എവരി ഡോഗ് ഹാസ് ഹിസ് ഓൺ ഡെയ്സ്…

 

 

ഏതു പട്ടിയ്ക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നത് എത്ര ശരിയാണെന്ന് പത്രത്തിൽ ‘’പെറ്റ്സ് ഡേ’’യെക്കുറിച്ചുള്ള പരസ്യം വായിച്ചപ്പോൾ തോന്നിപ്പോയി. നിങ്ങളുടെ വളർത്തു മൃഗങ്ങക്കുള്ള സന്ദേശം പരസ്യം ചെയ്യാൻ ഒരവസരം എന്നാണ് പത്രത്തിലെ അറിയിപ്പ്. പട്ടിയ്ക്കും പൂച്ചയ്ക്കുമൊക്കെ സന്ദേശം വായിച്ചു മനസ്സിലാക്കാൻ കഴിയുമോ എന്നത് വേറെ കാര്യം. ഏതായാലും വളർത്തു മൃഗങ്ങളുടെ പടം പത്രത്തിൽ വരുമല്ലോ? അതു തന്നെയല്ലേ വലിയ കാര്യം.’’

നിങ്ങളിങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി,സമയം കളയാതെ ഫോട്ടോ ഗ്രാഫറെ വിളിച്ചോണ്ട് വന്ന് നമ്മുടെ പട്ടിയുടെ ഫോട്ടോയെടുത്ത് പത്രത്തിൽ കൊടുക്കാൻ നോക്ക്..എത്ര ദിവസമായി പറയുന്നു,ഇന്ന് ലാസ്റ്റ് ഡേറ്റാ..’’

പ്രിയതമയുടെ ശബ്ദം കേട്ടപ്പോൾ എന്റെ ചിന്തകൾ മുറിഞ്ഞു.

പാസ്പോർട്ട് സൈസ് വേണോ ഫുൾ സൈസ് വേണോ ഫോട്ടോഗ്രാഫറെ ഇങ്ങോട്ട് വിളിക്കണോ,അതോ പട്ടിയെയും കൊണ്ട് സ്റ്റുഡിയോവിൽ പോകണോ തുടങ്ങിയ സംശയങ്ങളൊന്നും ഞാൻ ചോദിച്ചില്ല. പീഡനങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും മുക്തനായി എന്നാണ് ഒരു ഭർത്തൃദിനം കൊണ്ടാടാൻ കഴിയുക എന്ന ചിന്തയോടെ ഞാൻ സ്റ്റുഡിയോവിലേക്ക് നടന്നു.

‘’സാറിന്റെ ഫോട്ടോയാണോ എടുക്കേണ്ടത്,അകത്തു കയറി മേക്കപ്പ് ചെയ്യൂ..’’ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ചിരിയോടെ പത്രാധിപർ എന്നെ സ്റ്റുഡിയോവിലേക്ക് സ്വാഗതം ചെയ്തു.’’അയ്യോ, എന്റെതല്ല എടുക്കേണ്ടത് പട്ടിയുടെതാ..’’ ഞാൻ പതുക്കെ പറഞ്ഞു.’’ഓ,പത്രത്തിൽ കൊടുക്കാനാണല്ലേ ..ഒരാഴ്ച്ചയായി അതിന്റെ തിരക്കാ,സാറ് പട്ടിയെ കൊണ്ടു വന്നിട്ടുണ്ടോ?’’

