എലിപ്പത്തായം


വലിയ രണ്ടു കുന്നുകളുടെ താഴ്വാരത്തിലുള്ള ആ വീട് അയാളുടെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. നിറയെ വൃക്ഷങ്ങളും പൂക്കളും പക്ഷികളും ശലഭങ്ങളും നിറഞ്ഞ ഒരിടം. എങ്ങോട്ടു നോക്കിയാലും മനം നിറയ്ക്കുന്ന പച്ചപ്പു കാണണം. പ്രിയംവദയുടെയും ആഗ്രഹം അതായിരുന്നു.

അങ്ങനെയാണ് മഹാനഗരത്തിലെ ഔദ്യോഗിക ജീവിതം അവസാനിച്ചപ്പോള്‍ ഇവിടം തന്നെ തിരഞ്ഞെടുത്തത്. നിശബ്ദ സംഗീതം പോലെ പെയ്യുന്ന ആ താഴ്വരയും വീടും ഇപ്പോള്‍ അയാളൂടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. അവിടം വിട്ടു പോകുവാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല.

വല്ലപ്പോഴും ബാങ്കില്‍ പോകുവാന്‍ ടൗണ്‍ വരെയൊന്നു പോകും. പിന്നെ പോകുന്ന ഒരിടം കുന്നിന് മുകളീല്‍ ഭഗവതി ക്ഷേത്രമാണ്. അയാള്‍ വലിയൊരു ഭക്തനൊന്നുമായിരുന്നില്ല. പ്രിയംവദയ്ക്കു അകമ്പടിയായിട്ടാണ് ആദ്യമൊക്കെ അയാള്‍ പോയിരുന്നത്. പിന്നീട് അവിടം അയാളെ ആകര്‍ഷിക്കുവാന്‍ തുടങ്ങി. കാവും കുളങ്ങളുമൊക്കെ നിറഞ്ഞ സമൃദ്ധമായ കാഴ്ചകള്‍ പ്രിയംവദ തൊഴാന്‍ കയറുമ്പോള്‍ അയാള്‍ കുളത്തിന്റെ കല്പ്പടവില്‍ പോയിരിക്കും. അവിടെ ആ ജലാശയത്തില്‍ നീല മേഘങ്ങള്‍ നീന്താനിറങ്ങുന്നതു കാണാം. ചെറിയ പരല്‍ മീനുകള്‍ മിന്നാമിനുങ്ങുകള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്നതും താഴുന്നതും കാണാം.

അപ്പോഴൊക്കെ അയാള്‍ക്ക് ഗ്രാമത്തിലെ സ്വന്തം ബാല്യം ഓര്‍മ്മവരും.

തറവാട്ടിലെ വലിയ വീടും കുളപ്പടവുകളും കാവും നിറയെ സ്നേഹം പകര്ന്നിരുന്ന കുറെ മുഖങ്ങളും ഓര്‍മ്മയില്‍ നിറയും. എന്താണെന്നറിയില്ല അപ്പോഴൊക്കെ അയാളുടെ കണ്ണുകളില്‍ നനവു വരും

വീട് ഒരു അഭയമായിരുന്നു അന്നും ഇന്നും അയാള്‍ക്ക്.

കുന്നിന്‍ ചെരുവിലെ ഈ വീട് പണിയുമ്പോഴും പഴയ തറവാടു വീടായിരുന്നു മനസില്‍. അത്രയും വലുതല്ലങ്കിലും അതു പോലൊരു വീട് നാലുകെട്ടും നടുമുറ്റവും തുളസിത്തറയും വരാന്തയും പത്തായപ്പുരയുമൊക്കെയുള്ള ഒരു വീട്.

ശ്രീനിലയം എന്ന പേരു നല്‍കുമ്പോള്‍ മകള്‍ ശ്രീലക്ഷ്മിയായിരുന്നു മനസു നിറയെ.

പക്ഷെ ആ വീടുകാണുവാന്‍ അവള്‍ ഇതുവരെ…..

ഇപ്പോള്‍ ഈയിടെയായി മറ്റൊരു പ്രശ്നം അയാളെ അല്ലാതെ അലട്ടുന്നു. ആദ്യം അതൊരു ചെറിയ പ്രശ്നമായിരുന്നു. പിന്നീടതു വളര്‍ന്ന് ആഗോള പ്രശ്നമായി മാറിയിരിക്കുന്നു.

ഒരു മൂഷികനാണു കഥാപാത്രം.

പത്തായപ്പുരയിലെ അരിച്ചാക്കിനടിയിലാണ് പ്രത്യക്ഷപ്പെട്ടത്. എലിയെ കണ്ടതും പ്രിയംവദ വല്ലാത്ത അലര്‍ച്ചയോടെ അയാള്‍ക്കരികിലേക്ക് ഓടി വന്നത്.

