ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് ‘ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം’, ഏഴാം ദിവസമായ ഒക്ടോബർ 23 ന് വൈകുന്നേരം 6.25 നു ദീപപ്രജ്ജ്വലനത്തോടെ ആരംഭിച്ചു. കുമാരി. മീര എം.നായർ പ്രതിഭ സംഗീതാർച്ചനയും, ശ്രീ. ചങ്ങങ്കരി സന്തോഷ് വിദ്വാൻ സംഗീതാർച്ചനയും നടത്തി. തുടർന്ന് പ്രശസ്ത സംഗീതജ്ഞ ശ്രീമതി രാജേശ്വരി ശങ്കർ, നവരാത്രികൃതി ( കൃതി – ജനനി പാഹി സദാ, രാഗം-ശുദ്ധ സാവേരി ) സമർപ്പണം നടത്തി. ശ്രീ. കാർത്തിക് മേനോൻ വയലിനിലും, ശ്രീ. എൻ. ജെ. നന്ദഗോപാൽ മൃദംഗത്തിലും അകമ്പടി സേവിച്ചു. ഇന്ത്യയിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി സംഗീതജ്ഞരാണ് ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിൽ സംഗീതാരാധന നടത്തുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ഒക്ടോബർ 25 വരെ നീണ്ടു നിൽക്കുന്ന സംഗീതോത്സവം നടക്കുന്നത്.
എട്ടാം ദിവസമായ ഒക്ടോബർ 24 നു നവരാത്രികൃതി സമർപ്പണം നടത്തുന്നത് പ്രശസ്ത സംഗീതജ്ഞൻ ശ്രീ.സജീവ് വൈക്കം ആയിരിക്കും. ”ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരത്തിനു” ഈ വർഷം അര്ഹയായിട്ടുള്ളത് കർണാടക സംഗീത ലോകത്ത് മികച്ച സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞയായ പത്മശ്രീ പാറശാല ബി. പൊന്നമ്മാൾ ആണ്.