വിശ്വ ഭൂപടത്തെ
തേങ്ങാ പൂൾ വലിപ്പത്തിൽ
കീറിയെടുത്തതാണെൻ കേരളം.
വിശ്വമാനവകുലത്തെ
ഹൈക്കുവായെഴുതിയ
മൂന്നക്ഷരമാണെൻ കേരളം
വിശ്വാസവൈവിധ്യങ്ങളെ
ചിറകിലൊളിപ്പിച്ച് സൂക്ഷിച്ച
അമ്മപ്പക്ഷിയാണെൻ കേരളം
മാമല സാനുക്കളും
സാഗരതീരങ്ങളും
വരച്ച ചിത്രമാണെൻ കേരളം
മാവേലി മന്നനും
ചേരമാൻ പെരുമാളും
തോമസ് പുണ്യാളനും
ഹൃദയത്തിലലിഞ്ഞ
ആലയമാണെൻ കേരളം
ശ്രീനാരായണ ഗുരുവും
ശങ്കരാചാര്യരും
അയ്യൻകാളിയും
മഖ്ദൂമുമാരും
നവോത്ഥാന ശിലകൾ
പാകിയ
നന്മ തൻ പൂങ്കാവന –
-മാണെൻ കേരളം
വീണ പൂവും
കിളിപ്പാട്ടുകളും
മാലയും മാപ്പിളപ്പാട്ടുകളും
മാർഗ്ഗംകളിയും
തുള്ളലും തെയ്യവും
ഈണവും താളവും മീട്ടിയ
ആഘോഷവേദിയാണെൻ കേരളം.