എന്‍റെ നാട്ടുകാരന്‍ കവി

 

nila-jpg-image-784-410

കവിതപ്പെണ്ണിനെക്കാത്ത്
നിളാതീരത്ത് രാവുകള്‍
ഉറങ്ങാതെ കിടന്നോരു
കവിയെന്‍ നാട്ടുകാരനാം

സര്‍വപ്രേമമാധുര്യം
സര്‍വര്‍ക്കും വാരിയേകിയോന്‍
ഭക്തിമുത്തുകളാത്മാവിന്‍
ചെപ്പിലിട്ടു കിലുക്കിയോന്‍

പശുക്കിടാങ്ങ’ളുമ്പുമ്പേ’
വിളിക്കും നാട്ടുപാതയില്‍
മുല്ലപ്പെണ്‍കൊടി രോമാഞ്ചം
പൂവണിഞ്ഞു ചിരിച്ചുപോയ്

കിഴക്കന്‍ കാറ്റ് ചൊല്ലീടും
കിറുക്കന്‍ കഥ കേള്‍ക്കവെ
കൂടെക്കൂടെ ചിരിച്ചാര്‍ത്തു
കൂനുവീണ കരിമ്പന

പൊന്നിന്‍ ചെമ്മാനമലയില്‍
പഴനിത്തേരു കാണുവാന്‍
മഞ്ഞരശ്മിയുടുപ്പിട്ട
കുഞ്ഞിമേഘങ്ങള്‍ യാത്രയായ്

സാന്ധ്യഭംഗികള്‍ കാവേറും
പശ്ചിമാംബരസീമയില്‍
കാഴ്ചശ്ശീവേലിയുള്‍ക്കൊണ്ടു
കൂടേറി കുരുവിക്കിളി

അവിരാമമനുഷ്ടുപ്പില്‍
കവിതാഗ്രാമശാരിയെ
മധുതരം പാടിപ്പിച്ചു
മറഞ്ഞെങ്ങോട്ടു പോയി നീ?

കാലവര്‍ഷങ്ങള്‍ പെയ്തെത്ര-
യീവഴിക്കു കടന്നുപോയ്
ആറിയില്ലല്ലൊ നിളതന്‍
പഞ്ചാരമണല്‍ മാനസം

കാലത്തിന്‍റെ പരിഷ്കാര-
ത്തിരക്കില്‍ മാഞ്ഞുപോകുമോ
നിന്നെക്കോരിത്തരിപ്പിച്ച
ഗ്രാമസൗഭഗഭംഗികള്‍?

പശ്ചിമാസ്തമയം ചോര്‍ത്തി
പൂര്‍വോദയ വിഭൂഷകള്‍
തപം വെടിഞ്ഞു സഹ്യാദ്രി-
യുയര്‍ത്തി ദൂരദര്‍ശിനി

പടിഞ്ഞാറന്‍ പാട്ടുപാടാന്‍
പഠിച്ചു കൊച്ചുപൂങ്കുയില്‍
സംഗീതബിരുദം നേടി
കര്‍ക്കസ്വരകുമാരിക

ആഫ്രിക്കന്‍ ചെണ്ട വാങ്ങാനായ്
മാരാന്മാര്‍ വീടുവിറ്റുപോയ്
തുടങ്ങി ശാന്തിക്കാരാത്മ-
ചന്ദനക്കള്ളവാണിഭം

ശാകുന്തളം പഠിപ്പിച്ച
വാധ്യാര്‍ ഗ്രാമം ത്യജിച്ചുപോയ്
നരച്ച ജീന്‍സില്‍ക്കയറി
രചിച്ചു പൈങ്കിളിക്കഥ

കിളിപ്പാട്ടിന്‍റെ മാധുര്യ-
ക്കനികായ്ക്കും വനാന്തരം
ആകാശവാണി കത്തിച്ചു
പണിതു ലോഹഗോപുരം

വൃത്താദിപ്രാസഛന്ദസ്സാം
പൂത്താലി പണയത്തിലായ്
കവിതാംഗന ഗദ്യത്തിന്‍
വീട്ടുവേലക്ക് ചേര്‍ന്നുപോയ്

നരച്ചുപാറും മുകിലാം
ശിഖി ചൂടുന്ന സാനുവില്‍
കേഴുന്നു പാവം കൂടില്ലാ
വേഴാമ്പല്‍ പക്ഷിയെന്തിനോ

ഉരുള്‍പൊട്ടി കിഴക്കെങ്ങോ
ദുഃഖത്തിന്‍ നീലമാമല
നിളാകപോലം വറ്റാത്ത
കണ്ണുനീരിന്‍ കയങ്ങളായ്

തേങ്ങുമാറിന്‍റെ നിശ്വാസം
തെക്കന്‍ കാറ്റായ് വിതുമ്പവെ
താമരത്തോണി പാടിപ്പോയ്
സാന്ത്വനസാന്ദ്രമാധുരി

“നീയില്ലയെങ്കില്‍ സിന്ദൂരം
സന്ധ്യാസുന്ദരി ചാര്‍ത്തുമോ?
നിന്നെക്കാണാതെ വിണ്‍മുറ്റം
പാരിജാതങ്ങള്‍ പൂക്കുമോ?

ഏറുകില്ലല്ലൊ സായാഹ്നം
മാരിവില്ലണിസ്യന്ദനം
നല്‍കില്ലുഷ നഭസിനു
നാണത്തിന്‍ ശോണചന്ദനം

ചിരിക്കില്ലിന്ദുവെത്തുമ്പോള്‍
ചിത്തിരക്കൊച്ചു താരകം
പണിയില്ലശ്വതിക്കര്‍ക്കന്‍
പത്താമുദയകാഞ്ചനം

ഞാറ്റുവേലച്ചേല മാറ്റി
ആടിടാ വര്‍ഷകന്യക
ആറ്റുവക്കത്തെ മുക്കുറ്റി
ഓണസ്വപ്നങ്ങള്‍ കണ്ടിടാ

തുഷാരബിന്ദുവുള്‍ക്കൊള്ളാ
വിഹായസിന്‍റെ വിസ്തൃതി
പാടില്ലല്ലൊ വിഷുപ്പക്ഷി
മേഷരാവിന്‍റെ ഗദ്ഗദം

പ്രണവാമൃതമുണ്ണില്ല
നാദബ്രഹ്മസരിത്തുകള്‍
കാതോര്‍ക്കില്ല പ്രപഞ്ചങ്ങള്‍
കാലത്തിന്‍ ക്ഷിപ്രവീഥിയില്‍”

അവിദ്യാവിദ്യതന്‍ രാത്ര-
മൊടുങ്ങി പുലര്‍താരകം
അറിവായി ചിരിച്ചോതി
“കവിയക്ഷരനല്ലയോ?”

 

(1987 ജൂണില്‍ എഴുതിയ ഈ കവിത മഹാകവി പി. കുഞ്ഞിരാമന്‍ നായരെ അനുസ്മരിക്കുന്നു. ‘താമരത്തോണി’ അദ്ദേഹത്തിന്‍റെ ഒരു കവിതാസമാഹാരത്തിന്‍റെ പേരാണ്.)

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here