ഈ മാലാഖമാര്‍ മനുഷ്യരാണ് ഇവര്‍ നമ്മുടെ സ്വന്തം മക്കള്‍ -ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

nurseക്രൈസ്തവ സമുദായത്തിന്റെ നിലപാടുകളല്ല, മനസാക്ഷിയുടെ സ്വരമാണ് ഞാനിവിടെ പങ്കുവെയ്ക്കുന്നത്. കാലങ്ങളായി സേവനത്തിന്റെ മറവില്‍ നിരന്തരം ക്രൂശിക്കപ്പെടുന്ന മനുഷ്യരായ മാലാഖാമാരുടെ സങ്കടങ്ങള്‍ക്കുമുമ്പില്‍ മുഖംതിരിഞ്ഞുനില്‍ക്കാനാവില്ല. ഈ വന്‍ ചൂഷണത്തിനെതിരെ പൊതുസമൂഹം വിരല്‍ ചൂണ്ടാന്‍ തുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ ശുഭലക്ഷണമായി കാണുന്നു.

‘‘നാട്ടില്‍ പണിയും ബംഗാളിക്ക് ദിവസക്കൂലി 800, കാടും മേടും വെട്ടാന്‍ പോയാല്‍ അരിവാങ്ങിക്കാന്‍ കാശും കിട്ടും’’. മുഷ്ടിചുരുട്ടി ആവേശം ചോരാതെ കേരളത്തിലുടനീളം ഉയരുന്ന നേഴ്‌സുമാരുടെ മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ലെന്നു നടിക്കാന്‍ മനഃസാക്ഷി മരവിക്കണം.

പിറന്നുവീണ മണ്ണില്‍ മാന്യമായി ജോലിചെയ്തു ജീവിക്കുവാനുള്ള അവകാശത്തെ അട്ടിമറിക്കുന്ന അടിമത്വത്തിനെതിരെ ഉണര്‍ന്നെഴുന്നേറ്റ് സംസാരിക്കുവാന്‍ ആതുരശുശ്രൂഷാമേഖലയിലെ നേഴ്‌സുമാര്‍ മുന്നോട്ടുവന്നിരിക്കുന്നു. ന്യായ അന്യായ വിസ്താരമെന്നതിലുപരി ഇവരുടെ നിസ്വാര്‍ത്ഥസേവനത്തിന്റെ അളവുകോലാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത്. ആരെയും ഏതിര്‍ക്കുവാനോ എതിര്‍ത്തുതോല്പിക്കുവാനോ അല്ല നേഴ്‌സുമാരുടെ സമരം. ജീവിക്കുവാനുള്ള അടിസ്ഥാന സൗകര്യത്തിനും ജീവനോപാധിക്കുമാണ്. ആശുപത്രികള്‍ അടച്ചുപൂട്ടണമെന്നോ രോഗികളെ വഴിയാധാരമാക്കണമെന്നോ ഇവര്‍ ലക്ഷ്യംവെയ്ക്കുന്നില്ല. മറിച്ച് ജോലിചെയ്തുകൊണ്ട് ഡ്യൂട്ടികഴിഞ്ഞെത്തുന്നവരാണ് ഇന്നലെവരെ സമരപ്പന്തലില്‍ നിറഞ്ഞത്. സൂചനകളിലൂടെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ തങ്ങളുടെ പ്രതിസന്ധികളും ദൈന്യതയും പ്രാരാബ്ധവും അവര്‍ പങ്കുവയ്ക്കുകയായിരുന്നു. 2016 ജനുവരിയില്‍ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം അട്ടിമറിക്കപ്പെട്ടപ്പോള്‍ മാസങ്ങള്‍ക്കുമുമ്പേ നോട്ടീസ് നല്‍കിയും സൂചനസമരങ്ങള്‍ നടത്തിയുമാണ് പണിമുടക്കിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്ന വാദവും തള്ളിക്കളയാനാവില്ല. ഒന്നുറപ്പിക്കാം, ഇത് ജീവിക്കാന്‍വേണ്ടിയുള്ള പോരാട്ടമാണ്. സാക്ഷരസമൂഹത്തെ വിഢിവേഷംകെട്ടിച്ച് അടിമകളെപ്പോലെ കണക്കാക്കി മഹത്തായ തങ്ങളുടെ സേവനങ്ങളെ വിലപറഞ്ഞുവില്‍ക്കുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പ്. ആതുരശുശ്രൂഷാമേഖലയില്‍ വന്‍ പൊളിച്ചെഴുത്തിനും അനീതിക്കുമെതിരെയുള്ള ധാര്‍മ്മികതയുടെ നിലപാടിനും പച്ചക്കൊടി കാട്ടാതെ നിവൃത്തിയില്ല.

