എന്നെ എഴുത്തുകാരനാക്കിയതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ഗ്രന്ഥശാലകൾ ആണെന്നതിൽ സംശയമില്ല. അതിൽ ഏറ്റവും ആദ്യം പറയേണ്ടത് ഒന്നു മുതൽ ഏഴു വരെ പഠിച്ച എന്റെ ആദ്യ വിദ്യാലയമായ മണ്ണഞ്ചേരി ഗവർമെന്റ് ഹൈസ്ക്കൂളിലെ ഗ്രന്ഥശാലയെക്കുറിച്ചാണ്.
അന്ന് യു.പി.സ്ക്കൂളാണ്. ലൈബ്രറിയ്ക്ക് പ്രത്യേക മുറിയൊന്നുമില്ല. എല്ലാ വെള്ളിയാഴ്ച്ചയും അവസാന പീരിഡ് സാഹിത്യ സമാജമാണ്. അന്നാണ് ഞങ്ങളുടെ പ്രിയപ്പെട്ട കുമാരൻ സാർ കയ്യിൽ നിറയെ പുസ്തകങ്ങളുമായി ക്ളാസ്സിലേക്ക് വരിക.
ഒരാൾക്ക് ഒന്നോ രണ്ടോ പുസ്തകങ്ങളാണ് തരിക,അതും വായിച്ച് അടുത്ത വെള്ളിയാഴ്ച്ച വരെയുള്ള ഒരു കാത്തിരിപ്പുണ്ട്.യഥാർത്ഥത്തിൽ ഈ കാത്തിരിപ്പിന്റെ ആകാംക്ഷ കൂടിയാകാം എന്നിലെ എഴുത്തുകാരന്റെ ആദ്യ പ്രേണകളിലൊന്ന് എന്നും വരാം.
ഇന്ന് അതൊക്കെ മാറി സ്ക്കൂൾ ലൈബ്രറിയ്ക്ക് പുറമെ കളാസ്സ് റൂം ലൈബ്രറികളുമായി.
അതിന്റെ ഉൽഘാടനം നിർവ്വഹിക്കാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നെ ഹൈസ്ക്കൂളിൽ പഠിക്കാൻ നഗരത്തിലെ സെൻറ് മൈക്കിൾസ് സ്കൂളിലേക്ക് പോകുമ്പോൾ ഒരു പന്ത്രണ്ടു വയസ്സുകാരന്റെ അപരിചത്വം നിറഞ്ഞ അമ്പരപ്പോടെയാണ് പോയത്.
അന്ന് ‘’വിദ്യാർഥി ശബ്ദം’’ എന്ന പേരിൽ ഒരു കയ്യെഴുത്ത് പത്രം നടത്തിയത് ഓർക്കുന്നു. രാത്രി വീട്ടിൽ നിന്ന് റേഡിയോ വാർത്തകളിൽ നിന്നും മറ്റുമായി തയ്യാറാക്കി കൊണ്ടു വരുന്ന വാർത്തകളാണ് രണ്ടു പേജുള്ള പത്രത്തിലെ വാർത്തകൾ. മുൻ പേജ് പകുതി ഒഴിച്ചിട്ടേക്കും. രാവിലെ സ്ക്കൂളിന് എതിർവശമുള്ള സി.വൈ.എം.എ.. വായനശാലയിൽ പോയിരുന്ന് പത്രങ്ങളൊക്കെ നോക്കിയിട്ടാണ് അന്നത്തെ പ്രധാന വാർത്ത[ബ്രേക്കിംഗ് ന്യൂസ്] മുൻ പേജിൽ എഴുതി ചേർത്തിരുന്നത്.
പത്രാധിപരും പ്രധാന എഴുത്തുകാരനും ലേ ഔട്ടുമൊക്കെ പന്ത്രണ്ടു വയസ്സുള്ള ഞാൻ തന്നെ. ആഴ്ച്ചയിൽ ഒരിക്കൽ വാരാന്ത്യ പതിപ്പുണ്ട്, അതിലാണ് ക്ളാസ്സിലെയും സ്ക്കൂളിലെയും കുട്ടികളുടെ കഥയും കവിതയുമൊക്കെ ചേർക്കുക അങ്ങനെ സി.വൈ.എം.എ.ലൈബ്രറിയും മൂന്നു വർഷം എനിക്ക് പ്രിയപ്പെട്ടതായി.അവിടുന്ന് അൽപ്പം നടന്നാൽ എത്തിച്ചേരാവുന്ന ആലപ്പുഴ മുനിസിപ്പൽ ലൈബ്രറി കണ്ടു പിടിച്ചത് അതിനിടെയാണ്. എന്നിലെ വായനക്കാരൻ എത്രമാത്രം ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് അന്ന് ആദ്യമായി വായനശാലയുടെ മുകൾ നിലയിലേക്ക് കോണിപ്പടി കയറിപ്പോയത്. അത് എന്റെ സാഹിത്യ ജീവിതത്തിലേക്കുള്ള കയറ്റം കൂടിയായിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് പോയപ്പോഴും, ജോലി കിട്ടിപ്പോയപ്പോഴുമൊക്കെ ഇടയിൽ മുനിസിപ്പൽ ലൈബ്രറി എന്റെ അഭയ കേന്ദ്രമായി. ‘’മനശ്ശാസ്ത്രം’’ മാസിക ആദ്യമായി ഞാൻ കാണുന്നത് മുനിസിപ്പൽ ഗ്രന്ഥശാലയിൽ വെച്ചായിരുന്നു.
