താത്വികമായ ഒരു അവലോകനം

 

ഒരു പ്രത്യേകതരം ഗന്ധമായിരുന്നു ആ മാസികയ്ക്ക് . അതിന്റെ താളുകൾ വളരെ വലുതായിരുന്നു. കളർ ചിത്രങ്ങളായിരുന്നു മുഴുവൻ ..
ഇത്രയുമാണ് ഒരു നാലു വയസ്സുകാരന്റെ ആ മാഗസിൻ ഓർമ്മകൾ. അതൊരു സോവിയറ്റ് യൂണിയന്റെ മാസികയായിരുന്നു എന്നറിയുന്നത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് . മാസികയുടെ പേര് ഓർത്തെടുക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ബാല്യം നൽകുന്ന അവ്യക്തമായ ഓർമകളിൽ അതിന്റെ ഗന്ധവും നിറങ്ങളും മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതാണ് സത്യം ..

കോലായിൽ ഉപ്പയുടെ മുറിക്കു പുറത്തുള്ള ചുമരിൽ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള മൂന്നുപേരുടെ ചിത്രങ്ങൾ ഒറ്റ ഫ്രെയിം ചെയ്തു കാണപ്പെട്ടിരുന്നു .അവരാകട്ടെ ഞങ്ങളുടെ നാട്ടിൽ നിന്നും കാതങ്ങൾ അകലെയുള്ളവരും വർഷങ്ങൾക്കു മുമ്പേ മണ്മറഞ്ഞു പോയവരും ആയിരുന്നത്രേ . പത്തൊമ്പതാം നൂറ്റാണ്ടിലെ ലോക ചരിത്ര ഗതിയെത്തന്നെ മാറ്റിമറിച്ചവർ ആയിരുന്നു ഞങ്ങളുടെ ചുമരിൽ ഉണ്ടായിരുന്നവരെന്നു മനസ്സിലാക്കാൻ പിന്നീട് കുറേ വർഷങ്ങളെടുത്തു..

അങ്ങനെ പിച്ചവെച്ചു നടക്കാൻ തുടങ്ങിയപ്പോൾ തന്നെ രാജ്യാതിർത്തി കടന്ന ബന്ധങ്ങളായിരുന്നു കൂട്ടിന്‌. വ്ലാഡിമിർ ഇല്ലിച്ച്‌ ഉല്യാനോവ് -ഒരിക്കൽ പോലും ചിരിച്ചു കണ്ടിട്ടില്ല . ചുമരിലായാലും മാസികയിൽ ആയാലും അദ്ദേഹം പതിവ് ഗൗരവം തന്നെ തുടർന്നിരുന്നു . ഉപ്പാക്ക്
ചിരിക്കുന്ന മുഖമുള്ള ആരുടെയെങ്കിലും ഫോട്ടോ വച്ചൂടെ എന്ന നാലുവയസ്സുകാരന്റെ ഗൗരവതരമായ ചോദ്യത്തിന്  ചിരി മാത്രമാണ് മറുപടിയായി ലഭിച്ചത് . സാർ ചക്രവർത്തിമാരുടെ നൂറ്റാണ്ടുകളുടെ ഭരണം തൂത്തെറിഞ്ഞുകൊണ്ട് സോവിയറ്റ് യൂണിയൻ എന്ന ബൃഹത്തായ ആശയത്തിന് രൂപം നൽകിയ,1917 ലെ ഒക്ടോബർ വിപ്ലവത്തിന്റെ പിതാവാണീ ചിരിക്കാത്ത മനുഷ്യൻ എന്ന സത്യം ഉപ്പ എന്നിൽ നിന്നും മറച്ചു വച്ചു.

