
എല്ലാവരും ധാരാളം എഴുതുന്ന ഒരു കാലമാണിത്. ചെറിയ കുട്ടികൾ തൊട്ട് വളരെ മുതിർന്നവർ വരെ. എഴുതിയതാകട്ടെ പ്രസിദ്ധീകരിക്കാൻ നവമാധ്യമങ്ങളുടെ കാലത്ത് ധാരാളം സൗകര്യമുണ്ട്. ദിനമ്പ്രതി ആയിരക്കണക്കിന്ന് എഴുത്ത് [ കഥ, കവിത, ലേഖനം…. ] മലയാളത്തിൽത്തന്നെ പ്രകാശനം ചെയ്യപ്പെടുന്നു.
എഴുത്തിൽ ബഹുഭൂരിഭാഗവും കവിതയെന്ന വിഭാഗത്തിൽ സ്വയം വകതിരിച്ചുള്ളവയാണ്. വൃത്തനിബന്ധന പോയതോടെ കവിതയെഴുത്ത് എളുപ്പമായി. കഥ, ലേഖനം എന്നിവയുടെ നിർമ്മിതിയേക്കാൾ കവിതയെഴുത്ത് അദ്ധ്വാനം കുറഞ്ഞതാണെന്ന് വന്നു. എന്തും വരിമുറിച്ച് എഴുതാം. എത്രയും കൂട്ടിയും കുറച്ചും എഴുതാം. കഥ, ലേഖനം എന്നിവക എഴുതുന്നവരേക്കാൾ ബഹുമാന്യത കവിതയെഴുതുന്നവർക്കുണ്ടെന്ന് സാമാന്യധാരണയും ഉണ്ട്. അപ്പോൾ എല്ലാവരും കൈവെക്കുന്നത് കവിതയിലായി. മലയാളത്തിലെ എഴുത്തിൽ 90 %വും കവിതയായി.
കവിതയെഴുത്ത് നല്ലതാണ്. ഒരു ഭാഷയുടെ സംസ്കൃതി വെളിപ്പെടുന്നത് അതിന്റെ കവിതയിലാണെന്ന് പറയാം. കഥയ്ക്കും നോവലിനും രണ്ടാം സ്ഥാനമേ ഉള്ളൂ. വാക്കും എഴുത്തും പുഷ്ടിപ്പെടുത്തുന്നത് കവിതാശകലങ്ങൾ ഉദ്ധരിച്ചാണ്. കവിതയുടെ ബലവും അംഗീകാരവും ഇത് സൂചിപ്പിക്കുന്നു. ബൗദ്ധികനിലവാരം അധികം വേണ്ടതും കവിതയെഴുതാനാണ് എന്നാണല്ലോ പൊതുധാരണ. കാവ്യശകലങ്ങൾ തത്വചിന്തകളായും ദർശനങ്ങളായും ജീവിതവ്യാഖ്യാനങ്ങളായും പൊലിമയേറുന്നവയാണ്. അതുകൊണ്ടുതന്നെ നമ്മുടെ എഴുത്തുകാരുടെ ശ്രങ്ങളൊക്കെ കവിത എഴുതാനാണ്. കവിയെന്ന് അറിയപ്പെടാനാണ്.
