എന്നെ സ്വാധീനിച്ച ചങ്ങമ്പുഴ

എന്റെ മനസ്സിലെ ചങ്ങമ്പുഴ 
 
ചങ്ങമ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിവരുന്നത് നാലുവരികളാണ്. 
     
വേദന വേദന ലഹരിപിടിക്കും –
വേദന ഞാനതിൽ മുഴുകട്ടെ 
മുഴുകട്ടെ മമ ജീവനിൽ നിന്നൊരു –
മുരളീ മൃദുരവമൊഴുകട്ടെ
ഞാൻ ആദ്യമായി കേൾക്കുന്ന ചങ്ങമ്പുഴയുടെ വരികളാണിവ. എന്റെ പ്രൈമറി വിദ്യാഭാസ കാലത്തു മനസ്സിൽ കൂടുകൂട്ടിയ ഈ വരികൾ പിന്നീട് അദ്ദേഹത്തിലേക്കുള്ള വഴിയായി. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന് കേൾക്കുമ്പോൾ,  ഒരു കാല്പനികനായ കവി എന്ന് മാത്രമാണ് പലപ്പോഴും നമ്മുടെ മനസ്സിൽലെത്തുക എന്നാൽ അദ്ദേഹം വെറുമൊരു കാല്പനികൻ മാത്രമായിരുന്നോ? അല്ല മറിച്ചു ജീവിതം തന്നെയായിരുന്നു അദ്ദേഹം തന്റെ ഓരോ രചനയിലൂടെയും വായനക്കാരിലേക്ക് എത്തിച്ചത്. 
 
മനുഷ്യ ജീവിതത്തിന്റെ തലങ്ങൾ കാല്പനികതയുടെ മൂടുപടമണിഞ്ഞു അദ്ദേഹം നെയ്തുകൂട്ടുകയായിരുന്നു. റിയലിസ്റ്റിക് എന്ന തോന്നലുണ്ടാക്കാതെ കാല്പനികതയുടെ ചക്രവാളത്തിലൂടെ ഹൃദയസ്പർശിയായ രചനകൾ അദ്ദേഹം സമ്മാനിച്ചു. നാം ഇന്ന് പ്രണയ വിരഹത്തിന് ഒമാനപ്പേരിട്ടു വിളിക്കുന്ന ‘ തേപ്പ് ‘ അതിന്റെ അത്യുന്നതങ്ങളിൽ തന്റെ രമണൻ എന്ന കൃതിയിൽ അദ്ദേഹം അവതരിപ്പിച്ചു. രമണന്റെയും   ചന്ദ്രികയുടെയും ഹൃദ്യമായ പ്രണയത്തെ അതിന്റെ  ഉയർച്ച-താഴ്ചകളും,വിരഹവേദനയും ഉൾകൊള്ളിച്ചുകൊണ്ട് അദ്ദേഹം എഴുതിയത് പച്ചയായ ഒരു ജീവിതമായിരുന്നു. 
 
രമണാ രമണാ നീയെങ്ങു പോയി 
സമയമിന്നേറെക്കഴിഞ്ഞുപോയീ
 പതിവിലിന്നിത്ര താമസിക്കാൻ   കഥയെന്തു ഹ നിനക്കെന്തുപറ്റീ 
 
ഈ വരികളിൽ  മദനന്റെ സങ്കടവും  രമണന്റെ വിലാപത്തെയും ഒരേപോലെ തുറന്നു കാട്ടുന്നു. 
ഒരുപാട് അർഥങ്ങൾ ഒരുവരിയിൽ ചമയ്ക്കാനുള്ള
അപാരമായ അദ്ദേഹത്തിന്റെ കഴിവിനെ ഇവിടെ പ്രകാശിപ്പിക്കുന്നു. തന്റെ സുഹൃത്തിന്റെ വിയോഗത്തിൽ എഴുതിയ ആ വിലാപകാവ്യം ഇന്നും അതിന്റെ മാറ്റൊട്ടും കുറയാതെ നിലനിൽക്കുന്നു. ഏതൊരു പ്രണയജോഡിയോടും ഇന്നും കളിയാക്കി ചോദിക്കുക നിങ്ങൾ എന്താ രമണനും ചന്ദ്രികയുമാണോ എന്നാണ്. 
 
