എല്ലാം എടുക്കുന്ന കാലം
നീയെന്റെ ഓർമ്മകൾ എടുത്തു
നന്മകൾ പെയ്യും മനമെടുത്തു
നീ എൻറെ പുലരികൾ എടുത്തു
പതിവുപോൽ പെയ്യുന്ന
വാക്കിൻറെ ഉറവിടം
എല്ലാം എടുത്തു നീ കാലം
എല്ലാം എനിക്കിന്ന് അന്യം.
ഓണത്തുമ്പിയും മലരുകളും
പൂനിലാ ചോലയും പൗർണമിയും
രുചിഭേദം അറിയിക്കും നാവും
മാതൃത്വഭൂമിതൻ സ്പർശനമറിയുമീ
കാലിൻ സ്പന്ദന വ്യൂഹവും
എല്ലാം എടുത്തു നീ കാലം.
നയനത്തിൻ ദർശന സുഖവും
മർത്യജന്മത്തിൻ പുണ്യവും സുകൃതവും
മലരണിഞ്ഞെത്തും ഈ പ്രകൃതിയും
കിന്നാരം ചൊല്ലും കുറുമ്പിയാം
കുയിലും
വഴികളിൽ ചാഞ്ചാടും പുൽക്കൊടിയും
മലയാളമേ നിൻ നന്മയും
എല്ലാം കവർന്നു ഈ കാലം.
പുലരിയിൽ പെയ്യുന്ന നീർമണി തുള്ളിയും
അതിൽ ഞാൻ അലിയും അനുഭവ നിമിഷവും
അതിലെൻ മാനസം കുളിരും മുഹൂർത്തവും
അവയെല്ലാം കവർന്നു നീ കാലം. (2)
മഴയിൽ ഉലഞ്ഞിടും മാവിൻ ചുവട്ടിലായി പഴമാങ്ങ നുകരുന്ന ബാല്യവും
അതിലോലം അതിരില്ലാ ബാല്യവും സഹജരും
എല്ലാം മറവിയിൽ ആക്കി നീ കാലമേ
എല്ലാം മറവിയിൽ ആക്കി.
മൃദുലമാം പ്രണയത്തിൻ വിരലുകൾ ഓടുന്ന
കരളിൻറെ അനുഭൂതി നീ എടുത്തു.
കവിതകൾ പെയ്യുന്ന മാനസം നൽകുന്ന
അതിലോല അനുഭവം നീയെടുത്തു.
എല്ലാം എടുക്കുന്ന കാലമേ
തന്നിടൂ ഒരു പുണ്യജന്മവും കൂടി
ഈ ഭൂവിൽ ഒരു പുണ്യജന്മവും കൂടി.
അതി ദ്രുതം മാറുന്നീ കാലങ്ങൾ വേണ്ട ഇനി
മലയാള പഴമതൻ അനുഭവം
അതിലൂടെയാകണം ജീവിതം ജന്മവും
മാമ്പൂ മണക്കുന്ന ബാല്യവും
നാട്ടുവഴികളും നാടൻ കളികളും
പ്രണയം തുളുമ്പും കൗമാരവും
മലയാളി പെണ്ണിൻ മാനസവും
ഒളിമിന്നും കോവിലിൽ ദൈവവും
എല്ലാ മടങ്ങുന്ന മലയാളക്കരയാണ് അന്നെൻ
മനസ്സിൻറെ പുണ്യം.