എനിക്കെന്റെ വീട്

 

 

 

 

 

 

കറുമ്പി പൂച്ചയും ചെമ്പൻ മുയലും വെളുമ്പൻ പട്ടിയും നീലമ്മക്കുരുവിയും കളികൂട്ടുകാരായിരുന്നു . നേരം വെളുത്താൽ അന്തിയാകുന്നതുവരെ അവർ ഓരോതരം കളികൾ കളിച്ചുകൊണ്ടിരിക്കും.

കറുമ്പി പൂച്ച ചിലപ്പോൾ അവളുടെ കളിവണ്ടി വെളുമ്പൻ പട്ടിക്ക് ഉരുട്ടിക്കളിക്കാൻ കൊടുക്കും. വെളുമ്പൻ പട്ടി ചിലപ്പോൾ അവന്റെ കളിപ്പന്ത് ചെമ്പൻ മുയലിനു തട്ടിക്കളിക്കാനായി മാളത്തിനകത്തേക്ക് എറിഞ്ഞു കൊടുക്കും . ചെമ്പൻ മുയൽ ചിലപ്പോൾ കാട്ടിൽ നിന്ന് അപ്പൂപ്പൻ താടി കൊണ്ടുവന്ന് നീലമ്മക്കുരുവിക്ക് പറപ്പിക്കാൻ കൊടുക്കും . നീലമ്മക്കുരുവി ചിലപ്പോൾ മരത്തിലുള്ള പൂവള്ളികൾ നീട്ടിയിട്ട് കറുമ്പി പൂച്ചക്ക് ഊഞ്ഞാലുണ്ടാക്കിക്കൊടുക്കും.

ഇങ്ങനെ ഓരോ ദിവസവും അവർ രസകരമായ ഓരോരോ കളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു
കുറെ ദിവസം കഴിഞ്ഞപ്പോൾ പഴയ കളികളൊക്കെ അവർക്കു മടുത്തു. അവർ ഓരോരുത്തരും പുതിയ കളി കണ്ട് പിടിക്കാൻ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരുന്നു .

ഒരു ദിവസം കറുമ്പി പൂച്ച ഓടി വന്നിട്ട് കൂട്ടുകാരോട് പറഞ്ഞു .

” ചങ്ങാതിമാരെ ഒരു പുതിയ കളി ഞാൻ കണ്ട് പിടിച്ചിട്ടുണ്ട് രസികൻ കളി …!”

” എന്ത് കളിയാണ് ?” ചങ്ങാതിമാർ ചോദിച്ചു .

” വീടുമാറ്റം ..! .. ഒരു രാത്രി മുഴുവൻ നമുക്ക് തമ്മിൽ തമ്മിൽ വീടുകൾ മാറാം ?” കറുമ്പി പൂച്ച വിശദമാക്കി.

 

”ബൌ…… ബൌ …വീടുമാറ്റമോ? അതെങ്ങനെ?” വെളുമ്പൻ പട്ടി കറുമ്പി പൂച്ചയെ നോക്കി .

”കീ…. കീ… ” വീടുമാറ്റമോ? ” നീലമ്മക്കുരുവിക്കും കാര്യം മനസിലായില്ല.

” ഫിളിപ്പ് …….ഫ്ലോപ്പ്…… വീടുമാറ്റമോ ” ചെമ്പൻ മുയൽ അമ്പരന്നു.

 

കറുമ്പി പൂച്ച പറഞ്ഞു.

”ഞാൻ ഒരു രാത്രി നീലമ്മക്കുരുവിയുടെ വീട്ടിൽ താമസിക്കും കൂട് എനിക്കൊഴിഞ്ഞു തരണം .”

” അപ്പോൾ ഞാനോ?” നീലമ്മ ക്കുരുവി അന്വേഷിച്ചു .

”നീലമ്മക്കുരുവിക്ക്‌ വെളുമ്പൻ പട്ടിയുടെ വീടൊഴിഞ്ഞു കൊടുക്കണം അവൾ അവിടെ താമസിക്കും ”

” അപ്പോൾ ഞാനോ ? ”ചെമ്പൻ മുയൽ ചോദിച്ചു.

” ചെമ്പൻ മുയലിനു ഞാൻ താമസിക്കുന്ന അടുപ്പിന്റെ മൂല ഒഴിഞ്ഞു കിട്ടും. എന്താ വിദ്യ കൊള്ളാമോ ?” കറുമ്പി പൂച്ച എല്ലാവരെയും മാറി മാറി നോക്കി .

