച് കഥയുടെ പാറ്റേണായി ഒന്നു മാറ്റാന്‍ തുടങ്ങിയതേ ഉള്ളു. പക്ഷെ അക്ഷരങ്ങള്‍ തീരെ തെളിയാതായി . പേന പിരിവെട്ടി പോകാതെ സാവധാനം അഴിച്ചെടുത്ത് റീഫില്ലിലേക്കു നോക്കി . പകുതിയോളം മഷി ഇപ്പോഴും പുറത്തേക്കു ഒന്നു ഇറങ്ങി വരാന്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ്.

ചിലപ്പോള്‍ ടൂബില്‍ എയര്‍ ബബ്ബിള്‍ ഉണ്ടായിക്കാണും. ഒന്നു രണ്ടുവട്ടം ആഞ്ഞൊന്നു കുടഞ്ഞു നോക്കി ഒരം വേദനിച്ചതു മിച്ചം.

ചുണ്ടില്‍ ചേര്‍ത്തു വച്ചൊന്നു സര്‍വശക്തിയുമെടുത്ത് ഊതി നോക്കി

ചുമ തൊണ്ടയില്‍ വന്നൊന്നു കുത്തി.

എന്നിട്ടും തഥൈവ.

തീപ്പട്ടിയെടുത്ത് കത്തിച്ച് റീഫില്‍ അപ്പാടെ ലൈറ്റായൊന്നു ചൂടാക്കി നോക്കി

അവസാനത്തെ അടവും തോറ്റു പിന്‍മാറി.

അല്ലെങ്കില്‍ ഇതു വേണ്ട

നമുക്ക് പുലര്‍വേളയെ കുറിച്ച് എഴുതാം.

അയ്യപ്പദാസ് പറയുന്ന ചൂടാറാത്ത വര്‍ത്തമാനങ്ങളും വിവരത്തോടുള്ള വിവരണവും.

പാര്‍വതിയുടെ വിനോദ വര്‍ത്തമാനങ്ങളും.

പിന്നെ ആ മുടിസ്റ്റൈലും ഒക്കെ ഒന്നു റീവൈന്റ് ചെയ്തു നോക്കിയാല്‍ എഴുതാനുള്ളതൊക്കെ അതീന്നു കിട്ടും.

എന്നാല്‍ പിന്നെ അതു തന്നെ ആയിക്കോട്ടെ

വീണ്ടും എഴുതുന്നതൊക്കെ മുറിഞ്ഞു മുറിഞ്ഞു തുടങ്ങിയപ്പോള്‍ പേന അഴിച്ചു നോക്കാന്‍ മെനക്കെട്ടില്ല.

ഇതു പേനയുടെ അമ്മായിഅമ്മ പോരു തന്നെ പതിവായി സീരിയല്‍ കാണുന്നുണ്ടാകും.

പഴകാല നടന്‍‍ വിന്‍സെന്റിനെ അനുസ്മരണം അടുത്തിടെ എടവനക്കാട്ടെ മുക്കത്തു വീട്ടില്‍ വെച്ച് നടന്നില്ലേ അതൊന്നു കഥയാക്കാന്‍ നോക്കിയാലോ

ഒന്നും മിണ്ടാന്‍ തോന്നിയില്ല

എന്താ ഒന്നും മിണ്ടാത്തെ

അതിരിക്കട്ടെ വിന്‍സന്റിനെക്കുറിച്ച് നിനക്കെന്തറിയാം

പോയകാലത്തെ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ഇദ്ദേഹത്തിന്റെ ഒത്തിരി സിനിമകള്‍ വൈപ്പില്‍ കരയിലെ ഓലക്കൊട്ടകയായ ആഷ തീയറ്ററില്‍ തറടിക്കറ്റെടുത്തു കണ്ടിരിക്കുന്നു.

ഇത്രേം അറിയത്തുള്ളു

പ്രേംനസീര്‍ ഒരു സിനിമയില്‍ മാത്രമേ വില്ലനായി അഭിനയിച്ചിട്ടുള്ളു അതിലെ നായകന്‍ വിന്‍സന്റായിരുന്നു മലയാളത്തിലെ ജയിംസ്ബോണ്ടെന്നും , ടാര്‍സനെന്നും മറ്റുമൊക്കെ സിനിമാ വാരികകള്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട് പിന്നെ വിന്‍സന്റിന്റെ ഇങ്ങേ തലമുറയില്‍പെട്ട ബേസില്‍ മുക്കത്ത് എന്റെ ഉറ്റ സുഹൃത്തു കൂടിയാണ് ഇത്രയൊക്കെ പോരെ

ഓണ്‍ലൈന്‍ എഴുത്തു കൂട്ടത്തിലെ മിനി സുരേഷിനെ കുറിച്ചായാലോ

കുട്ടികള്‍ക്കു വേണ്ടി എഴുതിയെഴുതി സിപ്പി പള്ളിപ്പുറത്തിനു പഠിക്കുന്ന ആ ബാലസാഹിത്യകാരിയെക്കുറിച്ചും വേണേല്‍ എഴുതാം.