കൂടെയുള്ളവരും ചിരിക്കാത്തവരായിരുന്നു . ചുമരിൽ മാത്രമല്ല ,അലമാരയിൽ അടുക്കി വച്ചിട്ടുള്ള പുസ്തകങ്ങളിൽ പലതിലും ഞാൻ രണ്ടുപേരെയും കണ്ടിരുന്നു . അതിൽ വട്ടത്താടിയും വട്ടമുഖവുമുള്ള ആളിനെയായിരുന്നു എനിക്കിഷ്ടപ്പെട്ടിരുന്നത് . വെള്ള നിറത്തിലുള്ള ആ താടി എന്റെ പുസ്തകത്തിലുള്ള സൂര്യകാന്തി പൂവിനെപ്പോലെയാണ് എനിക്ക് തോന്നിയിരുന്നത് . മറ്റെയാൾ മുടി ചീകിയൊതുക്കിയിരുന്നെങ്കിലും താടിരോമങ്ങൾ നീണ്ടതായിരുന്നു . ജർമ്മനി എന്ന രാജ്യത്തെക്കുറിച്ചും മൂലധനത്തെക്കുറിച്ചും കേൾക്കുന്നത് വീണ്ടുമൊരുപാട് യാത്ര ചെയ്തതിനു ശേഷമാണ്. അങ്ങനെ ഫ്രെഡറിക് ഏംഗൽസ്, കാൾ ഹെൻറിച്ച് മാർക്സ് എന്നിവരുടെ ഒട്ടും ചിരിക്കാത്ത മുഖവും നോക്കി അരതിണ്ണമേൽ കിടന്നുകൊണ്ടാണെന്റെ ബാല്യം അന്താരാഷ്ട്ര നിലവാരം കൈവരിച്ചത് .

ചില ദിവസങ്ങളിൽ കോലായിലേക്കു കടക്കാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല . അവിടം നിറയെ തൊട്ടടുത്ത സ്‌കൂളിലെ കുട്ടികളായിരിക്കും . അവര് നിലത്തും തിണ്ണമേലുമായി ഇരിപ്പുറപ്പിക്കുകയും ഉപ്പയും മറ്റു ചിലരും അവരോടു സംസാരിക്കുകയും ചെയ്യുന്നത് കാണാം . ചില സമയങ്ങളിൽ ചില പത്രത്താളുകളും മറ്റു ചിലപ്പോൾ ചില പോസ്റ്ററുകളും ഉപ്പയുടെ കയ്യിൽ ഉണ്ടാവാറുണ്ട് .

ഒരുദിവസം ഉപ്പയെ കാണാൻ കൃശഗാത്രനായ ഒരു മനുഷ്യൻ വന്നു . മനോഹരമായ പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന് . ഉപ്പയുടെ മുറിയിലേക്ക് രണ്ടുപേരും കയറിയതും ആ കതകടഞ്ഞു. ഗൗരവതരമായ ആ സംഭാഷണത്തിന് കാതോർത്തുകൊണ്ട് ആ ഏഴു വയസ്സുകാരൻ തൊട്ടപ്പുറത്തെ മുറിയിൽ കറങ്ങുന്ന ഫാനിനെ നോക്കി ഇരുന്നു . ചുമരു കടന്നു വന്ന വാക്കുകളിൽ,
‘ദാസേട്ടാ ഇപ്പോഴിങ്ങനെ ഒരു തീരുമാനം …’
എന്ന അർധോക്തിയിലുള്ള ഉപ്പയുടെ വാക്കുകളും ..
‘എത്രയെന്നു കരുതിയാ ഉസ്മാനെ ‘
എന്നോ മറ്റോ ഉള്ള മറുപടിയും ആണ് മനസ്സിൽ ഉള്ളത് . പിന്നീടുള്ള സംഭാഷണങ്ങളിലെ നാലാം ലോക സിദ്ധാന്തവും എം. വി. ആറുമെല്ലാം എൺപതുകളുടെ പകുതിയിലെ കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അദ്ധ്യായങ്ങളായിരുന്നു . അന്ന് നേരം വളരെ ഇരുട്ടിയിട്ടാണ് ഉപ്പയുടെ മുറി തുറക്കപ്പെട്ടതും ആ മനുഷ്യൻ പുറത്തേക്കിറങ്ങി നടന്നുമറഞ്ഞതും . പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ ഉപ്പ മുറിവിട്ടു പുറത്തേക്കിറങ്ങിയില്ല .

