പൊള്ളുന്ന അനുഭവം: മുൻ ഭർത്താവിനെതിരെ ശക്തമായ ആരോപങ്ങളുമായി എച്ചെമ്മു കുട്ടി

 

എച്ചെമ്മു കുട്ടിയുടെ ഫേസ്ബുക് വാളിൽ കഴിഞ്ഞ കുറച്ചു നാളുകളായി പോസ്റ്റ് ചെയ്യുന്ന അനുഭവക്കുറിപ്പുൾ വായനക്കാരെ ഏറെ ഉലക്കുന്നവയാണ്. തനിക്കും തന്റെ മകൾക്കും ഭർത്താവിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഏൽക്കേണ്ടി വന്ന മുറിവുകളാണ് അവർ അതിൽ കൂടുതലും പറയുന്നത്.ജോസഫ് എന്ന പേരിൽ കുറിപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ആൾ പ്രശസ്ത കവി വിജി തമ്പിയാണെന്നും ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്.

രാത്രി ഞാനും പപ്പനും ഭാഗ്യയും തീരേ ഉറങ്ങിയില്ല. കട്ടൻ കാപ്പി കുടിച്ചും തെങ്ങും തടത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചേരയെ നോക്കിയും കൂമൻറേയും പുള്ളിൻറേയും സ്വരങ്ങൾ ശ്രവിച്ചും വീട്ടുവരാന്തയിലിരുന്ന് നേരം വെളുപ്പിച്ചു. ഉറങ്ങാത്തതുകൊണ്ട് രാവിലെ ഉണരുന്ന പ്രശ്നം എളുപ്പമായിരുന്നു. കഠിനമായ ക്ഷീണം തോന്നുന്നുണ്ടായിരുന്നെങ്കിലും ഞാൻ കുളിച്ചു തയാറായി. രാവിലെ ഏഴരയോടെ ജയ്ഗോപാൽ എത്തിച്ചേർന്നു ഞാനും അമ്മീമ്മയുമാണ് സബ് കോടതിയിൽ പോയത്. പപ്പൻ വരാൻ പാടില്ലെന്നും അയാളുടെ മുമ്പിൽ കുട്ടിയെ കൈമാറാൻ ജോസഫിനു കഴിയില്ലെന്നും അറിയിച്ചിരുന്നു ബാലചന്ദ്രൻ. എൻറെ അമ്മ ഓഫീസിൽ പോയി. അവിടമായിരുന്നുവല്ലോ എന്നും അമ്മയുടെ ഒരേയൊരു അഭയകേന്ദ്രം.

ജോസഫും വക്കീലും ബാലനും വക്കീലിൻറെ ഭാര്യയായ അഡ്വക്കേറ്റും ഒക്കെ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എൻറെ അച്ഛനും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും അവരുടെ സംഘത്തിൽ എത്തി ചേർന്നു.

കുഞ്ഞ് വന്നിരുന്നില്ല.

കേസ് വിളിച്ചു. എൻറെ വക്കീൽ ഈ ഒത്തുതീർപ്പ് ഗതികേടുകൊണ്ടാണ് സമ്മതിക്കുന്നതെന്ന് പ്രഖ്യാപിച്ചു. അപ്പോൾ ജോസഫിൻറെ വക്കീൽ രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ പപ്പനെ കല്യാണം കഴിക്കുമെന്നും ജോസഫ് നേരത്തെ തന്നെ കല്യാണം കഴിച്ചുവെന്നും എനിക്ക് ഒത്തുതീർപ്പ് വേണ്ടെങ്കിൽ അവർക്കു യാതൊരു നിർബന്ധവുമില്ലെന്നും പറഞ്ഞു.

വീണ്ടും പ്രശ്നമായി . തീരുമാനിക്കൂ എന്ന് കോടതി സമയം തന്നു.

