എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതവും വേദനയും പകർത്തിയ അംബികാസുതന്‍ മാങ്ങാടിന്റെ നോവല്‍ എന്‍മകജെ യുടെ ഇംഗ്ലിഷ് പരിഭാഷ പുറത്തിറങ്ങി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഗ്ഗര്‍നട്ട് ആണ് ‘സ്വര്‍ഗ’ എന്ന പേരില്‍ പുസ്തകത്തിന്റെ പരിഭാഷ പുറത്തിറക്കിയത്. ഡോ ജെ ദേവികയാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
2009 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ എന്‍മകജെ പിന്നീട് കന്നട, തമിഴ്, ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ഹിന്ദി പ്രചാരസഭ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുത്ത 20 പുസ്തകങ്ങളില്‍ ഒന്ന് എന്‍മകജെയായിരുന്നു. പുസ്തകത്തിന്റെ ഹിന്ദി പരിഭാഷ ഉടന്‍ പുറത്തിറങ്ങും.
എന്‍മകജെ ഇപ്പോള്‍ ഏഴ് സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമാണ്. പുസ്തകത്തിന്റെ റോയല്‍റ്റിതുകയും അവാര്‍ഡ് തുകയുമെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായാണ് നോവലിസ്റ്റ് ഉപയോഗിക്കുന്നത്.
സാമൂഹികവും പരിസ്ഥിതികവുമായ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് അവ വിഷയമാകുന്ന നോവലുകൾ ഇതിനു മുൻപും അംബികാസുതൻ മങ്ങാട് രചിച്ചിട്ടുണ്ട്
മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥയാണ് അംബികാസുതന്‍ മാങ്ങാട് എന്‍മകജെയിലൂടെ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ വിഷത്തിന് ഇരയായിത്തീര്‍ന്ന കാസര്‍കോട്ടെ എന്‍മകജ എന്ന ഗ്രാമവാസികളുടെ ദുരന്തത്തിലേക്ക് വിരല്‍ചൂണ്ടുന്നതോടൊപ്പം സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നതാണ് ഈ നോവല്‍. 25 വര്‍ഷം നീണ്ടു നിന്ന വിഷ പ്രയോഗം ഒരു നാടിനെ എല്ലാ രീതിയിലും നിശ്ശബ്ദമാക്കി എന്ന് നോവല്‍ അടിവരയിടുന്നു .
Click this button or press Ctrl+G to toggle between Malayalam and English