ഇ.കെ നായനാര്‍: പകരക്കാരനില്ലാത്ത ജനകീയ നേതാവ്

 

 

eknaanarഇ.കെ നായനാര്‍ എന്ന കേരള രാഷ്ട്രീയത്തിലെ അതികായകന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു. 2004 മെയ് 19നാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനത ഇത്രമാത്രം സ്നേഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ചരിത്രത്തില്‍ ഉണ്ടാവില്ല. രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ വിഭാഗം ആളുകളും അദേഹത്തെ ഒരുപോലെ സ്നേഹിച്ചു. 1980 മുതല്‍ 2001 വരെ വിവിധ കാലയളവുകളിലായി 11 വര്‍ഷം സംസ്ഥാനം ഭരിച്ച അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ 3999 ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നത്.

1918 ഡിസംബര്‍ 9നു കല്ല്യാശേരിയിലായിരുന്നു അദേഹത്തിന്‍റെ ജനനം. അച്ഛന്‍ ഗോവിന്ദന്‍ നമ്പ്യാര്‍. ബന്ധുവായ കെ.പി.ആര്‍ ഗോപാലന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 1939ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കയ്യൂര്‍ ഉള്‍പ്പടെ നിരവധി സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം എലേരി ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ പലപ്പോഴായി ഒളിവിലും കഴിഞ്ഞു. 1980ല്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം എലേരിയില്‍ ഒരു സര്‍ക്കാര്‍ കോളേജ് സ്ഥാപിച്ചു. പിന്നീട് ഈ കോളേജിന് അദേഹത്തിന്‍റെ പേര് നല്കി. ഒളിവില്‍ കഴിഞ്ഞ സമയത്ത് നായനാര്‍ കേരള കൗമുദിയിലും പ്രവര്‍ത്തിച്ചു.

1967 ല്‍ പാലക്കാട് നിന്ന്‍ അദ്ദേഹം ലോകസഭയിലെത്തി. 1974 ലാണ് നായനാര്‍ ആദ്യമായിനിയമസഭയിലെത്തുന്നത്. ഇരിക്കൂറായിരുന്നു മണ്ഡലം. മലമ്പുഴ, തൃക്കരിപ്പൂര്‍, തലശേരി എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലായി അഞ്ച് പ്രാവശ്യം കൂടി അദ്ദേഹം എം.എല്‍ എയായി. 1980 ല്‍ മുഖ്യമന്ത്രിയായ അദേഹത്തിന് കേവലം രണ്ടു വര്‍ഷത്തോളമേ ഭരിക്കാന്‍ സാധിച്ചുള്ളൂവെങ്കിലും 1987 ല്‍ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. 2001ല്‍ നാലു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ജനവിധി അനുകൂലമാകും എന്ന പ്രതീക്ഷയില്‍ നിയമസഭ പിരിച്ചുവിട്ടു കൊണ്ടുള്ള ഒരു പരീക്ഷണത്തിന് എല്‍.ഡി എഫ് തയ്യാറായെങ്കിലും രാജീവ് വധം മുന്നണിയുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചു. വന്‍ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഇ.കെ നായനാര്‍ പ്രതിപക്ഷ നേതാവായി.

1996ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നായനാര്‍ മല്‍സരിച്ചില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടപ്പോള്‍ നായനാര്‍ക്ക് മുഖ്യമന്ത്രി പദംഏറ്റെടുക്കേണ്ടി വന്നു. തുടര്‍ന്നു തലശേരിയില്‍ നിന്ന്‍ വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹം നിയമസഭയില്‍ എത്തുകയും ചെയ്തു.

2004 ഏപ്രില്‍ 26 നു പ്രമേഹ ചികില്‍സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അദേഹത്തെ പിന്നീട് ന്യൂഡല്‍ഹി AIMS ലേക്ക് മാറ്റി. മെയ് ആറിന് കിഡ്നിയുടെയും ഹൃദയത്തിന്‍റെയുംപ്രവര്‍ത്തനം തകരാറിലായതോടെ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

നര്‍മ്മം ചേര്‍ത്തുള്ള സംഭാഷണങ്ങളില്‍ കൂടി ഏവരുടെയും സ്നേഹം പിടിച്ചു പറ്റിയെങ്കിലും കുറിക്കു കൊള്ളുന്ന സാമൂഹ്യ വിമര്‍ശനങ്ങള്‍ ഇ.കെ നായനാര്‍ എന്ന ജനകീയ നേതാവിന്‍റെ പ്രത്യേകതയായിരുന്നു. അതു പക്ഷേ അദേഹത്തിന്‍റെ സവിശേഷമായ ശൈലി കാരണം ആര്‍ക്കും അപ്രിയമായി തോന്നിയില്ല. എ.കെ ആന്‍റണി നടത്തിയ ഒരു ആത്മ വിമര്‍ശനമാണ് നായനാര്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ ശൈലിക്കുള്ള ഏറ്റവും വലിയ അംഗീകാരം. 2001ല്‍ മുഖ്യമന്ത്രിയായ ആന്‍റണിഅദേഹത്തിന്‍റെ പ്രശസ്തമായ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തി വിവാദത്തില്‍ പെട്ടു നില്‍ക്കുന്ന സമയം. മുസ്ലീം ലീഗ് യു.ഡി.എഫ് വിടുമെന്നും മന്ത്രിസഭ താഴെ വീഴുമെന്നും വരെ വാര്‍ത്തകള്‍ വന്നു. അന്ന്‍ ആന്‍റണി പറഞ്ഞു, ഞാന്‍ പറഞ്ഞത് കൊണ്ടാണ് ഇത് ഇത്ര വലിയ പ്രശ്നമായത്, നേരെ മറിച്ച് നായനാറാണ് ഇത് പറഞ്ഞതെങ്കില്‍ പ്രസ്താവന ഇത്രയും വിവാദമാകില്ലായിരുന്നു, എന്ന്‍. അത് സത്യവുമായിരുന്നു. ആന്‍റണി പറഞ്ഞതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇ.കെ നായനാര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും ആരും വിവാദമാക്കിയിട്ടില്ല. അത് അദേഹത്തിന്‍റെ സവിശേഷമായ ശൈലിയുടെ പ്രത്യേകതയായിരുന്നു.

