എല്ലാം തന്നെ മടുപ്പിലാണെന്ന്…
മടുപ്പിക്കലാണെന്ന്…
കണ്ണിൽ പെട്ട പുല്ലും പുഷ്പവും,
പുഴുവും തളിരും, വെയിലും മഴയും,
മണ്ണും പുഴയും, കടലും ആകാശവും,
മടുത്തു പോയെന്ന്…
ഒന്നിനുമൊരന്ത്യവുമില്ല, അന്ത്യങ്ങൾക്കടുത്ത തുടക്കവുമില്ല…
വെറുതെ ശ്വസിക്കുന്നു,
ചിരിച്ചെന്ന് തോന്നിപ്പിക്കും വിധം ചിരിക്കുന്നു
ആരും കാണാതെ കരയുന്നു
വീർപ്പുമുട്ടലുകളിൽ പിടയുന്നു
രാത്രികളൊടുങ്ങുന്നു…
(മഴ പെയ്യാറുണ്ടോ എന്തോ…
ഉരുകി തീരുകയുമാണ്…- ആത്മഗതം)
സ്നേഹിക്കപ്പെട്ടിരുന്നു എന്നത്രയും വൈകിയറിയാൻ കഴിഞ്ഞു…
സ്നേഹിച്ചപ്പോൾ
അറിഞ്ഞതുമില്ല (അറിയിച്ചതുമില്ല)…
എന്നിലേക്ക് കണ്ണിറ്റുന്ന
എന്തിനെയെങ്കിലും
കണ്ടെങ്കിലെന്ന്…
എനിക്കായൊരു ഹൃദയമെന്നെ
തേടി വന്നെങ്കിലെന്ന്
എന്നെമാത്രം തേടി വന്നെങ്കിലെന്ന്
മടുപ്പിൽ മരിക്കാതിരുന്നെങ്കിലെന്ന് …
_അനഘ എൻ എ