”എന്തു പറ്റി?”

നിന്നു കിതക്കുന്നതിനിടയിള്‍ അവള്‍ പറഞ്ഞൊപ്പിച്ചു.

”പത്തായപ്പുരയില്‍ ഒരെലി”

അയാള്‍ക്ക് ചിരിയാണു വന്നത്.

”ചിരിക്കണ്ട എനിക്കു പേടിയാ”

”നമുക്കതിനെ ഓടിച്ചു കളയാം നീ പേടിക്കണ്ട”

അയാള്‍ ഒരു കമ്പെടുത്ത് പത്തായപ്പുരയിലേക്കു കയറിയതും എലി ചാടി മച്ചിന് മുകളിലേക്ക് ഓടി മറഞ്ഞു.

ഇപ്പോള്‍ ചിരിച്ചത് പ്രിയംവദ ആയിരുന്നു. ആ ചിരിയിലെ പുച്ഛം അയാള്‍ നന്നായി ആസ്വദിച്ചു.

അപ്പോഴാണ് അയാള്‍ക്ക് ഗോപാലനെ ഓര്‍മ്മ വന്നത്. ഗോപാലന്‍ അയാളുടെ അവിടത്തെ ആകെയുള്ള ഒരു സഹായി ആയിരുന്നു. എന്തു പറഞ്ഞാലും മടി കൂടാതെ അനുസരിക്കുന്ന സ്നേഹനിധിയായ ഒരു മനുഷ്യന്‍.

സത്യത്തില്‍ ഗോപാലന്‍ ഒരാശ്വാസമായിരുന്നു അയാള്‍ക്ക്.

അയാള്‍ ഗോപാലനില്‍ അഭയം പ്രാപിച്ചു. പിറ്റേന്ന് ഗോപാലന്‍ വന്നത് കയ്യിലൊരു കദളിപ്പഴവും എലിവിഷവുമായിട്ടായിരുന്നു. ചുട്ടെടുത്ത കദളിപ്പഴത്തില്‍ എലിവിഷം പുരട്ടി ഗോപാലന്‍ പത്തായപ്പുരയിലെ അരിച്ചാക്കിനടിയില്‍ വച്ചു .എന്നിട്ട് ഒരു ജേതാവിനേപ്പോലെ അവന്‍ പറഞ്ഞു ” ഇതോടെ അവന്റെ പണീ തീരും”

പിറ്റേന്ന് പത്തായപ്പുരയില്‍ അയാള്‍ ചെന്നു നോക്കി കദളിപ്പഴം അവിടെയില്ല. എലിയുടെ ജഡം തിരഞ്ഞു നടന്ന അയാള്‍ക്കു മുന്നിലേക്ക് പ്രിയംവദ വീണ്ടും കടന്നു വന്നു. കയ്യില്‍ എലി കരണ്ട അയാളുടെ പുതിയ കുപ്പായം. അവള്‍ പറഞ്ഞു.

” ദേ നോക്ക് കാവിലെ പൂരത്തിനു പോകാന്‍ ഞാന്‍ ഇസ്തിരിയിട്ടു വച്ചതാ”

അയാള്‍ക്കപ്പോള്‍ ദേഷ്യം മാത്രമല്ല സങ്കടവും വന്നു. കഴിഞ്ഞ ഓണത്തിനു ശ്രീക്കുട്ടി അയച്ചു തന്ന കുപ്പായമാണ് അവന്‍ ആ ദ്രോഹി കരണ്ടു നശിപ്പിച്ചിരിക്കുന്നു .

അപ്പോള്‍ പെട്ടന്നു ഫോണ്‍ ശബ്ദിച്ചു.

”ശ്രീക്കുട്ടിയാകും..”

പ്രിയംവദ ഓടിച്ചെന്നു ഫോണ്‍ എടുത്തു. പിന്നെ എല്ലാം മറന്നുള്ള വര്‍ത്തമാനങ്ങളാണ്.

വീട്ടു വിശേഷങ്ങള്‍, നാട്ടുവിശേഷങ്ങള്‍, ബന്ധുക്കളുടെ വിവരങ്ങള്‍, അച്ഛന്റെ ആരോഗ്യപ്രശ്നങ്ങള്‍, എല്ലാം കഴിയുമ്പോള്‍ ആവര്‍ത്തിക്കുന്ന ഒരു ചോദ്യമുണ്ട്.

”അടുത്ത ഓണത്തിനു നീ വരുമോ ”

വരും എന്നവള്‍ വാക്കും കൊടുക്കും. ആ വാക്ക് അയാള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അവളുടെ കുട്ടിക്ക്, തന്റെ പേരക്കുട്ടിക്ക് ഇപ്പോള്‍ എത്രയായ് കാണും നാലോ അതോ അഞ്ചോ?

