സായാഹ്നസൂര്യന്‍

ദൂരെ നിന്നൊരു വാഹനം ജംഗ്ഷനെ സമീപിച്ച്കൊണ്ടിരിക്കുന്നു. ബസ് ചെറിയ ഞരക്കത്തോടെ സ്റ്റോപ്പില്‍ നിന്നു. കണ്ടക്ടര്‍ തന്നെയായിരുന്നു പുറകിലെ വാതിലിലെ കിളി, അയാള്‍ വാതില്‍ തുറന്നുകൊടുത്തു. അശോകന്‍ താഴേക്ക് നോക്കി,കുഴിയിലാണ് പുറകിലെ വാതില്‍ എത്തി നില്‍ക്കുന്നത്. ആ താഴ്ചയില്‍ പൂഴി വെള്ളം കെട്ടി നില്‍ക്കുന്നു. രാവിലെ പെയ്ത മഴയുടെ അവശിഷ്ടം. അയാള്‍ അല്പസമയമെടുത്ത് വലത്തേ കാല്‍ ബസ്സിന്റെ പടിയില്‍ ഉറപ്പിച്ച് ഇടതുകൈയില്‍ ബാഗ് മുറുകെ പിടിച്ച് വെള്ളത്തിനപ്പുറത്തേക്കൊരു ചാട്ടം. ഒരുവിധം പൂഴി വെള്ളം താണ്ടി. ബസ്സില്‍ നിന്നിറങ്ങിയ രാജന്‍ പുഞ്ചിരിച്ചു, എന്തിനീ സാഹസം മുന്നില്‍ക്കുടി ഇറങ്ങിയാല്‍ പോരെ എന്ന ഭാവത്തില്‍. സമയം ആറുമണിയായതേയുള്ളുവെങ്കിലും ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു. ഭൂമിയുടെ ഏതോ കോണില്‍ വലിയ ഭരണിയില്‍ സൂക്ഷിച്ചു വച്ചിരുന്ന ഇരുട്ടിനെ ആരോ തുറന്നുവിട്ട പോലെ അതു പതുക്കെ വെളുപ്പിന്റെ കോണുകളെ കീഴടക്കി അവിടമാകെ നിറഞ്ഞു തുടങ്ങുന്നു. ചീവീടുകളും നിറുത്താതെ ചിലക്കാന്‍ തുടങ്ങിയിരിക്കുന്നു. തവളകള്‍ പാടത്ത് ‘ക്രോ’ ‘ക്രോ’ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടിരിക്കുന്നു. ഒരു തവള അടുത്ത കുളത്തില്‍ നിന്നും നിറുത്താതെ കരയുന്നു, അവനേതോ സര്‍പ്പവീരന്റെ വായിലകപ്പെട്ട് വിധി കാത്ത് കരയുകയാണെന്ന് തോന്നുന്നു. അയാള്‍ ആ കറുത്ത ടാര്‍ പാതയിലൂടെ പടിഞ്ഞാറോട്ട് നടന്നു. ‘സാര്‍ ഇന്നു താമസിച്ചോ ?’ എതിരെ വന്ന ശശികുമാര്‍ ചോദിച്ചു.’ഇല്ല ഇരുട്ട് നേരത്തെയായതുകൊണ്ടാവാം, 6 കഴിഞ്ഞതേയുള്ളു”സാറെ നമ്മുടെ തിരഞ്ഞെടുപ്പിന്റെ കാര്യം എന്തായി, ഒരു ചൂടും ഇല്ലല്ലോ ?, മുതലാളി തന്നെ ജയിക്കുമായിരുക്കും അല്ലേ ?”ജയിക്കും’ അയാള്‍ മറുപടി നല്‍കി, ക്ഷേത്രത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പായിരുന്നു അടുത്ത ദിവസം.ശശികുമാറിനെ പിന്നിലാക്കി അയാള്‍ വീട്ടിലേക്ക് നടന്നു. ടാര്‍ റോഡ് പിന്നിട്ട് ചെമ്മണ്‍ പാതയിലൂടെ നടന്ന് അവസാനം ഒരു തോടും താണ്ടിയപ്പോള്‍ അയാളുടെ വീട് കാണാറായി. ഈ പാലത്തിന്റെ പണി എന്നു തീരുമോ അയാള്‍ മനസ്സില്‍ പറഞ്ഞു.