എടക്കാട് സാഹിത്യവേദി ഏർപ്പെടുത്തിയ അശ്റഫ് ആഡൂര് സാഹിത്യ പുരസ്കാരത്തിന് കവി പ്രദീപ് രാമനാട്ടുകര അർഹനായി. അദ്ദേഹത്തിന്റെ “K രാമായണം” എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.
ഡോ: സോമൻ കടലൂർ, പി. എൻ ഗോപീകൃഷ്ണൻ, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.
ഉറുമ്പുകളുടെ വർത്തമാനം, ഓർമ്മ കൊണ്ട് തുറക്കുന്ന വീട്, തീപ്പെട്ടിക്കവിതകൾ എന്നിവയാണ് പ്രദീപ് രാമനാട്ടുകരയുടെ മറ്റു കൃതികൾ. 2017 ലെ രഥ്യ കവിതാ പുരസ്കാരം, 2018 ലെ പ്രകാശം സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ പ്രദീപ് തിരുനാവായ എടക്കളം യു.പി.സ്കൂളിൽ ജോലി ചെയ്യുന്നു. ഒലീവ് പബ്ലിക്കേഷൻസ് ആണ് അവാർഡ് കൃതി പ്രസിദ്ധീകരിച്ചത്.
എടക്കാട് സാഹിത്യവേദിയുടെ രണ്ടാമത് വാർഷിക സാഹിത്യ പുരസ്കാരമാണ് ഇത്. കഴിഞ്ഞ വർഷം വിനോയ് തോമസിന്റെ ‘രാമച്ചി’ എന്ന കഥാസമാഹാരത്തിനായിരുന്നു അവാർഡ് ലഭിച്ചത്.
2020 ജനുവരി 5ന് എടക്കാട്ട് നടക്കുന്ന മൂന്നാമത് ലിറ്റററി ഫെസ്റ്റിൽ പ്രശസ്ത കവി സച്ചിദാനന്ദൻ പ്രദീപ് രാമനാട്ടുകരക്ക് അവാർഡ് സമ്മാനിക്കും.