അമേരിക്കൻ മലയാളികൾക്ക് അഭിമാനമേകി എതിരൻ കതിരവന് കേരള സാഹിത്യ അക്കാദമി പുരസ്കാരം

 

 

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്‌കാരാം അമേരിക്കൻ മണ്ണിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ എതിരൻ കതിരവന്റെ ‘പാട്ടും നൃത്തവും’ എന്ന ഗ്രന്ഥത്തിലൂടെയാണ് ഉപന്യാസ വിഭാഗത്തിലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം അമേരിക്കയിലേക്ക് എത്തുന്നത്. ചെറിയാൻ കെ ചെറിയാന് ശേഷം ആദ്യമായി ഈ പുരസ്കാരത്തിന് അർഹനാകുന്ന പ്രവാസി മലയാളിയായിരിക്കുകയാണ് എതിരൻ കതിരവൻ. അദ്ദേഹത്തിന്റെ തന്നെ ‘മലയാളിയുടെ ജനിതകം’ എന്ന പുസ്തകവും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ അവസാന നിമിഷം വരെ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു എന്നത് ഈ നേട്ടത്തിന് ഇരട്ടി മധുരം നൽകുന്നു.

പാലാ മീനച്ചിലാ സ്വദേശിയായ എതിരൻ കതിരവൻ പാലാ സെന്റ് തോമസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ബിരുദവും ബിരുദാനന്ദ ബിരുദവും റാങ്കോടെ പാസാവുകയും തുടർന്ന് ഡൽഹിയിലെ പ്രസിദ്ധമായ ജെ എൻ യൂ ൽ നിന്നും സെൽ ബയോളജിയിൽ പി എച് ഡി സമ്പാദിക്കുകയും ചെയ്തു. സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഗവേഷണത്തിന് ശേഷം അദ്ദേഹം ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ജനറ്റിക്സ് & മോഡ്യുലാർ  ബയോളജിയിൽ ഗവേഷണം നടത്തുകയും തുടർന്ന് യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിൽ ഈ വിഷയത്തിൽ ക്ളാസുകളും ഗവേഷണങ്ങളും നടത്തുകയും ചെയ്യുന്നു. നിരവധി ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിൽ ഗവേഷണ ഫലങ്ങളുടെ പേറ്റന്റുകളും ഉണ്ട്. ശാസ്ത്ര വിഷങ്ങൾ കൂടാതെ കഥ, സിനിമ, സംഗീതം, നൃത്തം എന്നിവയെപ്പറ്റിയുള്ള ലേഖനങ്ങളും സാമൂഹികവിഷയങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പംക്തികളും നിരവധി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര ഗവേഷകയായിരുന്ന ഭാര്യ , രണ്ട് പെണ്മക്കൾ എന്നിവരോടൊപ്പം ചിക്കാഗോയിൽ താമസിക്കുന്ന എതിരൻ ചിക്കാഗോയിലെ മലയാളി സമൂഹത്തിൽ കലാ സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട് സുപരിചിതനാണ്. ‘എതിരൻ കതിരവൻ’ എന്ന ജനപ്രീയ ബ്ലോഗിലൂടെയും നിരവധി ശാസ്ത്ര – കലാ വിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്ന വീഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം കേരളത്തിലെയുൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി ആശയ സംവാദം നടത്തികൊണ്ട് ശാസ്ത്രവും  കലാ-സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ട് പുതിയ വീക്ഷണത്തിലൂടെ ചിന്തിക്കുവാനും വളരുവാനും  പുതിയ തലമുറക്ക് പ്രചോദനം നൽകുവാൻ എന്നും മുന്നിട്ട് നിൽക്കുന്നു. കലാ സംസ്കാര വിമർശങ്ങളിൽ അദ്ദേഹം ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും വളരെയധികം സംഭാവനകൾ  നൽകിയിട്ടുണ്ട്. മികച്ച സിനിമാ നിരൂപകൻ, കഥാകൃത്ത്, സംഗീതാസ്വാദകൻ തുടങ്ങി ഒരു മലയാളിയുടെ ജീവിതത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും തന്റേതായ കാഴ്ചപാടുകളിലൂടെ കടന്നു ചെന്ന് ശ്രദ്ധിക്കപ്പെടുന്ന വീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം.

പ്രവാസി മലയാളികൾക്ക് അഭിമാനമായികൊണ്ട് കേരള സാഹിത്യ അക്കാദമി അവാർഡിനെ ചിക്കാഗോയുടെ മണ്ണിലേക്ക് കൊണ്ടുവന്ന എതിരൻ കതിരവനെ, ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോൺസൺ കണ്ണൂക്കാടൻ, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ജോസ് കണിയാലി എന്നിവർ ഉൾപ്പെടെ നിരവധിപേർ അനുമോദിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English