ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാര്‍ ജോസ് കല്ലുവേലില്‍

സ്കാര്‍ബറോ (ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി  മിസ്സിസ്സാഗ രൂപതയില്‍ നിന്നും പരിശീലനം നേടുന്ന ആദ്യത്തെ കനേഡിയന്‍ മലയാളിയായ ബ്രദര്‍  ഫ്രാന്‍സിസ്  സാമുവേല്‍  അക്കരപ്പട്ടിയേയ്ക്കല്‍  പുരോഹിത വസ്ത്രം  സ്വീകരിച്ചു .
മാതൃ ഇടവകയായ ടോറോന്റോ സ്കാര്‍ബറോ സെന്റ് തോമസ് ഫൊറോനാ  ദേവാലയത്തില്‍  ഞായറാഴ്ച്ച അര്‍പ്പിച്ച പ്രത്യേക ദിവ്യബലി മദ്ധ്യേ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ ജോസ് കല്ലുവേലില്‍ പിതാവാണ് ബ്രദര്‍  ഫ്രാന്‍സിസിനു പുരോഹിത വസ്ത്രം  സമ്മാനിച്ചത്. പുരോഹിത വസ്ത്രം നൈര്‍മ്മല്യത്തിന്റേയും  ജീവിത വിശുദ്ധിയുടെ അടയാളമാണ്.  ക്രിസ്തുവിനെ ധരിക്കുന്നതിന്റെയും, ക്രിസ്തുവിന്റെ മുഖമായി തീരുന്ന ന്നതിന്റെയും  സൂചനയാണ് ‘ളോവ’ യിലൂടെ ഒരു പുരോഹിതന്‍ ലോകത്തിനു നല്‍കുന്നത്  എന്ന്  മാര്‍  ജോസ് കല്ലുവേലില്‍ ദിവ്യബലി മദ്ധ്യേ  നല്‍കിയ  സന്ദേശത്തില്‍ പറഞ്ഞു. ബ്രദര്‍  ഫ്രാന്‍സിസിനെയും മാതാപിതാക്കളെയും ഏക സഹോദരനെയും ഹാര്‍ദ്ദമായി അഭിനന്ദിച്ച അദ്ദേഹം, പുതിയ തലമുറയിലെ യുവാക്കള്‍ക്ക് പൗരോഹിത്യത്തിലേക്കുള്ള ഉള്‍വിളിയുണ്ടാകുവാന്‍  ഫ്രാന്‍സിസിന്റെ മാതൃക പ്രചോദനമാകും എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മിസ്സിസ്സാഗ രൂപതയിലെ  വൈദികരുടെയും, സന്യസ്തരുടെയും, വിശ്വാസികളുടെയും  ആശംസകള്‍ അറിയിച്ചു കൊണ്ട് രൂപതാ വികാരി ജനറല്‍  ഫാ.പത്രോസ് ചമ്പക്കര   ഫ്രാന്‍സിസിന്റെ മുന്നോട്ടുള്ള പരിശീലന യാത്രയില്‍  ആവശ്യമായ ജലവും, ലവണങ്ങളും  പോഷണവും പ്രാത്ഥനയിലൂടെ നല്‍കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
സ്കാര്‍ബൊറോ ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും സ്‌നേഹാദരവുകളും ആശംസകളും പ്രാര്‍ത്ഥനയും ഫ്രാന്‍സിസിന് അര്‍പ്പിച്ച  ഫൊറോനാ വികാരി.ഫാ.ജോസ് ആലഞ്ചേരി മാതാപിതാക്കളായ അക്കരപ്പട്ടിയേയ്ക്കല്‍ ജോസഫും പൗളിനും, ലൗകിക  ലാഭത്തെക്കുറിച്ചു ചിന്തിക്കാതെ  നിശ്ചയ ദാര്‍ഢ്യത്തോടെ  മകനു നല്‍കിയ പ്രോത്സാഹനത്തെ  പ്രശംസിച്ചു .
മറുപടി  പറഞ്ഞ ബ്രദര്‍ ഫ്രാന്‍സിസ്, ദൈവത്തിന്റെ പ്രത്യേകമായ കൃപയും, തന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ഇടവകയിലെ ആത്മീയ  കൂട്ടായ്മകളുടെയും, നിരവധി കുടുംബാംഗങ്ങളുടെയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സ്‌നേഹത്തിന്റെയും ശക്തിയുമാണ് തന്നെ മുന്നോട്ടു നയിക്കുന്നത് എന്ന് അനുസ്മരിച്ചു.   ദൈവത്തിന്റെ കാരുണ്യം തിരിച്ചറിയുവാനും  ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള   എല്ലാ അവസരങ്ങളും മടി കൂടാതെ ഉപയോഗപ്പെടുത്തണമെന്ന് യുവാക്കളേയും  യുവതികളേയും ബ്രദര്‍  ഫ്രാന്‍സിസ് ഓര്‍മ്മിപ്പിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English