‘’ഇല്ല,പട്ടി വീട്ടിലാ,അവിടെ വന്ന് എടുക്കണം.’’
‘’എനിക്കൽപ്പം തിരക്കുണ്ട്,എടുത്ത ഫോട്ടോസ് പ്രിന്റെടുത്തു കൊടുക്കണം. സാറിന്റെ വീട്ടിലേക്ക് ഞാൻ അസിസ്റ്റന്റിനെ വിടാം.’’ പട്ടിക്ക് അസിസ്റ്റന്റായാലും മതിയെന്ന മട്ടിൽ ഫോട്ടോഗ്രാഫർ പറഞ്ഞു.ഫോട്ടോയെടുത്ത് അഡ്വാൻസും വാങ്ങി അസിസ്റ്റന്റ് പോകാനിറങ്ങിയപ്പോൾ ഞാൻ ചോദിച്ചു.’’ഫോട്ടോ എപ്പോൾ കിട്ടും?’’സാറിന് എപ്പോൾ വേണം?ഒരു മണിക്കൂറിനുള്ളിൽ വേണമെങ്കിൽ തരാം,പക്ഷേ,ചാർജ്ജ് കൂടും. അല്ല,നാളെ മതി എന്നുണ്ടെങ്കിൽ സാധാരണ ചാർജ്ജ് മതി.’’

ഞാൻ മറുപടി പറയാൻ തുടങ്ങും മുമ്പ് പ്രിയതമ കയറി ഇടപെട്ടു.

’’നാളെ പോര,ഇന്നു തന്നെ വേണം.ഇന്നു സന്ദേശം കൊടുക്കേണ്ട അവസാന ദിവസമാ,കുറച്ചു കഴിഞ്ഞ് ചേട്ടൻ അങ്ങോട്ട് വരും.’’

അവളുടെ വാക്കും കേട്ട് അസിസ്റ്റന്റ് നടക്കുന്നതിനിടയിൽ അവൾ മറ്റൊരു നിർദ്ദേശം അവതരിപ്പിച്ചു. പട്ടികളോടൊപ്പം നിന്ന് ഒരു ഫാമിലി ഫോട്ടോ എടുക്കുന്ന കാര്യം. ഇപ്പോൾ പട്ടികൾ മാത്രമല്ലേയുള്ളൂ,കുട്ടികൾ കൂടി വന്നിട്ട് കുട്ടികളും പട്ടികളും നമ്മളും ചേർന്നുള്ള ഫോട്ടോയേടുക്കാം എന്ന ഭേദഗതിയോടെ അവളുടെ നിർദ്ദേശം അംഗീകരിച്ചു.
പിന്നെ സ്നേഹ സന്ദേശമുണ്ടാക്കാനുള്ള ചർച്ച നടന്നു. പലതും ചർച്ച ചെയ്ത് ഒടുവിൽ ഇങ്ങനെ ഒരു സന്ദേശം അംഗീകരിച്ചു.

’’നന്ദിയില്ലാത്ത മനുഷ്യരുടെ ഇടയിൽ നന്ദിയുള്ള വളർത്തോമനകളേ, വായിക്കാനറിയില്ലെങ്കിലും നിങ്ങൾക്ക് ഞങ്ങളുടെ സ്നേഹ സന്ദേശം.’’

ഇതിനും ഭാര്യയുടെ എതിർപ്പുണ്ടാകാതിരുന്നില്ല,ആദ്യ ഭാഗം തന്നെ ഉദ്ദേശിച്ചാണോ എന്നയിരുന്നു അവളുടെ സന്ദേശം.

’’നന്ദിയില്ലാത്ത മനുഷ്യരെന്ന് പൊതുവെ പറഞ്ഞതാ,നിന്നെപ്പറ്റി മാത്രമല്ല എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ച് പഴയ സന്ദേശ കാവ്യങ്ങളിലെ സന്ദേശവാഹകരെ പോലെ ശുനക സന്ദേശവും വഹിച്ച് കൊണ്ട് സ്റ്റുഡിയോ വഴി നഗരത്തിലെ പത്രമോഫീസ് ലക്ഷ്യമാക്കി ബസ് സ്റ്റോപ്പിലേക്ക് നടന്നു.

