എസ് ജാനകി ഗൃഹാതുരമായ ഒരതിശയം

images-1

മറുപിള്ള ഗര്‍ഭസ്ഥ ശിശുവിനെ എന്നതു പോലെ എന്നെ സദാ സംരക്ഷിക്കുന്ന കുറെയേറെ പാട്ടുകളുണ്ട്. ജീവിതം എങ്ങനെയെല്ലാം തിരിച്ചും മറിച്ചും തലകുത്തനെയും നിര്‍ത്തിയാലും ഞാന്‍ ഗര്‍ഭപാത്രത്തിലെ സുഖശയനത്തില്‍ എന്നതു പോലെ പരിക്കുകളില്ലാതെ ഭാരപ്പെടാതെ കഴിയുകയാണ്. പാട്ടിനെ തേടി നമുക്ക് ഒരിടത്തും പോകേണ്ടി വരില്ല. അത് സദാ നമ്മെ തേടി വന്നു കൊണ്ടിരിക്കും. യേശുദാസിനേയും ജയചന്ദ്രനെയും ജാനകിയേയും സുശീലയേയും അങ്ങനെ തന്നെ. അവര്‍ ഓരോ ജീവിത സന്ദര്‍ഭങ്ങളില്‍ നമ്മെ തേടി വരികയാണ്. യാഥാര്‍ഥ്യത്തോടൊപ്പം സ്വപ്നശകലങ്ങളും അല്പ്പം മാജിക്കും കൂടി ചേര്‍ന്നാണ് ഗാനങ്ങള്‍ ഉണ്ടാകുന്നത്. യാഥാര്‍ഥ്യം എവിടെ അവസാനിക്കുന്നു, ഭ്രമാത്മകത എവിടെ ആരംഭിക്കുന്നു എന്ന് കൃത്യമായി വേര്‍തിരിക്കാനാവില്ല. അങ്ങനെ ഒരു അനുഭവമുണ്ട് എസ് ജാനകിയുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തില്‍. അതിനാല്‍ എസ്. ജാനകി എനിക്ക് ദേവഗായികയാണ്. എന്നും വസന്തം പൊഴിക്കുന്ന ഒരു കല്പ്പവൃക്ഷമാണ്. കാതിനരികിലൂടെ മൂളിപ്പാഞ്ഞു നടക്കുന്ന എന്റെ ഭൂതകാലമാണ്.

മോഹന്‍ദാസെന്ന ബുദ്ധിയുള്ള ചെറുപ്പക്കാരനാണ് പുതിയ ഒരു സിനിമാവബോധം എനിക്ക് ഉണ്ടാക്കി തന്നത്. എന്റെ കൂട്ടുകാരി അനിതയുടെ സഹോദരന്‍. ചേട്ടന്റെ സിനിമാഭ്രാന്തിനെ കുറിച്ച് അവള്‍ വാചാലയാകുമായിരുന്നു. അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും ജോണ്‍ എബ്രഹാമും പവിത്രനും ഒക്കെയാണ് മലയാളത്തിലെ സംവിധായകരെന്നും അവരുടെ സിനിമകള്‍ മാത്രമാണ് യഥാര്‍ത്ഥ സിനിമകള്‍ എന്നുമുള്ള ചേട്ടന്റെ വിശ്വാസങ്ങളെ കുറിച്ചു പറഞ്ഞൂ പറഞ്ഞാണ് ഞാനും അക്കാലത്തെ നവ സിനിമകളിലേക്ക് പതിയെ അടുക്കുന്നത്. മോഹന്‍ദാസിനോട് ഉള്ളില്‍ തോന്നിയ അടുപ്പം ബഹുമാനവും ആരാധനയുമായി വളര്‍ന്നു. ചേട്ടനെ കുറിച്ച് അനിത സംസാരിക്കുമ്പോള്‍ ഞാന്‍ അയാളുമായി കുറെ നേരം സംസാരിച്ചിരിക്കണം എന്ന് ഉള്ളില്‍ ആഗ്രഹിച്ചു തുടങ്ങി. അന്നത്തെ സാഹചര്യങ്ങളില്‍ ഒരു പെണ്‍കുട്ടിയുടെ ചെറിയ ആഗ്രഹം പോലും അത്യാഗ്രഹമായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. എന്നിട്ടും ഒരുച്ചക്ക് ഞാന്‍ മോഹന്‍ദാസിനെ നേരില്‍ കണ്ടു.

