“വെള്ളത്തിന്റെ നിറമെന്താ…?” ദീപു ചോദിച്ചു.
സുബൈർ ആലോചനയിൽ മുഴുകി നടത്തം തുടർന്നു.
‘വെള്ള … അല്ലെ’ ? അവൻ അല്പസമയത്തിനകം മറുപടി പറഞ്ഞു.
“ആണോ ?” ദീപു ചൂണ്ടു വിരൽ ചുണ്ടിൽ വച്ച് കൊണ്ട് മുകളിലേക്ക് നോക്കി ആലോചിച്ചു നിന്നു. അവന്റെ കയ്യിലെ സ്കൂൾ പുസ്തകം ഇട്ട കവർ കാലിനു ഇടയിൽ ഇറുക്കി പിടിച്ചിരുന്നു.
“അതെ.. ഞാനിന്നു രാവിലെ പൈപ്പ് തുറന്നപ്പോ വെള്ളകളറിൽ ആണല്ലോ വെള്ളം വന്നത്” സുബൈര്‍ പറഞ്ഞു. “പക്ഷെ … അമ്മ വെള്ളം കോരിയപ്പോ തൊട്ടിയിലെ വെള്ളം ഇരുണ്ട നിറായിരുന്നു” ദീപു സംശയം തീരാതെ നിന്നു. അവർ ഇടവഴിയിലൂടെ നടത്തം തുടർന്നു.
സുബൈർ.. വയസ്സ് 8.
ഗൾഫുകാരനായ സുലൈമാന്റെയും ശരീഫയുടെയും മൂത്ത മകൻ.
അനിയത്തി സുല്ഫത്ത് 3 വയസ്സ്. സർകാർ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥി ആണ് സുബൈർ. മകൻ താൻ പഠിച്ച
സർക്കാര്‍ സ്കൂളിൽ തന്നെ പഠിക്കട്ടെ എന്ന് തീരുമാനിച്ച സുലൈമാൻ ധീരമായ തീരുമാനത്തിലൂടെ സ്വകുടുംബത്തെയും അമ്മാവൻ നടത്തുന്ന
ദാറുൽ ഹുദ എന്ന സ്വകാര്യ വിദ്യാലയത്തെയും അപമാനിക്കുക
ആണുണ്ടായത്.
ദീപു സുരേഷ്..8
സുബൈറിന്റെ അതേ ക്ലാസ്സിൽ അതേ ബെഞ്ചിൽ ഇരുന്നു പഠിക്കുന്നു. അച്ഛൻ സുരേഷ് നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാൻസർ ബാധിച്ചു മരിച്ചു പോയി. അമ്മ രമ്യയോടൊപ്പം അമ്മാവന്മാർ കനിഞ്ഞു നല്കിയ നാലുസെന്റ് പുരയിടത്തിൽ താമസം. തയ്യൽ ആണു രമ്യയുടെ വരുമാന മാർഗം.
ഇട്ടലിലൂടെ അവർ നടത്തം തുടരുന്നു. നടത്തത്തിന്റെ വേഗത കുറയുന്നുണ്ട്. മറ്റു കുട്ടികൾ എന്തൊക്കെയോ കലപിലെ സംസാരിച്ചു കൊണ്ട് നീങ്ങുന്നു. ദൂരെ സ്കൂളിൽ ബെല്ലടിക്കുന്ന ശബ്ദം. ചില കുട്ടി കൾ ഓടുന്നു. അവർ രണ്ടു പേരും വേലിയോട് ചാരി നിന്നു.
സുബൈര്‍ ഭയത്തോടെ ചുറ്റും നോക്കി.
“ഉമ്മ എങ്ങാനും അറിഞ്ഞാൽ …”
“മാഷിന്റെ തല്ലു മേടിക്കണേൽ പൊയ്കോ ..” ദീപു വേലിയോട് ചാരി നിന്ന് കൊണ്ട് പറഞ്ഞു.