എന്നാൽ , എഴുതപ്പെടുന്ന കവിതകളിൽ വളരെ വളരെ ചെറിയൊരു ശതമാനമേ കവിതയാവുന്നുള്ളൂ എന്നു നാം മറക്കുന്നു. എഴുത്തുകാരിൽ ഭൂരിഭാഗവും കവികളാണെങ്കിലും വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന കവികൾ മലയാളഎഴുത്തുകാരിൽ ഒരു ശതമാനം പോലുമില്ല. നിലനിൽക്കുന്നവരാകട്ടെ അതിൽ പകുതിയും. ഒരു വായനക്കപ്പുറം പോകുന്ന കവികൾ വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ. ആദ്യ രണ്ടുവരി വായിക്കുമ്പോഴേക്കും തള്ളിപ്പോകുന്നവരാണ് മിക്കവരും. എഴുതിയത് വായിക്കാതെ തള്ളിപ്പോകുമ്പോൾ ഒരു കവിയെ ഉപേക്ഷിക്കുകയല്ല, മറിച്ച് കവിതയെന്ന മഹാസാധ്യതയെ ഉപേക്ഷിക്കുകയാണ് ഭഷയിൽ സംഭവിക്കുന്നത്. ഈ അവസ്ഥ കഥയ്ക്കോ നോവലിനോ ലേഖാത്തിനോ കവിതയുടെയത്ര സാംസ്കാരികമായ പോറലേൽപ്പിക്കുന്നില്ല. ഇത് ആദ്യമേ അറിയേണ്ടവർ ഭാഷാസ്നേഹികളായ എഴുത്തുകാരാണ്. ഭാഷ വ്യക്തിപരമായി നമ്മുടെ ആർത്തികൾ / അഹങ്കാരങ്ങൾ നിറവേറ്റപ്പെടാനുള്ളതല്ല, സാമൂഹ്യമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാനുള്ളതാണ്. സാമൂഹ്യമായ മുൻനടത്തങ്ങൾക്കുള്ള ഊന്നുവടിയാണ് കവിത. കവിതപോലെ കഥയും നോവലും എല്ലാം പ്രധാനമാണ്. ഇതിൽ ഇന്ന് ഏറ്റവും കൂടുതൽ പരിക്കേൽക്കുന്നത് കവിതയ്ക്കാണ്. ഭാഷയുടെ ശക്തിയും ലാവണ്യവും പ്രലോഭനീയമായി അവതരിക്കപ്പെടുന്നത് കവിതയിലാണ്. അതാകട്ടെ അശിക്ഷിതരുടെ കയ്യിൽ നശിപ്പിക്കപ്പെടാവുന്ന പൂമാലയാണ്.
നിലവിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ ഇങ്ങനെയാണ്
ഭാഷയുടെ കാവ്യോപയോഗത്തെക്കുറിച്ച് അടിസ്ഥാനപരമായ ധാരണകളില്ല
കവിത ചുരുക്കിയും ആ ചുരുക്കൽ കവിതയുടെ ഉൾബലം വർദ്ധിപ്പിച്ച് ധ്വന്യാത്മകമായിത്തീരുമെന്ന ചിന്തയും മിക്കവർക്കുമില്ല
വരിമുറിച്ച് എഴുതൽ അല്ല , വരി ചുരുക്കിയെഴുതലാണ് പ്രധാനം. വരി മുറിക്കലല്ല, വരി അത്രയേ ഉള്ളൂ എന്നാണ് സത്യം
പറയാനുള്ളകാര്യത്തിന്റെ ഏകാഗ്രത / ഏകാഗ്രമായ അവതരണം പാലിക്കാൻ കഴിയുന്നില്ല. പറയാനുള്ളതൊക്കെ പറയലല്ല, പറയാത്തവ വായനക്കാരൻ പൂരിപ്പിക്കുന്നതാവണം എഴുത്ത് . സമാനഹൃദയനാണ് സഹൃദയൻ. അയാൾക്ക് കവിത വായിക്കാനറിയാം.
ഒരിക്കൽ എഴുതിയത് പലവട്ടം വായിച്ച് തിരുത്തി മനോഹരമായ ഒരു വചനശിൽപ്പമാക്കി വളർത്തിയെടുക്കലാണ് കവിത. കവിതയും കഥയും എല്ലാം. മിക്കവരും ഒറ്റ എഴുത്തും തിരക്കിട്ട പ്രസിദ്ധീകരണവുമാണ്.
എഴുതിവെച്ചത് പ്രസിദ്ധീകരിക്കേണ്ടതുണ്ടോ എന്നു നൂറുവട്ടം ആലോചിക്കും എഴുത്തുകാരൻ. മികച്ച എഴുത്തുകാരുടെയൊക്കെ രചനകൾ പ്രസിദ്ധീകരിച്ചവയേക്കാൾ കീറിക്കളഞ്ഞവയാണധികം. കീറിക്കളയാനുള്ള മനസ്സാണ് ഭാഷാസ്നേഹമായാലും സാഹിത്യപ്രേമമായാലും. വാങ്ങുന്ന പുസ്തകത്തേക്കാൾ വാങ്ങാതിരിക്കുന്ന / വേണ്ടെന്ന് വെക്കുന്ന പുസ്തകങ്ങളാണല്ലോ അധികം
ആവർത്തനം – പദങ്ങൾ, ആശയം, വികാരങ്ങൾ, ബിംബങ്ങൾ, രൂപകങ്ങൾ, കൽപ്പനകൾ എന്നിവയുടെയൊക്കെ ആവർത്തനം – നിറഞ്ഞു നിൽക്കുന്നു മിക്ക രചനകളിലും.
