കുറ്റമുണ്ടെങ്കിലേ
കുമ്പസാരക്കൂടി-
നുത്തരമുള്ളൂ
തെറ്റുചെയ്തെങ്കിലേ
‘തീസീ’സുകൾക്കൊരു
തീപ്പൊരിയുള്ളൂ
പാപമുണ്ടെങ്കിലേ
പാർട്ടിക്കകത്തൊരു
പ്രാമാണ്യമുള്ളൂ
തോറ്റുപോയെങ്കിലേ
തോന്ന്യവാസിക്കൊരു
നേർക്കുനേരുള്ളൂ
തൊട്ടുപോയെങ്കിലേ
നായ്ക്കുരണപ്പൊടി-
ക്കാശ്ലേഷമുള്ളൂ
നാലെണ്ണമെങ്കിലേ
നായ്ക്കളിൻകൂട്ടത്തി-
നാഹ്ളാദമുള്ളൂ
കട്ടുതിന്നെങ്കിലേ
കാട്ടുപൂച്ചക്കൊരു
കെട്ടപേരുള്ളൂ
ആറിക്കഴിഞ്ഞാലേ
ആഹാരമോഹി-
ക്കൊരാശ്വാസമുള്ളൂ
എന്നുമുണ്ടെങ്കിലേ
എന്തിനെപ്പറ്റിയു-
മാവേശമുള്ളൂ
എങ്കിലെന്നാകിലേ
എന്റെയിപ്പേനയ്ക്കു-
മൈശ്വര്യമുള്ളൂ