“ഇവിടെ നിന്നാൽ ആരെങ്കിലും കാണും നമുക്ക് വേറെ എവിടേലും പോവാം. “സുബൈര്‍ പേടിയോടെ പറഞ്ഞു.
‘എവിടെപോവും ..?” വേലിക്കൽ ഉള്ള കമ്മ്യൂണിസ്റ്റ് അപ്പ കയ്യിലിട്ടു പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ദീപു ചോദിച്ചു.
“ആരോ വരുന്നു .. മാറി നില്ക്കാം”
അവർ ഒരു വശത്തേക്ക് മാറി.
ഒരാൾ സൈക്കിളിൽ ആ വഴിയിലൂടെ ദ്രുത ഗതിയിൽ പോയി.
സ്കൂളിലെ കണക്ക് അധ്യാപകൻ ആണ് ഈ കുട്ടികളുടെ വില്ലൻ. എല്ലാ ദിവസങ്ങളിലും ബുദ്ധിമുട്ടേറിയ കണക്കുകൾ ഹോം വർക്ക് ആയി നല്കുകയും, ചെയ്തു വരാത്തവർക്ക് കനത്ത ശിക്ഷകൾ നല്കുകയും ചെയ്തു പോന്നു ടിയാൻ. ഒടുവിൽ രണ്ടുപേരും ഈ തീരുമാനത്തിൽ എത്തുകയും ചെയ്യുകയായിരുന്നു. അമ്പലത്തിലെ ഭണ്ടാരപ്പെട്ടിയിൽ 2 രൂപ ഇടുകയും അതുവഴി തങ്ങളെ അടിക്കുന്ന മാഷിന്റെ കൈകള്‍ ഒടിയുമെന്നും അതുവരെ ക്ലാസ്സിൽ പോകേണ്ടതില്ല എന്നുമായിരുന്നു തീരുമാനം.
നമുക്ക് പുഴക്കരേൽ പോയാലോ.. ദീപു ചോദിച്ചു
ഒരുപാടു ദൂരെ അല്ലെ.. സുബൈറിന് സംശയം.
അതിനെന്താ നമുക്ക് വൈകുന്നേരം വരെ സമയം ഉണ്ടല്ലോ. അവിടെ വെള്ളത്തിന്റെ നിറം കറുപ്പോ വെളുപ്പോന്നു നോക്കാല്ലോ
അവർ ഇടവഴിയിലൂടെ നടന്നു. ദീപു അവന്റെ കയ്യിലെ പുസ്തക സഞ്ചി സുബൈറിന്റെ ബാഗിൽ ഇട്ടു നടത്തം തുടർന്നു.
പുഴക്കരയിലേക്ക് പ്രതീക്ഷിച്ചതിലും അധികം ദൂരമുണ്ടായിരുന്നു. മാധവേട്ടന്റെ പറമ്പിൽ എത്തിയപ്പോഴേക്കും രണ്ടു പേരും ക്ഷീണിച്ചു. അവർ വെട്ടിയിട്ട ഒരു മരത്തടിയിന്മേൽ ഇരുന്നു. സുബൈര്‍ ബാഗു തുറന്നു വെള്ളം കുടിക്കാൻ തുടങ്ങി. ഈ വഴി ആരെങ്കിലും വന്നാലോ.. അവൻ ചുറ്റുപാടും നോക്കിക്കൊണ്ട് ചോദിച്ചു
ദീപു കുപ്പിയിലെ വെള്ളം നിലത്തേക്ക് ഒഴിച്ച് കൊണ്ട് അതു നോക്കിക്കൊണ്ടിരുന്നു.
“എന്താ ദീപൂ ഈ കാട്ടണേ … അതു നമുക്ക് കുടിക്കാൻ ഉള്ളതല്ലേ..” സുബൈര്‍ അവന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി വച്ചു
“ഡാ നോക്കിക്കേ വെള്ളത്തിനിപ്പോ മണ്ണിന്റെ നിറം..” ദീപു പുഞ്ചിരിയോടെ പറഞ്ഞു.