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലുള്ള സമരങ്ങള്‍ പരിധികള്‍ കടന്ന് നാട് സ്തംഭിപ്പിക്കുന്ന വന്‍പ്രതിസന്ധിയിലെത്താതെ ഒത്തുതീര്‍പ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീയ അവസ്ഥകളും അസൗകര്യങ്ങളും പ്രവര്‍ത്തനവൈകല്യങ്ങളുമാണ് ജനങ്ങളെ സ്വകാര്യ ആശുപത്രികളിലെത്തിക്കുന്നത്. ഇതിന്റെ മറവില്‍ വമ്പന്‍ ചികിത്സാ സൗകര്യങ്ങളുടെ പേരിലുള്ള കഴുത്തറപ്പന്‍ സമീപനം വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ സ്വീകരിക്കുന്നുവെന്നത് വാസ്തവമാണ്. എന്നിട്ടോ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള വേതനവും തുച്ഛം. വളരെ സങ്കീര്‍ണ്ണവും വൈകാരികവും ജീവന്‍ നിലനിര്‍ത്തുന്നതുമായ ഒരു ജീവകാരുണ്യ ആതുരശുശ്രൂഷാമേഖലയില്‍ സേവനം ചെയ്യുന്ന ഒരു മനുഷ്യജീവിക്ക് ജീവിക്കുവാനുള്ള വേതനം നല്‍കുവാന്‍ മടിക്കുന്നവരുടെ പിടിവാശി അതിരുകടക്കുമ്പോള്‍ പൊതുസമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കാഴ്ച പ്രതീക്ഷയേകുന്നു.

നേഴ്‌സുമാരുടെ സമരത്തിന് പൊതുസമൂഹത്തിന്റെ പിന്തുണയോടൊപ്പം കോടതിവിധികളുടെ പിന്‍ബലവുമുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശം നിലവിലുണ്ട്. അടിസ്ഥാനവേതനം 20,000 രൂപ വേണമെന്ന ആവശ്യത്തിനുപിന്നില്‍ ഒട്ടേറെ ന്യായങ്ങളുമുണ്ട്. വിറകുവെട്ടുന്നവരേയും മണ്ണില്‍ പണിയെടുക്കുന്നവരെയും പെയിന്റടിക്കുന്നവരെയുംപോലെ നേഴ്‌സിനെ കാണുന്നത് ബാലിശമാണ്. കാരണം ദൈവത്തിന്റെ ദാനമായ ജീവന്റെ സംരക്ഷണം ഇവരുടെ കൈകളിലാണ്. എട്ടും പന്ത്രണ്ടും മണിക്കൂറുകള്‍ കണ്ണിമയ്ക്കാതെയും വെള്ളം കുടിക്കാതെയും വിശപ്പിനെ മാറ്റിവെച്ചും രോഗികളെ ശുശ്രൂഷിക്കുന്ന ജീവന്റെ സംരക്ഷകര്‍ മേല്‍പറഞ്ഞവരില്‍ നിന്ന് എത്രയോ ഉയരങ്ങളിലാണ്. പക്ഷേ, ഇതിന്റെ മറവില്‍ നേഴ്‌സിംഗ് ജോലിയെ സേവനമെന്നും ശുശ്രൂഷയെന്നും നല്ലവാക്കുകളിലൊതുക്കി പലരും തടിച്ചുകൊഴുക്കുകയാണ്.

കേരളത്തിലെ വ്യവസ്ഥിതികളെ പഴിപറഞ്ഞിട്ടുകാര്യമില്ല. പഠനങ്ങള്‍നടത്തി ശമ്പളം നിശ്ചയിക്കുമെന്ന ഗീര്‍വാണവും തള്ളിക്കളയണം. 2012ലെ ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ടും വീരകുമാര്‍ റിപ്പോര്‍ട്ടും അട്ടിമറിച്ചവര്‍, 2016 ജനുവരിയില്‍ പുതുക്കേണ്ട ശമ്പളപുനക്രമീകരണം നടത്താത്തവര്‍ വീണ്ടും പഠിച്ചുപറയാമെന്ന് പറഞ്ഞാല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. ചര്‍ച്ചകള്‍നടത്തി നേഴ്‌സിംഗ് സമുഹത്തെ കൊലയ്ക്കുകൊടുക്കുന്ന ഗൂഢതന്ത്രങ്ങള്‍ക്ക് ഈ മാലാഖമാരെ ഇനിയും വിട്ടുകൊടുക്കാനാവില്ല.