ഇട വഴി താണ്ടി വേലികെട്ടി അതിരുതിരിച്ച പുരയിടത്തിന്റെ മുന്നിലെ തുറന്ന വഴിയിലൂടെ വീടിന്റെ വാതില്‍ക്കലേക്ക് കണ്ണോടിച്ചു. മഴക്കോളുകാരണം വേലി ചിലയിടത്തൊക്കെ ചരിഞ്ഞാണ് നില്‍പ്പ്. കഴിഞ്ഞതിനു മുന്‍പത്തെ കുംഭത്തിലെ ഉത്സവത്തിന് കെട്ടിയതാണ്.അമ്മ വാതില്‍ക്കല്‍ തന്നെയുണ്ട്. മകന് ജന്മം നല്‍കിയിട്ട് നാലു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ആ മാതാവ് നാലു വയസ്സുകാരനെ കാത്തിരിക്കുന്ന പോലെ വഴിക്കണ്ണുമായി അയാള്‍ക്കു വേണ്ടി കാത്തിരിക്കുന്നു. വിളക്ക് കത്തിച്ചിട്ടില്ല മകന്‍ വന്ന ശേഷം ആകാമെന്ന് കരുതിക്കാണും.’നിനക്കു നേരത്തേ വന്നൂടെ’ പതിവു പരിഭവം.’ ഞാന്‍ ഇവിടെ രാവിലെ മുതല്‍ ഒറ്റക്കായിരുന്നു.’ ‘അച്ഛനും അജിതയും’അവര്‍ മറുപടി പറഞ്ഞില്ല.ധൃതിയില്‍ അകത്തുപോയി മുറിയിലെ മേശമേല്‍ എണ്ണയൊഴിച്ച് തിരിയിട്ടുവച്ചിരുന്ന നിലവിളക്കില്‍ ദീപം പകര്‍ന്ന് വാതില്‍ക്കലേക്ക് കൊണ്ടുവന്നു. ബാഗ് വശത്തേക്ക് വച്ച് അയാള്‍ വഴിമാറിക്കൊടുത്തു. അമ്മ വിളക്ക് താഴെ വച്ചു. തട്ടം നിറയെ എള്ളെണ്ണ പകര്‍ന്ന വിളക്ക് താഴെ നിലത്ത് വച്ചപ്പോള്‍ അല്പം ചരിഞ്ഞ് കുറച്ചെള്ളെണ്ണ നിലത്തൊഴുകി. അമ്മയുടെ കൈകളുടെ ശക്തി കുറഞ്ഞുവരുകയാണ്.ഈയിടെയായി അമ്മയ്ക്ക് പ്രാര്‍ത്ഥനയില്ല വിളക്ക് തെളിച്ചശേഷം മൗനമായിരിക്കും. തെളിഞ്ഞു നില്‍ക്കുന്ന വിളക്കിന്റെ ദീപം സര്‍വ്വ വിശുദ്ധിയോടെ പ്രകാശിച്ചു. ആ ദീപത്തില്‍ നിന്നും പറന്ന പ്രഭ ഷോകേസിലെ, അയാള്‍ മഥുരയില്‍ നിന്നു കൊണ്ടുവന്ന കൃഷ്ണവിഗ്രഹത്തിന്റെ കവിളുകളില്‍ തിളക്കം സൃഷ്ടിച്ചു. ആ ദീപത്തിലേക്കയാള്‍ നോക്കി നിന്നു, വിളക്കിനുചുറ്റുമൊരു പൊന്‍വെളിച്ചം വലയം പ്രാപിച്ച് നില്‍ക്കുന്നു. അയാള്‍ അമ്മയെ നോക്കി അവരുടെ മിഴികളും ആദീപസ്ഥാനത്താണ്, ആദ്യമായി വെളിച്ചം കണ്ട കുട്ടിയെപ്പോലെ. അയാളുടെ നോട്ടം വെളിച്ചത്തില്‍ നിന്ന് ജീവിതത്തിന് വെളിച്ചമേകിയ മാതാവിലേക്കായി.