കവിതയുടെ ജീവൻ ധ്വന്യാത്മകമായ കാവ്യബിംബങ്ങളാണ്. നിലവിൽ തപ്പിനോക്കിയാൽപ്പോലും നമ്മുടെ മിക്കതിലും ഇതില്ല.
വൃത്ത നിബന്ധനകളില്ലെങ്കിലും ആന്തരികമായ താളഘടന ഏത് എഴുത്തിലും വേണം. ആശയങ്ങളുടെ, വികാരങ്ങളുടെ, കാവ്യബിംബങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട് സ്വാഭാവികമായി ഉടലെടുക്കുന്നതാണീ ഘടന. മിക്കവർക്കും ഇക്കാര്യത്തിൽ ഒട്ടും ശ്രദ്ധകാണിക്കാനാവുന്നില്ല
നല്ല കവിത / കഥ / നോവൽ / ലേഖനം എഴുതാനുള്ള ആഗ്രഹം നിസ്സാരമല്ല. എന്നാൽ അതിന്റെ പിന്നിലുള്ള അദ്ധ്വാനം ചെറുതല്ല. ആ അധ്വാനം കയ്യേൽക്കാൻ വയ്യാത്തവർ എഴുതാതിരിക്കുന്നത് ഭാഷാസ്നേഹമായേ ആരും കരുതൂ. മലയാളത്തെ സംബന്ധിച്ചിടത്തോളം ഭാഷാസ്നേഹം ഇക്കാലത്ത് വളരെ പ്രധാനപ്പെട്ടതുമാണ്.
ഓൺലൈൻ കവിതകളെപ്പറ്റി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നതാണ് രാമനുണ്ണിയുടെ ലേഖനം. കവിതകളെഴുതുന്ന ബ്ലോഗർമാർ ഇതു നിശ്ചയമായും വായിക്കേണ്ടിയിരിക്കുന്നു. ഒന്നു രണ്ടു കാര്യങ്ങൾ ഇവിടെ എടുത്തു പറയട്ടെ. “ഒരു ഭാഷയുടെ സംസ്കൃതി വെളിപ്പെടുന്നത് അതിന്റെ കവിതയിലാണെന്നു പറയാം” – ഇതു വളരെ ശരിയാണ്. ജനതയുടെ സാംസ്കാരികതയുടെ പ്രതീകമായാണു കവികൾ (കവയിത്രികളും) കണക്കാക്കപ്പെടുന്നത്. ജനമനസ്സാക്ഷിയുടെ സ്വരമാണു കവികളിൽ നിന്നു പ്രതീക്ഷിക്കപ്പെടുന്നത്. ഈ പ്രതീക്ഷ കവികളുടെ ഉത്തരവാദിത്തം കനപ്പെട്ടതാക്കുന്നു.
“ബൗദ്ധികനിലവാരം അധികം വേണ്ടതും കവിതയെഴുതാനാണ് എന്നാണല്ലോ പൊതുധാരണ” – ബുദ്ധിശക്തിയേക്കാളേറെ ദാർശനികതയാണു കവികൾക്കുള്ളതും ഉണ്ടാകേണ്ടതും എന്നു തോന്നുന്നു. ലേഖനത്തിലെ അടുത്ത വരിയിൽ ഇക്കാര്യം പ്രതിഫലിക്കുന്നുണ്ട്: “കാവ്യശകലങ്ങൾ തത്വചിന്തകളായും ദർശനങ്ങളായും ജീവിതവ്യാഖ്യാനങ്ങളായും പൊലിമയേറുന്നവയാണ്.”
“…പല വട്ടം വായിച്ചു തിരുത്തി മനോഹരമായൊരു വചനശില്പമാക്കി വളർത്തിയെടുക്കലാണു കവിത” – കവിതകളെഴുതുന്ന ബ്ലോഗർമാർ നിശ്ചയമായും ശ്രദ്ധിക്കേണ്ട കാര്യമാണിത്. ‘ഒറ്റയെഴുത്തും തിരക്കിട്ട പ്രസിദ്ധീകരണവും’ ഒഴിവാക്കണമെന്ന നിർദ്ദേശം ബ്ലോഗർമാർ പൊതുവിലും കവിതയെഴുതുന്ന ബ്ലോഗർമാർ വിശേഷിച്ചും അനുസരിക്കുക തന്നെ വേണം. എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യമെന്ന സത്യം ബ്ലോഗർമാരെ ഓർമ്മപ്പെടുത്തുന്നു, ഈ ലേഖനം.
