ഒറ്റയാനായി
സമുദ്രത്തോട് ചേർന്ന് നിൽക്കുന്ന, ഈന്തപ്പന മരം…….
എത്ര തിരമാലകളുടെ മരണത്തിന്
മൂക സാക്ഷിയായിട്ടുണ്ട്.
ചുട്ടു പൊള്ളുന്ന വെയിലിലും, കണ്ണടപ്പിക്കുന്ന മണൽ കാറ്റിലും,
കടലിന്റെ തണുപ്പേറ്റ് നീ മൗനിയാവുന്നു.
നടുക്കലിലോ കരയോട് ചേർന്നോ
ജന്മം കൊള്ളുന്ന തിരമാലകൾ,
ഉയരത്തിൽ പൊങ്ങി തീരത്തെത്തുമ്പോൾ,
ആർത്തനാദത്തിലിരമ്പി വന്ന്,
നിന്നെയും വിഴുങ്ങിക്കൊണ്ടു- പോകാനൊരുങ്ങുമ്പോൾ….
അവരുടെ ശക്തിയെല്ലാം ചോർത്തി,
നുരഞ്ഞ് പതഞ്ഞ് കരയോട് ചേർത്തി,
ശാന്തമായവരെ സ്വീകരിച്ച്…
നീ പിന്നെയും, കടലിനെ തന്നെ
നോക്കിയിരിക്കുന്നു….
ആകാശ നീലിമയോട്
തൊട്ടുരുമ്മി നിൽക്കുന്ന
കടലിന്റെ ആ മറുകര…..
നിനക്കിഷ്ടമാണോ ???
അതാണെന്റെ നാട്.
നിന്റെ ചുവട്ടിൽ വന്ന്
സമ്മതം ചോദിക്കാതെ,
നിന്റെ നിഴൽ തണലിലിരുന്ന്
ഞാൻ കയറി വിശ്രമിക്കുമ്പോഴും….
നീ എന്നെ ശ്രദ്ധിക്കുന്നില്ല.
ഞാനും നീയും നോക്കിയിരിക്കുന്നത്
കരകാണാ കടലിലേക്കാണ്.
നിനക്കിതെന്നും ഒരേ കാഴ്ചയായിരുന്നിട്ടും,
മടുപ്പ് തോന്നിയിട്ടില്ലേ….?
നിന്റെ കൺ മുന്നിലായി
തീരത്തടിഞ്ഞ് തീരുന്ന
തിരമാലകളോട് നിനക്ക്
സ്നേഹമോ…സങ്കടമോ…?
ഒരു പാട് മോഹങ്ങളുമായാണ്
ആ തിരമാലകൾ തീരം തൊടുന്നത്.
ചിലപ്പോഴവർ തീരത്ത് നിന്നും
എന്തെങ്കിലുമൊക്കെ
എടുത്ത് കൊണ്ട് പോകും.
ഒരു പാട് മനുഷ്യരും ഈ തിരമാലയെ പോലെ,
ഈ കരയിലടിഞ്ഞിട്ടുണ്ട്.
ഒരു പാട് മോഹങ്ങളുടെ ഒരു ഭാണ്ഡം
അവരുടെ മുതുകുകളിൽ തൂങ്ങുന്നുണ്ട്.
ചിലരതെല്ലാം പൂർത്തിയാക്കി മടങ്ങുമ്പോൾ,
ചിലരിവിടെ കൊഴിഞ്ഞു വീഴുന്നു.
ചിലരിപ്പൊഴും തുഴഞ്ഞു കൊണ്ടിരിക്കുന്നു.
തിരിച്ച് പോകുന്ന തിരിമാലകളാണോ?…
കരയിലേക്കടുക്കുന്ന തിരമാലകളാണോ?
വേർതിരിച്ചറിയാൻ കഴിയാത്ത വിധം
തീരത്തവരിപ്പൊഴും ഉയർന്ന്
പൊങ്ങിപ്പതഞ്ഞുകൊണ്ടിരിക്കുന്നു.