ഇ. എം.എസി നെ അത്ഭുതത്തോടെയെ ഓർക്കാനാവൂ. ‘ചിന്ത ‘ വായിക്കുന്ന കാലം. അദ്ദേഹത്തിന്റെ ഒരു എഡിറ്റോറിയലും ഒരു ദീർഘലേഖനവും പതിവാണ്. കൂടാതെ ചോദ്യോത്തരവും. (സ്വന്തമായി ചോദ്യങ്ങൾ ഉണ്ടാക്കി മറുപടി എഴുതുകയല്ല.) അദ്ദേഹത്തെ ഉത്തരം മുട്ടിച്ച ചോദ്യങ്ങളൊന്നും വായിച്ച കാലത്തോളം കണ്ടില്ല! മാർക്സിസം ലെനിനിസം എന്ന ആശയത്തിന്റെ സൈദ്ധാന്തിക അടിത്തറ; ലളിതവും ഒഴുക്കുള്ളതുമായ ഭാഷ;തത്വവും വിശകലനവും നിറഞ്ഞ ഉള്ളടക്കം.
അദ്ദേഹത്തെ വായിച്ചപ്പോൾ വിപ്ലവം തൊട്ടപ്പുറത്തു വന്നെത്തി നിൽക്കുന്നുവെന്ന തോന്നലായിരുന്നു.
സ്വത്തുക്കൾ പാർട്ടിക്ക് എഴുതി കൊടുത്തു ചിന്തയിലും എഴുത്തിലും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിലും മാത്രം ശ്രദ്ധിച്ച അദ്ദേഹം ലളിതമായി ജീവിച്ചു.
പാർലിമെന്ററി ജനാധിപത്യം മാർക്സിസ്റ്റ് പാർട്ടിക്കു ഒരു വിപ്ലവ പ്രചരണായുധം മാത്രമാണ് എന്നദ്ദേഹം തുടർച്ചയായി പറഞ്ഞു. അധികാരലഹരി മാർക്സിസ്റ്റുകളെ (നേതാക്കളെ ) മത്തരാക്കില്ല എന്നദ്ദേഹം കരുതി.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സാധാരണക്കാർ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതിന്റെ വലിയൊരു കാരണം അദ്ദേഹമാണ്.
കാലം പോയി. ഇ.എം. എസ് എന്ന മഹാനായ നേതാവിന്റെ സ്ഥാനത്തു പിണറായി വിജയൻ വന്നു. പഠിച്ചു പഠിച്ചു പണിക്കരായി എന്നാണ് പഴമക്കാർ പറയുന്നത്. അറിവിന്റെ അങ്ങേത്തല അറിഞ്ഞയാൾ എന്നാണവർ ഉദ്ദേശിച്ചത്..
ഒരു പ്രാചീന സമൂഹത്തിൽ ഉത്ഭവിച്ച, കാലത്തിനൊപ്പം മാറാത്ത ഒരാശയമാണ് തങ്ങളുടേതെന്നു നേതാക്കൾ തിരിച്ചറിഞ്ഞെന്ന പോലെയാണ് അവരുടെ ഇപ്പോഴത്തെ പെരുമാറ്റവും രീതികളും.
അവർ ആർത്തിപിടിച്ചു സമ്പാദിച്ചു കൂട്ടുന്ന കാഴ്ചയാണ് നമ്മൾ ഇന്ന് കാണുന്നത്. സ്വന്തം സമ്പാദ്യം മാത്രമാണ് പരമമായ സത്യം എന്നവർ തിരിച്ചറിഞ്ഞ പോലെ..
വായിച്ചും കേട്ടുമറിയുന്നത് വെച്ചു പിണറായി വിജയന് സമൂഹത്തെ പുഷ്ടിപ്പെടുത്തുന്നതിലും സ്വന്തം പുഷ്ടിയിലാണ് താല്പര്യമെന്ന് തോന്നുന്നു. മാർക്സിസ്റ്റ് നേതാവിനേക്കാൾ അധോലോകസംഘ നേതാവിന്റെ പരിവേഷമാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്. അലമാല കണക്കെ വരുന്ന അഴിമതി, അധോലോക പ്രവർത്തനങ്ങളെക്കു റിച്ചുള്ള ആരോപണങ്ങളുടെ തുടർച്ചയായി ഇപ്പോൾ ‘അഴിമതി ക്യാമറ’ യും വന്നിരിക്കുന്നു.
ഒരു മാർക്സിസ്റ്റ് ഭരണവും ഒരു മാർക്സിസ്റ്റ് നേതാവും ഇത്രമേൽ അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടില്ല. ശരശയ്യയിലെ ഭീഷമാചാര്യരെ ഓർമപ്പെടുത്തുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം വലിയൊരു പ്രസ്ഥാനവും ശരശയ്യയിലാകുന്ന കാഴ്ചയും നമ്മൾ കാണുന്നു.
കേരള രാഷ്ട്രിയത്തിലെ വഴിത്തിരിവായ വലിയ മാറ്റങ്ങൾക്ക് വഴി വെച്ചയാൾ എന്ന നിലക്ക് പിണറായി വിജയനെ മലയാളി ഓർത്തേക്കാം.
Click this button or press Ctrl+G to toggle between Malayalam and English