പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി വായിക്കുമ്പോൾ

പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരിയെ വായിക്കുകയാണ് ഇവിടെ റഫീഖ് ഉമ്പാച്ചി, അരികു ജീവിതങ്ങളുടെ പൊള്ളുന്ന അനുഭവങ്ങൾ പകർന്നു അതിവേഗം മാഞ്ഞുപോയ ഒരു എഴുത്തുകാരനെ മറ്റൊരു എഴുത്തുകാരൻ   കൃയിലൂടെ തൊടുന്നു

വല്ലാതെ വൈകിപ്പോയല്ലോ എന്ന കുറ്റബോധത്തോടെയും എന്റെ നാടിന്റെ നേർചരിത്രമിതല്ലോയെന്ന ഉറ്റബോധത്തോടെയും പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി വായിച്ചു കൊണ്ടിരിക്കുന്നു. മലയാള സാഹിത്യത്തിൽ ആദ്യാമായൊരിടത്ത് ഞങ്ങളുടെ തിരുവള്ളൂരിനെ കാണുന്നു. എന്റെ കുട്ടിക്കാലത്തെ സന്തോഷഭരിതമാക്കിയ പെരിഞ്ചേരിക്കടവ് കാണുന്നു.

ഒരോർമ്മ ചൂട്ടുമിന്നിച്ചു വരുന്നു.
പണ്ട്, മുപ്പതു വർഷം മുമ്പത്തെ രാത്രികൾ.
വീടൊരു വലിയ പാറക്കെട്ടിനു താഴെയാണ് നില്പ്.
രാത്രികളിൽ പരിചിതരോ അപരിചിതരോ ആയവർ ആരെങ്കിലുമൊക്കെ മുറ്റത്ത് വന്നു തൊണ്ടയനക്കും.
‘ലേശം ഓലക്കണി മാണം’ എന്നാവും അവരുടെ ആവശ്യം. ഇരുട്ടിപ്പോയിരിക്കുന്നു. അവർക്കവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കു വെളിച്ചം വീശാൻ ഒരു ചൂട്ടുകെട്ടണം. അടുക്കളയിൽ നിന്ന് ഒരു ചൂട്ടിനുള്ള ഉണക്ക ഓലയുടെ ചീന്തുകളുമായി ആരെങ്കിലും വരുന്നു. ചിലപ്പോൾ മുട്ടവിളക്കും കൂടെ വരും. ഒറ്റക്കണിക്കാണു തീ പിടിപ്പിക്കുക. അതിൽ നിന്നും ബാക്കി കൂടി കത്തിപിടിച്ചാണു ചൂട്ടിൽ തീയാളേണ്ടത്. ചൂട്ട് ഒന്നാകെ വിളക്കിലെ തീയിൽ തട്ടിച്ചാൽ അതിലെ തിരി കെട്ടുപോകും. ചിലർ കോലായിൽ കേറി റാന്തലിന്റെ ചില്ലുകുഴൽ പൊക്കി അതിൽ നിന്നു തന്നെ തീയെടുക്കും. മുറ്റത്തു നിന്നുകൊണ്ട് പറഞ്ഞു തുടങ്ങിയ വിശേഷങ്ങൾ വേഗം മുഴുമിച്ച് ചൂട്ടു ചുഴറ്റി വീശി അവർ പാറക്കെട്ടിന്റെ ഇരുട്ടിലേക്കു പോകും. ഒരു തീ ഒന്തം കയറി കല്ലുവളപ്പിനും അപ്പുറത്തേക്കു പോകുന്നത് ചയപ്പിന്റെ കിളിവാതിലിലൂടെ കാണാം.

പ്രദീപൻ മാഷിന്റെ അകമുറ്റത്ത് എരിയെ പോലെ ഇരുട്ടിൽ പെട്ടു പോയ എത്രയോ കഥാപുരുഷന്മാർ ചൂട്ടു ചോദിച്ചു നിന്നിട്ടുണ്ടാകും എന്നാലോചിക്കുന്നു. അവർക്കു അവരു പെട്ട ഇരുട്ടിൽ നിന്നൊരു മോചനം നൽകാൻ സാഹിത്യത്തിനു കഴിയും. തിരസ്കൃതരും നിഷ്കാസിതരുമായ മനുഷ്യരെ പുരാവൃത്തങ്ങളിൽ നിന്നും ചരിത്രത്തിന്റെ പുറമ്പോക്കുകളിൽ നിന്നും കണ്ടെടുത്തു കൈപിടിക്കാൻ ശേഷിയുള്ള ആ സഹൃദയനായ മനുഷ്യന്റെ ഹൃദയത്തിലെ തീ നീ ഇത്ര പെട്ടെന്ന് കെടുത്തിക്കളഞ്ഞതു ശരിയായില്ല ദൈവേ എന്നൊരു സങ്കടം വരുന്നു.

”പറയരോടേറ്റുമുട്ടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കാരണം അവർക്ക് ഒടിമറയാനും ഓടിമറയാനും അറിയാമായിരുന്നു.”. എരി എന്ന പറയൻ ഒരൽഭുത പുരുഷനായി തെളിയുന്നു. ചരിത്രത്തെ കഥ തീണ്ടുന്നു.

എരിക്കൊപ്പം ഞാനുമെരിയുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here