മതി ആനയും പാപ്പാനും
കളിച്ചത്, ഇനിയെങ്കിലും
ആനയുടെ നിഴലില്‍ നില്‍ക്കാതെ
ഒരു വട്ടമെങ്കിലും
തുമ്പിയൊന്നുയര്‍ത്തി
മദമിളകി ചിന്നം വിളിച്ചു
കാട്ടിനകത്തേക്കു തന്നെ തിരിച്ചു കയറിപ്പോയ്ക്കൂടെ
എന്നാന ചോദിക്കുന്നതില്‍
പൊടിക്കൊരു കഴമ്പില്ലേ
എന്നാലോചിച്ചു പപ്പാന്‍ നില്‍ക്കെ
എടാ നാട്ടാനെ, നിനക്കത്ര വലിയ
ദണ്ടമുണ്ടെങ്കില്‍ പാപ്പാന്റെ മുന്നില
അടിമയെപ്പോലെ നില്‍ക്കാതെ നടക്കാതെ
ഒരു പാപ്പാന്‍ തന്നെയായിക്കൂടെ
എന്നൊരു ചോദ്യമാണ്
പാപ്പാന്റെ മനസിലൂടെ
മിന്നായം പോലെ പോയത്.
എന്നാല്‍ ആ ചോദ്യമൊരിക്കലും
ചോദിക്കാനുള്ളതല്ലെന്ന്
സ്വയം പറയുകയാണ്
സ്വയം അറിയുകയാണ്
പാപ്പാന്‍ പകരം ചെയ്തത്.
ഒരു പാപ്പാന് ആന
പറയുന്നത് കേട്ടൊരാനയായി
കാടുകയറിപ്പോകാനെളുപ്പം.
പാപ്പാന്‍ പറയുന്നത് കേട്ടൊരാനയ്ക്ക്
പാപ്പാനായി മാറാന്‍
എളുപ്പമത്രയുമല്ലെന്നല്ല
കഠിനം തന്നെയെന്നതിനുണ്ടാവില്ല
ആര്‍ക്കെങ്കിലും എതിര്‍പക്ഷം.
പാപ്പാന്‍ സഹതാപത്തോടെ
ആനയെ നോക്കിയിരിക്കെ
ആനയ്ക്ക് പാപ്പാന്റെ
മനോഗതം പിടികിട്ടിയത് പോലെ.
പാപ്പാന്റെ കണ്ണില്‍നിന്ന്
ക്രൂരതയത്രയും വറ്റിയപോലെ.
മുന്‍പൊരു വർഷം മദപ്പാടിന്റെ
ഓര്‍മയിലെ കൊമ്പുകൊര്‍ക്കലില്‍നിന്ന്
ഊര്‍ന്നിറങ്ങി വീണ്ടും
പാപ്പാന്‍ വേഷത്തിലേക്ക് തന്നെ
രക്ഷപ്പെട്ട പാപ്പാനോ ഇതെന്നാനയുടെ
ഉള്ളുവിയര്‍ക്കാതെ ആത്മഗതം.
ഒരാനയ്ക്കെന്നുമൊരാനയും
ഒരു പാപ്പാനെന്നുമൊരു പാപ്പാനും
ആകാനെ കഴിയുകയുള്ളൂ
എന്നാന പാപ്പാന്റെ
തോളില്‍ തട്ടി പറഞ്ഞതോടെ
പപ്പാന്‍ നടയാനെ
എന്ന് മാത്രം പറഞ്ഞു.
ആന നടക്കുക മാത്രം ചെയ്തു.
വി ജയദേവ്
Click this button or press Ctrl+G to toggle between Malayalam and English