             സ്ത്രീകളോടും വ്യത്യസ്തമാർന്ന കാഴ്ചപ്പാടുകളായിരുന്നു അദ്ദേഹത്തിനു. വ്യക്തി ജീവിതത്തിൽ  കൂറ് പുലർത്താൻ സാധിച്ചിരുന്നില്ല എങ്കിലും തന്റെ രചനകളിൽ  അദ്ദേഹം എന്നും കൂറ് പുലർത്തിയിരുന്നു. കാവ്യനർത്തകിയിലും, പാടുന്ന പിശാചിലും, ആ പൂമാലയിലും എല്ലാം പ്രകൃതിയുടെയും അതേപോലെ പച്ചയായ മനുഷ്യമനസിന്റെയും വർണകൾക്ക് അദ്ദേഹം പ്രാധാന്യം നൽകി. മനസ്സിന്റെ കുളിർമയെ പടുന്ന പിശാചിൽ അദ്ദേഹം ഇങ്ങനെ പാടി
 
മഞ്ഞുമ്മ വെച്ചൊരാചെമ്പനീർപ്പൂപോലെ 
മന്ദഹസിക്കും മനസ്സുമായി 
 
ഇവിടെ പ്രകൃതിയും അതേപോലെ മനസ്സും വർണനയുടെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. 
   
   മലരൊളി തിരളും മധുചന്ദ്രികയിൽ 
   മഴവിൽ കൊടിയുടെ മുനമുക്കി 
 
മനസ്വിനിയിൽ തന്റെ ഭാര്യേക്കുറിച്ചു രചിക്കാൻ തുടങ്ങുന്നതിനെ കവി വർണിക്കുകയാണ് ഇവിടെ ഇതിലെ വർണന നോക്കു ,  എന്ത് മനോഹരമായാണ് പ്രകൃതിയിലെ ഓരോ പ്രതിഭാസത്തെയും അദ്ദേഹം ചീന്തിയെടുത്തു വർണിക്കുന്നത്.ഇത്രയും മനോഹരമായി പ്രകൃതിയെയും മനസ്സിനെയും വർണിക്കാൻ ചങ്ങമ്പുഴയ്ക്കു ഒരു പകരക്കാരനില്ല.
 
ഇതിനൊക്കെ  പ്രതികാരംചെയ്യാതടങ്ങുമോ 
പതിതരേ, നിങ്ങൾതൻ  പിൻമുറക്കാർ ? 
 
         ‘ വാഴക്കുല ‘ എന്ന അതിമനോഹരമായ കൃതിയുടെ അവസാന വരികളാണ് ഇവ. മലയപ്പുലയന്റെ വഴക്കുല പാകമാകുമ്പോൾ ജന്മി വന്ന് മുറിച്ചുകൊണ്ട് പോകുന്ന അവസ്ഥയിൽ നാളത്തെ തലമുറ അതിനു പ്രതികാരം വീട്ടും എന്ന ആഹ്വാനമാണ് ഈ വരികൾ. ഈ കവിതയിലും അതിമനോഹരമായ വർണനകളും അതേപോലെ ഉപമകളും അതി സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. മലയപ്പുലയന്റെ ത്യാഗവും, സഹനവും, സ്നേഹവും വേദനയും അതേപോലെ  ജന്മിത്വത്തിന്റെ ആ കാലത്തെ തീക്ഷ്ണതയും എല്ലാം പച്ചയായ രീതിയിൽ തികഞ്ഞ യഥാസ്ഥിതിക ബോധത്തോടെ ചങ്ങമ്പുഴ അവതരിപ്പിക്കുന്നു. 
 
         നാരികൾ നാരികൾ വിശ്വാവിപത്തിന്റെ നാരായ വേരുകൾ 
 
എന്ന് പാടിയ കവി തന്റെ അവസാനം നാളുകളിൽ താൻ കാണാതെ പോയ ഭാര്യയുടെ  സ്നേഹത്തെ മനസ്വിനിയിൽ വർണിക്കുന്നതു  കാണാം. അവിടെയും അദ്ദേഹം പ്രകൃതിയുടെ പ്രതിഭാസത്തോടാണ് ഉപമിക്കുന്നത്. മരണശയ്യയിൽ കിടക്കുമ്പോഴാണ് തന്റെ ഭാര്യയുടെ സ്നേഹം അദ്ദേഹം മനസിലാക്കുന്നത്. ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്നേഹിക്കുകയായിരുന്ന ഭാര്യയേ അതേപോലെ സ്നേഹിക്കാൻ കഴിയാതെ വന്നതിന്റെ വിഷമതയും ആ കവിതയിൽ കാണാം.
 
