യുവകലാസാഹിതി ഏർപ്പെടുത്തിയ വയലാർ രാമവർമ്മ കവിതാ പുരസ്കാരം ഇ.സന്ധ്യ രചിച്ച “അമ്മയുള്ളതിനാൽ ” എന്ന കാവ്യസമാഹാരത്തിന് നല്കുവാൻ തീരുമാനിച്ചു. സ്ത്രീസത്തയുടെ സവിശേഷമായ ആധുനിക ആഖ്യാനംകൊണ്ട് മൗലികവ്യത്യസ്തമായ ഒരു വഴി അടയാളപ്പെടുത്തിയ കവിതകളാണ് ഇ.സന്ധ്യയുടേത്.
ഏറ്റവും പുതിയ കാലത്തിന്റെ സങ്കീർണ്ണമായ ജീവിതാവസ്‌ഥകളെ നേരിട്ടുകൊണ്ട് സ്ത്രീയുടെ സമഗ്ര പ്രതിരോധം സന്ധ്യ ഈ കവിതകളിൽ സാധ്യമാക്കുന്നുവെന്ന് പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി.2018-20 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതും സംസ്ഥാനാടിസ്ഥാനത്തിൽ കൃതികൾ ക്ഷണിച്ച് അയച്ചുകിട്ടിയതുമായ കവിതാ സമാഹാരങ്ങളിൽ നിന്ന് വയലാർ ശരത്ചന്ദ്രവർമ്മ (ചെയർമാൻ), ആലങ്കോട് ലീലാകൃഷ്ണൻ (സ്റ്റേറ്റ് പ്രസിഡന്റ്, യുവകലാസാഹിതി), ഇ.എം.സതീശൻ (ജനറൽ സെക്രട്ടറി,യുവകലാ സാഹിതി),ഡോ: പ്രദീപ് കൂടയ്ക്കൽ (പ്രസിഡന്റ്, ആലപ്പുഴ ജില്ലാ കമ്മിറ്റി),
അസീഫ് റഹീം (കൺവീനർ) എന്നിവരടങ്ങിയ അവാർഡ് നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് (11,111) രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്പുരസ്കാരം.2021 ഒക്ടോബർ 24ന് ഞായറാഴ്ച രാഘവപ്പറമ്പിൽ വയലാർ രാമവർമ്മയുടെ സ്മൃതി കുടീരത്തിൽ വയലാർ ശരത്ചന്ദ്രവർമ്മയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും.ചടങ്ങ് കൃഷിവകുപ്പു മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.