എന്റെ ജീവിതമാണ് എന്റെ സന്ദേശം

gandhi-5”മാഷേ…” എന്നുള്ള നീട്ടിവിളിയാണ് എന്നെ ഉമ്മറത്തെത്തിച്ചത് . മുറ്റത്തു നില്‍ക്കുന്ന ആളെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടു പോയി ! അതെ , സാക്ഷാല്‍ രാഷ്ട്രപിതാവ് !

” മാഷേ, ഞാന്‍ മണിയാണ്”

എന്റെ അന്ധാളിപ്പും അനക്കമറ്റുള്ള നില്പ്പും കണ്ട് ഗാന്ധി വേഷം മുന്നോട്ടു വന്നു പറഞ്ഞു.

” ആര് , മണിയോ!” ഞാന്‍ ആശ്ചര്യത്തോടെ അടുത്തേയ്ക്കു ചെന്നു .

” അല്ല , മണിയെന്താ ഈ വേഷത്തില്‍?”

” ഇന്ന് ഗാന്ധി ജയന്തിയല്ലേ!” – മണി തല ചൊറിഞ്ഞുകൊണ്ട് ഒന്നു വെളുക്കെ ചിരിച്ചു.

” ഓ അതു ശരി, തിരുവോണത്തിനു മാവേലിത്തമ്പുരാന്‍, അഷ്ടമിരോഹിണിക്കു അമ്പാടിക്കണ്ണന്‍, അന്തരാഷ്ട്ര അഹിംസാ ദിനത്തില്‍ രാഷ്ട്രപിതാവ് ! വേഷങ്ങള്‍ ഗംഭീരമാകുന്നുണ്ട് കേട്ടോ”

” മാഷേപ്പോലുള്ളവരുടെ അനുഗ്രഹം ” മണി തൊഴുകയ്യോടെ പറഞ്ഞു.

‘മാവേലി മണി ‘ എന്നു വിളിപ്പേരുള്ള ഈ ചെറുപ്പക്കാരന്‍ ഗ്രാമത്തിന്റെ പരിചിത മുഖങ്ങളില്‍ ഒന്നാണ്. ഓണക്കാലത്ത് മാവേലിയായി വീടുകള്‍ സന്ദര്‍ശിച്ച് പ്രജാക്ഷേമം തിരക്കി പ്രതിഫലം ചോദിച്ചു വാങ്ങാറുള്ള മണി ഇപ്പോഴിതാ ഗാന്ധി വേഷത്തിലും.

നിന്ന നില്പ്പില്‍ അന്‍പതു രൂപ പിടിച്ചു വാങ്ങിയ ശേഷമാണ് മണി പടിയിറങ്ങിയത്. പണം കൈപ്പറ്റിയ ശേഷം ഒരു സന്ദേശവും നല്‍കുകയുണ്ടായി ‘ അഹിംസ വെടിയുക’.

ഹിംസ വെടിയുക എന്നാണ് ഉദ്ദേശിച്ചതെന്ന് എനിക്കു പിടി കിട്ടിയെങ്കിലും ഞാനവനെ തിരുത്താന്‍ ശ്രമിച്ചില്ല. മകള്‍ പക്ഷെ നിന്നു ചിരിക്കുന്നുണ്ടായിരുന്നു.

” ബെസ്റ്റ് മെസേജ്. ഇയാളെ ഈ നിമിഷം വെടി വച്ചു കൊല്ലുകയാണ് വേണ്ടത് ”
മുഖത്തെ ചിരി തുടച്ചുകൊണ്ട് മകള്‍ പറഞ്ഞു.

” അവന്‍ ‍പറഞ്ഞതു തന്നെയാണ് നീയും ആവര്‍ത്തിച്ചത് ഹിംസ…”
മകള്‍ മറുത്തൊന്നും പറയാതെ അകത്തേക്കു പോയി.

അന്ന് ഉച്ചയോടെ കൂട്ടു പാതയില്‍ വച്ചാണ് മണിയെ വീണ്ടും കാണുന്നത്. പാതയോരത്തെ ചവറ്റു കൂനയ്ക്കരികില്‍ ബോധമില്ലാതെ കിടന്നിരുന്ന ആ ഗാന്ധി വേഷത്തെ തെരുവു നായ്ക്കള്‍ മണത്തു നോക്കുകയും നക്കുകയും ചെയ്യുന്ന കാഴ്ചക്കു മുന്നില്‍ ഞാന്‍ വിറങ്ങലിച്ചു നിന്നു പോയി.

” നടുറോഡില്‍ കിടന്നതായിരുന്നു മാഷേ ആ ഗോപാലനും കൂട്ടരുമാണ് അങ്ങോട്ടു മാറ്റിയിട്ടത്. അതെങ്ങനെ ഒരു ഫുള്ളാണ് അകത്താക്കിയിരിക്കുന്നത്. ഇവനെയൊക്കെ പണം കൊടുത്തു വഷളാക്കുന്നവരെ വേണം പറയാന്‍ ”

തൊട്ടടുത്തുള്ളുള്ള ചായക്കടയുടെ മുന്നിലിരുന്ന ചാമിയേട്ടന്‍ വിളിച്ചു പറഞ്ഞു.

സ്കൂള്‍ കുട്ടികളുടെ ഗാന്ധി സന്ദേയാത്രയുടെ സമാപനചടങ്ങില്‍ സംസാരിക്കാനെത്തിയ ഞാന്‍ സമ്മേളനസ്ഥലത്തേക്ക് യാന്ത്രികമായി നടന്നു നീങ്ങി . ഇപ്പോള്‍ കണ്ണിലും മനസിലും ഒന്നു മാത്രം ചവറ്റു കൂനക്കു മുന്നിലെ ആ ഗാന്ധി വേഷം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here