നേഴ്‌സിംഗ് സമരത്തിന്റെ വൈകാരികതയ്ക്ക് കാരണങ്ങള്‍ പലതാണ്. 1). സാധാരണക്കാരും പാവപ്പെട്ടവരുമായ കുടുംബങ്ങളില്‍നിന്നാണ് നേഴ്‌സിംഗ്‌മേഖലയിലേയ്ക്ക് കുട്ടികള്‍ കടന്നുവരുന്നത്. 2). കിടപ്പാടം വിറ്റും ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍ കടമെടുത്തും പഠനം നടത്തി വിജയിച്ചെത്തുന്നവര്‍ക്ക് വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ലഭിക്കുന്ന ജോലികൊണ്ട്് പട്ടിണികിടന്നാല്‍ പോലും പലിശയടക്കുവാന്‍ സാധിക്കാത്ത ദയനീയാവസ്ഥയിലുള്ള ഈ പ്രതികരണത്തിന് ശക്തിയേറും. 3). സ്വകാര്യ ആശുപത്രികളിലെ ഉള്ളുകളികളെക്കുറിച്ച് ബോധ്യമുള്ളവരാണ് അവിടെ ജോലിചെയ്യുന്ന നേഴ്‌സുമാര്‍. നിസാരരോഗങ്ങള്‍ പോലും വന്‍രോഗങ്ങളാക്കി ഞെക്കിപ്പിഴിയുക മാത്രമല്ല, നാട്ടിലുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ലാബ് പരിശോധനകളും നടത്തി പണം പിഴിയുന്ന കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകളുടെ ചൂഷണം ദിവസേന കണ്‍മുമ്പില്‍ കാണുന്ന ഇവര്‍ ലോകത്തോടിത് വിളിച്ചുപറയുന്ന നാളുകള്‍ വിദൂരമല്ല.

1994ലാണ് മിനിമം വേജസ് നേഴ്‌സിംഗ് മേഖലയില്‍ വന്നത്. അന്നത് 5000 രൂപയായിരുന്നു. രണ്ടായിരാമാണ്ട് വരെ ഈ തുക സ്വകാര്യ ആശുപത്രികള്‍ കൊടുത്തില്ല. പകരം മാനേജ്‌മെന്റുകള്‍ ഇതിനെതിരെ കേസ് നടത്തി വര്‍ഷങ്ങള്‍ തള്ളിനീക്കി. ഇത്തരം ഒരു കുതന്ത്രമാണ് 2016 ജനുവരിയിലെ ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കാതെ ഇക്കൂട്ടര്‍ സ്വീകരിച്ചത്. 20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ന്യായമായ ആവശ്യവും കോടതി വ്യവഹാരത്തിലൂടെ അട്ടിമറിക്കുവാന്‍ മാനേജ്‌മെന്റുകള്‍ ഇനിയും ശ്രമിക്കുവാന്‍ സാധ്യതയേറെയാണ്.

ഡെങ്കിപ്പനിയെന്ന പിടിവള്ളിയില്‍ ജനരോഷമുയര്‍ത്തി പൊതുസമൂഹത്തിന്റെ ശ്രദ്ധതിരിച്ചുവിട്ട് നേഴ്‌സുമാരുടെ സമരത്തെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നത് വിവരദോഷമാണ്. ഇവരില്‍ പലരും ഇവരുടെ കുടുംബങ്ങളും ഇതേ പനിക്കുതന്നെ കീഴ്‌പെട്ടിരിക്കുന്നുവെന്നതും മറക്കരുത്. എങ്കിലും ഡെങ്കിപ്പനി പിടിച്ചവരെ ശുശ്രൂഷിക്കുവാന്‍ നേഴ്‌സുമാര്‍ വേണം. പനിബാധിതരെക്കൊണ്ട് ആശുപത്രികള്‍ നിറയുമ്പോള്‍ രാവും പകലും പണിയെടുക്കുന്ന മാലാഖാമാരെ എല്ലാവര്‍ക്കും വേണം. രോഗികളുടെയും കൂടെയുള്ളവരുടെയും ദേഷ്യവും ആട്ടും തുപ്പും കൈയേറ്റവും ചെകിട്ടത്തടിയും മാത്രമല്ല തിരക്കിനിടയില്‍ ഉള്ളുരുകി ഒന്നു കരയാന്‍പോലും ഇവര്‍ക്കാകുന്നുണ്ടോ? എന്നിട്ടും എല്ലാം മറന്ന് പുഞ്ചിരിക്കുന്ന മുഖവുമായി കൈയില്‍ സിറിഞ്ചും മരുന്നും കുറിപ്പുകളുമായി ഓടിനടക്കുന്നവര്‍ക്ക് വെറും 20,000 മല്ല ഈ നാടുതന്നെ തീറെഴുതിക്കൊടുത്താലും മതിയാവില്ല.

