ആ നായക്ക് മുന്ന് മക്കൾ ഉണ്ടായിരുന്നു. രണ്ടു ആണും ഒരു പെണ്ണും. കൂലിപ്പണിക്കാരനായ രാമുവിന്റെ വീട്ടിലെ വൃത്തികെട്ട തൊഴുത്തിലെ
ഒരു മൂലയിലായിരുന്നു അവർ താമസിച്ചിരുന്നത്. വല്ലപ്പോഴും മാത്രം ആഹാരം. അതും രാമുവും ഭാര്യയും കുട്ടികളും കഴിച്ചതിന്റെ മിച്ചം വരുന്ന ശകലം ആഹാരം.
ആൺ പട്ടികളിൽ ഒരുത്തൻ സുന്ദരനായിരുന്നു. കറുപ്പിൽ വെള്ള പുള്ളികൾ ഉള്ള ഓമനത്തം തോന്നുന്ന സുന്ദരൻ. സുന്ദരനായ മകനെ ചേർത്ത് പിടിച്ചു ‘അമ്മ പറയുമായിരുന്നു. “അച്ഛനെ പോലെ തന്നെ”
ഒരു ദിവസം വിലപിടിപ്പുള്ള കാറിൽ, ഒരു സ്ത്രിയും പുരുഷനും ആ വീടിന്റെ മുമ്പിൽ വന്നിറിങ്ങി. രാമു ഇറങ്ങി ചെന്ന് അവരെ വീട്ടിലേക്കു ആനയിച്ചു. അവർ നേരെ തൊഴുത്തിന്റെ വശത്തേക്ക് വന്നു. ‘അമ്മ പട്ടി ചെവി വട്ടം പിടിച്ചു. അവർ പറയുന്നത് കേട്ടു. “ഞങ്ങൾക്ക് ആ കറുത്ത പട്ടികുട്ടിയെ മതി, എത്ര രൂപ വേണം”
“നിങ്ങള്ക്ക് ഇഷ്‌ടം ഉള്ളത് താ”
അവർ കുറച്ചു നോട്ടുകൾ രാമുവിന് കൈമാറി. അമ്മയെ ചേര്‍ന്നു നിന്ന് സുന്ദരനായ ആ പട്ടിക്കുട്ടി പറഞ്ഞു ” അമ്മേ എനിക്ക് അമ്മയെ വിട്ടു പോകാൻ വയ്യ”.
“എടാ, നീ അവരുടെ കാറു കണ്ടോ, വലിയ കാശുകാരാ, നിന്നെ അവർ പൊന്നുപോലെ നോക്കും, ഞങ്ങളെ ഓര്‍ത്തു നീ വിഷമിക്കേണ്ട” അമ്മ പറഞ്ഞു: എത്ര പട്ടിണിയായാലും എനിക്ക് അമ്മയെ വിട്ടുപോകണ്ട, വേണ്ട ഞാൻ ഇവിടെ അമ്മയോടെപ്പം താമസിക്കാം. അല്ലെങ്കിൽ നമ്മൾക്കു ഇവിടെ നിന്നും ഓടിപ്പോകാം”. മകന് വന്ന സൗഭാഗ്യം തട്ടി തെറിപ്പിക്കുവാൻ ആ അമ്മക്ക് മനസ് വന്നില്ല.
“എവിടെ പോകും, നീ പറ, ആ ചോദ്യത്തിന് മുമ്പിൽ അവൻ അന്തംവിട്ടു നിന്നു.
മകന്റെ കരച്ചിൽ അകന്നു പോകുന്നതും കേട്ടു ആ ‘അമ്മ രണ്ടു മക്കളെ ചേര്‍ത്തുപിടിച്ചു, അവരോടു പറഞ്ഞു” എല്ലാവരും ഒരിക്കൽ വേർപിരിയും, അവൻ നമ്മൾ കണ്ട ഒരു സ്വപ്നം ആയിരുന്നു”.