ആന്‍റണി മാത്രമല്ല, പിണറായിയും വി.എസുമൊക്കെ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ നടത്തിയതിനെക്കാള്‍ ഗൗരവമായ വിമര്‍ശനങ്ങള്‍ നടത്തുമ്പോഴും നായനാര്‍ വിവാദങ്ങളില്‍ നിന്ന് മിക്കപ്പോഴും രക്ഷപ്പെട്ടു. ഒരു സംഭവമുണ്ട്. വടക്കന്‍ കേരളത്തിലെ ഒരു പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം നടക്കുന്ന സമയം. അന്ന്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ സ്ഥലം എം.എല്‍.എയും പോലീസ് മേധാവികളുമെല്ലാം ഉള്‍പ്പെട്ട ഒരു യോഗം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചു. പോലീസിന് സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സ്ഥലം എം.എല്‍.എ സത്യന്‍ മൊകേരി ഡി.ജി.പി യോട് ചോദിച്ചു. ഗുണ്ടകളും അവരെ സഹായിക്കുന്ന പ്രമാണിമാരുമാണ് അതിനു കാരണം എന്നായിരുന്നു പോലീസ് മേധാവിയുടെ മറുപടി. ഉടനെ സത്യന്‍ മൊകേരി മുഖ്യമന്ത്രിയുടെ നേരെ തിരിഞ്ഞ്, സഖാവേ ഇതു കേള്‍ക്കുന്നില്ലേ, എത്രയും വേഗംഗുണ്ടകളെയും അവരെ സഹായിക്കുന്നവരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ടു. മറുപടിയായി നായനാര്‍ അദേഹത്തെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ എം.എല്‍.എ യോട് ചോദിച്ചു, “ എടോ തനിക്ക് വിവരമുണ്ടോ? ഈ ഗുണ്ടകളെ സഹായിക്കുന്ന പ്രമാണിമാര്‍ എന്നു പറഞ്ഞത് ആരെയാ?, നമ്മള്‍ രാഷ്ട്രീയക്കാര്‍. നമ്മളല്ലേ ഈ നാട്ടില്‍ ഗുണ്ടകളെ വളര്‍ത്തുന്നത്? അങ്ങനെ അകത്തിടാന്‍ തുടങ്ങിയാല്‍ ഈ നാട്ടില്‍ ഒറ്റ രാഷ്ട്രീയക്കാരനും ബാക്കിയുണ്ടാവില്ല.“

എത്ര സത്യസന്ധമായ നിരീക്ഷണം. ഇന്നും ഒരു നേതാവും പരസ്യമായി പറയാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞത്. ശബരിമല മകരവിളക്കിനെ കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായവും സമാനമാണ്. അത് ദേവസ്വം ബോര്‍ഡും വനംവകുപ്പും പോലീസും ചേര്‍ന്നു നടത്തുന്ന കള്ളക്കളിയാണ് എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. പിന്നീട് നിരീശ്വരവാദികള്‍ ഉള്‍പ്പടെ പലരും ദേവസ്വം വകുപ്പ് കയ്യാളിയെങ്കിലും അവരാരും അങ്ങനെയൊരു പ്രസ്താവന നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍റെ ചങ്കൂറ്റവും മനുഷ്യ സ്നേഹവും ഇ.കെ നായനാര്‍ എന്ന വ്യക്തിയില്‍ എപ്പോഴും നിറഞ്ഞു നിന്നു. അതുകൊണ്ടാണ് പലര്‍ക്കും അപ്രിയങ്ങളായ പ്രസ്താവനകള്‍ നടത്തിയിട്ടും ജനഹൃദയങ്ങളില്‍ അദ്ദേഹം ഇടം പിടിച്ചത്. കോണ്‍ഗ്രസ്സുകാരും നായനാരുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയിരുന്നതിന്‍റെ കാരണം മറ്റൊന്നല്ല. തങ്ങളുടെ പാര്‍ട്ടിയെ കുറിച്ച് തങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യമാവും അദ്ദേഹം പറയുക എന്ന്‍ അവര്‍ക്ക് അറിയാമായിരുന്നു.

കാലമെത്ര കഴിഞ്ഞാലും ഇ.കെ നായനാര്‍ എന്ന ജനപ്രിയ നേതാവ് അതേ തിളക്കത്തോടെ തന്നെ ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും. അദേഹത്തിന് ഒരു പകരക്കാരന്‍ വരുന്നത് വരെ. പക്ഷേ പകരക്കാരന്‍ വരുന്ന കാര്യം സംശയമാണ്. കാരണം നായനാരെ പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച, അവരുടെ പള്‍സറിഞ്ഞ ഒരു നേതാവ് ഇന്ന്‍ നമുക്കിടയില്‍ ഇല്ല, ഇനി ഉണ്ടാവാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ അദേഹത്തിന്‍റെ ശൈലി ആര്‍ക്കും അനുകരണീയവുമല്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here