ജയ്ഗോപാൽ പോയി എൻറെ വക്കീലിനോട് സംസാരിച്ചു. അദ്ദേഹം അഡ്വ. രാജഗോപാലിൻെറ ജൂനിയർ ആയിരുന്നല്ലോ. അദ്ദേഹത്തിന് ഒത്തുതീർപ്പ് ഒട്ടും ഇഷ്ടമായില്ല. എങ്കിലും ജയ്ഗോപാലിൻറെ നിർബന്ധത്തിന് വഴങ്ങി മൗനം പാലിച്ചുകൊള്ളാമെന്ന് സമ്മതിച്ചു.

അതിനകം സബ്ജഡ്ജ് കേസ് കടലാസ്സുകൾ ഒക്കെ പരിശോധിക്കുകയും അച്ഛൻ എനിക്കെതിരേ എഴുതിയ ആ അഫിഡവിറ്റ് കാണുകയും ചെയ്തു. ‘എനിക്ക് ഒന്നും തീരുമാനിക്കാൻ പറ്റില്ലെന്നും കേസ് ഞാൻ സെഷൻസ് കോർട്ടിലേക്ക് റഫർ ചെയ്യൂന്നു’വെന്നും പറഞ്ഞ് സബ്ജഡ്ജ് കേസിൽ നിന്നും ഒഴിവായി.

ഞാൻ അമ്മീമ്മയുടേയും ജയ്ഗോപാലിൻറേയും ഇടയ്ക്ക് മരിച്ചതു പോലെ ഇരിക്കുകയായിരുന്നു.

സെഷൻസ് കോടതിയിൽ ഒരു കൊലപാതകകേസിൻറെ വിചാരണ നടക്കുകയായിരുന്നതുകൊണ്ട് ഈ ഒത്തുതീർപ്പ് അവിടെ പരിഗണനക്ക് വന്നില്ല. പറ്റിയാൽ നാളെ വന്നേക്കും എന്നായി സ്ഥിതി.

കോടതി ഓർഡർ ആവാതെ ജോസഫ് കുഞ്ഞിനെ എനിക്ക് തരില്ല.

എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി. ഗാർഡിയൻ ആൻഡ് വാർഡ്സ് ആക്ട് നിയമം എഴുതിയ, അത് അംഗീകരിച്ച എല്ലാവരേയും ഞാൻ നെഞ്ചുപൊട്ടി പ്രാകി. ഇന്ത്യാരാജ്യത്തെ, അതിൻറെ ഭരണാധികാരികളെ, നിയമങ്ങളെ, ന്യായാധിപരെ എല്ലാം ഞാൻ പ്രാകി. എല്ലാം കടലെടുക്കട്ടെ… അഗ്നിപർവതം പൊട്ടി ലാവയൊഴുകട്ടെ. ഈരാജ്യം കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നുടയട്ടെ.

കുറച്ച് കഴിഞ്ഞപ്പോൾ മിഡിയും ടോപ്പും ധരിച്ച കുഞ്ഞ് വന്നു. കുഞ്ഞ് ജോസഫിനെ കെട്ടിപ്പിടിച്ചാണ് നിന്നിരുന്നത്. ജോസഫും ജയസൂര്യൻ വക്കീലും ഒന്നിച്ചു ഒത്തിരി സമയം സംസാരിച്ചു നിന്നു.

അതുകഴിഞ്ഞ് ജയസൂര്യൻ വക്കീൽ എൻറടുത്ത് വന്ന് പറഞ്ഞു. ‘ഒത്തുതീർപ്പ് ഓർഡർ ആയിട്ടില്ല, അതുകൊണ്ട് കുഞ്ഞിനെ തരാൻ ജോസഫിന് താല്പര്യം ഇല്ല. പക്ഷേ, ഇന്നലെ തന്നെ ഭൂമി എഴുതിക്കൊടുത്ത, അത്ര മെഗ്നാനിമസ് ആയ നിങ്ങളോട് പോക്രിത്തരം കാണിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇന്ന് ഓർഡർ വന്നില്ലെങ്കിലും ഒരു പ്രശ്നവുമില്ല, കുഞ്ഞിനെ കൊണ്ടുപൊക്കോളൂ.’