അങ്ങനെ മാക്സ് ,ലെനിൻ , ഏംഗൽസ് ത്രയങ്ങളെയും സോവിയറ്റ് നാട് മാസികയും ഉപ്പയുടെ അലമാരയിലെ പുസ്തകങ്ങളും ദാസേട്ടനടങ്ങുന്ന കുറെ സഖാക്കളെയും കണ്ടുകൊണ്ടാണ് ബാല്യം പിന്നിടുന്നത്.ലോക്കൽ കമ്മറ്റി സെക്രട്ടറിയും ,ട്രേഡ് യൂണിയന്റെ ജില്ലാ ചുമതലയും വഹിച്ചിരുന്ന ഉപ്പയും സഖാവ് കുഞ്ഞാലിയുടെ ഉറ്റ മിത്രം ആയിരുന്ന ഉപ്പയുടെ ജേഷ്ഠനും . വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ ഓരോരുത്തരായി പാർട്ടിയിൽ നിന്നും പിൻവാങ്ങുകയോ പുറത്താക്കപ്പെടുകയോ ചെയ്തു . എങ്കിലും അരിവാളും ചുറ്റികയും നക്ഷത്രങ്ങളും എപ്പോഴും പരിക്രമണം ചെയ്‌തുകൊണ്ടിരുന്നു .

എപ്പോഴാണ് പാർട്ടി ചുറ്റികയും അരിവാളും വിട്ടു നക്ഷത്രങ്ങളുടെ ലോകത്തേക്ക് പോകാൻ തുടങ്ങിയതെന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല . ബദൽ രേഖ അവതരിപ്പിച്ചതിന് പുറത്താക്കപ്പെട്ട എം. വി .ആറും ,”കേരം തിങ്ങും നാട് കെ .ആർ. ഗൗരി ഭരിച്ചീടും ” എന്ന ഈരടികളുമായി ആദ്യ വനിതാ മുഖ്യമന്ത്രിപഥത്തിനടുത്തുനിന്നും പുറത്തേക്കെറിയപ്പെട്ട ഗൗരിയമ്മയും ,വിമർശനാത്മകമായ പ്രസ്താവനയുടെ പേരിൽ പുറത്താക്കപ്പെട്ട സൈദ്ധാന്തികൻ പി. ജി. ഗോവിന്ദപ്പിള്ള , കേന്ദ്ര മന്ത്രി സഭയിൽ സ്പീക്കർ സ്ഥാനം വഹിച്ച സോമനാഥ്‌ ചാറ്റർജി ..അങ്ങനെയെത്രയോ മഹാരഥന്മാർ തുടച്ചെറിയപ്പെട്ടു . അവരുടെ അപരാധങ്ങളെല്ലാം പൊറുക്കപ്പെടാനാവാത്തതെന്ന വിലയിരുത്തൽ ഉണ്ടായാൽ തന്നെയും പിന്നീട് ഇപ്പറഞ്ഞവരോട് പാർട്ടി പിന്നീട് നടത്തിയ സമീപനം കൂടി ചേർത്ത് വായിക്കേണ്ടതാണ് . ചെറിയ ഉദാഹരണങ്ങൾ മാത്രമേ മുകളിൽ എടുത്തിട്ടുള്ളൂ .യഥാർത്ഥ ലിസ്റ്റ് വളരെ ബൃഹത്താണ് .പുറത്താക്കപ്പെട്ടവർക്കു പകരം പാർട്ടിയിൽ വന്ന ആളുകളുടെ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്തായിരുന്നു എന്നുള്ളത് കാലങ്ങളായി മുദ്രാവാക്യം വിളിക്കുന്ന ഓരോ അണിയും പലപ്പോഴും സ്വയം ചോദിച്ചിരിക്കണം . ചിലപ്പോഴെങ്കിലും പരസ്പരവും . ഒരിക്കൽപ്പോലും ഉറച്ച ശബ്ദത്തിൽ ഇടിമുഴക്കം പോലെ അവരുടെ ശബ്ദങ്ങൾ ഉയർന്നിട്ടില്ല എന്നുള്ളതാണ് ഇപ്പോഴും എല്ലാം അനുസ്യൂതം തുടരാൻ നേതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം .

പത്തൊമ്പതാം നൂറ്റാണ്ടിൽ ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുറത്തിറങ്ങിയ ജർമൻ ഭാഷയിലുള്ള ആ പുസ്തകത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു “യൂറോപ്പിനെ ഒരു ദുർഭൂതം പിടികൂടിയിരിക്കുന്നു, കമ്മ്യൂണിസം എന്ന ഭൂതം” .വീടിന്റെ ചുവരിൽ ചിരിക്കാതെ ഗൗരവ ഭാവത്തിലിരിക്കുന്ന രണ്ടുപേരും ചേർന്നാണ് നൂറ്റാണ്ടിന്റെ പുസ്തകം എന്നറിയപ്പെടുന്ന ‘കമ്മ്യൂണിസ്റ് മാനിഫെസ്റ്റോ’ രചിച്ചത് . മുതലാളിത്തം തൊഴിലിടങ്ങളിൽ നടത്തുന്ന അധീശത്വവും ,ഉൽപ്പാദന മേഖലയിൽ നിന്നും ബൂർഷ്വാസിയെന്ന ഈ മുതലാളിത്തത്തെ ഉന്മൂലനം ചെയ്യാൻ വർഗസമരം എന്ന ആശയം പങ്കുവെക്കുകയും ചെയ്യുന്നതിൽ തുടങ്ങി ” സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ ” എന്ന വാചകത്തിൽ അവസാനിക്കുന്ന ഈ പുസ്തകമാണ് ഇന്നോളം രാഷ്ട്രീയം എഴുതപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രബലം എന്ന കാര്യത്തിൽ തർക്കമേതുമില്ല . ഇവിടെ കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റു പാർട്ടിയും എന്നും സംസാരിച്ചിട്ടുള്ളതും സംസാരിക്കേണ്ടതും തൊഴിലാളിയെക്കുറിച്ചു തന്നെയാണ് .അവരെ പ്രതിനിധീകരിക്കുന്നവരാണ് ഏറ്റവും തലപ്പത്ത് ഇരിക്കേണ്ടത് .കുറച്ചു കാലങ്ങളായി പാർട്ടിയെ പ്രതിനിധാനം ചെയ്യുന്ന മെമ്പർമാരും അധികാരം കയ്യാളുന്ന പാർട്ടി മുഖങ്ങളും എപ്രകാരമാണെന്നു ചിന്തിക്കേണ്ടത് അനിവാര്യമാണ് .

കമ്മ്യൂണിസം ഏറ്റവും അനിവാര്യമായ ഒരു ജനതയ്ക്കു മുന്നിൽ നമ്മൾ നിൽക്കുമ്പോൾ ,എന്തുകൊണ്ട് കേരളമെന്ന സമ്പൂർണ സാക്ഷരരുടെ മുന്നിൽ പോലും പരാജിതരായി മാറിയിരിക്കുന്നു എന്നത് വിലയിരുത്തേണ്ടതാണ് .അതു ചെയ്യേണ്ടത് ഡൽഹിയിലെ മുറിയിലിരുന്നുകൊണ്ടു കേരളത്തെ മാത്രം നോക്കിക്കാണേണ്ട അവസ്ഥയിലേക്ക് വരുത്തിയ പി .ബി അല്ല . ഇതുവരെ ഈ കൊടിമാത്രം പിടിച്ചു നടന്ന ഓരോ സാധാരണ സഖാവുമാണ് .അവരുടെ വിലയിരുത്തലിൽ മാത്രമേ ഈ തോൽവിയുടെ കാരണങ്ങളിൽ ശബരിമല വിഷയത്തിലെ അനാവശ്യ തിടുക്കവും ,ഇനിയും തുടരുന്ന രാഷ്ട്രീയ കൊലകളുമൊക്കെ വരൂ .