കേരളത്തിലെ അവസ്ഥ ജോലിയുണ്ട് ശമ്പളമില്ല എന്നതാണെങ്കില്‍ സാമ്പത്തിക നേട്ടത്തിനുവേണ്ടി വിദേശങ്ങളിലേയ്ക്ക് കുടിയേറിയിരിക്കുന്നവരെക്കുറിച്ചും പറയാതെ വയ്യ. കേരളമെന്ന സംസ്ഥാനം ഇന്നു ഈ രീതിയില്‍ നിലനില്‍ക്കുന്നെങ്കില്‍ അതിന്റെ പിന്നില്‍ വിദേശത്തുജോലിചെയ്യുന്ന നേഴ്‌സുമാരുടെ സംഭാവനകള്‍ വളരെ വലുതാണ്. കാര്‍ഷികമേഖല സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിയുമ്പോഴും കുടുംബങ്ങള്‍ക്ക് താങ്ങാവുന്നത് വിദേശത്തുള്ള ഇവരുടെ ഡ്രാഫ്റ്റുകളാണ്. വ്യാപാരികളും വ്യവസായികളും വിദ്യാഭ്യാസസ്ഥാപനങ്ങളും മാത്രമല്ല വിവിധ മതങ്ങള്‍ പള്ളികളും മോസ്കുകളും അമ്പലങ്ങളും പണിതുയര്‍ത്തുന്നതും നിലനിര്‍ത്തുന്നതും ഇവരുടെയുംകൂടി പിന്‍ബലത്തിലാണ്. വിദേശനേഴ്‌സിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ആരെങ്കിലും അമ്പേഷിച്ചിട്ടുണ്ടോ? അവധിക്കാലത്ത് എയര്‍പോര്‍ട്ടില്‍ പുഞ്ചിരിക്കുന്ന മുഖവുമായി വന്നിറങ്ങുമ്പോള്‍ സ്വന്തക്കാരെയും ബന്ധുജനങ്ങളെയും നേരിട്ടുകണ്ട് കെട്ടിപ്പുണരുമ്പോള്‍ അവരനുഭവിക്കുന്ന ആത്മസംതൃപ്തിയുടെ ആഴങ്ങള്‍ അളക്കുവാന്‍ ആര്‍ക്കുമാവില്ല.