” കൊള്ളാം… കൊള്ളാം …” വെളുമ്പൻ പട്ടിയും ചെമ്പൻ മുയലും നീലമ്മക്കുരുവിയും ഒന്നിച്ച് സമ്മതം മൂളി .

അന്ന് വൈകീട്ട് തന്നെ പുതിയ കളി കളിച്ചു നോക്കാൻ അവർ നിശ്ചയിച്ചു . സന്ധ്യയാകുന്നതും കാത്ത് നാല് ചങ്ങാതിമാരും അക്ഷമരായി കാത്തിരുന്നു. നേരം സന്ധ്യമയങ്ങാൻ തുടങ്ങിയായപ്പോൾ കറുമ്പി പൂച്ച മരങ്ങളിൽ കൂടി അള്ളിപ്പിടിച്ച് കയറി അത്തിമരത്തിന്റെ കൊമ്പിലുള്ള നീലമ്മക്കുരുവിയുടെ കൂട്ടിൽ കയറിയിരുന്നു.

വെളുമ്പൻ പട്ടി വേഗം മൂളിയും ഞരങ്ങിയും ചെമ്പന്മുയലിന്റെ ചെറിയ മാളത്തിൽ കയറി പറ്റി .

ചെമ്പൻ മുയൽ വേഗം അടുക്കളയിലെ അടുപ്പിന്റെ മൂലക്കുള്ള ചാരക്കൂമ്പാരത്തിൽ ചുരുണ്ട് കൂടി.

നീലക്കുരുവി തൊഴുത്തിനടുത്തുള്ള വൈക്കോൽ തുറുവിൽ കയറി.

നേരം കുറെ കൂടി വൈകി. എന്നിട്ടും നീലമ്മക്കുരുവിയുടെ കൂട്ടിലിരുന്ന കറുമ്പി പൂച്ചക്ക് ഉറക്കം വന്നില്ല . കൂട്ടിനകത്തെ ചുള്ളിക്കമ്പുകളൊക്കെ കറുമ്പി പൂച്ചയുടെ വയറിനും മുതുകിനും തറച്ച് ശല്യമുണ്ടാക്കി . അവൾ കൂട്ടിലിരുന്ന് ‘ മ്യാവു മ്യാവു എന്ന് കരഞ്ഞു കൊണ്ടിരുന്നു.

ചെമ്പൻ മുയലിന്റെ മാളത്തിൽ ഞെങ്ങി ഞെരുങ്ങി കിടന്നിരുന്ന വെളുമ്പൻ പട്ടിക്കും കണ്ണൊന്നു പൂട്ടാൻ കഴിഞ്ഞില്ല . അവൻ ‘ ബൌ …ബൌ..ബൌ..” എന്ന് ഞരങ്ങിക്കൊണ്ടിരുന്നു.

കാലിതൊഴുത്തിന്റെ മൂലയിലുള്ള വൈക്കോൽ തുറുവിൽ കിടന്ന് നീലമ്മക്കുരുവിക്കും ഉറങ്ങാൻ കഴിഞ്ഞി ല്ല. പശുക്കളുടെ ചീറ്റലും തുമ്മലും കേട്ട് അവൾ പേടിച്ച് പോയി.

നേരം കുറെ കൂടി വൈകി . പെട്ടന്ന് വലിയൊരു കാറ്റ് വീശാ ൻ തുടങ്ങി . അത്തി മരത്തിന്റെ കൊമ്പിലിരുന്ന നീലമ്മക്കുരുവിയുടെ കൂട് കാറ്റിൽ ആടിയുലഞ്ഞു.. അതിനകത്തിരുന്ന കറുമ്പി പൂച്ച പേടിച്ച് വിറച്ച് തന്നത്താൻ പറഞ്ഞു.

” അയ്യോ , ഈ കൂട്ടിൽ ഇനിയും പാർക്കാൻ ഞാനില്ല എനിക്ക് എന്റെ വീട് തന്നെയാണ് നല്ലത്!”

കറുമ്പി പൂച്ച ‘മ്യാവു മ്യാവു ‘ എന്ന് കരഞ്ഞുകൊണ്ട് താഴേക്കു ചാടി.

നേരം കുറെ കൂടി വൈകി . പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി . മഴവെള്ളം ഒഴുകി ചെന്ന് മുയലിന്റെ മാളത്തിൽ നിറഞ്ഞു. അതിനകത്തിരുന്ന വെളുമ്പൻ പട്ടി തണുത്ത് വിറച്ച് തന്നത്താൻ പറഞ്ഞു .