ബാലറ്റിലൂടെ അധികാരത്തിൽ വരുന്ന മന്ത്രിസഭ ,പാർട്ടി യുടെ നയങ്ങൾ മാത്രം നടപ്പിലാക്കുന്നതിൽ നിന്ന് മാറേണ്ടതിന്റെ ആവശ്യകതയും പാർട്ടി സെക്രട്ടറി സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും രണ്ടാണെന്ന തിരിച്ചറിവുണ്ടാവേണ്ടതും അത്യാവശ്യമാണ് . സർവോപരി നവോഥാനമെന്ന മൂല്യങ്ങളിലേക്കു കടക്കാൻ കേരളത്തിനിനിയും അരനൂറ്റാണ്ടിന്റെ സാവകാശം കൊടുത്തിരിക്കണം എന്നത് ഈ തെരഞ്ഞെടുപ്പിലൂടെ നമുക്ക് മനസ്സിലായതാണ് .വിവേകാനന്ദന്റെ പൊരുളിൽ നിന്നും ഒട്ടും മുന്നോക്കം പായാതെ നിൽക്കുന്നവരുടെ ഇടയിലേക്ക് ഇത്തരം ആവേശങ്ങൾ വേണ്ട തന്നെ .

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമായതും കേരളമൊട്ടാകെ നവോദ്ധാനമതിൽ പണിതതും തികച്ചും പുരോഗമനാത്മകമായ നീക്കങ്ങളാണെങ്കിലും അവിടം വരെ കൂടെ നിന്നിരുന്ന ഒരു വലിയ വിഭാഗം പിറ്റെന്നാൾ ആ സ്ത്രീകൾ അമ്പലത്തിലെത്തിയതോടെ മാറി ചിന്തിച്ചു എന്ന് കരുതാമോ .?
വിധി നടപ്പിലാക്കുന്നതിലുപരി ആചാര സംരക്ഷണത്തിന്റെ വക്താക്കളാകാൻ ഇറങ്ങിപ്പുറപ്പെട്ട എതിർപാർട്ടിക്കാരെ തോൽ പ്പിക്കാനുള്ള വ്യഗ്രതയായി സമൂഹം കണ്ടാൽ അവരെ തെറ്റുപറയാൻ ആവില്ല . അവരെ തോൽപ്പിക്കുന്നതിലൂടെ നവോദ്ധാനം വന്നില്ലെന്ന് മാത്രമല്ല ഒരു വലിയ വിഭാഗം ആളുകൾ മാറിചിന്തിക്കുന്നതിനു ഇടയായി .മുഖ്യമന്ത്രിയുടെ ശരീരഭാഷയും അതിനു സഹായിച്ചു എന്നുവേണം കരുതാൻ . അങ്ങനെ നിലവിലെ സർക്കാരിനോടുള്ള വിരോധം അവരെ മറ്റൊരു പാർട്ടിക്ക് വോട്ടു ചെയ്യാൻ നിര്ബന്ധിതരാക്കിയപ്പോൾ അവർ ആചാരസംരക്ഷരുടെ യാഥാർത്ഥനിറം മനസ്സിലാക്കി കോൺഗ്രസിന് വോട്ടു ചെയ്യുകയാവാം ഉണ്ടായത് . ന്യൂനപക്ഷ വോട്ടുകൾ സ്വാഭാവികമായി മോദിപ്പേടിയിൽ അവിടെത്തന്നെ പതിച്ചു .ഫലമോ ഒരു പണിയും ചെയ്യാതിരുന്ന ഒരു പാർട്ടിക്ക് വമ്പിച്ച മേൽക്കോയ്‌മ സംസ്ഥാനം നൽകി.

നെഹ്‌റു മന്ത്രിസഭയിൽ പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്ന പാർട്ടി ,മിക്ക സംസ്ഥാനങ്ങളിലും പ്രാതിനിധ്യം ഉണ്ടായിരുന്ന പാർട്ടി ,ഇന്നീ വിധം എത്തിയതിന്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന സൂചകങ്ങൾ ഇതായിരിക്കും .ബംഗാളിലെ അരക്ഷിതാവസ്ഥയും ത്രിപുരയുടെ ഇന്നത്തെ സ്ഥിതിയും ഒട്ടും ആശാവഹമല്ല തന്നെ .ഇപ്പോഴും സംഘടനാ കെട്ടുറപ്പിനെ ബലത്തിൽ പ്രതീക്ഷയുള്ളത് കേരളമെന്ന സംസ്ഥാനത്ത് മാത്രമാണ് .തുടർചയായ ഭരണം ലഭിക്കാത്തതിനാലാവാം അത് സാധ്യമാകുന്നത് എന്നുതന്നെയാണ് ഈയുള്ളവൻ വിശ്വസിക്കുന്നത് .

