ഈ കച്ചവടം നഷ്ടമാണേ?

500

ബിസ്സിനസ്സുകാരനായ സുപ്രന്‍ തന്റെ സീമന്തപുത്രിയുടെ കല്യാണത്തലേന്നു വിരുന്നൂട്ടിയത് അയ്യായിരം പേര്‍ക്ക്! ഫ്രൈഡ് റൈസും ചിക്കന്‍ കുറുമയും പിന്നെ മട്ടണ്‍ ചാപ്സും. പിറ്റേന്ന് ടൗണിലെ നമ്പര്‍വണ്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹാഘോഷം. പതിനായിരം പേര്‍ക്ക് വിഭവസമൃദ്ധമായ മലയാളം സദ്യ വിളമ്പി!!

രണ്ടു ദിവസത്തെ സംഭാവനകവറുകള്‍ ബംഗ്ലാവിലെ വിശാലമായ ഒരു മുറിയില്‍ കൂമ്പാരങ്ങളായി കൂട്ടിയിട്ടിരിക്കയാണ്! എണ്ണിതീര്‍ക്കണമെങ്കില്‍ ഒരാഴ്ചയെങ്കിലും പിടിക്കും?

ഏതായാലും രണ്ടു ദിവസം കൊണ്ട് തിരക്കൊക്കെ ഒരുവിധം തീര്‍ന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍നിന്നും നാല് പേരെ തിരഞ്ഞെടുത്തു എണ്ണാനിരുത്തി. ആറു ദിവസമെടുത്തു എണ്ണിതീരാന്‍! ആകെ ഇരുപത്തയഞ്ചു ലക്ഷത്തി പതിനായിരത്തി അഞ്ഞൂറ് രൂപ കളക്ഷന്‍ കിട്ടി!! സുപ്രന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കളക്ഷനെല്ലാം കെട്ടിപ്പൊതിഞ്ഞു പത്ത് വലിയ ചാക്കുകളിലാക്കി മുറിയില്‍ സൂക്ഷിച്ചു വച്ചു. എണ്ണാന്‍ സഹായിച്ചവര്‍ക്കു സ്പെഷ്യല്‍ പാര്‍ട്ടി കൊടുത്ത് പറഞ്ഞയച്ചു.

ബിസ്സിനസ്സുകാരനായ സുപ്രന്‍ കണക്കു കൂട്ടുകയാണ്: മോക്ക് സ്ത്രീധനമായി കൊടുത്തത് നൂറു പവന്‍ സ്വര്‍ണ്ണവും പത്ത് ലക്ഷം രൂപയും. പിന്നെ കല്യാണചെലവും. എല്ലാംകൂടി ഏതാണ്ട് മുപ്പത്തഞ്ചു ലക്ഷം രൂപ! പിരിഞ്ഞു കിട്ടിയതോ വെറും ഇരുപത്തിയഞ്ചു ലക്ഷവും!? ഈ വിവാഹകച്ചവടം വെറും നഷ്ടമാന്നേ…? പത്ത് ലക്ഷം നഷ്ടം? ങ്ങാ..സാരമില്ല. ഒരു ആറു മാസം കൊണ്ട് ഈ പത്തു ലക്ഷം നഷ്ടം ബിസ്സിനസ്‌ ചെയ്തു ഞാന്‍ നികത്തിയിരിക്കും? എന്നോടാ കളി..?

പക്ഷെ..അന്ന് രാത്രിയാണ് അത് സംഭവിച്ചത്!?

ആ ചാനല്‍ വാര്‍ത്ത സുപ്രന് മുന്നില്‍ ഒരു ഇടിത്തീ വീഴ്ത്തി!

“അഞ്ഞൂറ് – ആയിരം രൂപാ നോട്ടുകള്‍ പിന്‍വലിച്ചു!!?”

നെഞ്ചത്ത്‌ കൈവച്ചു സുപ്രന്‍ നിലത്തു കുഴഞ്ഞിരുന്നു!

“എന്താ..? എന്ത് പറ്റീ..?” ഓടിവന്ന ഭാര്യ അലമുറയിട്ടു.

“എടീ..അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിച്ചെന്ന്..!..ഇനി അതിനൊന്നും വിലയില്ലെന്ന്…!”

“അതിനു നിങ്ങക്കെന്താ മനുഷ്യാ..?”

“എടീ മണ്ടീ. നമ്മുടെ മോടെ കല്യാണത്തിന് കിട്ടിയ സംഭാവനകള്‍ മുഴുവന്‍ അഞ്ഞൂറും ആയിരവും നോട്ടുകളാ. മൊത്തം കിട്ടിയ ഈ ഇരുപത്തിയഞ്ചു ലക്ഷം രൂപാ ഇനി എന്ത് ചെയ്യും?”

“..ബാങ്കിലിടാന്‍ പറ്റില്ലേ..?”

“ഇല്ലെടീ. ബാങ്കിലിട്ടാല്‍ അതിന്റെ ഉറവിടം സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം. അതുകൊണ്ട്..”

“അതുകൊണ്ട്…?”

“ഒന്നുകില്‍ ഈ തുക മുഴുവന്‍ നശിപ്പിക്കണം. അല്ലെങ്കില്‍ സംഭാവന തന്നവരെയെല്ലാം വിളിച്ചുവരുത്തി ഈ പണം കൊടുത്ത് പകരം ചെറിയ നോട്ടുകള്‍ തരാന്‍ ആവശ്യപ്പെടണം?”

“പകരം നോട്ടുകള്‍ ജനം തരുമോ..?”

“തരാനുള്ള സാദ്ധ്യത വളരെ കുറവാ. അതുകൊണ്ട് നോട്ടുകള്‍ മുഴുവന്‍ നശിപ്പിച്ചേ പറ്റൂ..”

“എങ്ങനെ..?”

“അതിനു വഴിയുണ്ട്. ഞാന്‍ കാറിറക്കാന്‍ പോകുകാ. നീ കൂടെ പോര്..”

“ഞാന്‍ വരാം..”

അങ്ങനെ നോട്ടുചാക്കുകളുമായി ആ കാറ് പാഞ്ഞു പോകുകയാണ്.

ബീച്ചിനു മുന്നിലെ റോഡില്‍ കാറ് നിന്നു. ഭാര്യയും ഭര്‍ത്താവും ഓരോ ചാക്കുകള്‍ വീതം തലയില്‍ ചുമന്നു കടല്പാലത്തിലേക്ക് കയറി. നടന്നു നടന്ന് പാലത്തിന്റെ അങ്ങേ അറ്റത്തെത്തി. പിന്നെ ചാക്കുകെട്ടുകള്‍ ഒന്നൊന്നായ് അലറിപാഞ്ഞുവന്ന തിരമാലകളിലേക്ക് വലിച്ചെറിഞ്ഞു.

എന്നിട്ട് പ്രഖ്യാപിച്ചു: “ഈ ഇരുപത്തിയഞ്ചു ലക്ഷം രൂപായുടെ നഷ്ടം ഞാന്‍ ഒറ്റ വര്‍ഷംകൊണ്ട് നികത്തിയിരിക്കും..? എന്നോടാ കളി..? അല്ല പിന്നെ..?..”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English