എനിക്ക് എന്റെ തടി,നിനക്കു നിന്റെ തടി..!

artistic-gymnastics-rings-pictogram-bags-backpacks-men-s-organic-t-shirt
കുറെ നാളായി ഭാര്യ പറയുന്നതാണ് മനുഷ്യാ,നിങ്ങൾ ഈ തടിയും വയറുമൊന്ന് കുറയ്ക്കെന്ന്.അല്ലെങ്കിൽ പാടത്ത് വെച്ചിരിക്കുന്ന കോലത്തിന്റെ മട്ടിൽ സ്ളിം ബ്യൂട്ടിയായി നടക്കുന്ന അവൾക്ക് എന്നോടൊപ്പം നടക്കാൻ കുറച്ചിലാണു പോലും.തടി കുറക്കാൻ ആഗ്രഹമില്ലാതിരുന്നിട്ടല്ല,ഓരോരുത്തർ പറഞ്ഞു തരുന്ന വ്യായാമങ്ങൾ ചെയ്തു വരുമ്പോൾ ഇപ്പോഴുള്ള സമയം തികയാതെ വരും.അല്ലെങ്കിൽ തന്നെ അളന്നു തൂക്കിയുള്ള ഒരു സമയക്രമത്തിലാണ് കാര്യങ്ങളുടെ പോക്ക്.രാവിലെ ഓടിപ്പിടിച്ച് റെഡിയായി റോഡിൽ വരുമ്പോൾ റെയിൽവെ സ്റ്റേഷനിലേക്കുള്ള് ബസ്സ് പോയിട്ടുണ്ടാവും.അടുത്ത ബസ്സ് പിടിച്ചു ചെല്ലുമ്പോൾ ട്രെയിനും പോയിട്ടുണ്ടാവും.തിരികെ ബസ് സ്റ്റോപ്പിൽ വന്ന് ബസ്സിലാണ് പലപ്പോഴും ഓഫീസിലേക്കുള്ള യാത്ര.അവിടെ പത്ത് മണിക്ക് മുമ്പെത്തിയാൽ അതു തന്നെ ഭാഗ്യം.
അങ്ങനെ പോകുന്നതിനിടയിൽ വയറും തടിയും കുറയ്ക്കാൻ രാവിലെ വ്യായാമവും കൂടി ചെയ്യാൻ തുടങ്ങിയാൽ എന്താവും സ്ഥിതി?.എങ്കിലും ഒരു ഒത്തുതീർപ്പെന്ന നിലയിൽ വാട്സാപ്പിൽ നിന്നോ ഫെയിസ് ബുക്കിൽ നിന്നോ പ്രിയതമയ്ക്ക് കിട്ടിയ ഒരു ഒറ്റമൂലി പരീക്ഷിക്കാമെന്ന് തീരുമാനിച്ചു.പൊതീനയും ചെറുനാരങ്ങയും ഇഞ്ചിയും കുക്കുമ്പറുമൊക്കെ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ച ആ നാളുകളാണ് എന്റെ ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ ദിനങ്ങൾ എന്ന് വേണമെങ്കിൽ പറയാം.വണ്ണം കുറഞ്ഞില്ലെന്ന് മാത്രമല്ല കുറയ്ക്കാനുള്ള സാധനങ്ങൾ വാങ്ങിയ വകയിൽ പോക്കറ്റിലെ കാശു കുറഞ്ഞത് മിച്ചം.അതോർത്തുള്ള ടെൻഷൻ മൂലമെങ്കിലും അൽപം വണ്ണം കുറഞ്ഞാൽ മതിയായിരുന്നു.
ഒരു ദിവസം പത്രം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് എതോ പരസ്യവും കാണിച്ചു കൊണ്ട് പ്രിയതമ ഓടിവന്നത്. ’’ഇതു കണ്ടോ,അല്ലെങ്കിൽ തന്നെ ഈ ചേട്ടൻ ആവശ്യമുള്ളതൊന്നും കാണില്ല..’’ അവളുടെ ഓട്ടവും വെപ്രാളവുമൊക്കെ കണ്ടപ്പോൾ ഞാൻ കാണാതെ പോയ വല്ല വാർത്തയും കണ്ടുപിടിച്ചു കൊണ്ടു വരികയാണോ എന്ന് സംശയിച്ചു.അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് ടാക്സ് വേണ്ടെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച വാർത്ത വായിച്ചതു പോലുള്ള സന്തോഷം അവളുടെ മുഖത്തുണ്ട്.
