“ഉയ്യെന്റപ്പാ……!!! എന്തൊരു ചൂടാന്ന്. ഈ പണ്ടാര മയ പെയ്യുന്നൂല്ലല്ലാ…..”
വർഷംതോറും ഇടവപ്പാതിക്ക് കുളിക്കാറുള്ള മണ്ണ് മഴയെ കാത്തിരിക്കുന്നതിനിടയിൽ, കോലായിലിരുന്ന് മുകളിലോട്ട് നോക്കി അമ്മമ്മ പിരാകി.
മുട്ടോളം ഉയരത്തിലുണ്ടാകുന്ന തെളിഞ്ഞ വെള്ളത്തിൽ ഓരോ ചുവടുവെക്കുമ്പോഴും ചുറ്റും ഉയർന്നിരുന്ന മണ്ണ് ഒരു കൗതുകക്കാഴ്ചയായിരുന്നു.
ഒരു ചങ്ങായി പറഞ്ഞു അവളുടെ മകന് കാലുകൊണ്ട് വെള്ളം തേവാൻ അറിയില്ലാന്ന്. തേവിപ്പിടിക്കാൻ വെള്ളത്തിൽ മീൻ ഇല്ലാന്ന്.
അന്ന് കാലം തെറ്റിയാണെങ്കിലും മഴപെയ്തുതുടങ്ങി. മണ്ണ് സന്തോഷിച്ചുതുടങ്ങി, മനുഷ്യരും.
ഒരു മിന്നലടിക്കുന്ന നേരത്തെ ആയുസ്സേ ആ സന്തോഷത്തിനുണ്ടായിരുന്നുള്ളൂ. മഴവെള്ളം മലവെള്ളമായി, പിന്നെ കൊലവെള്ളവും.
പലരും അയൽവാസികളുമായി പരിചയം പുതുക്കി. കുറച്ചു ദിവസത്തേക്കെങ്കിലും കൊടിയും ജാതിയും മതവും നിറവും പലരും മറന്നു.
മീനിന്റെ അന്തകർ മനുഷ്യരുടെ രക്ഷകരായി. മണ്ണിനോട് പടവെട്ടിയ തലമുറ ഏറെക്കാലം മുന്നേതന്നെ മണ്ണടിഞ്ഞപ്പോൾ, മണ്ണിനെ നോക്കി അഹങ്കരിച്ചവർക്ക് മണ്ണ് തന്നെ മറുപടികൊടുത്തു.
വെള്ളമിറങ്ങി. ഇനി ഒരു കൂരയ്ക്ക്കീഴിൽ കഴിഞ്ഞവർ പലകൂരകളിലേക്ക് ഒതുങ്ങണം. “പട്ടിയുണ്ട് സൂക്ഷിക്കുക”, “അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും” – ഇത്തരം സൂചനാഫലകങ്ങൾ പുതിയതുണ്ടാക്കി തൂക്കണം.
വീട്ടിലേക്ക് പെട്ടെന്നങ്ങനെ കയറിച്ചെല്ലാൻ പറ്റില്ല. ടൈൽസിൽ ചളി പുരളുമെന്ന് പറഞ്ഞു മുറ്റത്തു പാകിയ ഇന്റർലോക്കിലടക്കം നല്ല കട്ടച്ചളിയാണ്, ഒക്കെ വൃത്തിയാക്കണം. മനസ്സും ശരീരവും തളർന്നിരിക്കയാണ്. അവർ മാത്രം കൂടിയാൽ കൂടില്ല.
“ടീച്ചറെ, നമ്മ അയിമ്പതാളിണ്ട്. വീടുകളിലേക്ക് പോണ്ട വയി കാണിച്ചുതന്നാ, നമ്മ വിർത്തിയാക്കിക്കോളാ”
അങ്ങ് വടക്കുനിന്നാണ്. ആരും വിളിച്ചിട്ട് വന്നതല്ല. ഇവിടെയുള്ള ആരുടേയും സ്വന്തക്കാരുമല്ല. സഹായിച്ചതുകൊണ്ട് ഒരു ലാഭവും വന്നവർക്കില്ല. അവരുടെ സ്വന്തക്കാരൊക്കെ സുരക്ഷിതരാണെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെന്തിനാണിവർ ഇത്രദൂരെ വന്നു ഇങ്ങനെ കഷ്ടപ്പെടുന്നത്?
2019 ആഗസ്റ്റ് പത്ത്. അച്ഛനും അമ്മയ്ക്കും വരെ പ്രത്യേകം ദിവസം കൽപ്പിച്ചുകൊടുത്ത് കൊണ്ടാടുന്നവർക്കിടയിലേക്ക് പ്രളയം അതിന്റെ ഒന്നാം വാർഷികാഘോഷം നടത്താൻ വന്നിരിക്കയാണ്. ഒരു ചെറിയ മാറ്റം. ഈ വർഷത്തെ പൊങ്കാല വടക്കൻമാരുടെ നെഞ്ചത്താണ്.
കഴിഞ്ഞ വർഷം മുൻപരിചയമില്ലാത്ത നാട്ടിൽ ചെന്ന് വൃത്തിയാക്കിയപ്പോൾ സ്വപ്നത്തിൽപോലും കരുതിയതല്ല, സ്വന്തം വീട്ടിലും നാട്ടിലും ഈ പണി ചെയ്യേണ്ടിവരുമെന്ന്.
അമ്മമ്മ ക്യമ്പിലിരുന്ന് പിരാകി
“ഈ പണ്ടാരമയ പോന്നൂല്ലല്ലപ്പാ”
അവശ്യസാധനങ്ങൾ കൊണ്ടുവരാൻ വാഹനങ്ങൾ തയ്യാറായിനിൽക്കയാണ്. പക്ഷെ, നിറക്കാൻ സാധനങ്ങളില്ല.
ഒടുവിൽ ഒരുപാട് നേരത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആദ്യവണ്ടി അങ്ങ് തെക്കുനിന്ന് പുറപ്പെട്ടു. പിന്നെ വണ്ടികളുടെ പ്രവാഹമായിരുന്നു. തെക്കന്മാർ രാപ്പകലില്ലാതെ അദ്ധ്വാനിച്ചു.
ഇനിയെന്ത് എന്നോർത്ത് പകച്ചുനിന്നവർക്കുമുൻപിലേക്ക് കുന്നോളം സ്നേഹം നിറച്ച വണ്ടികൾ വന്നുകൊണ്ടേയിരുന്നു.
പ്രളയം ആവശ്യപ്പെടുകയാണ് – കണ്ണേ തുറക്കുക.
ഒരു കൂരയ്ക്ക് കീഴിൽ ഒന്നിലധികം കുടുംബങ്ങൾ ചേരുമ്പോഴുണ്ടാകുന്ന സ്നേഹത്തിനും സുരക്ഷിതത്വത്തിനും വിലകല്പിക്കാതെ, വികസനവും പണവും സ്വാർത്ഥതയും മാത്രം മുറുകെപ്പിടിച്ചുപോകാനാണ് ഭാവമെങ്കിൽ,
ഹേ… മലയാളീ…നീ ഒന്നോർക്കുക;
“വാർഷികങ്ങൾ ആഘോഷിക്കാൻ ഞാൻ ഇനിയും വരും”
Click this button or press Ctrl+G to toggle between Malayalam and English