അനിതയുടെ പിറന്നാളിനു അവളെ കാണാന്‍ മോഹന്‍ദാസ് ഹോസ്റ്റലില്‍ എത്തി. ഞാന്‍ ക്ലാസ് കട്ട് ചെ യ്ത് ഒരു നോട്ട് ബുക്ക് വാങ്ങാന്‍ എന്ന മട്ടില്‍ ഹോസ്റ്റലില്‍ ചെല്ലുന്നു. ഹോസ്റ്റലിലെ അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന കസേരയിലിക്കുന്ന കണ്ണട വച്ച ചെറുപ്പക്കാരന്‍ മോഹന്‍ദാസ് ആണെന്നു മനസിലാക്കുവാന്‍ ഒരു പ്രയാസവുമുണ്ടായില്ല . അനിതയെ മീശ വപ്പിച്ചു പാന്സും ഷര്‍ട്ടും ഇടുവിച്ചതു പോലെ. കയ്യില്‍ മനോഹരമായി കവര്‍ ചെയ്ത ഒരു പാഴ്സല്‍ ഉണ്ട്. അറിയാത്ത മട്ടില്‍ ഞാന്‍ ഓടിക്കയറി അനിതയുടെ മുറിയിലേക്കു പോയി. അനിത പറഞ്ഞു ചേട്ടന്‍ വന്നു താഴെ ഇരുപ്പുണ്ട് ഞാന്‍ അത് കേട്ടതായി ഭാവിച്ചില്ല. ഞങ്ങള്‍ ഒരുമിച്ചു താഴേക്കിറങ്ങി . അനിത എന്നെ പരിചയപ്പെടുത്തി. ഞാന്‍ മിണ്ടാതെ ചിരിച്ചു. ചേട്ടന്‍ കയ്യിലിരുന്ന പൊതി അനിതയുടെ കയ്യില്‍ കൊടുത്തു. അന്നുച്ച
ക്ക് കോട്ടയം അനുപമയില്‍ ലെനിന്‍ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയുണ്ട് വാര്‍ഡന്റെ അനുവാദം വാങ്ങി വന്നാല്‍ കൊണ്ടു പോകാം എന്ന് മോഹന്‍ദാസ് പറഞ്ഞു. എസ്. ജാനകിയുടെ നല്ല പാട്ടുകളും ഉണ്ട് എന്ന് പറഞ്ഞു. കൂട്ടുകാരിക്കും വരാം എന്ന് വളരെ സ്വാതന്ത്ര്യത്തോടെയും മാന്യമായ ഒരു ഗൗരവത്തോടേയും മോഹന്‍ദാസ് പറഞ്ഞു. പക്ഷെ അതിനൊന്നും ഉള്ള ധൈര്യം എനിക്കില്ലായിരുന്നു. അവള്‍ ആ പൊതി അഴിച്ചെന്നെ കാണിച്ചു. കുറെ കാസറ്റുകള്‍ ഒരുമിച്ചടങ്ങിയ ഒരു പാഴ്സല്‍ ആയിരുന്നു അത്. പാഴ്സല്‍ എന്റെ കയ്യില്‍ തന്നിട്ട് അവള്‍ ചേട്ടനുമൊത്ത് പുറത്തേക്കു പോയി.

ഞാന്‍ കാസറ്റുകള്‍ ഓരോന്നായി നോക്കി. എല്ലാം എസ്. ജാനകിയുടെ പാട്ടുകള്‍. അനിതയൂടെ പാട്ടു ഭ്രമവും ജാനകിയുടെ പാട്ടുകളോടുള്ള ആരാധനയും എനിക്കും അറിയാമായിരുന്നു. അനിതയെക്കൊണ്ടാണ് ഞങ്ങള്‍ ക്ലാസിലെ ഉച്ച നേരങ്ങളില്‍ മലയാളം പാട്ടുകള്‍ പാടിച്ചിരുന്നത്.