” അയ്യോ , ഈ മാളത്തിൽ ഇനിയും പാർക്കാൻ ഞാനില്ല എനിക്ക് എന്റെ വീട് തന്നെയാണ് നല്ലത്”

വെളുമ്പൻ പട്ടി ”ബൌ….. ബൌ ..” എന്ന് കുരച്ചുകൊണ്ട് ഉരുണ്ടും പിരണ്ടും മാളത്തിൽ നിന്നും പുറത്ത് ചാടി.

നേരം കുറെ കൂടി ശക്തമായി. അടുപ്പിന്റെ മൂലക്കുള്ള ചാരത്തിൽ ചുരുണ്ട് കിടന്ന മുയലിന്റെ പഞ്ഞിക്കുപ്പായത്തിൽ ഒരു തീപ്പൊരി പറന്നു വീണു. ഇത് കണ്ട് പേടിച്ചരണ്ട ചെമ്പൻ മുയൽ തന്നത്താൻ പറഞ്ഞു.

” അയ്യോ , ഈ അടുപ്പിന്റെ മൂലയ്ക്ക് ഇനിയും ചുരുണ്ട് കൂടാൻ ഞാനില്ല എനിക്ക് എന്റെ വീട് തന്നെയാണ് നല്ലത്”

ചെമ്പൻ മുയൽ ‘ ഫ്ലിപ്പ്…. ഫ്‌ളാപ്പ് ..” എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ചാടിച്ചാടി പുറത്ത് കടന്നു.

നേരം കുറെ കൂടി വൈകി. കാറ്റിൽ പെട്ട ഒരു തെങ്ങ് മറിഞ്ഞ് തൊഴുത്തിനരുകിൽ വന്നു വീണു. പശുക്കൾ പേടിച്ചമറാൻ തുടങ്ങി. ഇതുകേട്ട സ്വൈര്യമില്ലാതായ നീലമ്മക്കുരുവി തന്നത്താൻ പറഞ്ഞു .

” അയ്യോ , ഈ വൈക്കോൽ തുറുവിൽ പാർക്കാൻ ഞാനില്ല എനിക്കെന്റെ വീട് തന്നെയാണ് നല്ലത് !…”

നീലമ്മക്കുരുവി ” കീ……. കീ ..” എന്ന് കരഞ്ഞുകൊണ്ട് വൈക്കോൽത്തുറുവിൽ നിന്നും ചാടിയിറങ്ങി പുറത്തേക്കു പറന്നു.

നേരം കുറെ കൂടി വൈകി. കാറ്റും മഴയും നിന്നു . ആകാശം തെളിഞ്ഞു . അപ്പോൾ നാല് ചങ്ങാതിമാർ തമ്മിലറിയാതെ സ്വന്തം വീടുതേടി അലയുന്നത് കാണാമായിരുന്നു. കറുമ്പി പൂച്ചയും വെളുമ്പൻ പട്ടിയും ചെമ്പൻ മുയലും നീലമ്മക്കുരുവിയും ആയിരുന്നു ആ കൂട്ടുകാർ .

ഒടുവിൽ കറുമ്പി പൂച്ച അടുപ്പിന്റെ മൂലക്കുള്ള ചാരക്കൂമ്പാരത്തിലെത്തി ചുരുണ്ട് കൂടി. വെളുമ്പൻ പട്ടി തൊഴുത്തിനകത്തെ വൈക്കോൽ തുറു കണ്ട് പിടിച്ച് അതിനകത്ത് ഒതുങ്ങി കൂടി .

ചെമ്പൻ മുയൽ താൻ ജനിച്ചു വളർന്ന ചെറിയ മാളത്തിൽ തിരിച്ചെത്തി . നീലമ്മക്കുരുവി അത്തിമരത്തിന്റെ കൊമ്പിലുള്ള തന്റെ കുഞ്ഞി കൂട്ടിനുള്ളിൽ തല ചായ്ച്ചു .

സ്വന്തം, വീട്ടിലെ പോലെ സുഖം മറ്റെങ്ങും കിട്ടുകയില്ലെന്ന് ആ നാല് ചങ്ങാതിമാർക്കും ബോധ്യമായി . അവർ വീണ്ടും സന്തോഷത്തോടെ ഉറങ്ങി.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here