നല്ല വെളുത്ത ദേഹമായിരുന്നു അമ്മയുടേത്, ഞാനെത്ര തവണ ആ നിറം കിട്ടണേയെന്ന് കൊതിച്ചിട്ടുണ്ട്. ഇന്നാദേഹത്ത് ചുളിവുകള്‍,തുടുത്തിരുന്ന ശരീരം ശോഷിച്ചിരിക്കുന്നു, മാറിടങ്ങള്‍ ചുരുങ്ങിയ കാരണം മേല്‍ വസ്ത്രം അയഞ്ഞു തൂങ്ങുന്നു. സാരി അലക്ഷ്യമായി ചുറ്റിയിരിക്കുന്നു, ചീകാത്ത മുടി കൈകൊണ്ട് കോതിയിട്ടിരിക്കുന്നു. അടുക്കളനിന്നേറ്റ നനവിനാല്‍ വസ്ത്രങ്ങളില്‍ ചിലയിടങ്ങളില്‍ കരിമ്പന്‍ കടന്നാക്രമണം നടത്തിയിരിക്കുന്നു, ഒട്ടിയ മുഖത്തൊരു വിഷാദ ഭാവം. പ്രായം എഴുപതിനടുത്ത് ആയെങ്കിലും അധികം മുടികള്‍ നരച്ചിട്ടില്ല. കുടിയാന്‍മാര്‍ ജന്മിയെ കാണുമ്പോഴെന്നപോലെ കസേരയില്‍ ഇരിക്കുമ്പോള്‍ എപ്പോഴും ഒരു കൈകൊണ്ട് വായ പൊത്തിപ്പിടിക്കും.അയാളുടെ നോട്ടം ആ കണ്ണുകളിലേക്കായി. തിമിരം ആക്രമണം തുടങ്ങിയിരിക്കുന്നു. എങ്കിലും ആ കണ്ണുകളുടെ തീഷ്ണത അല്പം പോലും കുറഞ്ഞിട്ടില്ല, അവ ഗതകാലത്തില്‍ എന്തോ തിരയുന്ന പോലെ. നാലു പതിറ്റാണ്ടുകള്‍ക്കുമുന്‍പ് ഒരുനാള്‍ ഊണിന് മുന്‍പ് എന്നെ അമ്മുമ്മയെ ഏല്‍പ്പിച്ചു മറപ്പുരയിലേക്ക് കുളിക്കാന്‍ കയറി അമ്മ എന്തോ ഓര്‍ത്ത് തിരിച്ചിറങ്ങിയപ്പോള്‍ എന്നെ കാണുന്നില്ല, എല്ലായിടത്തും പരതി ഒടുക്കം കിഴക്കേ കുളത്തിലേക്ക് പാഞ്ഞു. കുളക്കടവില്‍ പുവരശിനു താഴെ വെള്ളത്തിനു മീതെ പായല്‍ മാറിക്കിടക്കുന്നു. ആ വിടവിലൂടെ ഞാന്‍ കുളത്തിന്റെ അടിത്തട്ടിലേക്ക് ഒരു പളുങ്ക് പാത്രം താഴുന്ന പോലെ ആടിയുലഞ്ഞുപോകുന്നതാണ് കണ്ടത്, പ്രാണന്‍ വിടാന്‍ ഏതാനും നിമിഷം മാത്രം. യമധര്‍മ്മന്‍ പൂവരശ്ശില്‍ നിന്നും വീക്ഷിക്കുന്നു, പോത്ത് ഓരത്തെ പാടത്ത് പുല്ലു തിന്നുന്നു. രണ്ടുകോല്‍ ചെളിയുള്ള ആകുളത്തിലേക്ക് അവര്‍ എടുത്ത് ചാടി. യമന്‍ ആ മാതൃ ഹൃദയത്തോട് കരുണകാട്ടി, ആത്മാവ് മുകളിലേക്ക് കാതെ എന്നില്‍ തന്നെ കുടികൊണ്ടു. കുളികഴിഞ്ഞു വന്നിരുന്നേല്‍ എന്നെ കുളിപ്പിച്ചു വാഴയിലയില്‍ കിടത്തിയേനെ. നാല്പതു വര്‍ഷം മുമ്പെന്നെ കണ്ടെടുത്ത ആ കണ്ണുകള്‍ക്ക് തിമിരം മറ സൃഷ്ടിക്കയാണോ ? ഞാന്‍ അമ്മയെ നോക്കി ആ കണ്ണുകള്‍ മുന്നില്‍ തുറന്നിട്ടിരിക്കുന്ന ജനാലയിലൂടെ ഇരുട്ട്ബാധിച്ച് തുടങ്ങിയ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്നു.