പിറന്നുവീണ കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പിച്ച് വിദേശത്തേയ്ക്ക് വണ്ടികയറുന്നവള്‍, പഠിക്കാനായി മാതാപിതാക്കള്‍ പണയംവച്ച കിടപ്പാടം തിരികെയെടുക്കുവാന്‍ അറബിയുടെയും സായിപ്പിന്റെയും ആഫ്രിക്കക്കാരന്റെയും ആക്രോശങ്ങള്‍ക്കുമുമ്പില്‍ നെഞ്ചുരുകുന്നവര്‍. തീര്‍ന്നില്ല, നാടും വീടും കൂടും വിട്ട് അന്യദേശത്ത് പരദേശിയായി കഴിയുന്നവരുടെ നൊമ്പരങ്ങള്‍ അനുഭവിച്ചവര്‍ക്കേ അറിയൂ. ആഭ്യന്തരകലഹങ്ങളും അധിനിവേശങ്ങളും പ്രക്ഷോഭങ്ങളും തീവ്രവാദങ്ങളും ബോംബറുകളും നടക്കുന്ന രാജ്യങ്ങളില്‍ തീയുടെയും പട്ടാളത്തിന്റെയും തീവ്രവാദികളുടെയും മുമ്പില്‍ സ്വയം ശൂന്യരായി എരിഞ്ഞടങ്ങി പലപ്പോഴും ജീവിക്കേണ്ടിവരുന്ന നമ്മുടെ മക്കളുടെ കഷ്ടപ്പാടുകള്‍ തനിക്കും നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് ഇവിടെയുള്ളവര്‍ മറന്നുപോകുന്നു. ദൈവത്തിന്റെ കൃപകൊണ്ട് മികച്ച രാജ്യങ്ങളില്‍ പോയി ജീവിതം കെട്ടിപ്പടുത്തവരുമുണ്ട്. സാമ്പത്തികനേട്ടങ്ങളുണ്ടാക്കിയവരുമുണ്ട്. ഇവരെ കാണാനായി രാഷ്ട്രീയ മതനേതാക്കളും ഭരണാധികാരികളും ആഴ്ചകള്‍ തോറും രാജ്യങ്ങള്‍ കടന്ന് എത്താറുമുണ്ട്. വിദേശത്തുകഴിയുന്ന നേഴ്‌സുമാരുടെ മാസശമ്പളത്തിന്റെ വീതംപറ്റുന്നവരും ഇവരുടെ പിന്‍ബലത്തില്‍ നാട്ടില്‍ ആശുപത്രികള്‍ ഉള്‍പ്പെടെ വമ്പന്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയവരും കേരളത്തിലെ മാലാഖമാരുടെ ജീവിക്കുവാനുള്ള പോരാട്ടത്തിന് പിന്‍ബലമേകാത്തതെന്ത്? വിദേശത്തു ജോലിചെയ്യുന്ന നേഴ്‌സിന്റെ പണം നമുക്കുവേണം. എന്നാല്‍ ഇവിടെയുള്ള അതേ നേഴ്‌സിന് ജീവിക്കുവാനുള്ള വേതനം നല്‍കുവാന്‍ മടിയാണുപോലും.

സ്വകാര്യ ആശുപത്രികളില്‍ പേഷ്യന്റ്:നേഴ്‌സ് അനുപാതം പാലിക്കപ്പെടുന്നുണ്ടോ? പഠനത്തിനുശേഷം രജിസ്‌ട്രേഷനും എടുത്ത് സ്റ്റാഫായ നേഴ്‌സിനെ ട്രെയിനിയായും ഫിസിഷ്യന്‍ അസിസ്റ്റന്റായും ഒബ്‌സേര്‍വറായും തരംതാഴ്ത്തി അട്ടിമറിക്കുന്നത് ശരിയാണോ? നാലു വര്‍ഷത്തെ പഠനം, തുടര്‍ന്നുള്ള ജോലി, സര്‍ട്ടിഫിക്കറ്റുകളെല്ലാം ആശുപത്രി അധികൃതരുടെ പക്കല്‍, എഗ്രിമെന്റ് കാലാവധിക്കിടയില്‍ വിദേശജോലിക്കവസരം ലഭിച്ചിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതരില്‍ നിന്നും ലഭിക്കാതെ ആത്മഹത്യചെയ്ത നേഴ്‌സുമാരുടെ ചരിത്രം നമുക്കു മറക്കാനാകുമോ?

ചെറുകിട ആശുപത്രികള്‍ക്ക് ശമ്പളവര്‍ദ്ധനവ് താങ്ങാനാവില്ലെന്ന് ന്യായവാദങ്ങളുന്നയിച്ച് ഒളിച്ചോടാനുള്ള ശ്രമങ്ങളുണ്ടാകാം. മാനേജുമെന്റിന്റെ പിടിപ്പുകേടുകൊണ്ടല്ലാതെ നേഴ്‌സുമാരുടെ പ്രവര്‍ത്തനവൈകല്യംകൊണ്ട് ഒരാശുപത്രിയും പൂട്ടിയ ചരിത്രമില്ല. നേഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശിച്ച കമ്മീഷന്റെ ശുപാര്‍ശകള്‍ വന്നപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. നേഴ്‌സിനു നേട്ടമുണ്ടായില്ല. ഇതിനോടകം വിവിധയിനം മരുന്നുകള്‍ക്കും സര്‍ജറികള്‍ക്കായുള്ള മെറ്റീരിയല്‍സിനും വില കുറഞ്ഞു. ഇതു രോഗികള്‍ക്കുപകരിച്ചില്ല.

വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കൈപ്പിഴകള്‍ പലതും കൂടെ പ്രവര്‍ത്തിക്കുന്ന നേഴ്‌സിന്റെ അവസരോചിതമായ ഇടപെടലുകളിലൂടെ ജീവന്‍ നിലനിര്‍ത്തിയിട്ടുള്ള ഒട്ടേറെ സന്ദര്‍ഭങ്ങള്‍ നിത്യേനയുണ്ട്. പക്ഷേ ഇതു ജനമറിയുന്നില്ല. ചികിത്സയുടെ മറവില്‍ രോഗിയും ലോകവുമറിയാതെയുള്ള നിസ്വാര്‍ത്ഥസേവനങ്ങള്‍ നേഴ്‌സുമാരിലൂടെ നിര്‍വഹിക്കപ്പെടുന്നുണ്ടെന്നുള്ളത് അംഗീകരിക്കപ്പെടണം.

നേഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുനഃക്രമീകരിക്കണമെന്ന് മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞ് കൈയ്യടി നേടാന്‍ ശ്രമിക്കുന്ന പലരുടെയും സ്വന്തം സ്ഥാപനങ്ങളില്‍ നടക്കുന്നത് കൊടിയ നീതിനിഷേധമാണെന്ന് ആര്‍ക്കാണറിയാത്തത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുകയല്ല ഇടപെടലുകളിലൂടെ തിരുത്തലുകള്‍ വരുത്തുകയാണ് വേണ്ടത്. നേഴ്‌സിംഗ് സമരം പലരുടെയും കണ്ണുതുറപ്പിക്കും. വന്‍ പ്രക്ഷോഭത്തിന് അവസരം കൊടുക്കാതെ മാന്യമായ സമീപനം സ്വീകരിച്ച് മഹത്വം വെളിപ്പെടുത്താനുള്ള സാഹചര്യം പാഴാക്കരുത്.

മതത്തിന്റെയും ജാതിയുടെയും പേരില്‍ നേഴ്‌സിംഗ് സമരത്തെ വേര്‍തിരിച്ചുകാണുവാനുള്ള ശ്രമങ്ങള്‍ ശരിയല്ല. സ്വകാര്യ ആതുര ശുശ്രൂഷാമേഖലകളെന്ന വിശാലതലത്തില്‍ ഈ പ്രശ്‌നത്തെ കാണുവാനും നേരിടുവാനും നമുക്കാകണം. നേഴ്‌സിംഗ് സമരത്തിന്റെ മറവില്‍ കത്തോലിക്കാ സ്ഥാപനങ്ങളെയും സഭാസംവിധാനത്തെയും അടച്ചാക്ഷേപിക്കുന്നതും ഭൂഷണമല്ല. ഒരു പക്ഷേ സമരരംഗത്തുള്ള നേഴ്‌സുമാരായിരിക്കില്ല ചില നിക്ഷിപ്ത താല്പര്യക്കാരായിരിക്കാം ഇതിന്റെ പിന്നില്‍. സമവായത്തിലൂടെയും നിയമത്തിലൂടെയും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം വേതനം അതെത്രയായാലും കത്തോലിക്കാ സ്ഥാപനങ്ങള്‍ നല്‍കുവാന്‍ ബാധ്യസ്ഥരാണ്. ഇതു നടപ്പിലാക്കുന്നില്ലെങ്കില്‍ വിശ്വാസിസമൂഹം ഒന്നടങ്കം നേഴ്‌സിംഗ് മേഖലയില്‍ ശുശ്രൂഷചെയ്യുന്ന മക്കളോടൊപ്പം അണിനിരക്കും.

നേഴ്‌സുമാര്‍ക്ക് ന്യായമായ വേതനം നല്‍കുക, ശമ്പളവര്‍ദ്ധനവിന്റെ അധികഭാരം രോഗികളുടെമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ പാടില്ല. ഇതുരണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ശമ്പളവര്‍ദ്ധനവിന് സര്‍ക്കാര്‍ ശ്രമിക്കണം. ഭീഷണിയുടെ വൈകാരിക സ്വരവും സമ്മര്‍ദ്ദവും പ്രലോഭനങ്ങളും ഈ സമരത്തെ വിജയത്തിലെത്തിക്കില്ല.