ഞാൻ കേൾവി നഷ്ടപ്പെട്ടവളെപ്പോലെ ഇരുന്നു. ജയസൂര്യൻറെ ഭാര്യ ലീന വക്കീൽ കുഞ്ഞിനെ എൻറടുത്തേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞു. ‘ജോസഫ് കഷ്ടപ്പെട്ട് കുഞ്ഞിനെ നോക്കുന്നതു കാണുമ്പോൾ ഞാൻ എപ്പോഴും പറയുമാരുന്നു, കുട്ടിയെ അമ്മയ്ക്ക് കൊടുക്കുന്നതാ ബുദ്ധിയെന്ന്… എന്തിനാ പാവം, ജോസഫ് ഇങ്ങനെ കഷ്ടപ്പെടണത് ല്ലേ… നമ്മൾ പെണ്ണുങ്ങൾക്ക് കുട്ടിയെ നോക്കിവളർത്താൻ അറിയണപോലേ ആർക്കാ അറിയാ?’

ഞാൻ പുഞ്ചിരിച്ചു. ഉമിനീർ വറ്റിപ്പോയതുകൊണ്ട് ഒരു ശബ്ദവും വന്നില്ല. അവരെ ഞാൻ മിനുമിനാ നോക്കിയിരുന്നു.

കുഞ്ഞിൻറെ കൈയിൽ പിടിച്ചെങ്കിലും കൈ വിടുവിച്ച് കുഞ്ഞ് ജോസഫിനടുത്തേക്ക് ഓടിപ്പോയി. എനിക്ക് കണ്ണീർ പോലും വരുന്നുണ്ടായിരുന്നില്ല. ‘അമ്മേദെ ചത്തല ‘എന്നു പറഞ്ഞിരുന്ന കുഞ്ഞാണത്. അമ്മക്ക് എപ്പോഴും ‘ആയിഡലം ഉമ്മ’ തന്നിരുന്ന കുഞ്ഞ്…’അമ്മേദെ ബൊച്ചി കുടിച്ചണ ചുന്തലി’

മരണം എന്നെ അനുഗ്രഹിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ബാലചന്ദ്രൻ കുഞ്ഞിൻറെ കൈയും പിടിച്ചു വന്ന് എന്നെയും അമ്മീമ്മയേയും വിളിച്ചു. ഞങ്ങൾ ചെല്ലുമ്പോൾ ജയ്ഗോപാൽ കാർ സ്റ്റാർട്ട് ചെയ്തു നിറുത്തീരുന്നു. ബാലൻ ജയ്ഗോപാലിൻറടുത്തിരുന്നു. ഞാനും അമ്മീമ്മയും പുറകിലത്തെ സീറ്റിലും.

കാർ തിരിയുമ്പോൾ ജോസഫ് റോഡിൽ നിന്ന് ലോകം അവസാനിച്ചത് പോലെ നോക്കുകയും കൈ വീശിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കുഞ്ഞ് അതു കണ്ടു ‘അപ്പാളൂ ‘എന്ന് കരയാൻ തുടങ്ങി. അപ്പോൾ ബാലൻ പറഞ്ഞു. ‘ജഡ്ജി പറഞ്ഞിരിക്കുന്നത് ഇനി കുറച്ചു സമയം അമ്മേടെ ഒപ്പം പാർക്കണമെന്നാണ്. ഇതാ ഇവനാണ് ജഡ്ജീടെ ഡ്രൈവർ. ഇവൻ ചെന്ന് ജഡ്ജിക്ക് റിപ്പോർട്ട് കൊടുക്കും.’

കുഞ്ഞ് ജയ്ഗോപാലിനെ തുറിച്ച് നോക്കി മൗനമായിരുന്നു.

പക്ഷേ, ജോസഫിൻറ വീട്ടിലേക്ക് തിരിയേണ്ടുന്ന വഴി കടന്നുപോന്നപ്പോൾ വണ്ടി ‘തിരിക്കെടാ ഡ്രൈവറേ’ എന്നായി കുഞ്ഞിൻറെ ആക്രോശം. ജയ്ഗോപാൽ ഒന്നു നോക്കിയപ്പോൾ കുഞ്ഞ് മുഖം താഴ്ത്തി.