അതൊന്നുമല്ല് കാര്യമെന്ന് അടുത്തു വന്നപ്പോഴാണ് മനസ്സിലായത്.അവൾ കാണിച്ച പരസ്യം സ്ഥിരം കാണുന്നതാണ്.അതുകൊണ്ട് അത്ര കാര്യമായി അതു ശ്രദ്ധിക്കാറുമില്ല്.ഒരോ പരസ്യവും വായിച്ച് അതിന്റെ പുറകെ പോകാൻ തുടങ്ങിയാൽ പിന്നെ അതിനല്ലെ സമയം കാണൂ .’കടന്നു വരൂ,തടി കുറയ്ക്കാം’ എന്നാണ് തലക്കെട്ട്.എതോ പച്ചമരുന്നാണ്.വർഷങ്ങളോളമുള്ള ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമായി വികസിപ്പിച്ചെടുത്തതാണെന്നാണ് അവകാശ വാദം.ഇനി നമ്മൾ കൂടി ഉപയോഗിച്ച് തടി കുറച്ചാൽ മതിയെന്ന മട്ടിലാണ് പരസ്യത്തിന്റെ പോക്ക്. തമാശ അതല്ല,അതിനോടൊപ്പം തന്നെ തടി കൂട്ടാനുള്ള മരുന്നിന്റെ പരസ്യവുമുണ്ട്.അതും ഈ കമ്പനിയുടെത് തന്നെ.ഏതൊക്കെ വഴിയാണ് കാശുവരുന്നതെന്ന് ആരു കണ്ടു?ഇക്കാര്യം ഭാര്യയുടെ ശ്രദ്ധയിൽ പെടുത്തി ‘’.മരുന്നു വാങ്ങാൻ നമുക്ക് ഒരുമിച്ച് തന്നെ പോകാം.വണ്ണം കൂട്ടാനുള്ള മരുന്നുമുണ്ടല്ലോ..’’
‘’തൽക്കാലം നിങ്ങളൊന്ന് വാങ്ങി പരീക്ഷിചു നോക്ക്.ശരിയാകുകയാണെങ്കിൽ ഞാനും വരാം.അല്ലെങ്കിൽ തന്നെ എനിക്ക് അത്ര തടി കുറവൊന്നുമില്ല.നിങ്ങൾ ഇടക്കിടയ്ക്ക് വഴക്കിടുന്നതു കൊണ്ടാണ് ഞാൻ നന്നാകാത്തത്..’’ അത് ശരിയാണ്,സ്വഭാവം കൂടി അൽപ്പം നന്നായിരുന്നെങ്കിൽ അവളെന്നേ നന്നായേനെ എന്ന് ഞാൻ മനസ്സിൽ ഓർത്തു.ഏതായാലും നാളെയാകട്ടെ ഞാൻ തന്നെ പോയി നോക്കാം..എപ്പോഴും പരീക്ഷണ വസ്തു ഞാൻ തന്നെയാണല്ലോ..
പിറ്റേന്ന് രാവിലെ പത്രമെടുത്ത് നിവർത്തുമ്പോൾ ആദ്യം കണ്ടത് തടിയൻ അക്ഷരങ്ങളിൽ കൊടുത്തിരിക്കുന്ന ആ വാർത്ത തന്നെയാണ്. ’’വ്യാജഡോക്ടർ അറസ്റ്റിൽ’’—- വർഷങ്ങളായി തടി കൂട്ടാനും കുറയ്ക്കാനുമുള്ള മരുന്നെന്ന പേരിൽ വ്യാജമരുന്ന് വിറ്റ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു.മരുന്ന് കഴിച്ച് ഒരു ഫലവും കിട്ടാതിരുന്ന സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പരാതിയിലാണ് റെയ്‌ഡും അറസ്റ്റും..
ഭാര്യയെ വിളിച്ച് വാർത്ത കാണിച്ചു കൊടുത്തപ്പോഴാണ് എനിക്കൊരു സമാധാനമായത്.ഏതായാലും ഇനിയെങ്കിലും നമ്മൾ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു,എനിക്ക് എന്റെ തടി,നിനക്കു നിന്റെ തടി..!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇതൊരു മാരകരോഗം
Next articleകലിപാകം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here