അത്യാവശ്യം എഴുതാനുള്ളതൊക്കെ സ്വരുക്കൂട്ടുന്നതിന് മുന്‍പ് ആ വര്‍ത്തമാനപ്രിയ എഴുതിയ ബാലകഥകള്‍ ഒന്നു തെരെഞ്ഞെടുത്ത് വായിക്കേണ്ടേ

ആറ്റുനോറ്റു കിട്ടിയ ആദ്യവരി എഴുതിതുടങ്ങിയതേ ഉള്ളു

ഒന്നിലുമൊരു സ്ഥിരത കാണിക്കാത്ത പേന വിണ്ടും മര്‍ക്കടസ്വഭാവമെടുത്തു

ക്ഷമ ശരീരത്തില്‍ നിന്ന് ചടപടാന്ന്‍ ഇറങ്ങിപ്പോയി

ഇങ്ങനെയൊക്കെ ഒന്നിനും ഉറച്ചു നില്‍ക്കാതെ പറഞ്ഞ വാക്ക് അപ്പപ്പോ മാറ്റിയാല്‍ വായനക്കാര്‍ വേറെ പലതും പറയും

ഇങ്ങനെയൊക്കെ നോക്കിയാല്‍ കഥയെഴുതാന്‍ ‍ പറ്റില്ല കഥക്ക് ഒരു ഘടനയൊക്കെ ഉണ്ട്

എം ടിയുടെ കാഥികന്റെ പണിപ്പുര വായിച്ചിട്ടില്ലേ പൊന്‍കുന്നം വര്‍ക്കി , പി കെ ബലകൃഷ്ണന്‍ , വൈക്കം മുഹമ്മദു ബഷീര്‍ , എം എം മോനോന്‍ , തകഴി, മുട്ടത്തുവര്‍ക്കി തുടങ്ങിയവരുടെ കഥകളൊക്കെ ആ കാലത്തു വായിച്ചാണ് ഞാനീ പണിക്ക് ഇറങ്ങിയിരിക്കുന്നത്

ഒന്നും രണ്ടും പറഞ്ഞ് വാക്കു തര്‍ക്കം മൂത്തു.

പേനയും വിട്ടുകൊടുക്കാന്‍ തയാറായില്ല

എനിക്കും തോറ്റുകൊടുക്കാന്‍ തോന്നിയില്ല

എന്നാ പിന്നെ എന്റെ സഹായം കൂടാതെ താനങ്ങ് എഴുത്

കണ്ടൊ കണ്ടോ വിളി താനെന്നു വരെ ആയി

നേരം കുറെയായല്ലോ ഇതു തുടങ്ങിയിട്ട് ചെവി തല കേള്‍പ്പിക്കില്ലേ ഇജ്ജാതി സാധനങ്ങള്‍ വേറെങ്ങും ഇല്ലാത്തപോലെനാട്ടിലെങ്ങുമില്ലാത്ത ഒരു പൊട്ട എഴുത്തുകാരനും ഒന്നിനും കൊള്ളാത്ത അറുപഴഞ്ചന്‍ പേനയും എന്നും എന്തെങ്കിലും എഴുതാന്‍ തുടങ്ങിയാല്‍ ഇതുതന്നെയാണ് അവസ്ഥ ഞാനിന്നും ഇന്നലെയൊന്നുമല്ലല്ലോ ഇതൊക്കെ കാണുന്നത് , സഹിക്കുന്നത്.

ക്ഷമയുടെ നെല്ലിപ്പടിയും കണ്ട കടലാസ് സ്വയമൊന്നു മടങ്ങി ചെറുതായി പിന്നെയതൊരു ഓലപ്പന്തു പരിവമായി കൃത്യം ആ സമയത്തു തന്നെ വിരുന്നിനു എവിടെയോ പോയ കറന്റ് ആ സമയത്തു തന്നെ ഒളീച്ചും പാത്തും തിരിച്ചെത്തി

ഫാന്‍ കറങ്ങാന്‍ തുടങ്ങി

ആ കാറ്റിനെ കൂട്ടു പിടിച്ച് കടലാസുണ്ട മേശയുടെ മൂലറ്റത്തെ താഴ്ത്തിരുന്ന വെയ്സ്റ്റ് ബോക്സിന്റെ വായിലേക്ക് തെന്നിത്തെറിച്ചങ്ങുവീണൂ.

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. HI
    നല്ല സരസമായ അവതരണം. Satiric touche ലൂടെ കൃത്യമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. നോവിയ്ക്കാത്ത critical and satirical thoughts
    പഞ്ചസാര പൊതിഞ്ഞ ഗുളിക പോലെ
    എഴുത്തുകാരനും പേനയും തമ്മിലെ കശപിശയിൽ കടലാസ്സും കറന്റും കൈകോർത്തു

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here