ബാലൻ കുഞ്ഞിനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘മക്കള് വിഷമിക്കണ്ട. അമ്മേടെ വീട്ടില് എന്ത് വിഷമമുണ്ടായാലും അപ്പൂൻറച്ഛനെ ഫോൺ വിളിച്ചാ മതി. അപ്പൂൻറെ അച്ഛൻ പറന്ന് വന്ന് വാവേ കൊണ്ട് പോവും’

തിരിഞ്ഞ് ഉരത്ത ശബ്ദത്തിൽ ‘വാവയെ മര്യാദക്ക് നോക്കിക്കോളണ’മെന്ന് എനിക്കും അമ്മീമ്മക്കും താക്കീത് തരാനും ബാലൻ മറന്നില്ല.

വീട്ടിലെത്തിയപ്പോൾ പപ്പനെ കണ്ടതും വാവയുടെ മട്ട് മാറി. ‘എടാ കള്ളാ… എൻറമ്മയെ കട്ടോണ്ട് പോയ കള്ളാ ‘എന്ന് വിളിച്ച് പപ്പന് രണ്ടടി വെച്ച് കൊടുത്തു. എന്നിട്ട് ബാലനോട് ‘ഇവനെ അടിച്ചു കൊല്ല് അപ്പൂൻറച്ഛാ ‘ എന്ന് അലറി.

ബാലൻ ഉടനെ പപ്പൻറെ പുറത്ത് അടിച്ചു. വലിയ ഒച്ച കേൾക്കുന്ന വിധത്തിൽ.. പപ്പൻ ‘ങേ ,ങേ അയ്യോ മതിയേ അടിക്കല്ലേ കൊല്ലല്ലേ’ എന്നൊക്കെ കരഞ്ഞു.

‘ഇനിയടിച്ചാൽ ഇവൻ ചത്തുപോകു’മെന്നും ‘ചത്തുപോയാൽ അപ്പൂൻറച്ഛൻ ജയിലിലാകു’മെന്നും പറഞ്ഞപ്പോൾ വാവ ‘അടിക്കണ്ട ‘എന്ന് പറഞ്ഞ് അകത്തേക്ക് പോയി.

ജോസഫിൻറ ഒരു ഫോട്ടൊ കുഞ്ഞ് കൈയിൽ പിടിച്ചിരുന്നു. കളിപ്പാട്ടങ്ങളും ഉടുപ്പുമൊക്കെ കണ്ടപ്പോൾ വാവക്ക് സന്തോഷമായി. ‘ഇവിടെ എന്തുടുപ്പാണിടുക എന്തു വെച്ചാണ് കളിക്കുക എന്നൊക്കെ ഓർത്ത് വിഷമമായിരുന്നു’ എന്നു വാവ പറഞ്ഞു.

പിന്നെ വീട്ടിലെ എല്ലാ മുറികളിലും നടന്നു. ബാലനും ജയ്ഗോപാലും സൂത്രത്തിൽ യാത്ര പറഞ്ഞു പോയി. ഞാൻ വാവയേം കൊണ്ട് പറമ്പിലൊക്കെ നടന്നു. പപ്പൻ ഭാഗ്യയോടും അമ്മയോടും അമ്മീമ്മയോടും സംസാരിച്ചു കൊണ്ടിരുന്നു.

വാവയുടെ മനസ്സ് നിറയെ സംശയങ്ങളാണെന്ന് എനിക്കറിയാമായിരുന്നു. കുട്ടി എന്നെ അമ്മ എന്ന് വിളിക്കുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി. ക്ഷമ മാത്രമേ മാർഗമുള്ളൂ എന്നും ഞാനറിഞ്ഞു.

പെട്ടെന്നായിരുന്നു ചോദ്യം വന്നത്…

‘നിങ്ങളെന്നെ ഡൽഹിയിൽ കൊണ്ടുപോയി പഠിപ്പിക്കും? ‘

ഞാൻ ഉവ്വെന്ന് പറഞ്ഞു.

