എന്‍റെ ആദ്യത്തെ പ്രേമലേഖനം

aeb699eb7dfda172c1b21d7380bb7790

 

മൂന്നാം ക്ലാസ്സില്‍ പഠിച്ചോണ്ടിരിക്കുമ്പോള്‍
പത്താം വയസ്സിനെ ചുറ്റിപ്പറക്കുമ്പോള്‍
പുലര്‍വേളയിലറിയാത്തൊരസ്വാസ്ത്യം
ഉറങ്ങുന്നൊരെന്നെ വലച്ചുപോയി
ഒരു മധുരം ഒരു മണം ഒരു സ്വേദം
പുലര്‍കാല ഹിമബിന്ദു പുല്ലില്‍ ലയിച്ച ഗന്ധം
ഉറക്കം വരാതെയുരുണ്ടുപിരണ്ടു ഞാന്‍
എന്‍റെ മണമാളും ശയ്യമേലവശനായി
എന്‍റെ ഗ്രന്ഥികള്‍ മധുരമായ് കത്തിനിന്നു

എന്തുപറ്റി എന്നറിഞ്ഞതില്ല
വിവരിക്കാന്‍ വാക്കുകളൊന്നുമില്ല
പക്ഷെ, അവള്‍ ഹൃദയത്തിലുണ്ടായിരുന്നു
എന്‍റെ സഹപാഠി മുല്ലപ്പൂപ്പല്ലുമായി
കാല്‍കളില്‍ നൃത്തച്ചുവടുമായി
ഇനിയും വിരിയാത്തൊരെന്‍റെ പുരുഷത്വ-
കുസുമത്തിലിക്കിളി പാകിക്കൊണ്ട്

അവളെ ഞാന്‍ ഏറെ ആശിച്ചുപോയി
എന്തിനായെന്നോരു പിടിയുമില്ല
കാട്ടുതീ പോലെയന്നെന്നെ പൊതിഞ്ഞോരു
തീഷ്ണരാഗത്തില്‍ ഞാനെഴുതിപ്പോയി
കീറിത്തുറന്നോരു സിഗററ്റുപാക്കറ്റിന്‍
ചോരയൊലിക്കുന്ന ഹൃത്തടത്തില്‍
തോന്നിയതൊക്കെയും ആദ്യത്തെ പ്രേമത്തിന്‍
ലേഖനമങ്ങിനെ രൂപം കൊണ്ടു
എന്‍മേലും എന്‍റെ ഹൃദയത്തിലും കോടി
അക്ഷരാണുക്കളരിച്ചു കേറി
കിരുകിരെ പരപരെ കേറി പരന്നിടും
അരിയിറുമ്പിന്‍റെ സമുഹം പോലെ

ഞാനാലിഖിതം അവളുടെയിളയവന്‍
സോദരന്‍ തന്നുടെ കയ്യിലേകി
ഏറെ രഹസ്യമായ് സ്കൂളിന്‍ പിന്നിലെ
മൂത്രപ്പുരയുടെ പിന്‍വശത്തില്‍
ആശിച്ചുപോയി ഞാനവളത് കൈപ്പറ്റി
വീണുപോമെന്‍റെ വലയിലെന്ന്

ഹാ കഷ്ടം! എന്തു പറയുവാന്‍, സങ്കടം,
തേള്‍വാലന്‍ മീശ മുറുക്കിക്കൊണ്ട്
‌ഗണിതം പഠിപ്പിക്കും ഗുരുനാഥനാദൃശ്യം
കുതുകത്തില്‍ വീക്ഷിച്ചു നിന്നിരുന്നു
വിറകൊണ്ടുനില്‍ക്കുമിളയവന്‍ കയ്യില്‍നി-
ന്നാലിഖിതമാക്രൂരന്‍ പറിച്ചു വാങ്ങി

ഞെട്ടി ഞാന്‍ നിന്നുപോയ് നരകകവാടത്തില്‍
എന്നപോല്‍ ശിക്ഷാവിധിയും കാത്ത്
എന്തുമാവാമത് അടിയാവാം പിടയാവാം
എന്നാല്‍ പീഡനമൊന്നുമേ വന്നതില്ല

ഏതാനും നാളുകള്‍ക്കപ്പുറം വീട്ടിന്‍റെ
വേലിക്കല്‍ കണ്ടു ഞാന്‍ സല്ലാപത്തില്‍
സ്കൂളില്‍ മുഖ്യയാം ടീച്ചറെയും
വ്യാകുലയാമെന്‍റെയമ്മയെയും
വീട്ടിന്‍ പടിഞ്ഞാറെ മുറ്റത്ത് ഞാന-
പ്പോള്‍ കല്ലുരുട്ടിക്കളിയായിരുന്നു
പോക്കുവെയിലില്‍ ഒഡീസ്സിയസ്സെന്നപോല്‍
സ്വേദകണങ്ങളണിഞ്ഞുകൊണ്ട്
മുഖഭാവം കണ്ടിട്ടു പിടികിട്ടിയപ്പൊഴേ
വിഷയം ഞാന്‍ തന്നെ, മറ്റൊന്നുമല്ല