മലയാളകവിതയിൽ വൃത്തനിബദ്ധതയ്ക്കു പ്രാധാന്യം നഷ്ടപ്പെട്ടിട്ട് ഏറെക്കാലമായി. ചൊല്ലിനാണിപ്പോൾ പ്രാധാന്യം; കവിത ചൊല്ലാനാകണം. ലേഖനത്തിൽ “വരി മുറിച്ചെഴുതലല്ല, വരി ചുരുക്കിയെഴുതലാണു പ്രധാനം” എന്ന നിരീക്ഷണമുണ്ടെങ്കിലും, കവിതകൾചൊല്ലാനാകുന്നവയാകണം എന്ന ആശയത്തോടു ലേഖനത്തിനു പൊതുവിൽ യോജിപ്പുണ്ട്: “വൃത്തനിബന്ധനകളില്ലെങ്കിലും ആന്തരികമായ താളഘടന ഏതെഴുത്തിലും വേണം”. ചൊല്ലാനാകാത്തവയെ ഗദ്യകവിതയായും ചൊല്ലാനാകുന്നവയെ കവിതയായും തരംതിരിക്കണം. ഗദ്യകവിത എന്നൊരു സാഹിത്യശാഖയ്ക്ക് ഔപചാരികത നൽകേണ്ടിയിരിക്കുന്നു. പ്രശസ്തകവി സച്ചിദാനന്ദന്റെ പല രചനകളും ഇക്കൂട്ടത്തിൽ പെടുന്നവയാണ്. ഗദ്യകവിതയോടു ജനത്തിന് എതിർപ്പുണ്ടെന്നു തോന്നുന്നില്ല. കവിതയെന്ന ശീർഷകത്തിൻ കീഴിൽ ഗദ്യകവിത പ്രത്യക്ഷപ്പെടുന്നതിലാണ് അപാകം.
വില കുറയുമ്പോൾ സപ്ളൈ കുറയുമെന്ന നിയമത്തെ അതിലംഘിക്കുന്ന മലയാളം ബ്ലോഗിംഗ് അതിശയം ജനിപ്പിക്കുന്ന ഒന്നാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഒരു ലക്ഷത്തോളം മലയാളം ബ്ലോഗുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ കണക്കുകൂട്ടൽ. മിക്കതിനും തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഇക്കാലത്ത് ഒരു ലക്ഷം ബ്ലോഗുകൾ ഒരു രൂപ പോലും വാങ്ങാതെ ബ്ലോഗർമാർ എഴുതിക്കൂട്ടിയത് എഴുതാനുള്ള ത്വരകൊണ്ടു മാത്രമാണ്. ബ്ലോഗെഴുത്തു സൗജന്യസേവനമായതിനാലാകാം, ഗുണനിലവാരത്തെപ്പറ്റി നിഷ്‌കർഷകളില്ലാത്തത്. ഫലം, ബ്ലോഗുകൾക്കു വായനക്കാരില്ല, ബ്ലോഗർമാർക്കു യശസ്സുമില്ല. വായനക്കാരെ കിട്ടണമെങ്കിൽ, ബ്ലോഗുകളുടെ ഗുണനിലവാരം ഉയരണം. അതിനു തെര്യപ്പെടുത്തുന്ന ലേഖനങ്ങൾക്കു തീർച്ചയായും പ്രസക്തിയുണ്ട്.
ലേഖനത്തിൽ കണ്ട ചില പദങ്ങളുടെ അല്പം കൂടി നല്ല രൂപങ്ങൾ ഇവിടെ കൊടുക്കുന്നു: ദിനമ്പ്രതി – ദിനംപ്രതി വൃത്തനിബന്ധന – വൃത്തനിബദ്ധത ശ്രങ്ങളൊക്കെ – ശ്രമങ്ങളൊക്കെ ക്വിതകളിൽ – കവിതകളിൽ കഥക്കൊ – കഥയ്ക്കോ ലേഖാത്തിനോ – ലേഖനത്തിനോ അഹംകാരം – അഹങ്കാരം സൗന്ദ്ര്യവും – സൗന്ദര്യവും വൃത്ത നിബന്ധനകളില്ലെങ്കിലും – വൃത്തനിബദ്ധതയില്ലെങ്കിലും ഘ്ടനയുമായി – ഘടനയുമായി.