ഈയിടെ മുതിർന്ന ഒരു സഖാവിന്റെ പോസ്റ്റു കണ്ടു .പാർട്ടിക്കാർ ചെയ്ത കാര്യങ്ങളുടെ ഒരു നീണ്ടലിസ്റ്റും ,വോട്ടു ചെയ്യാത്ത ജനങ്ങളാണ് തോറ്റുപോയതെന്ന അടിക്കുറിപ്പും . അതില്പറഞ്ഞ കാര്യങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലായത് , ഇതെല്ലാം ഒരു സഖാവ് ലാഭേച്ഛ കൊതിക്കാത്ത ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ് എന്നതാണ് .ഗുജറാത്തിലെ കലാപസമയത്ത് വിരലിലെണ്ണാവുന്ന സഖാക്കൾ അവിടെ നടത്തിയ പ്രവർത്തനങ്ങളും ,ബീഹാറിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നുയർന്ന അസാമാന്യ പ്രതീകരണങ്ങളും യുവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ പ്രവർത്തനങ്ങളുമെല്ലാം ഇവിടെ കൂട്ടി വായിക്കണം .അവിടെ ചെയ്യുന്നതൊന്നും വോട്ടിനു വേണ്ടിയല്ല .കമ്മ്യൂണിസ്റ്റുകാരൻ അവനെ കടമ നിർവഹിക്കുകയാണ് ചെയ്യുന്നത്.അതിനാൽ ഈ സഖാവിന്റെ പ്രസ്താവനകളെ അല്പത്തരം മാത്രമായി കാണാനേ കഴിയൂ .ജനങ്ങൾ തോറ്റു എന്ന് പറയുന്നതിന് പകരം അവരിലേക്കിറങ്ങി അവരെ ജയിപ്പിക്കുകയല്ലേ ചെയ്യേണ്ടത് .ആട്ടിയോടിക്കുമ്പോൾ തിരിഞ്ഞോടിയിരുന്നെങ്കിൽ ഈ പ്രസ്ഥാനം എന്നേ വേരറ്റു പോയേനെ .

ബാല്യത്തിലേക്ക് കണ്ണിമചിമ്മിയാൽ തെളിയുന്ന ചിത്രങ്ങൾക്ക് മിഴിവേകുന്നത് ഏറനാടിന്റെ വീരപുത്രനും ഇമ്പിച്ചിബാവയും സെയ്താലിക്കുട്ടി ക്ക യും ദേവദാസ് പൊറ്റെക്കാടും പാലോളി സഖാവുമെല്ലാം ആണ് . അലയടിച്ചുയരുന്ന മുദ്രാവാക്യങ്ങൾ പ്രകമ്പനം കൊള്ളിച്ച നാടിനെയാണ് . ചിരുതയും ചെറിയോളും മാനുട്ടനും അടങ്ങുന്ന കുന്നിലെ ആവേശം വിതറുന്ന സഖാക്കളെയാണ് . .കോലായിൽ നിറഞ്ഞിരിക്കുന്ന വിദ്യാർത്ഥികളെയാണ് .അരവയർ പട്ടിണിയിൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ഉപ്പയെയും മറ്റു സഖാക്കളെയുമാണ് .ചിരിക്കാനറിയാത്ത ചുമരിലെ നായകന്മാരെയാണ് …

അതു തന്നെയാണ് ഇന്നിനെ ഇത്രമേൽ നിരാശാഭരിതനാക്കുന്നതും …

ഇത് റാഡിക്കലായിട്ടുള്ള ഒരു മാറ്റമാവില്ല എന്ന പ്രതീക്ഷയിൽ ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here