വാ എണീക്ക് ഈ വഴി പോയാൽ പൊട്ടിയിൽ എളുപ്പം എത്താം. ദീപു എഴുന്നേറ്റു ട്രൗസറിലെ പൊടി തട്ടിക്കൊണ്ടു പറഞ്ഞു.
ഈ മരങ്ങളൊക്കെ എന്തിനാ വെട്ടിയത്?
ആവോ .. വീടുണ്ടാക്കാൻ ആവും..
അപ്പൊ അണ്ണാനും കിളിയും ഒക്കെ എവിടെ വീടുണ്ടാക്കും ലെ..?
കമ്പി വേലി നൂഴ്ന്നാണ് അടുത്ത പറമ്പിലേക്ക് കടന്നത്. ഒരു പഴയ ഓടിട്ട മാളിക വീടും പുരയിടവും ആയിരുന്നു അത്.
“ഡാ പേരക്ക ..” സുബൈര്‍ ചൂണ്ടി കാണിച്ചു.
“ഇവിടെ ആരെങ്കിലും കാണുമോ.. നോക്കാം”
അവർ വീടിനു ചുറ്റും നടന്നു. ആരും ഉള്ള ലക്ഷണം കാണുന്നില്ല. അടുത്തെങ്ങും വീടുകളും ഇല്ല. സുബൈര്‍ പേരമരത്തിൽ കയറാൻ തുടങ്ങി. ദീപു ചുറ്റുപാടും നിരീക്ഷിക്കുന്നു. ആരെങ്കിലും വന്നാൽ സിഗ്നൽ നല്കാൻ തയ്യാറായി. വേലിയുടെ ഒരു വശത്ത് മരത്തിനു ചുവട്ടിലായി ഒരു കറുത്ത നിറത്തിൽ എന്തോ കാണുന്നു. അവൻ അങ്ങോട്ട് നീങ്ങി. ഒരു ബൈക്ക് ചാരി നിർത്തിയിരിക്കുന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്. അവൻ അതിലെ കീ തിരിച്ചു..
അപ്പോഴാണ് സുബൈര്‍ വിളിക്കുന്നത്..
ഡാ.. ഇവിടെ .. അവൻ പതിയെ വിളിച്ചു.
അതെ സമയത്താണ് വണ്ടിയുടെ സ്റ്റാർട്ട് കീ അറിയാതെ ദീപു അമര്‍ത്തിയത്. ഒരു വലിയ ശബ്ദത്തോടെ വണ്ടി മുന്നോട്ടു നീങ്ങി. ദീപു തെറിച്ചു വീണു. നിശബ്ദമയിരിക്കുന്ന അവിടം ബൈക്കിന്റെ ശബ്ദം കൊണ്ട് മുഖരിതമായി.
സുബൈര്‍ ഇറങ്ങി ദീപുവിനെയും വലിച്ചു കൊണ്ട് ഓടി
കുണ്ടനിടവഴിയിൽ ഇരുന്നപ്പോൾ രണ്ടു പേരും കിതക്കുന്നുണ്ടായിരുന്നു.
ദീപുവിന്റെ ഷർട്ടിന്റെ ഒരു ഭാഗം കീറിയിരുന്നു. ആരോ ഓടി വരുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അവർ ഇടവഴിയിലൂടെ താഴേക്ക് ഓടാൻ തുടങ്ങി.
അകലെ പുഴ കാണാൻ തുടങ്ങി. കല്ലിട്ട വഴിയിലൂടെ അവർ താഴേക്ക് നടന്നു. “എടാ അവിടെ… ആ വീട്ടില്‍… ഞാൻ കണ്ടു ആരോ ഉണ്ടായിരുന്നു മുകളിലെ നിലയിൽ. ഞാൻ മരത്തിനു മുകളീന്ന് കണ്ടു”
“എന്ത് ..?”