അതിലെ മറക്കാനാവാത്ത അനുഭവങ്ങൾ എന്ന പംക്തിയിലേക്ക് ഞാൻ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച എന്റെ പ്രിയ സുഹൃത്ത് ബാബുവിന്റെ വേർപാട് അനുസ്മരിച്ചു കൊണ്ട് ഒരു കുറിപ്പെഴുതി,അത് പ്രാധാന്യത്തോടെ അടിച്ചു വന്നു. മനശ്ശാസ്ത്രം മാസികയിലേക്കുള്ള എന്റെ തുടക്കമായിരുന്നു അത്. പിന്നെ ഒത്തിരി സൃഷ്ടികൾ അതിൽ പ്രസിദ്ധീകരിച്ചു. മനശ്ശാസ്ത്രവും അതിന്റെ പത്രാധിപരായിരുന്ന ഡോ. ഇ.എ.ഫെർണ്ണാണ്ടസ് സാറും തന്ന പ്രോൽസാഹനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
അടുത്തത് ഓർക്കാനുള്ളത് രണ്ടു കോളേജ് ലൈബ്രറികളാണ്,പ്രീഡിഗ്രി കാലത്തെ ചേർത്തല എസ്.എൻ.കോളേജ് ലൈബ്രറിയും ഡിഗ്രി പഠന കാലത്തെ ആലപ്പുഴ എസ്.ഡി കോളേജ് ലൈബ്രറിയും..പ്രീഡിഗ്രി കാലത്ത് ഇടയ്ക്ക് പത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കാൻ ആശ്രയമായിരുന്നു കോളേജ് ലൈബ്രറി.നാട്ടിലെ ഗ്രന്ഥശാലയിലെ പുസ്തകങ്ങൾക്ക് പുറമെ കോളേജ് ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങളും വായിച്ചു തീർത്തു. ഡിഗ്രി കാലത്താണ് കൂടുതൽ പുസ്തകങ്ങൾ എസ്.ഡി.കോളേജ് ലൈബ്രറിയിൽ നിന്നു വായിച്ചു തീർത്തത്. മലയാളമാണ് ബിരുദ വിഷയമെന്നതിനാൽ പഠിക്കാനുള്ള പുസ്തകങ്ങളിലും നോവലും കഥകളുമൊക്കെ ഉണ്ടായിരുന്നു.
നിരവധി പത്രങ്ങളും പത്രങ്ങളും പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു എസ്.ഡി.കോളേജ് ഗ്രന്ഥാലയം. മാതൃഭൂമിയും കലാകൗമുദിയും കൂടാതെ കുങ്കുമവും അന്ന് അവിടെ നിന്നും വായിച്ചിരുന്ന പ്രസിദ്ധീകരണമാണ്.
അക്കാലത്ത് കുങ്കുമത്തിൽ വന്ന വയലാറിനെക്കുറിച്ച് ചെമ്മനം ചാക്കോ എഴുതിയ
‘’അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം,പൊട്ടിച്ചിരികൾ വയലാറു വിട്ടു പോയ്..
വന്നവർ വന്നവർ,വിങ്ങിക്കരം കൂപ്പി നിന്നകലുന്നു നിഴലുകൾ പോലവേ..’’
എന്ന കവിത ആദ്യവരികളൊക്കെ ഓർമ്മയിലുണ്ട്. അന്ന് അത് കോളേജ് ലൈബ്രറിയിലിരുന്ന് പകർത്തിയെഴുതിയാണ് കാണാതെ പഠിച്ചത്.
പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്ന ‘’രക്തദൂഷ്യം’’എന്ന കവിതയിലൂടെ എന്റെ മനസ്സിൽ കയറിക്കൂടിയ ചെമ്മനം സാർ പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭ്യുദയകാംക്ഷിയായി മാറിയത് ഏറ്റവും വലിയ ആശ്ചര്യമാണെനിക്കിപ്പോഴും വയലാറിനെക്കുറിച്ച് അദ്ദേഹമെഴുതിയ ഈ കവിതയുടെ കാര്യം പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞ് ഞാൻ സൂചിപ്പിച്ചപ്പോൾ അദ്ദേഹവും അത് മുഴുവനായി ഓർക്കുന്നുണ്ടായിരുന്നില്ല. എവിടെ നിന്നെങ്കിലും കിട്ടിയാൽ കൊടുക്കണമെന്ന് ഏൽപ്പിച്ചിരുന്നെങ്കിലും പലയിടത്തും നോക്കിയെങ്കിലും കിട്ടിയില്ല.
പുസ്തകങ്ങൾ തിരക്കി ലൈബ്രറികളിൽ നിന്നും ലൈബ്രറികളിലേക്ക് ഓടിയിരുന്ന എന്റെ പുസ്തകങ്ങളും ലൈബ്രറികളിൽ ഇടം പിടിച്ചുവെന്നതും ചെമ്മനം എന്റെ പുസ്തക പ്രകാശനം ഉൾപ്പെടെ പല പരിപാടികൾക്കും എന്റെ നാട്ടിൽ വന്നു എന്നതും ഒരു മുൻപരിചയവുമില്ലാതിരുന്ന സമയത്തും എന്റെ പുസ്തകത്തിന് അവതാരിക എഴുതി തന്നു എന്നതും സന്തോഷകരമായ ഓർമ്മകൾ.
എല്ലാ വളർച്ചയ്ക്ക് പിന്നിലും എന്റെ ഗ്രന്ഥാലയം എന്ന് ആദ്യം തന്നെ പറയേണ്ട മണ്ണഞ്ചേരി വൈ.എം.എ.ഗ്രന്ഥശാലയോടും മറ്റു എന്റെ വായനയ്ക്ക് അവസരം നൽകി പ്രോൽസാഹിപ്പിച്ച ഗ്രന്ഥാലയങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു.
പ്രീഡിഗ്രി സമയത്ത് തന്നെ ഞാൻ അംഗമായ മണ്ണഞ്ചേരിവൈ,എം.എ.ഗ്രന്ഥശാലയായിരുന്നു എന്റെ ജീവാത്മാവും പരമാത്മാവും എന്നു പറയാവുന്ന ഗ്രന്ഥശാല. ബാല്യത്തിന്റെ അമ്പരപ്പുമായി അവിടേക്ക് പടികയറിച്ചെന്ന ഞാൻ പിന്നെ സെക്രട്ടറിയും പ്രസിഡന്റും മാത്രമല്ല എത്രയോ വർഷം ലൈബ്രേറിയനുമായി. എന്റെ സാഹിത്യ ജീവിതത്തിന് അടിത്തറ പാകിയത് എന്റെ ഗ്രന്ഥശാലയെന്ന് ആദ്യം പറയേണ്ടത് വൈ.എം.എ.ഗ്രന്ഥശാല തന്നെ. അവിടെ നിന്നാണ് എല്ലാ പ്രധാന പുസ്തകങ്ങളും ഞാൻ വായിച്ചത്. അവിടെ ഇരുന്നും വീട്ടിൽ കൊണ്ടു പോയുമൊക്കെ വായിച്ച എത്രയെത്ര സാഹിത്യകാരൻമാരുടെ ഏതേതു വിഭാഗത്തിൽ പെട്ട എത്രയെത്ര പുസ്തകങ്ങളാണ് വായിച്ചു തീർത്തതെന്നതിന് കണക്കില്ല.
ഞാൻ അംഗമാകുമ്പോൾ സെക്രട്ടറിയും ലൈബ്രേറിയനുമൊക്കെ സുരേഷ് ബാബുവായിരുന്നു. പ്രഗൽഭരായ ചെസ് കളിക്കാരുടെയും കാരംസ് കളിക്കാരുടെയുമൊക്കെ നല്ല നിര തന്നെ ഇവിടെയുണ്ടായിരുന്നു. പല സ്ഥലത്തും മൽസരങ്ങളിൽ പോയി സമ്മാനങ്ങൾ വാരിക്കൂട്ടി അവർ വായനശാല പ്രശസ്തി ഉയർത്തി. പിന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായി പ്രവർത്തനം തുടങ്ങിയതും പുസ്തകഗ്രാന്റ് വരുമ്പോൾ കോട്ടയത്തും എറണാകുളത്തും ഉൾപ്പെടെ പോയി പുസ്തമെടുത്തതുമൊക്കെ ഓർമ്മയിലുണ്ട്. വായനശാല സ്ഥാപനം മുതൽ സജീവമായി രംഗത്തുണ്ടായിരുന്ന ശിവരാമപിള്ള സാറായിരുന്നു ഏറെ നാൾ പ്രസിഡന്റ്.