നാളുകള്‍ വീണ്ടും കടന്നുപോയി
ദീപങ്ങള്‍ മന്ദസ്മിതങ്ങളണിയുന്ന
ദീവാളിയാഘോഷം വന്നണഞ്ഞു
താരങ്ങള്‍ കാണെ ദീവാളികുളിക്കുവാന്‍
പുലര്‍കാലേ തയ്യാറെടുപ്പുമായി
ചെമ്പില്‍നിന്നും ചെറുചൂടുള്ള വെള്ള-
മെന്നമ്മ എന്‍മേലേക്കൊഴിച്ചനേരം
കോരിത്തരിപ്പില്‍ ഞാനൊന്നു തുള്ളിച്ചാടി
ശാസിച്ചെന്‍ തുടമേലടിച്ചാളമ്മ
കണ്‍കളില്‍ കത്തുന്ന തീയ്യുമായി
“കൂമ്പിട്ട് നാലുനാളായില്ലതിന്നുമുന്നേത്തന്നെ
മൂരിപ്രേമം കുറിക്കാനും ആളായോ നീ?”

ജിവിതത്തിങ്കലാദ്യാവസാനമായ്
സ്നേഹനിധിയാകുമെന്‍റെയമ്മ
ശിക്ഷിച്ചതാണന്ന് പിന്നെയൊരിക്കലും
ശിക്ഷ ആവശ്യമായ് വന്നതില്ല
എങ്കിലും എപ്പോഴും മാനസതീരത്ത്
ഓടിക്കളിക്കാറുണ്ടാലിഖിതം
ഒത്തിരി ഇക്കിളി പൂക്കള്‍ കൊരുത്തൊരാ-
ക്കത്തിനെന്തേര്‍പ്പെട്ടു എന്നുള്ള ചിന്ത

മുള്ളുകള്‍ തിങ്ങുന്ന വേലിക്കുമേലൂടെ
കാറ്റുകള്‍ കീറി വലിച്ചിരീക്കാം
ചോര പൊടിഞ്ഞുകൊണ്ടാക്കത്ത് വാവിട്ടു
നീളെ കരഞ്ഞു പിടഞ്ഞിരിക്കാം
കാറ്റില്‍ മഴയില്‍ വെയിലില്‍ ദ്രവിച്ചത്
കാലത്തിന്‍ തെരുവിലലിഞ്ഞിരിക്കാം

വീണ്ടുമവളെയീയിടെക്കണ്ടു ഞാന്‍
അമ്പലത്തിങ്കലൊരുത്സവത്തില്‍
തലവിധിയെത്തന്നെ തലകീഴായ് മറിക്കുവാന്‍
കെല്‍പ്പെഴുമെന്‍റെയാ ലേഖനത്തെ
കിട്ടാതവള്‍ക്ക് പോയൊരാക്കത്തിനെ-
പ്പറ്റി സധൈര്യം ഞാന്‍ ചൊല്ലിയപ്പോള്‍
പൊട്ടിച്ചിരിച്ചാര്‍ത്തു നിന്നുപോയ് മുത്തശ്ശി
മൂന്നാലുപേരര്‍ക്ക് സ്നേഹമുത്തി
അറുപത്തിയെട്ടാം വയസ്സിലുമവളുടെ
അരിമുല്ലപ്പൂക്കള്‍ ചിരിച്ചു നിന്നു
പല്ലില്ലാച്ചിരി മാത്രം പകരം കൊടുക്കുവാന്‍
മോണയിലണിയുന്ന പടുകിഴവന്‍
കമിതാവിന്നതില്‍മീതെയെന്തുവേണം?

എങ്കിലും ചോദിപ്പു ഹൃത്തടം നിര്‍ത്താതെ
ചെഞ്ചോര തുള്ളുന്ന ചെണ്ടകൊട്ടി
എന്തിനീ മണ്ണില്‍ വയസ്സുതന്നു?
എന്തിനീ ഞങ്ങളെ വൃദ്ധരാക്കി?

______

(മൈ ഫസ്റ്റ് ലവ്ലെറ്റലര്‍ എന്ന എന്‍റെ ആംഗലകവിതയുെടെ പരിഭാഷയാണിത്.)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here