ഈശോയും ഞാനും

 

 

 

 

 

 

“നമ്മുടെ അപ്പൻ എന്തുണ്ടാക്കി…”

കാനഡയിൽ നിന്നും വന്ന സണ്ണികുട്ടൻ യു കെ യിൽ നിന്നും വന്ന അനിയൻ ഷിബുക്കുട്ടനോട് ചോദിക്കുന്നത് അയാൾ കേട്ടത് സ്റ്റോറൂമിൽ നിന്നും പഴക്കുല എടുത്തു അടുക്കളയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു.

അതേറ്റു പിടിച്ചു മരുമക്കളും…. പിന്നെ കൂട്ടച്ചിരിയായി…

അയാൾക്കത് കേട്ടു നിൽക്കാൻ കഴിഞ്ഞില്ല…. വെളിയിലെ ഇരുട്ടിലേക്കയാൾ മനസിടിഞ്ഞൂർന്നിറങ്ങി…

ചെന്നെത്തിയത് കുരിശിന്മൂട്ടിലേക്കായിരുന്നു… ഈശോ കുരിശിൽ കിടപ്പുണ്ടായിരുന്നു. അവരു തമ്മിൽ വർഷങ്ങളായുള്ള പരിചയമായിരുന്നു. മനസു നോവുമ്പോൾ അയാൾ ഇവിടെ വന്നിരിക്കാറുണ്ട്.

“എന്നാടാ പിള്ളാരൊക്കെ വെളിയിൽ നിന്നു വന്നിട്ട് നിനക്കൊരു സന്തോഷമില്ലാത്തത് .” അയാൾ തല പൊക്കി ഈശോയെ ഒന്ന് നോക്കി.

“ഞാൻ എന്ത് ഉണ്ടാക്കിയെന്നു എന്റെ മക്കൾ ഇന്നു ചോദിച്ചു.” അയാൾ.

ഈശോയ്ക്ക് ചിരിയടക്കാനായില്ല. അയാൾക്ക്‌ ദേഷ്യം വന്നു.

“ശരിയാ ഞാനൊന്നും അവർക്കു വേണ്ടി ചെയ്തിട്ടില്ല.. ചെറിയ ചെറിയ കാര്യങ്ങൾ മാത്രമേ എന്നെകൊണ്ട് കഴിഞ്ഞിട്ടുള്ളു…ഒരു കൂലിക്ക് കിട്ടുന്നതെന്താ.. ചുമടു ചുമന്നു പ്ലാറ്റ്ഫോമുകളിലൂടെ കയറിയിറങ്ങി വരുമ്പോൾ മനസിലെ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു. കുഞ്ഞുങ്ങളെ പട്ടിണിക്കിടല്ലേ ഇശോയെ… ശരിയാ അവർക്കൊരു കളിപ്പാട്ടം പോലും വാങ്ങി കൊടുത്തിട്ടില്ല. പഴയ ആ സൈക്കിളിൽ രണ്ടു പേരെയും വച്ചു എത്ര കിലോമീറ്റർ ചവിട്ടിയാ സ്കൂളിൽ പഠിപ്പിക്കാൻ ദിവസവും കൊണ്ടു പോയിട്ടുള്ളത്.. രണ്ടാമത്തേതിനെ പ്രസവിച്ചപ്പോൾത്തന്നെ അവളും പോയി. രണ്ടാമതൊന്നു കെട്ടാൻ കുഞ്ഞുങ്ങളെ ഓർത്തു മനസു വന്നില്ല.” അയാൾ പഴയതൊക്കെ പൊടിതട്ടി ഓർത്തെടുത്തു.

“നീ പഴയ കാര്യങ്ങൾ പറഞ്ഞു ബോറടിപ്പിക്കാതിരിയെടാ.. എനിക്കെല്ലാം അറിയാവുന്നതല്ലേ..” ഈശോ.

” ഈശോയെ നീ ഇത്രയൊക്കെ സഹിച്ചിട്ടും നിനക്കാരോടും ദേഷ്യമില്ലേ? ” അയാൾ.

ഈശോയുടെ ചങ്കുപൊട്ടി…

“എത്ര ആയാലും എന്തൊക്കെ ചെയ്താലും അവരെന്റെ കുഞ്ഞുങ്ങൾ അല്ലിയോടാ. എനിക്കെങ്ങനെ ദേഷ്യപ്പെടാനാകും.” ഈശോയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവന്റെ മുഖത്തേക്ക് വീണു ചിതറി.

അയാള്‍ തിരികെ വീട്ടിലേക്കു നടന്നു. എല്ലാവരും ഉറക്കത്തിലാണ്ടു പോയിരുന്നു.

ഒരാൾ വിസിറ്റിംഗ് റൂമിലെ സോഫയിലും മറ്റയാൾ കട്ടിലിലും നല്ല ഉറക്കത്തിലായിരുന്നു.

മഴപെയ്തു… തണുത്ത കാറ്റടിച്ചു കയറി. അയാൾ കതകും ജനാലയും അടച്ചു…..പിന്നെ സുഖമായുറങ്ങുന്ന തന്റെ മക്കളെ നോക്കി കുറേ നേരം നിന്നു. പിന്നെ എന്തോ മറന്ന പോലെ റൂമിലേക്കുപോയി. തിരികെ വന്നപ്പോൾ അയാളുടെ കയ്യിൽ രണ്ടു പുതപ്പുണ്ടായിരുന്നു…

മക്കളെ പുതപ്പിക്കുമ്പോൾ അയാൾ മെല്ലെ പറഞ്ഞു.

“മക്കക്ക് തണുക്കില്ലേ, പുതപ്പെടുക്കാഞ്ഞതെന്താ…” അയാൾ ലൈറ്റണച്ചു മുറിയിൽ നിന്നും പോകുമ്പോൾ… പുറകിലെ ഇരുട്ടിൽ നിന്നും നെഞ്ചു പൊട്ടുമാറൊരു കരച്ചിൽ കേട്ടു… അയാൾ അതു കേട്ടില്ലെന്നു നടിച്ചു…. അപ്പോൾ ഈശോയെ അയാളോർത്തു…

“എത്ര ആയാലും എന്തൊക്കെ ചെയ്താലും അവരെന്റെ കുഞ്ഞുങ്ങൾ അല്ലിയോടാ. എനിക്കെങ്ങനെ ദേഷ്യപ്പെടാനാകും.”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

3 COMMENTS

  1. ഉള്ളിൽ കൊള്ളുന്ന എന്തോ ഒന്ന് ഉണ്ട് താങ്കളുടെ വാക്കുകളിൽ….നന്നായിരിക്കുന്നു….

  2. ഉള്ളിൽ കൊള്ളുന്ന എന്തോ ഒന്ന് ഉണ്ട് താങ്കളുടെ വാക്കുകളിൽ….നന്നായിരിക്കുന്നു….

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here