ഇരുളും വെളിച്ചവും ഇടവിട്ടു നില്ക്കുന്നോരീ
വഴിത്താരയില്‍ ഞാനേകനോ?
പാപവും പുണ്യവും തോരണം തൂക്കുന്ന
ജീവിതപ്പാതയില്‍ ഞാനേകനോ?
നിറമുള്ള സ്വപ്നങ്ങളില്ലാതെയൂഴിയില്‍
കാറിക്കരഞ്ഞു ഞാന്‍ ജാതനായി,
അഴകാര്‍ന്ന സ്വപ്‌നങ്ങള്‍ ഉള്ളില്‍ നിറഞ്ഞത്
അറിയാതെയെങ്കിലും ആസ്വദിച്ചു
കൗമാരമെന്നില്‍ നിറച്ചു ചാപല്യവും
കൂടെക്കുറേ മധുസ്വപ്നങ്ങളും
മനസോ പിടിവിട്ടു യാഗാശ്വമായേതോ
മേച്ചില്‍പ്പുറത്തന്നലഞ്ഞിരുന്നു
യൗവ്വനമെന്നില്‍ നിറച്ചത് സ്വപ്നമോ ?
ചൂടുള്ള കുളിരോവറിഞ്ഞു കൂടാ,
എങ്കിലും ഞാനത് കഴിവതുപോലൊക്കെ-
യാസ്വദിച്ചെന്നത് നഗ്നസത്യം
കാലമാം ചക്രം തിരിയവേ യൗവ്വന-
ശലഭമോ ദൂരെപ്പറന്നകന്നു
ഓര്‍ക്കാന്‍ കുറെയേറെ ബാക്കിവച്ചിട്ടെന്നെ
ഏകാകിയാക്കി പറന്നു പോയി
ഇന്നെന്റെ ജീവിത സായന്തനത്തിന്റെ
തീരത്തിരുന്നൊന്നു ചിന്തിക്കവേ
എന്നില്‍ നിറവത് ഭൂതകാലത്തിന്റെ
പാപമോ പുണ്യമോ ശൂന്യതയോ ?
ഏറെത്തിമിര്‍ത്തു മദിച്ചു നടന്നൊരീ-
ജീവിതത്തില്‍ നിന്നുമെന്തു നേടി?
ഇല്ല, ഞാന്‍ നേടിയില്ലൊന്നുമേ കേവല-
മർത്ത്യന്നു നേടുവാനെന്തിവിടെ?
പക്ഷെ, അത് ഞാനന്നോര്‍ത്തില്ല തെല്ലുമേ,
ലൗകിക ജീവിത ഗര്‍വ്വിനാലെ
ഇന്നു ഞാന്‍ പശ്ചാത്തപിക്കുന്നു
തെല്ലൊന്നു, വൈകിയിട്ടാകാമതു ക്ഷമിക്ക!
ഇന്നു ഞാന്‍ പശ്ചാത്തപിക്കുന്നു
തെല്ലൊന്നു, വൈകിയിട്ടാകാമതു ക്ഷമിക്ക….!