പല പല കാമനികൾ വന്നുവന്നവർ 
പദവികൾ വാഴ്ത്തി  നടുങ്ങി ഞാൻ 
 
പല പല രമണികൾ വന്നുവന്നർ 
പണമെന്നോതി നടുങ്ങി ഞാൻ 
 
കിന്നരകന്യകപോലെ ചിരിച്ചെൻ 
മുന്നിൽ വിലങ്ങിയ നീ മാത്രം 
 
എന്നോടാരുളി, യെനിക്കവിടുത്തെ 
പൊന്നോടക്കുഴൽ മതിയല്ലോ 
 
ഈ വരികളിൽ കവിയുടെ തിരിച്ചറിവ് നമുക്ക് കാണാം.ഇവിടെയും കവി മനുഷ്യനെ ഓർമപ്പെടുത്തുകയാണ് ജീവിതത്തിലെ ചില തിരിച്ചറിവുകൾക്കു ഒരുപാട് കാലതാമസം വന്നേക്കാം അതേപോലെ ഒരുപാട് വൈകി എന്നും വരാം, ഇവിടെ കവിക്ക് തിരിച്ചറിവ് ഉണ്ടാകാൻ മരണശയ്യയിൽ എത്തേണ്ടി വന്നു. ഇതെല്ലാം വായനക്കാരന് നൽകുന്ന ഉപദേശങ്ങളാണ്.  ഭാവനയുടെ ലോകത്തിനു അപ്പുറം യാഥാസ്ഥികതയുടെ തലത്തിൽ നിന്നുകൊണ്ട് തന്നെ നമുക്ക് ഈ വരികൾ വായിക്കാൻ സാധിക്കും.റിയലിസ്റ്റിക്കായും, കാല്പനികമായും,ചിലപ്പോളൊക്കെ ആധുനികമായുമുള്ള രചനകൾ ചങ്ങമ്പുഴ കവിതകളിൽ നമുക്ക് കാണാം. 
 
      പിന്നീട് മലയാളക്കരയെ സ്വാധീനിച്ച ഒന്നാണ് ചലച്ചിത്രഗാനങ്ങൾ ഒന്ന് സൂക്ഷ്മമായി നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പല മലയാള ചലച്ചിത്രഗാനങ്ങളും ചങ്ങമ്പുഴയുടെ ആശയങ്ങൾ തന്നെ ആയിരുന്നുവെന്നു. എന്തെന്നാൽ ചങ്ങമ്പുഴ കൈവെക്കാത്ത പ്രണയതലങ്ങളോ ജീവിതനൗകയൊ വളരെ വിരളമായിരിക്കും. ഒരുപക്ഷെ 37 (1911-1948)ആം വയസ്സിൽ ക്ഷയം മൂലം ആ അതുല്യ പ്രതിഭ മലയാളസാഹിത്യത്തോടെ വിടപറഞ്ഞില്ലായിരുന്നെങ്കിൽ ജീവിതത്തിന്റെ തലങ്ങൾ മധുരമായി വായനക്കാരനിലേക്കു എത്തിക്കാൻ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. 
 
എന്നിലെ ചങ്ങമ്പുഴ ഇന്നും അപൂർണ്ണമാണ്‌ എത്ര വായിച്ചാലും തീരാത്ത ഒരു കടൽ പോലെ അലയടിക്കുന്നു . ആദ്യമായി കേട്ടാനാൾ മുതൽ കൂടുതൽ അറിയാനുള്ള ആകാംഷയാണ് മനസ്സിൽ.  മണ്മറഞ്ഞുപോയെങ്കിലും അദ്ദേഹം എന്നും  പ്രകൃതിയിലും പ്രണയത്തിലും ജീവിതത്തിലും എവിടെയും നിറഞ്ഞു നിൽക്കുന്നു. കാല്പനികൻ എന്നതിൽ ഉപരി പച്ചയായ ജീവിതം തന്റെ കവിതകളിൽ കുറിച്ച ആ അതുല്യ പ്രതിഭ ഓരോ ആസ്വാദകന്റെയും ആത്മാവിൽ കുടികൊള്ളുന്നു. 
 
കപടമീ ലോകത്തിലാത്മാർത്ഥമായൊരു –
ഹൃദയമുണ്ടായതാണെൻ പരാജയം. 
 
 
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഓർമയ്ക്ക് മുന്നിൽ 
                            
                           എന്റെ പ്രണാമം 
 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English