”ജലശംഖുപുഷ്പം ചൂടി
കടലോരതീരം
മനസാക്ഷികള്‍
ഓരോ അലമാലയായി….”
അവള്‍ ഏറ്റവും നന്നായി പാടിയിരുന്ന ഈ ഗാനമാണ് എനിക്ക് ഇന്നും ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്. ആ കാസറ്റില്‍ കണ്ട പാട്ടുകള്‍ ഓരോന്നായി ഞാന്‍ വായിച്ചു നോക്കി. താമരക്കുമ്പിളല്ലോ മമ ഹൃദയം , അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, നിദ്ര തന്‍ നീരാഴി, ലോകം മുഴുവന്‍ സുഖം പകരാനായ്, ഇരു കണ്ണുനീര്‍ തുള്ളികള്‍ ഒരു സുന്ദരിയുടെ .. എല്ലാം ഞാന്‍ പ്രത്യേകം പറഞ്ഞ് റെക്കോഡ് ചെയ്തതു പോലെ. വൈകീട്ട് അനിത വരുന്നത് വരെ ഞാന്‍ ഹോസ്റ്റലില്‍ കാത്തു നിന്നു. ചേട്ടന്‍ കോളേജിനു വാതില്ക്കല്‍ അവളെ ഇറക്കി വിട്ടു മടങ്ങി പ്പോയിരുന്നു. ഞാന്‍ കാസറ്റ് അടങ്ങിയ പൊതി അവളെ ഏല്പ്പിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു.

” ഇത് ചേട്ടന്‍ ശാരിക്കു വേണ്ടി കൊണ്ടു വന്നതാണ് ഞാന്‍ പറഞ്ഞ് ചേട്ടനറിയം നിന്റെ പാട്ട് ഭ്രാന്ത്, ചേട്ടനു പാടാന്‍ അറിയില്ലെങ്കിലും ഉള്ളില്‍ നിറയെ പാട്ടാണ്”

എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒറ്റ നോട്ടത്തില്‍ വിടര്‍ന്നു പോയ ഒരു പൂവ് പോലെയായി ഞാന്‍ അന്നാണ് ഞാന്‍ ആദ്യമായി യുവതിയായത്.

‘ ഏതു കവിത പാടണം നിന്‍
ചേതനയില്‍ മധുരം പകരാന്‍
എങ്ങനെ ഞാന്‍ പാടണം നിന്‍
സങ്കല്പ്പം പീലി വിടര്‍ത്താന്‍…”
ഈ വരികളുടെ അര്‍ത്ഥം അന്നാണ് എനിക്ക് ശരിയായി മനസിലായത്. പതിനേഴു വയസിന്റെ എല്ലാ ഭ്രമങ്ങളും അന്ന് ഞാന്‍ അറിഞ്ഞു. പാട്ടുകളായ പാട്ടുകളെല്ലാം എനിക്കു വേണ്ടിയാണ് എഴുതപ്പെട്ടതെന്ന്, തുളുമ്പിപ്പോയി.

” വെള്ളാരം കല്ല് പെറുക്കി ഞാനന്നൊരു
വെണ്ണക്കല്‍ കൊട്ടാരം കെട്ടി
ഏഴു നിലയുള്ള കൊട്ടാരക്കെട്ടില്‍
വേഴാമ്പല്‍ പോലെയിരുന്നു
രാജകുമാരനെ കാണാന്‍”

എന്റെ വീട്ടില്‍ അന്ന് ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നില്ല. സങ്കടമായി, ഈ പാട്ടുകള്‍ എനിക്കു വേണ്ടി ഒരാള്‍ കരുതിയവയാണ്. എന്നെ എനിക്ക് അടക്കാനായില്ല എന്റെ നിശ്വാസങ്ങളെയും ആഹ്ലാദങ്ങളെയും അണകെട്ടി നിര്‍ത്തുവാന്‍ കഴിയുന്നില്ല. ഇത് കേള്‍ക്കാതെ ഉറങ്ങാനും കഴിയില്ല. എസ്. ജാനകിയുടെ ശബ്ദം അന്നു മുതല്‍ എന്റെ മാത്രം ശബ്ദമായി. ജാനകി പാടിയതെല്ലാം എന്റെ മോഹങ്ങളായി.

