എന്റെ സഹോദരൻ

 

 

 

 

കുർബാന കഴിഞ്ഞ് അച്ചന്‍ ഈ ആഴ്ചയിലെ അറിയിപ്പുകൾ വായിച്ചു തുടങ്ങി.

കുർബാന കഴിയാറായ സമയത്ത്,‌ പള്ളിക്ക് പുറത്തെ വരാന്തയിൽ വന്നിരുന്ന ആ വയസ്സനിൽ ആയിരുന്നു അപ്പോഴെന്റെ ശ്രദ്ധ. സങ്കീർത്തിയിലേക്കുള്ള വാതിൽക്കലിന്റെ മുൻപിലാണ് മൂപ്പരുടെ ഇരിപ്പ്അച്ചനെ കാണാനാവും. ഇയാളെ ഞാൻ ജംക്ഷനിൽ കണ്ടിട്ടുള്ളതാണ്. കാലിലൊരു കെട്ടൊക്കെയായി. കണ്ടപ്പോഴൊക്കെ ആള് വെള്ളമടിച്ച് നല്ല പൂസിലായിരുന്നു. ഇപ്പഴും വല്യ മാറ്റം ഒന്നും തോന്നുന്നില്ല. പക്ഷെ അടങ്ങി ഒതുങ്ങി ഇരിപ്പുണ്ട്.

“പ്രിയപ്പെട്ട സഹോദരരെ, അച്ചന്‍ കഴിഞ്ഞ ആഴ്ച സൂചിപ്പിച്ച ഒരു ചികിത്സാ സഹായത്തെക്കുറിച്ച് നിങ്ങൾ മറന്ന് കാണില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ആഴ്ചയിലെ സ്തോത്രകാശ് അതിലേക്കാണ് നമ്മൾ മാറ്റി വെക്കുന്നത് എന്ന കാര്യം, ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട്, നിങ്ങളുടെ അടുത്തേക്ക് വരുന്ന അൾത്താര ബോയ്സിന്റെ കയ്യിലുള്ള കുടുക്കയിലേക്ക് നിങ്ങൾ കരുതിയിട്ടുള്ള തുക നിക്ഷേപിക്കുമല്ലോ?”

എന്റെ ശ്രദ്ധ മുഴുവൻ ആ വയസ്സന്റെ നേരെ ആയിരുന്നു. ഇയാൾക്ക് വേണ്ടിയാണോ അച്ചന്‍ ഇത്രേം നീട്ടി വളച്ചിങ്ങനെ പറഞ്ഞുകൂട്ടുന്നത്?

അച്ചന്‍ നിർത്തിയിട്ടില്ല.

“നമ്മൾ ആകെ എഴുപത് കുടുംബങ്ങൾ ആണുള്ളത്. ഓരോ കുടുംബവും നൂറുരൂപാ വീതം എടുത്താൽ ആ സഹോദരനുള്ള സഹായം ആവും”

ഈ സഹോദരൻ അതിന് ക്രിസ്ത്യാനിയാകുമോ? ഈ അച്ചന് വേറെ എന്തെല്ലാം ചെയ്യാൻ കിടക്കുന്നു. എന്നിട്ടാണോ ഉള്ളതൊക്കെ കുടിച്ചു മുടിച്ചു നടക്കുന്ന ഇയാൾക്ക് വേണ്ടി. അച്ചൻ പുറമേ നിന്ന് ഒരു പൈസയും സ്വീകരിക്കില്ല എന്നതൊക്കെ ശരി. എന്ന് വെച്ച്. ഞങ്ങടെ പൈസ കൊണ്ടുവേണോ ഇയാൾക്ക് ചികിത്സക്ക് കൊടുക്കാൻ.

“കവറിലാക്കി കൈക്കാരൻമാരെയോ അല്ലെങ്കിൽ നേരിട്ട് സ്തോത്ര കുടുക്കയിലോട്ടോ നിങ്ങൾക്ക് അത് നൽകാവുന്നതാണ്”അച്ചന്‍ പറഞ്ഞു നിർത്തി.