ഓര്‍മ്മകളൊന്നും ശരിയാവുന്നില്ല. ഓസ്ട്രേലിയയിലെ പ്രവാസജീവിതത്തില്‍ വേരുകള്‍ അവള്‍ മറന്ന പോലെ.

ഒന്നു മതി എന്നു തീരുമാനിച്ചത് ഉള്ളിലെ സ്നേഹം മറ്റാര്‍ക്കും പകര്‍ന്ന് പോകാതിരിക്കാനായിരുന്നു. അതൊരു സ്വാര്‍ത്ഥതയായിരുന്നെന്ന് അപ്പോള്‍ അയാള്‍ക്കു തോന്നി പ്രിയംവദക്കും.

പിറ്റേന്ന് ഗോപാലന്‍ വീണ്ടുമെത്തി.

തലേന്നത്തെ സംഭവം പ്രിയംവദ നന്നായ് വിവരിച്ചു കാണും. ഗോപാലന് വന്നത് വലിയ രണ്ട് എലിപ്പെട്ടികളുമായിട്ടായിരുന്നു. ഇത്തവണ അവന്‍ കുടുങ്ങിയതു തന്നെ. ഗോപാലന്റെ വാക്കുകളില്‍ വല്ലാത്ത ആത്മവിശ്വാസം. അത് അയാളിലും വല്ലാത്ത പ്രതീക്ഷകളുണ്ടാക്കി. കാരണം ആ മൂഷികന്‍ അത്രക്കും അപകടകാരിയായിരുന്നു. ആദ്യമൊക്കെ പത്തായപ്പുരയില്‍ ഒതുങ്ങി നിന്നിരുന്ന അവന്‍ തന്റെ സാമ്രാജ്യം വലുതാക്കി കിടപ്പുമുറിയിലും അടുക്കളയിലും എന്നു വേണ്ട സ്വീകരണ മുറിയിലും പൂജാമുറിയിലുമൊക്കെ അവന്‍ താവളമാക്കി.

എങ്ങിനെയാണ് ഒരു മൂഷികന്‍ അവര്‍ക്കു രണ്ടാക്കുമിടയിലെ ആഗോളപ്രശ്നമാകുന്നതെന്ന് അയാള്‍ അറിഞ്ഞു. അതിന്റെ നോവും പ്രതിഷേധവും അയാളില്‍ നിറഞ്ഞു.

എലിപ്പെട്ടി രണ്ടിടങ്ങളില്‍ സ്ഥാപിച്ച് ഗോപാലന്‍ മടങ്ങി.

പിറ്റേന്ന് വലിയൊരു ആഹ്ലാദത്തോടെയാണ് പ്രിയംവദ ആ വാര്ത്ത പറയാന്‍ വരാന്തയില്‍, രാവിലെയുള്ള പതിവു പത്രവായനയില്‍ മുഴുകിരിക്കുകയായിരുന്നു അയാള്‍. ” ദേ അവന്‍ കുടുങ്ങി പത്തായപ്പുരയിലെ ഗോപാലന്‍ വച്ച കെണിയില്‍ അവന്‍ കുടുങ്ങി”

അയാള്‍ പത്തായപ്പുരയില്‍ ചെന്നു.

അരിച്ചാക്കിനു മുകളില്‍ വച്ചിരുന്ന എലിപ്പെട്ടിയില്‍ മൂഷികന്റെ വീരപരാക്രമം. ഒരു ജേതാവിനേപ്പോലെ അയാള്‍ ആ പെട്ടി കയ്യിലെടുത്തു എന്നിട്ടു പുറത്തേക്കു നടന്നു.

പുറകെ പ്രിയംവദയും.

”എങ്ങിനെ ഇതിനെ കൊല്ലും?”

”വെള്ളത്തില്‍ മുക്കി കൊല്ലാം”

പ്രിയംവദ ഒരു അനുഭവസ്ഥയെപ്പോലെ പറഞ്ഞു.

ഉപായം നല്ലതാണെന്നു അയാള്‍ക്കു തോന്നിയെങ്കിലും ജലം മലിനമാക്കുന്ന ഒന്നിനും കൂട്ടു നില്‍ക്കാന്‍ അയാളുടെ മനസനുവദിച്ചില്ല.

അയാള്‍ പ്രഖ്യാപിച്ചു.

”ഈ ആഗോള ഭീകരനെ ചാക്കിലാക്കി അടിച്ചു കൊല്ലാം”

പ്രിയംവദ അകത്തേക്കോടി ഉടനെ ഒരു ചാക്കുമായി പുറത്തേക്കു വന്നു.