കാശുണ്ടോ നിങ്ങളുടെയടുത്ത് ?

ഉവ്വ്.. വാവേ പഠിപ്പിക്കാനൊക്കെ അമ്മേടേ കൈയില് കാശുണ്ട്.

‘ഉം. അല്ലെങ്കിൽ പപ്പനും പപ്പൻറെ കൂട്ടുകാരും നിങ്ങക്ക് ഇഷ്ടം പോലെ കാശ് തരുന്ന് അപ്പാളു പറഞ്ഞ് തന്നിട്ടുണ്ട്. ‘

എൻറെ ഹൃദയത്തിൽ വലിയൊരു തേൾ കടിച്ചു. വേദനിച്ചു പുളയുമ്പോഴും ഞാൻ പുഞ്ചിരിച്ചു തന്നെ നിന്നു.

പക്ഷേ, സംഭാഷണം നീണ്ടു പോയപ്പോൾ വാവയുടെ പിടുത്തം കൊഴിഞ്ഞു തുടങ്ങി. മമ്മിയെപ്പറ്റിയും അപ്പാളുവിനെപ്പറ്റിയും സ്കൂളിനെപ്പറ്റിയും ഒക്കെ പറഞ്ഞു തുടങ്ങി. അറിയാതെ തന്നെ അമ്മ, എന്നും റാണിച്ചിത്തി, ഭാഗ്യം ചിത്തി, രാജമ്മ( എൻറെ അമ്മ), രാജ്( അമ്മീമ്മ ) എന്നുമൊക്കെ പണ്ട് വാവ വിളിച്ചിരുന്ന പോലെ പറഞ്ഞു തുടങ്ങി.

ഞാൻ ആശ്വസിച്ചു. എല്ലാവരും പകർന്ന സ്നേഹം അത്ര എളുപ്പത്തിൽ മറന്നു പോവില്ലല്ലോ. ഞാൻ അവൾ വേറെ വീട്ടിൽ നിന്ന് വരികയാണെന്ന മട്ടേ പ്രകടിപ്പിച്ചില്ല. ഒന്നും കിള്ളിക്കിഴിഞ്ഞ് ചോദിച്ചില്ല. പറയാനുള്ളത് കേട്ടു.

അമ്മീമ്മ അത്താഴമൂട്ടാൻ അടുക്കളയിലേക്ക് വിളിച്ചു. മാമ്പഴപ്പുളിശ്ശേരിയും പയറുകൊണ്ടാട്ടവും വെണ്ടക്കായ മെഴുക്കുപുരട്ടിയും മോരും കടുമാങ്ങയുമായിരുന്നു വിഭവങ്ങൾ. ‘അമ്മ വാരിത്തരട്ടെ ‘എന്ന് ചോദിച്ചപ്പോൾ എടുത്തടിച്ചപോലെ വാവയുടെ ഉത്തരം വന്നു. ‘വേണ്ട, നിങ്ങളെ കാണുമ്പോ എനിക്ക് അറയ്ക്കണു.’

ഞാൻ ഒന്നും പറഞ്ഞില്ല.

അമ്മീമ്മയോട് ആയിരുന്നു അടുത്ത ചോദ്യം. ‘നിങ്ങള് പട്ടമ്മാരാ?’

ആരും ഒന്നും പറഞ്ഞില്ല. മുഴുവൻ മാമ്പഴം കറിയിൽ കണ്ടപ്പോൾ അടുത്ത ചോദ്യമായി. ‘ഇതെന്താ പോത്തെറച്ചിയാ? നിങ്ങള് പട്ടമ്മാര് എറച്ചി തിന്നോ? ഞാൻ ക്രിസ്ത്യാനിയാ.. ഞാൻ എല്ലാറ്റിനേം തിന്നും. ‘

അമ്മീമ്മ മറുപടി പറഞ്ഞു. അതീവ ശാന്തമായി. ‘ഇപ്പോ എൻറെ വീട്ടിലല്ലേ, ഞാൻ എറച്ചിയൊന്നും കഴിക്കില്ല. ഇവിടുള്ളതൊക്കെ കഴിച്ച് മോളിലെ മുറീല് പോയി ഒറങ്ങിക്കോളൂ ‘

അപ്പോൾ വാവ മൊഴിഞ്ഞു.
‘ഒറ്റയ്ക്ക് കെടക്ക്ല്യാ. അമ്മ വരണം’

ഞാൻ സമ്മതിച്ചു.