രണ്ടു വയസ്സുള്ളപ്പോള്‍ എന്നെ ബാധിച്ച മാരക രോഗത്തിന് ദിവസേന ആശുപത്രിയില്‍ നിന്നു സിറിഞ്ചിന്റെ കുത്തേറ്റ പാടുകളില്‍ ചൂടുവെള്ളം തുണിയില്‍ മുക്കി തുടച്ച് എന്റെ വേദനയെ സാന്ത്വനപ്പെടുത്തിയ കൈകള്‍ ഇന്ന് ശുഷ്കിച്ച് ചുളിഞ്ഞു കാണുന്നു. അന്നെന്നോടൊപ്പം അസുഖം ബാധിച്ച കൂട്ടുകാരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് രണ്ടു പതിറ്റാണ്ട്.ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ തന്റെ പാത്രത്തില്‍ നിന്നും ഒരു പിടിച്ചോറ് എനിക്കായി മാറ്റിവയ്ക്കുന്ന അമ്മ, ആ ചോറ് അവരുടെ സ്നേഹമായിരുന്നു. എന്റെ മനസ്സിന്റെ വിശപ്പാണത് മാറ്റിയത്. കാലമെത്ര കഴിഞ്ഞിട്ടും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു വീട്ടാ കടമല്ലെ അതിന്നും. പൂനിലാവി കൊണ്ട് ചന്ദ്രബിംബം ചരാചരങ്ങളെ പൊതിയുന്നു, ആ നിലാവിനും നീലാകാശത്തിനും പകരം നാമെന്തു നല്‍കുന്നു. എന്തു നല്‍കിയാല്‍ പകരമാകും. ഒരു കുംഭം മീനമാസം, തോടുകള്‍ തേവി വൃത്തിയാക്കിയിട്ടിരിക്കുന്നു, ചേച്ചിയുടെ ദേഹത്ത് മണ്ണ് വാരി വിതറിയ എന്റെ പിന്നാലെ അമ്മ പാഞ്ഞു വന്നു. രണ്ട് വാര വീതിയുള്ള തോട് ചാടി വിജയശ്രീലാളിതനായി ഞാന്‍ തിരിഞ്ഞു നോക്കി. അമ്മ തോടിനു കുറുകെ ചാടി എന്നെ കടന്നു പിടിച്ച് തുടയില്‍ രണ്ട് അടി പാസ്സാക്കി. ആ കരുത്തുറ്റ കാലുകള്‍ ഇന്ന് ഇടറാന്‍ തുടങ്ങിയിരിക്കുന്നു.പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് കൗമാര ചാപല്യത്തോടെ പഠിത്തം മതിയാക്കി നടന്നകാലം, ഒരജ്ഞാതവാസം കഴിഞ്ഞെന്നപോലെ തിരികെ ജിവിതത്തിലെത്തിയപ്പോള്‍ 3 വര്‍ഷം എന്റെ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഭുതം നിധി കാക്കുന്നത് പോലെ കാത്ത അമ്മ, ഫലം നോക്കിയപ്പോള്‍ പ്രീഡിഗ്രി കടമ്പ 3 വര്‍ഷം മുന്‍പേ ഞാന്‍ കടന്നിരുന്നു. ആ കൈകളില്‍ ഇന്ന് പ്രഭാതത്തില്‍ കൊടുത്ത വസ്തുക്കള്‍ പ്രദോഷത്തിലെവിടെയാണെന്നറിയില്ല. ആ നടുവിലിപ്പോഴും എന്റെ കുരുന്നു സ്നേഹത്തിന്റെ കല വര്‍ഷം ഏറെ കഴിഞ്ഞിട്ടും മായാതെ കിടക്കുന്നു. വിളിച്ചിട്ട് വരാന്‍ വൈകിയ അമ്മയെ ഇരുന്നൂറ്റി അന്‍പതു ഗ്രാമിന്റെ കട്ടിക്ക് എറിഞ്ഞ മുദ്ര. പാട് മാറിയിട്ടില്ലെങ്കിലും അമ്മയുടെ ഓര്‍മ്മകള്‍ ഒരുപാട് മാറി.കുസൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ എന്നെ കിഴക്കേ വേലിക്കലെ പെരുമരത്തില്‍ കെട്ടിയിട്ട ആ കരുതല്‍ വരാന്‍ വൈകിയാല്‍ ഇന്നും വഴിക്കണ്ണായ് തുടരുന്നു. ഓര്‍മ്മകള്‍ ഒരു മനോഹര പുഷ്പം പോലെയാണ്, മൊട്ടായി, വിടര്‍ന്ന് സൗരഭം പരത്തി വാടി നിലംപതിക്കുന്നു. സ്വയം എഴുതിയ പാട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കേള്‍ക്കുമ്പോള്‍ ആരെഴുതിയെന്നു ചോദിക്കുമ്പോള്‍, ശ്രോതാവിന്റെ കണ്ണുകള്‍ തുളുമ്പിയില്ലെങ്കിലെ അതിശയിക്കേണ്ടു.മണി പത്തായാലും സ്കൂളില്‍ പോകാന്‍ മടിച്ചു നില്‍ക്കുന്ന എന്നെ, ഒരു കൈയില്‍ വടിയും മറുകൈയ്യില്‍ എന്റെ കരങ്ങളും മുറുകെപ്പിടിച്ച് സ്കൂളിലേക്ക് നീങ്ങിയിരുന്ന ആ കരങ്ങളില്‍ നിന്ന് ഇന്ന് അടുക്കളയില്‍ പളുങ്ക് പാത്രങ്ങള്‍ പിടിവിട്ടോടി നിലം പൊത്തി ചിതറുന്നത് പതിവു കാഴ്ചയാണ്. ചിതറിയ പാത്രങ്ങളുടെ കൂമ്പാരം വടക്കുപടിഞ്ഞറെ ആഞ്ഞിലിയുടെ ചോട്ടില്‍.കുളിക്കാന്‍ മടിയുള്ള എന്നെ പടിഞ്ഞാറെ തെങ്ങിന്റെ ചുവട്ടിലെ കരിങ്കല്ലില്‍ കയറ്റി നിറുത്തി കുടത്തിലെ വെള്ളം തലയിലേക്ക് കമഴ്തിയിരുന്ന അമ്മയ്ക്കിന്നു കുളിക്കാന്‍ മടി. ചില നേരം ഒരു ദിവസം പല നേരം കുളി. ബുക്ക് ചെയ്യാത്ത ഗ്യാസ് സിലിണ്ടറിനായി ഒഴിഞ്ഞ കുറ്റിയുമായി കാത്തു നില്‍ക്കുന്ന അമ്മ. അമ്മയുടെ ഓര്‍മ്മകള്‍ ബഹിരാകാശത്ത് നിന്ന് നിയന്ത്രണം വിട്ട് മറ്റേതോ ലോകത്തേക്ക് പ്രയാണം നടത്തുന്ന ഉപഗ്രഹം പോലെ അനന്തതയുടെ മറ്റേതോ ലോകത്തേക്ക് നീങ്ങുകയായിരിക്കാം. കാലം അമ്മയുടെ മനസ്സില്‍ പുതിയചിത്രങ്ങള്‍ എഴുതുകയാവാം.. പഴയവ അഴിച്ച്.ഞാന്‍ ആ കണ്ണുകളിലേക്ക് ഒന്നുകൂടി നോക്കി, അവയില്‍ ആ ദീപനാളങ്ങള്‍ അപ്പോഴും തെളിഞ്ഞു നില്‍ക്കുന്നു, ചുണ്ടില്‍ ചെറു പുഞ്ചിരിയോടെ.ആ ചുണ്ടുകള്‍ ‘ നാലു പതിറ്റണ്ടു മുന്‍പു ഞാന്‍ മുങ്ങിയെടുത്ത മുത്തല്ലേ നീ” എന്നു മന്ത്രിക്കുന്നതു പോലെ തോന്നി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English