നൂറിന്റെയും ഇരുപത്തിന്റെയും ഓരോ നോട്ട്. പാന്റ് പോക്കറ്റിലെ പേഴ്‌സ് തൊട്ടില്ല. ഇയാൾക്ക് എന്റെ ഇരുപത് തന്നെ ധാരാളം. മുഖം നോക്കാതെ ഭക്തിപൂർവ്വം ചുവന്ന തുണിയുടെ സ്ത്രോത്ര കുടുക്കയുമായി ആളുകൾക്കിടയിലൂടെ നുഴഞ്ഞു നുഴഞ്ഞു വരുന്ന അൾത്താര ബോയ്. അൾത്താരയിലേക്കാണ് എന്റെ ശ്രദ്ധ മുഴുവൻ എന്ന തോന്നൽ സൃഷ്ടിച്ച് ഒരു മാജിക്കുകാരനെപ്പോലെ കയ്യിൽ മടക്കി ഒതുക്കി നിർത്തിയ ആ ഇരുപത് ഞാൻ കുടുക്കയിലോട്ട് ‘മുക്കി’ യിട്ടു. കുരിശു വരച്ചു.

പുരോഹിതന്മാർക്കുള്ള പ്രാർത്ഥന ചൊല്ലിക്കഴിയാൻ അച്ചനെപ്പോലെ ഞാനും നിന്നില്ല.

അന്നേരം സങ്കീർത്തിക്കകത്ത് കൈക്കാരൻ ജോയേട്ടനോട് അച്ചന്‍.

“തികഞ്ഞോ ജോയേട്ടാ?”

“അച്ചോ, നൂറിന്റെ ഏഴെണ്ണം, അമ്പത്തിന്റെ പത്രണ്ടെണ്ണം, പിന്നെ കുറേ ഇരുപത്. പിന്നെ കുറച്ച് പത്തിന്റെ. ആകെ കൂട്ടിയാൽ രണ്ടായിരത്തി ഇരുന്നൂറ്റി എഴുപത്. ബാക്കി ഞാൻ തരാം അച്ചോ”

“വേണ്ട ജോയേട്ടാ. ഇനി ഞാൻ ഇറങ്ങുന്നു. ദേ ഞാൻ വരുമ്പോൾ ഇട്ട ഒരു ളോഹ മാത്രം എടുക്കുന്നുള്ളൂ. ബാക്കിയൊക്കെ നിങ്ങൾ തന്നതാണ്.”

“അച്ചോ” ജോയേട്ടൻ വെറുതേ വിളിച്ചതെ ഉള്ളൂ.

പള്ളിയൊഴിഞ്ഞ സമയത്ത്, കാല് വേച്ചു വേച്ച് ആ സഹോദരൻ പള്ളി വിട്ടുപോയി.

ഈ ഞായറാഴ്ച പള്ളിയിലെത്തിയപ്പോൾ ജോയേട്ടൻ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. മുഖത്തിന് നല്ല വാട്ടം തോന്നുന്നുണ്ട്.

ഞാൻ ചോദിച്ചു.

”ആ വയസ്സൻ ഇന്നും വന്നിരിപ്പുണ്ടല്ലോ. അയാൾക്കുള്ള പൈസ കൊടുത്തില്ലേ.”

“ആർക്ക്?”

“ദേ, ആ ഇരിക്കുന്ന ആൾക്ക്”

ജോയേട്ടൻ, വരാന്തയിൽ വലിഞ്ഞുകേറി ഇരുന്ന അതേ ‘വയസ്സനെ’ നോക്കി.

“അയാളോ?, അയാൾ ഇടക്കിടെ വരാളുള്ളതാണ്. ഒരു ശല്യവും ചെയ്യില്ല”

“പിന്നെ ആർക്കുവേണ്ടിയാ കഴിഞ്ഞ ആഴ്ച്ച പൈസ പിരിച്ചത്?”

“അത് നമ്മുടെ അച്ചന്റെ തന്നെ ചികിത്സക്ക് വേണ്ടിയാ”.

കുർബാന പ്രസംഗം തുടങ്ങി. പുതിയ അച്ചനാണല്ലോ.

‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തു തന്നത്.’

ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിരുന്ന രണ്ട് പത്തിന്റെ നോട്ട് ഒന്നമർത്തി, ഞാൻ എന്റെ തേച്ചുടുത്ത പുതിയ മുണ്ട് ഉലയാതെ മുട്ടുമടക്കി. ആ വയസ്സൻ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചപോലെ.

ഞാൻ കണ്ണടച്ച്, കർത്താവിനെ ധ്യാനിച്ച് കുരിശു വരച്ചുതുടങ്ങി.

എന്റെ തമ്പുരാനേ, വിശുദ്ധ കുരിശിന്റെ അടയാളത്താലെ, ഞങ്ങളുടെ ശത്രുക്കളിൽനിന്ന്, ഞങ്ങളെ രക്ഷിക്കാൻ, ഞങ്ങളുടെ തമ്പുരാനേ, പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here