ഇങ്ങനെയൊരു സ്റ്റോപ്പില്ല എന്ന മട്ടിൽ ചില ബസ്സുകൾ പാഞ്ഞു പോയി. അതിനിടയിൽ ഒരു ബസ്സ് വന്നു മുന്നിൽ നിർത്തി. തിരക്കിനിടയിൽ ആളുകൾ എന്നെയും തള്ളി അകത്താക്കി. ഒരു കാല് മുകളിലും ഒരു കാല് ഫുഡ് ബോർഡിലുമായി നിന്നപ്പോളാണ് ത്രിശങ്കു സ്വർഗ്ഗം എന്താണെന്ന് മനസ്സിലായത്.
ഇങ്ങനെയൊക്കെയാണെങ്കിലും ബസ്സിനുള്ളിൽ ഇനിയും ക്രിക്കറ്റും ഫുട് ബോളും കളിക്കാനുള്ള സ്ഥലം ബാക്കിയുണ്ടെന്നാണ് ഒരോ സ്റ്റോപ്പിലെത്തുമ്പോഴും കിളികൾ അവകാശപ്പെടുന്നത്. ഒരൽപ്പം പുറകോട്ട് മാറി നിൽക്ക് എന്ന് മുന്നിൽ നിന്നും അൽപ്പം മുന്നോട്ട് മാറി നിൽക്ക് എന്ന് പുറകിൽ നിന്നും ആളുകളെ അടുപ്പിച്ച് നിർത്തുകയാണ് കണ്ടക്ടർ.

ഒരു വിധത്തിൽ ബസ്സിൽ നിന്നിറങ്ങി ഒരു ചവിട്ടിത്തിരുമ്മൽ കഴിഞ്ഞ അവസ്ഥയിൽ താഴെ എത്തിയപ്പോഴാണ് ബസ്സിൽ നിന്ന് വിടാൻ കഴിയാതിരുന്ന ശ്വാസം ഒന്ന് നേരെ വിട്ടത്. പത്രമാഫീസിലേക്ക് കയറിച്ചെന്ന് കാര്യം പറഞ്ഞു. സന്ദേശവും ഫോട്ടോയും പരസ്യചാർജ്ജും എടുക്കാനായി പോക്കറ്റിലേക്ക് കയ്യിട്ടപ്പോൾ എല്ലാം ഭദ്രമാക്കി വെച്ചിരുന്ന കവർ കാണാനില്ല. ശുനക സ്നേഹിയായ വല്ല പോക്കറ്റടിക്കാരനുമാണ് ബസ്സിൽ വെച്ച് അതടിച്ചു കൊണ്ടു പോയതെങ്കിൽ തീർച്ചയായും തിരിച്ചയച്ചു തരും എന്ന ശുഭ പ്രതീക്ഷയോടെ പത്രമോഫീസിൽ നിന്നു തിരിച്ചു നടന്നു.ഇനിയിപ്പോൾ പുതിയത് റെഡിയാക്കി കൊണ്ടു വരാൻ സമയമില്ല.ഭാര്യയോട് ഇക്കാര്യം മിണ്ടാതിരിക്കുന്നതാണ് നല്ലത്. കുട്ടികൾക്കും കെട്ടിയവനും എന്തെങ്കിലും പറ്റിയാൽ അവൾ ക്ഷമിച്ചേക്കുമെങ്കിലും പട്ടികൾക്കെന്തെങ്കിലും സംഭവിച്ചാൽ ക്ഷമിക്കാൻ ഒരു സാദ്ധ്യതയുമില്ല. ഇനി പത്രത്തിൽ സന്ദേശങ്ങൾ വരുന്ന ദിവസം രക്ഷപെടാൻ എന്തെങ്കിലും തന്ത്രം കണ്ടു പിടിക്കണം. ഒരു പട്ടി സ്വന്തമായുണ്ടെങ്കിൽ എന്തെല്ലാം സഹിക്കണം.അടുത്ത ചവിട്ടിത്തിരുമ്മലിന് വിധേയനാകാൻ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഞാനോർത്തു,ഈ കഷ്ടപ്പാടൊക്കെ ശുനകൻമാർ അറിയുന്നുണ്ടോ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരം റഫീക്ക് അഹമ്മദിന്
Next articleപുതുമയുടെ ശബ്ദവുമായി സി എം എസ് കോളേജിൽ ബിനാലെ ഇന്ന് മുതൽ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English