അമ്പതു വർഷങ്ങളുടെ മഹിതമായ പാരമ്പര്യവുമായി ഇന്നും അഭിമാനപൂർവ്വം തലയുയർത്തി നിൽക്കുന്നു എന്റെ ഗ്രന്ഥശാല. നാട്ടിൽ നിന്നു താമസം മാറേണ്ടി വരും വരെയും പിന്നെയും കുറെ നാളും ഞാൻ തന്നെയായിരുന്നു പ്രസിഡന്റ്. ഒടുവിൽ കൃത്യമായി എനിക്ക് കമ്മറ്റികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നു വന്നപ്പോഴാണ് ഞാൻ മാറുനത്. നാട്ടിൽ നിന്നു പോയെങ്കിലും എന്റെ ഗ്രന്ഥ്ശാലയെ മറക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതു കൊണ്ട് തന്നെ എന്റെ എല്ലാ പുസ്തക പ്രകാശനങ്ങളും വൈ.എം.എ.ഗ്രന്ഥശാലയിൽ വെച്ചാണ് ഞാൻ സംഘടിപ്പിച്ചത്. കാർട്ടൂണിസ്റ്റ് സുകുമാർ, ചെമ്മനം ചാക്കോ, പി.സി.സനൽകുമാർ ഉൾപ്പെടെയുള്ള പ്രശസ്തരെ കൊണ്ട് വന്ന് ആ ചടങ്ങുകളിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു എന്നതും അവിസ്മരണീയമായ ഓർമ്മകളാണ്.
പ്രശസ്ത വോളിബോൾ കോച്ചായിരുന്ന കലവൂർ ഗോപിനാഥ്, നാടക സീരിയൽ പ്രതിഭ എൻ.എൻ.ഇളയത് തുടങ്ങിയ പല പ്രശസ്തരുടെയും ആദ്യകാല കളരിയായിരുന്നു വൈ.എം.എ.ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബും പിന്നെ ഗ്രന്ഥശാല ആൻഡ് വായനശാലയുമായി മാറിയ ഈ മഹദ് പ്രസ്ഥാനം. വായനയിൽ നിന്നും സമൂഹം അകന്നു പോകുന്ന ഈ ഘട്ടത്തിലും ഇന്നും നിസ്വാർത്ഥരായ ഒരു കൂട്ടം ചെറുപ്പക്കാർ വൈ.എം.എ.യെ പഴയ പ്രൗഡിയോടെ മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിക്കുന്നുവെന്നതും സന്തോഷകരമാണ്.
ഇതിനിടയിൽ പരിചയപ്പെട്ട ഗ്രന്ഥാലയങ്ങൾ പലതുണ്ട്. ലൈബ്രറി കൗൺസിലിന്റെ ലൈബ്രറി സയൻസ് കോഴ്സിന് കോഴിക്കോട് പഠിക്കുമ്പോൾ ഞങ്ങൾ കുറച്ചു പേർ താമസിച്ചിരുന്നത് കോഴിക്കോട് കുതിരവട്ടം ദേശപോഷിണി ഗ്രന്ഥശാലയുടെ വക കെട്ടിടത്തിലായിരുന്നു . അവിടെ താമസിച്ച നാലു മാസങ്ങൾ അവിസ്മരണീയമാണ്. നിരവധി ചരിത്രങ്ങൾ പറയാനുള്ള ഒരു ലൈബ്രറിയാണത്. ദേശപോഷിണിയുടെ നാടക സംഘത്തിലൂടെയാണ് നെല്ലിക്കോട് ഭാസ്ക്കരൻ, കുതിരവട്ടം പപ്പു തുടങ്ങിയ പിന്നീട് പ്രശസ്തരായ പലരുടെയും അരങ്ങേറ്റം. അവിടെ താമസിക്കുമ്പോൾ ഇടയ്ക്ക് പോകാറുണ്ടായിരുന്ന കോഴിക്കോട് പബ്ലിക്ക് ലൈബ്രറിയും ഓർമ്മയിലുണ്ട്.
ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബൂണൽ ഓഫീസിൽ ഏതാണ്ട് പതിനേഴ് വർഷം ജോലി ചെയ്യുന്ന സമയത്ത് എന്റെ നിത്യ സന്ദർശന കേന്ദ്രമായിരുന്ന ലജനത്തുൽ മുഹമ്മദീയ ഗ്രന്ഥശാലയെയും ഇപ്പോൾ താമസിക്കുന്ന എരമല്ലൂരിലെ ഗാന്ധിജി സ്മാരക ഗ്രന്ഥശാലയേയും കൂടി പരാമർശിക്കാതെ ഈ ഓർമ്മകൾ പൂർണ്ണമാകില്ല. ആലപ്പുഴ കളക്ട്രേറ്റിന് സമീപം സക്കരിയാ ബസാറിൽ ലജനത്തുൽ മുഹമ്മദീയ എന്ന പ്രശസ്തമായ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ഗ്രന്ഥശാലയാണിത്. ചേർന്നു തന്നെ ഹയർ സെക്കന്ററി സ്കൂളുമുണ്ട്. രാവിലെ ട്രെയിനിറങ്ങി ഓഫീസിലേക്ക് നടന്നു വരുമ്പോൾ, തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് വൈകുന്നേരം പോകുമ്പോൾ ഇവിടെ കയറി പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെ വായിക്കാതെ പോകുമായിരുന്നില്ല. ആയിരക്കണക്കിന് പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെയുള്ള പ്രൗഡവും പ്രാചീനവുമായ ലജനത്തുൽ മുഹമദീയ ഗ്രന്ഥശാല ആലപ്പുഴയ്ക്ക് അഭിമാനം തന്നെയാണ്.
അതിനിടയിൽ പല ലൈബ്രേറിയൻമാരും മാറി മാറി വന്നെങ്കിലും നസീർ എന്ന എപ്പോഴും ചിരിയോടെ കാണാറുണ്ടായിരുന്ന ലൈബ്രേറിയനുമായിട്ടായിരുന്നു എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചിക്ൽസയിലായപ്പോള്‍ അദ്ദേഹം ലൈബ്രറിയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. എങ്കിലും ഇടയ്ക്ക് കാണാറുണ്ടായിരുന്നു.രണ്ടു മൂന്നു വർഷം മുമ്പ് അകാലത്തിൽ അദ്ദേഹം കടന്നു പോയത് ഒരു വേദനയായി മനസ്സിൽ നിൽക്കുന്നു. പല പ്രസിദ്ധീകരണങ്ങളുടെയും ഓണപ്പതിപ്പുകൾ അവിടിരുന്ന് വായിച്ചു തീർക്കാൻ കഴിയാറില്ലായിരുന്നു. വീട്ടിൽ കൊണ്ടു പോയി വായിക്കാൻ സൻമനസ്സോടെ എനിക്കു തന്നു വിട്ടിരുന്ന അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്.
ഇപ്പോൾ ഞാൻ താമസിക്കുന്ന എരമല്ലൂരിലെ ഗാന്ധിജി സ്മാരക ഗ്രന്ഥശാലയും എന്റെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഗ്രന്ഥശാലയാണ്. ഞാൻ വന്ന ആദ്യ നാളുകളിൽ അവിടെ ലൈബ്രേറിയനായിരുന്ന വിശ്വപ്പൻ ചേട്ടൻ എന്നറിയപെടുന്ന സൗമ്യനായ മനുഷ്യൻ ഇപ്പോഴും ഓർമ്മയിലുണ്ട്. ഒരു വാഹനാപകടത്തെ തുടർന്ന് അദ്ദേഹം മരിച്ചു പോയി. ഇപ്പോഴും പുസ്തകങ്ങൾ വായിക്കുവാൻ എടുക്കുന്നത് അവിടെ നിന്നാണ് എന്നതിനാൽ ഗാന്ധിജി ലൈബ്രറിയുമായുള്ള ബന്ധം സജീവമാണ്. ഇടയ്ക്ക് സാംസ്കാരിക സദസ്സുകളും ചർച്ചകളുമൊക്കെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ കോവിഡിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ കുറെ നാളായി പരിപാടികളൊന്നും നടക്കുന്നില്ല,ഊർജ്ജസ്വലനായി എല്ലാത്തിനും ഓടി നടന്നിരുന്ന പടന്നയിൽ രവിച്ചേട്ടനും ഇതിനിടയിൽ കടന്നു പോയി. വായനയും എഴുത്തുമൊക്കെ നിത്യ ജീവിതത്തിന്റെ ഭാഗമായവർക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടലിന്റെ കാലം തന്നെയാണിത്. എത്രയും വേഗം പഴയ കാലം വീണ്ടെടുക്കാനാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം,പ്രാർത്ഥിക്കാം..