പുറത്തേ വരാന്തയിൽ വന്നപ്പോൾ അമ്മിത്തറയുടെ മറവിലിരുന്ന് തേങ്ങിക്കരയുന്ന ഭാഗ്യയെയാണ് കണ്ടത്. എന്താണെന്ന് ചോദിച്ചപ്പോൾ അവൾ ഏങ്ങലടിച്ചുകൊണ്ട് വിക്കി… ‘ നമ്മുടെ കുഞ്ഞ്…ഇങ്ങനെ. ഏതോ വീട്ടിലെ കുട്ടിയെപ്പോലേ.. നിന്നെ അറയ്ക്കുമെന്ന്… ഇത്ര മോശമാണോ നിൻറെ തലേലെഴുത്ത്.. എങ്ങനെ കൊണ്ടു നടന്ന കുഞ്ഞാണ്… എനിക്ക് സഹിക്കാൻ പറ്റുന്നില്ല’

ഞാൻ അവളെ കെട്ടിപ്പിടിച്ചു. പപ്പൻ കരച്ചിൽ കേട്ട് വന്ന് അവളെ കുറച്ചകലെയുള്ള ഗേറ്റിനരികിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മുകളിലെ മുറിയിൽ കിടക്ക വിരിച്ച് ഫാനുമിട്ട് വാവയെ ഞാൻ കിടത്തി. ഇട്ടിരുന്ന മിഡിയും ടോപ്പും അഴിച്ചു തന്നിട്ട് ‘ഇതിട്ടാ മതി നാളെ, ആ പപ്പനോട് ഇത് കഴുകി ഒണക്കാൻ പറയ് ‘ എന്ന് അവൾ കൽപ്പിച്ചു.

ഞാൻ തലകുലുക്കി.

അടുത്ത് കിടക്കാമോ എന്നുറപ്പില്ലാത്തത് കൊണ്ട് ഞാൻ അരികിലിരുന്നു.

‘നാളെ ഞാൻ അപ്പാളുൻറെ വീട്ടിലേക്ക് പോവും. അപ്പാളു താത്താവിൽ തടവാണ്ട് എനിക്ക് ഒറക്കം വരില്ല. ‘

ഞാൻ വെന്തുനീറിപ്പോയി. ആര് എവിടെ തടവണമെന്ന് ഞാൻ ചോദിച്ചത് എങ്ങനെയാണെന്ന് എനിക്കിപ്പോഴും അറിയില്ല.

അപ്പോൾ ഞാൻ അത് കേട്ടു.

‘ഞങ്ങള് ഒറങ്ങണേന് മുമ്പ് ഞാൻ അപ്പാളൂൻറെ താത്താവില് പിടിച്ച് വലിച്ച് കളിക്കും. പിന്നെ അപ്പാളു എൻറെ താത്താവില് ഇങ്ങനെ മേപ്പോട്ട് തടവിത്തരും. അപ്പോ എനിക്കൊരു സുഖം കിട്ടും. അങ്ങനെ ഞാനൊറങ്ങും. ഇന്നമ്മ തടവിത്തന്നാ മതി. ‘

എൻറെ ചത്ത കൈകൾ തൊട്ടിട്ട് കുഞ്ഞു പറഞ്ഞു, ‘അപ്പാളുൻറെ കൈയിനാ പതുപ്പ്. അമ്മേടെ കൈ പരുത്തതാ. എന്നാലും തടവ്. എനിക്കൊരു സുഖം കിട്ടട്ടെ’

എന്നിട്ട് എൻറെ വലതു കൈ അവളുടെ ജെട്ടിക്കടിയിലൂടെ കുഞ്ഞുപൂവു പോലെയുള്ള താത്താവിൽ കമഴ്ത്തിവെച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English