സുബൈര്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി. “അത് .. ഇതൊന്നും ആരോടും പറയാൻ പാടില്ലെന്ന് മദ്രസ്സിലെ ഉസ്താദ് പറഞ്ഞിട്ടുണ്ട്. പറഞ്ഞാൽ പടച്ചോൻ തീയിലിടും. പക്ഷെ എനിക്കിഷ്ടല്ല
ഇതൊന്നും..പേടിയാ..”
“അതെന്താടാ ഈ ഉസ്താദ്‌ന്നു പറഞ്ഞാൽ ..”
“നമ്മുടെ സ്കൂളിലെ പോലെ തന്നെ പഠിപ്പിക്കുന്ന ആളാണ്. വീട്ടില് വരും പഠിപ്പിക്കാൻ പക്ഷെ ഉമ്മയില്ലെങ്കിൽ എനിക്ക് പേടിയാ”
“അതെന്താ അങ്ങേരു തല്ലുവോ ”
“അതൊന്നുമില്ല …പക്ഷെ ..”
“എന്താ അങ്ങേരു പഠിപ്പിക്കുന്നത്..”
“ഓതാൻ പഠിപ്പിക്കും ..പിന്നെ ഇസ്ലാം കാര്യോം ഈമാൻ കാര്യോം ..”
“അതൊക്കെ എന്താ നമ്മുടെ സ്കൂളിൽ പടിപ്പിക്കാത്തെ”
“എടാ അതൊന്നും എല്ലാരും പഠിക്കാൻ പാടില്ല. ഞങ്ങള് മുസ്ലിങ്ങള് മാത്രം പഠിച്ചാൽ മതി”
“അതെന്താ ഞങ്ങള് പഠിച്ചാൽ….”
“ആവോ … എനിക്കറിയൂല്ല”
ഇവിടെ വെള്ളത്തിന് പച്ച നിറം… ദീപു പറഞ്ഞു അവർ പുഴക്കരയിൽ എത്തിയിരുന്നു. എന്താടാ ഓരോ വെള്ളത്തിനും ഓരോ നിറം? ദീപു വെള്ളത്തിനടുത്തേക്ക് പോവാനൊരുങ്ങി.
പുഴയിൽ വെള്ളം കുറവായിരുന്നു. ചില ഭാഗങ്ങളിൽ കെട്ടി നിർത്തിയിരുന്നു നമുക്ക് ചോറുണ്ടലോ? എനിക്ക് വെശക്കുന്നു
അവർ രണ്ടു പേരും പുല്ലിൽ ഇരുന്നു. ദീപു വാഴയിലയിൽ പൊതിഞ്ഞ ചോറും ചമ്മന്തിയും തുറന്നു വച്ചു. സുബൈറിനു പാത്രത്തിൽ ആയിരുന്നു അവനു മീനും മുട്ട പൊരിച്ചതും ഉണ്ടായിരുന്നു. അവർ രണ്ടു പേരും പങ്കിട്ടു കഴിക്കാൻ തുടങ്ങി.
അവിടെ എന്താ കുറെ ചെറിയ കുന്നുകൾ പോലെ… എവിടെ?
അക്കരെ.. നോക്കിക്കേ … അവിടെ ആരൊക്കെയോ ഉണ്ടല്ലോ.. നമ്മളെ കാണുമോ? ഏയ്.. ദൂരെ അല്ലെ. അവരെന്താ ചെയ്യുന്നത്?
മീൻ പിടിക്കയാവും. ആ ചാക്കിലോക്കെ മീനാ..? വണ്ടിയിലേക്ക് കയറ്റുന്ന ചാക്കുകൾ നോക്കി ദീപു ചോദിച്ചു. നമുക്ക് അവിടെ പോയി നോക്കിയാലോ വേണ്ട.. അവര് നമ്മളെ കണ്ടാൽ കുടുങ്ങും.
നമുക്കീ മുള്ളന്‍ കാടിനിടയിലൂടെ പോവാം. അത് കുറെ ദൂരെ ആണ് ..
സാരമില്ലെടാ .. ദീപു മുന്നില് നടന്നു.