ചില യാഥാര്‍ത്ഥ്യങ്ങള്‍ നാം തിരിച്ചറിയണം. ബലരാമന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2013 ല്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ കാലാവധി അഞ്ചുവര്‍ഷമാണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ശമ്പളം പുതുക്കി നിശ്ചയിക്കേണ്ടത് സര്‍ക്കാരാണ്. സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്കില്‍ ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല. ഒരു കമ്മീഷനെ നിയമിക്കുകയായിരുന്നു കോടതി ചെയ്തത്. 2016ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. നിലവിലുള്ള കരാര്‍ കാലാവധി കഴിയാതെ സര്‍ക്കാരിനും പുതിയ വേതനം നിശ്ചയിക്കുവാന്‍ നിയമപരമായി സാധിക്കുമോയെന്ന സന്ദേഹമുണ്ട്. അങ്ങനെ വന്നാല്‍ വേതനവര്‍ദ്ധനവ് വീണ്ടും കോടതി വ്യവഹാരങ്ങളിലൂടെ അട്ടിമറിക്കപ്പെടാം. അതുകൊണ്ട് സമരത്തോടൊപ്പം 2018 ജനുവരിയില്‍ അടിസ്ഥാനശമ്പളം 20,000 മാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെടാനുള്ള സാധ്യതകളാണ് നേഴ്‌സുമാര്‍ തേടേണ്ടത്. മാനേജ്‌മെന്റുകള്‍ക്ക് കോടതിവ്യവഹാരത്തിനുള്ള അവസരങ്ങള്‍ അടയ്ക്കുകയും വേണം. അതിന് വൈകാരികത വെടിഞ്ഞ് സമന്വയത്തിന്റെ പാത സ്വീകരിക്കുവാന്‍ ഏവരും തയ്യാറാകണം. ഒന്നുറപ്പാണ്, ഭൂമിയിലെ ഈ മാലാഖമാരെ സംരക്ഷിച്ചേ പറ്റൂ. ജീവിക്കുവാന്‍ മാത്രമല്ല, തങ്ങളുടെ ജോലിവരുമാനത്തിലൂടെ കുടുംബസാമ്പത്തിക ഭദ്രത അവര്‍ക്കുറപ്പാക്കുകയും വേണം.

ആധുനിക കാലത്തെ മനുഷ്യവിഭവചൂഷണം ആരോഗ്യമേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല. കര്‍ഷകരും ഇതര സേവനമേഖലയിലുള്ളവരും ഇത്തരം ചൂഷണങ്ങളുടെ ഇരകളാണിന്ന് . സംഘടിതമുന്നേറ്റത്തിന്റെ അഭാവമാണ് ഇവരുടെയൊക്കെ വേദനകളും ദുഃഖങ്ങളും പൊതുസമൂഹത്തില്‍ പ്രതിഫലിക്കാത്തത്. നാളെ സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ അദ്ധ്യാപകരും സമരരംഗത്തിറങ്ങി കത്തിജ്വലിക്കും. അതിനിടവരാതിരിക്കുവാന്‍ അധികാരികള്‍ ശ്രദ്ധിച്ചാല്‍ അപമാനഭാരം കുറയ്ക്കാം. ഇതൊരു മുന്നറിയിപ്പുമാത്രം.

കഷ്ടപ്പാടിന്റെയും കദനത്തിന്റെയും വേദനകള്‍ ഉള്ളിലൊതുക്കി ജീവിക്കുവാന്‍വേണ്ടി പോരാടുന്ന ഭൂമിയിലെ മാലാഖാമാര്‍ക്ക് നമുക്ക് പിന്തുണയേകാം. അധികാരകേന്ദ്രങ്ങള്‍ പിടിവാശി കളഞ്ഞ് ഇവരുടെ സേവനങ്ങള്‍ക്ക് കൈയ്യൊപ്പ് ചാര്‍ത്തണമെന്നാണ് എളിയ അപേക്ഷ. ജീവന്റെ തുടിപ്പുകള്‍ക്ക് സംരക്ഷണമേകി, സാന്ത്വനവും ആശ്വാസവും പകര്‍ന്നേകി അന്തരാത്മാവിന്റെ ഉള്ളറകളില്‍ നിറഞ്ഞുതുളുമ്പുന്ന ഇവരുടെ നന്മകളുടെ നല്ല ഫലങ്ങള്‍ പൊതുസമൂഹത്തില്‍ തുടര്‍ന്നും വാരിവിതറട്ടെ.

 JPMNEWS.com  – കടപ്പാട്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here