”പ്രിയംവദ നീയീ ചാക്കു നിവര്‍ത്തി പിടിക്കുക. നമൂക്കീ വിരുതനെ പെട്ടി തുറന്നു ചാക്കിലാക്കാം”

ഒളിംബിക്സിനു തയാറെടുക്കുന്ന ഓട്ടക്കാരെ പോലെ അവരിരുവരും തയാറായി. പെട്ടിക്കുള്ളില്‍ മൂഷികന്റെ പരാക്രമം നിലച്ചു. അവനിപ്പോള്‍ ഇരു കരവും കൂപ്പി കനിവിനായി കേണു നില്‍ക്കുകയാണ്.

പ്രിയംവദ ചാക്കു മെല്ലെ നിവര്‍ത്തു.

പൊടുന്നനെ ഫോണ്‍ ശബ്ദിച്ചു

”ശ്രീക്കുട്ടിയാവും”

വര്‍ദ്ധിച്ച ഉതസാഹത്തോടെ ചാക്ക് വലിച്ചെറിഞ്ഞ് അവള്‍ അകത്തേക്കോടി. അധികം വൈകിയില്ല വിഷാദത്തോടെ അവള്‍ തിരിച്ചു വന്നു.

”ഇത്തവണയും അവര്‍ വരില്ലാത്രെ തിരക്കാണു പോലും”

അവളൊന്നു വിതുമ്പിയോ.. അയാള്‍ അവളെ ചേര്‍ത്തു പിടിച്ചു. പിന്നെ നനുത്ത മേഘങ്ങള്‍ ആകാശത്തെ തൊടും പോലെ അവളുടെ നെറുകയില്‍ തലോടി.

”നിനക്ക് ഞാനില്ലേ”

അവളൊന്നു തേങ്ങിയോ അയാള്‍ അതൊന്നും അറിഞ്ഞില്ല അയാളപ്പോള്‍ മറ്റൊരു ലോകത്തായിരുന്നു അയാളുടെ കൈവിരല്‍ തൂങ്ങി ഒരു കൊച്ചു മിടുക്കി അവള്‍ അയാളോട് കിന്നാരം പറയുന്നു പാട്ടു പാടുന്നു പാടവരമ്പിലെ തൊട്ടാവാടിപ്പൂ പറിക്കാന്‍ അവള്‍ കൈ നീട്ടുന്നു.

അയാള്‍ കണ്ണുകള്‍ തുടച്ചു.

”ഏട്ടാ നമുക്കിവനെ കൊല്ലണ്ട പറമ്പിലെവിടെയെങ്കിലും തുറന്നു വിട്ടേക്കാം പൊയ്ക്കോളും”

അയാള്‍ക്കും അതു സമ്മതമായിരുന്നു.

അവര്‍ ഇത്തിരി നടന്ന് ഒരു പൊന്തക്കാടിനടുത്ത് എലിപ്പെട്ടി തുറന്നു വച്ചു.
മൂഷികന്‍ ആദ്യം പുറത്തിറങ്ങാന്‍ മടിച്ചു. പിന്നെ പെട്ടെന്നൊരു ചാട്ടം പുറത്തേക്ക്. അവിടെ നിന്നും അയാളുടെ കാല്പാദങ്ങളില്‍ തൊട്ടുരുമ്മി നിന്നു.

പിന്നീട് അവരിരുവരെയും വലം വച്ച് വേഗത്തില്‍ അവന്‍ തിരിഞ്ഞോടി വരാന്തയുടെ പടവുകള്‍ താണ്ടി വാതില്പ്പടിയില്‍ കയറി നിന്നു. അയാള്‍ കണ്ടു അവര്‍ ഇരുവരെയും അലിവോടെ അവന്‍ മാടി വിളിക്കുകയാണ്.

അവര്‍ നോക്കി നില്‍ക്കെ ആകാശം ഇരുളുകയും പരസ്പ്പരം കാണാനാകാത്ത വിധം അവര്ക്കിടയിലേക്ക് ഇരുട്ട് പടരുകയും ചെയ്തു. അപ്പോള്‍ ആ ഇരുളില്‍ ആ വീട് ഒരു എലിപ്പത്തായം പോലെ രൂപാന്തരം പ്രാപിക്കുന്നത് അയാളറിഞ്ഞു. ആ കൂരിരുട്ടില്‍ വരാന്തയിലെ വാതില്പ്പടിയില്‍ വെള്ളിനക്ഷത്രങ്ങള്‍ പോലെ രണ്ടു കണ്ണൂകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

അയാള്‍ പ്രിയംവദയെ ചേര്‍ത്തു പിടിച്ച് അകത്തേക്കു നടന്നു.

എം ബി സുനില്‍

കടപ്പാട് – സായാഹ്ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English