ചെറിയ കുന്നുകൾ.. മണൽ കൂനകളായി രൂപമാറ്റം വരാൻ തുടങ്ങി
തോർത്ത് മാത്രം ധരിച്ച ആളുകള്‍ തലയില്‍ ചാക്കുകളുമായി വള്ളത്തിൽ നിന്നും പ്രത്യക്ഷപ്പെടുന്നു. നിറഞ്ഞിരിക്കുന്ന ചാക്കുകളിൽ മീനല്ല എന്നവര്‍ക്ക് മനസ്സിലായി. അവർ അത്ഭുദത്തോടെ ഈ ആളുകള്‍ വെള്ളത്തിലേക്ക് താഴുന്നതും ഉയര്‍ന്നു വരുന്നതും നോക്കി നില്ക്കെ ദീപുവിന്റെ കാല് തട്ടി ഒരു കല്ല് വലിയ ശബ്ദത്തോടെ വെള്ളത്തില്‍ പതിച്ചു.
ആരാ അത്..? അക്കരെ നിന്നും ആരൊക്കെയോ ഉറക്കെ ചോദിക്കുന്നു!
അവർ പെട്ടെന്ന് തിരിച്ചു കയറി. ആരാട നിങ്ങൾ?
മുന്നിൽ വെള്ളതോര്‍ത്തുടുത്തു കൊണ്ട് തടിയനായ ഒരു മനുഷ്യൻ. “ഞ ..ഞ..ങ്ങൾ..” ദീപു വിക്കി വിക്കി പറയാൻ തുടങ്ങി.
“എവ്ടെന്നാ ന്നാ ചോദിച്ചേ ..”. അയാളുടെ ശബ്ദം ഉയരുന്നു.
“GMLP സ്കൂളിലെ കുട്ടികളാ…”
“ഇന്ന് സ്കൂളി പോയില്ലേ..”
“ഇല്ല ഞങ്ങടെ കണക്കു മാഷ് മരിച്ചു. അത്കൊണ്ട് സ്കൂൾ വിട്ടു”
“ഏതു മാഷാ..?” അയാളുടെ മുഖത്ത് സംശയ ഭാവം. അവര്‍ വേഗം മുന്നോട്ടു നടന്നു. പിന്നിൽ നിന്നും അയാളുടെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു.
അവർ പുഴക്കരയിൽ നിന്നും തിരിച്ചു നടത്തം തുടർന്നു.
നീ ശ്രദ്ധിച്ചോ അവര്‍ മണല്‍ വാരുന്നു. അവടെ വെള്ളത്തിന് പച്ച നിറം ഇല്ല. ആകെ ചെളിയുടെ നിറം.
“എന്തിനാ ആ മണൽ ചാക്കിൽ നിറക്കുന്നത്?”
“ആവോ .., വീട് വെക്കാനോക്കെ മണല് വേണ്ടേ അതിനാവും”
നടക്കുന്നതിനിടയിൽ സുബൈര്‍ ആ മാളികയുടെ രണ്ടാം നിലയിലേക്ക് നോക്കി. ആ ജനലുകൾ അടഞ്ഞു കിടന്നിരുന്നു. ദീപുവാകട്ടെ ആ ബൈക്ക് ഉണ്ടായിരുന്ന ഭാഗത്തേക്കാണ് നോക്കിയത്. അതവിടെ കാണാനില്ലായിരുന്നു. അവർ രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.
ഒരു ഇട്ടലിൽ ആണ് അവരുടെ നടത്തം അവസാനിച്ചത്. ഒരു പാട് നടന്നു ക്ഷീണിച്ച ഭാവം അവരുടെ മുഖത്ത് വ്യക്തമായിരുന്നു. ഇട്ടലിന്റെ ഒരു വശം കാവ് ആയിരുന്നു. നീണ്ടു കിടക്കുന്ന സർപ്പക്കാവിന്റെ അറ്റം കാണാതെ മുകളിലേക്ക് പോയിക്കൊണ്ടിരുന്നു.
മറുവശം ഒരു തോടായിരുന്നു. വെള്ളം നേര്‍ത്തവര പോലെ മാത്രം ഒഴുകൊണ്ടിരിക്കുന്ന തോട്. അതിനപ്പുറം പാടശേഖരങ്ങൾ ആണ്.
സ്കൂൾ വിടുന്ന സമയം വരെ നമുക്കിവിടെ കളിക്കാം.
ദീപു വേലിയോട് ചേർന്ന് നിലത്തിരുന്നു. സുബൈര്‍ ചുറ്റും നോക്കി.. സ്കൂള്‍ വിടുമ്പോ നമ്മൾ എങ്ങനെ അറിയും. അവന്റെ കണ്ണുകളിൽ ഭയം. അതൊക്കെ അറിയും. എടാ ആ കാവിന്റെ അപ്പുറത്തെ മറയിലാ എന്റെ വീട്. ഞാൻ ഇവടൊക്കെ കളിയ്ക്കാൻ വന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം. അന്നൊക്കെ ഈ തോട്ടിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഞങ്ങൾ മുണ്ട് കെട്ടി മീൻ പിടിച്ചിരുന്നു.
“ഈ കാവിൽ പാമ്പുകൾ ഉണ്ടോ..?” സുബൈര്‍ ചോദിച്ചു.
“കുറെ ഉണ്ടത്രേ.. അവയ്ക്കാണ് വിളക്ക് വെക്കുന്നത്”
“വിളക്ക് വെക്കാൻ വരുമ്പോ അവ കടിക്കൂല്ലേ”
“ഏയ്..ശുദ്ധി ഉണ്ടെങ്കിൽ കടിക്കൂലന്നാ അമ്മ പറഞ്ഞെ”
“എങ്ങനാ ശുദ്ധി ഉണ്ടാവാ”
“ഇറച്ചീം മീനും കൂട്ടാൻ പാടില്ല. അങ്ങനെയുള്ള ആളോള് ചെന്നാൽ സർപ്പം കൊത്തും”.
“നമ്മള് ഇറച്ചി കഴിച്ചില്ലേ.. ഇങ്ങൊട്ടെങ്ങാനും വന്നാലോ”
“ഏയ് അങ്ങനെ ഒന്നും വരൂല്ല.. ഇവിടെ വേലി ഉണ്ടല്ലോ പിന്നെന്താ പേടി”.
നമുക്ക് കളിക്കാം. ദീപു കോലുകൊണ്ട് നിലത്തു ചതുരം വരച്ചു. നേടുകയും കുറുകെയും വരകൾ ഇട്ട് യുദ്ധക്കളം തയ്യാറാക്കി.
മൂന്നു കല്ലുകളുമായി സുബൈറും. മൂന്നു ചെറിയ കോലും ആയി ദീപുവും യുദ്ധമുന്നണികളെ തയ്യാറാക്കി.
അവര്‍ കളി തുടരുമ്പോഴാണ് ഒരു വാഹനത്തിന്റെ ശബ്ദം കേള്‍ക്കുന്നത്
പിന്നാലെ കാതടപ്പിക്കും വിധം കല്ലുകള്‍ വീഴുന്ന ശബ്ദം. അവർ വേലിക്കിടയിലൂടെ നോക്കി. ടിപ്പറിൽ കരിങ്കല്ലുകൾ തോട്ടിലേക്കും പടത്തേക്കും ഇടുന്നതാണ് കാണുന്നത്.
കല്ലിനിടയിൽ പെട്ട് ചതഞ്ഞു കിടക്കുന്ന ഒരു തവളയുടെ കാൽ
പാടത്തുനിന്നും പ്രാണരക്ഷാർത്ഥം കുതിച്ചുയരുന്ന ഒരു കൊറ്റി
വെള്ളത്തിന്റെ നിറം ചാര നിറമാകുന്നത് ദീപു കണ്ടു
ഇതെന്താ ഇവരീ ചെയ്യുന്നത്.. മീനുകളൊക്കെ ചാകൂല്ലേ. ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു. അപ്പോഴേക്കും കല്ല് തട്ടിക്കഴിഞ്ഞിരുന്നു.
വെള്ള മുണ്ടും കുപ്പായവുമിട്ട ഒരാളും. കഷണ്ടി കയറിയ മദ്യവയസ്കനും തോട്ടുവരമ്പിലൂടെ നടന്നുവന്നു.
ആ വെള്ള കുപ്പായം … അയാളാ.. ആ വീട്ടില്‍ ഞാൻ കണ്ടത്
സുബൈര്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
“ആധാര പ്രകാരം ഇനി ഒരു കുഴപ്പോമില്ല. ഞാൻ TD യെ കണ്ടിരുന്നു. പറമ്പ് ആയി മാറിയിട്ടുണ്ട് ഇപ്പൊ നമ്മുടെ സ്ഥലം. പിന്നെ ഈ തോട് റവന്യൂ ഭൂമിയാ. സാരമില്ല റോഡു വന്നു കഴിയുമ്പോ പിന്നെല്ലാരും അതൊക്കെ മറക്കും. വികസനം അല്ലെ… അതല്ലേ വേണ്ടത്.
പക്ഷെ രാമകൃഷ്ണൻ.. അയാളാണ് പ്രശ്നം. ഹരിത ട്രിബ്യൂണൽ പോവാനാ അയാളുടെ പ്ലാൻ.”മെമ്പർ കുന്തിച്ചിരുന്നു കൊണ്ട് പറഞ്ഞു
തോട്ടിലെ വെള്ളം പതഞ്ഞു …. പതഞ്ഞൊഴുകി.
“40 കോടിയുടെ പ്രോജെക്ടാണ്.. അതിനിടയിലാ രാമകൃഷ്ണൻ..”
കഷണ്ടി പറഞ്ഞു..
“അവനൊരു ട്രിബ്യൂണലിലും പോവില്ല. അതെനിക്ക് വിട്.. മെംബര്‍ ചെല്ല് ..”
“കാശ് കൊടുക്കാൻ പോയിട്ടെന്തായി..?” മെമ്പർ ചോദിച്ചു.
“അവനതിലൊന്നും വീഴില്ല. കുന്നിനപ്പുറത്ത് മൂവായിരത്തോളം കുടുംബങ്ങളുടെ കിണറ്റിൽ വെള്ളമുണ്ടാവില്ലത്രേ .. ഈ തോടും പാടവും കത്തിയാൽ. ഇവനൊക്കെ എങ്ങനാടോ തന്റെ പാർട്ടി യിൽ??”
“അവന്റെ കൂടെ ആര് നിക്കാൻ.അവനോറ്റക്കെ കാണൂ.”
മെമ്പർ തോട്ടുവരമ്പിലൂടെ നടന്നു നീങ്ങി.
പാറ മണൽ യിരുന്നു അടുത്തതായി എത്തിയത്. ക്ക് പോവാം ആരൊക്കെയോ വരുന്നു. ദീപു പറഞ്ഞു..
റോഡിലേക്ക് ഇറങ്ങിയാൽ അവര് കാണും. ക്ക് റബര്‍ തോട്ടത്തിലൂടെ പോവാം. വേലി എങ്ങനെ പൊളിക്കും …??
വയൽ വരമ്പിലും തൊട്ടുവക്കിലുമായി ആളുകള്‍ വരാൻ തുടങ്ങി. ബനിയനും ധരിച്ച.. കല്പ്പണിക്കാരായ ആളുകള്‍.
ദീപുവും സുബൈറും നിലത്തേക്ക് കൂടുതൽ പതിഞ്ഞ് ഇരുന്നു.
അവർക്ക് പേടിയാവാൻ തുടങ്ങി.
“ദീപു നോക്കിക്കേ … വെള്ളത്തിന് ചുവപ്പ് നിറം..” സുബൈര്‍ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. .
ചുവപ്പ് നിറത്തിൽ വെള്ളം ഒഴുകിവരുന്നു.. ക്ക് വരുന്ന ഭാഗത്തേക്ക് അവർ നോക്കി. കാണുന്നുണ്ടായിരുന്നില്ല.
“തോടിന്റെ കൂടെ … ഇതും മൂടിയേക്ക്.തോടും പാടവും ഇല്ലാതെ കാവൽകാരൻ മാത്രം എന്തിനാ.”കഷണ്ടിയുടെ ശബ്ദം വിദൂരതയിൽ നിന്നും വരുന്നു.
വെള്ളത്തിന്റെ ചുവപ്പ് കൂടി വരുന്നു. വെള്ളം കട്ടച്ചുവപ്പു നിറത്തിൽ..ചുവപ്പ് നിറം ഉയരാൻ തുടങ്ങി…
തോടിൽ നിറയെ ചുവപ്പ് നിറം…
വേലി വീഴുന്ന ശബ്ദം കേട്ടപ്പോൾ ദീപു നോക്കി. സുബൈർ വേലിയുടെ ഒരു ഭാഗം പൊളിച്ചിരിക്കുന്നു. ഞാൻ പോവാ എനിക്ക് പേടിയാവുന്നു
സുബറിന്റെ കാലിൽ മുള്ള് കയറിയിരിക്കുന്നു.
ഡാ മുള്ള് നിന്റെ കാലിൽ…അവിടെ സർപ്പം??
‘ആരോ ഉണ്ടല്ലോ അവിടെ..’ താഴെ നിന്നും ശബ്ദങ്ങൾ..
സുബൈർ ഓടുന്നു.മുകളിലേക്ക്…സർപ്പക്കാവിലൂടെ
ദീപു ഇട്ടലിലൂടെ താഴേക്ക്.
_ _ _ _ _ _ _ _ _ _ _ _
ഒരാഴ്ച ആയില്ലേ ഈ പനീ തുടങ്ങിയിട്ട് .. നീ അവനെ ഒരു ഡോക്ടറെ കാണിക്ക്. അമ്മാവന്റെ ശബ്ദം കേട്ടതും പുതച്ചു മൂടി വീണ്ടും കിടന്നു. അമ്മാവൻ നെറ്റിയിൽ തൊട്ടു നോക്കുന്നത് അറിയാത്ത മട്ടിൽ കണ്ണടച്ച് കിടക്കുകയായിരുന്നു.
കുന്നിറങ്ങി അമ്മയോടൊപ്പം ആശുപത്രിയിലേക്ക് നടക്കുമ്പോൾ ഭീതിയോടെ വലതു വശത്തേക്ക് നോക്കി ..
അവിടെ…
ആറടി വീതിയിലുള്ള നടപ്പാത..ഇട്ടലും തോടും… പാതയ്ക്കായി വഴി മാറിയിരിക്കുന്നു. പാടശേഖരങ്ങൾ നികത്തി റോഡിനു സമന്തരമായിരിക്കുന്നു. അവർ ആ വഴിയിലേക്ക് കയറി. മൂന്നു കിലോമീറ്റർ ടൗണിലേക്ക് ദൂരം കുറയ്ക്കുന്ന വികസനത്തിന്റെ പുതിയ പാതയിലൂടെ നടത്തം തുടരുമ്പോൾ ദീപു അമ്മയോട് ചോദിച്ചു.
ഈ വെള്ളത്തിന്റെ നിറമെന്താ അമ്മെ ..?
സുതാര്യം.. അവർ ഒറ്റ വക്കിൽ മറുപടി പറഞ്ഞു.
എന്ന് വച്ചാൽ??
നമ്മൾ വെള്ളത്തിലൂടെ എന്താണോ കാണുന്നത് അത് തന്നെ.. നമ്മുടെ മനസ്സുപോലെ …
ഒന്നും മനസ്സിലാകാതെ..ദീപു അമ്മയുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു.അവന്റെ കണ്ണുകൾ സുബൈര്‍ ഓടിയ സർപ്പക്കാവ് നിലകൊണ്ടിരുന്ന സ്ഥലത്തേക്കായിരുന്നു..