തൊട്ടടുത്ത വീട്ടിലെ ചാന്ദിനി ചേച്ചിക്ക് അന്ന് ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ട്. അവരുടെ യേശുദാസ് ഭ്രമം ആ നാട്ടില്‍ പ്രസിദ്ധമാണ്. ഊണിലും ഉറക്കത്തിലും ചേച്ചി യേശുദാസിനെ കേട്ടുകൊണ്ടിരുന്നു. യേശുദാസിനു വേണ്ടി അവര്‍ വഴിപാടുകള്‍ കഴിക്കുമായിരുന്നു. ചേച്ചിയുടെ സാരികള്‍ സൂക്ഷിക്കുന്ന അലമാര തുറക്കുമ്പോള്‍ അതില്‍ യേശുദാസിന്റെ മുഴു നീള ചിത്രം ഒട്ടിച്ചു വെച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ചെന്നാല്‍ പാട്ട് കേള്‍ക്കാം. ചാന്ദിനിചേച്ചിയുടെ വീട്ടില്‍ പോയാണ് അക്കാലത്ത് ഞാന്‍ സിനിമാ മാസികകള്‍ വായിച്ചിരുന്നത്. തമിഴ് വായിക്കാന്‍ പഠിച്ചതും അവിടെ നിന്നാണ്. കുമുദവും ആനന്ദവികടനും വായിച്ച് തമിഴ് പഠിച്ചു. സിന്ദൂര പൂവേ എന്ന പാട്ടിന്റെ വരികള്‍ തമിഴില്‍ എഴുതിയെടുത്തത് എന്റെ നോട്ട് ബുക്കില്‍ ഉണ്ടായിരുന്നു.

പക്ഷെ ഈ കാസറ്റെവിടെ നിന്നു കിട്ടി എന്ന് ചേച്ചി ചോദിച്ചാല്‍ എന്തു പറയണം? കള്ളം പറയേണ്ട ആവശ്യം അന്ന് വരെ ഉണ്ടായിട്ടില്ല. അന്നല്ലേ ഞാന്‍ കാമുകി ആയത്. ആദ്യത്തെ അറിവല്ലേ ആദ്യത്തെ തലോടല്‍ അതായിരുന്നില്ലേ? അമ്മയോട് ചേച്ചി പറയില്ലേ ഞാന്‍ കുറെ കാസറ്റുകള്‍ കൊണ്ടു ചെന്ന കാര്യം അന്ന് ഒരു പെണ്കുട്ടിക്ക് അതൊന്നും എളൂപ്പമുള്ള കാര്യങ്ങളല്ല. ചേച്ചിയുടെ ടേപ്പ് റെക്കോര്‍ഡറില്‍ ഇത്രയും പാട്ടുകള്‍ ഒരുമിച്ചു കേള്‍ക്കുവാന്‍ ഇന്ന് തന്നെ കഴിയുമോ കേള്‍ക്കാതെ ഞാന്‍ എങ്ങനെ അടങ്ങും? ആ പൊതിക്കുള്ളില്‍ ഒരു പ്രണയ ലേഖനത്തിന്റെ രഹസ്യം ഉള്ളതായി ഞാന്‍ ഭയന്നു.

ചാന്ദിനി ചേച്ചിക്ക് പ്രണയിനികളുടെ രഹസ്യങ്ങള്‍ പിടി കിട്ടും. ചേച്ചി പാട്ടുകളുടെ ആളല്ലേ ഞാന്‍ വീട്ടില്‍ ചെന്ന് പുസ്തകങ്ങള്‍ മുറിയില്‍ വെച്ച് കാസറ്റ് ഒരു സിനിമാ മാസികക്കുള്ളില്‍ ഒളിപ്പിച്ച് നേരെ പുറത്തിറങ്ങി. ചായ പോലും കുടിക്കണ്ട പെണ്ണിന് സിനിമാ മാസിക വായിച്ചാല്‍ മതി ഈ ചാന്ദിനിയാ അവളെ ഇങ്ങനെ സിനിമാ ഭ്രാന്തിയാക്കുന്നത്. അമ്മ ദേഷ്യപ്പെട്ടു. ചാന്ദിനിച്ചേച്ചിയെ ആരും ഒന്നും പറയുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ഞാന്‍ കള്ളിയേപ്പോലെ പടിയിറങ്ങി ചന്ദ്രാലയത്തില്‍ ചെന്നു. തഞ്ചത്തില്‍ കാസറ്റ് ചേച്ചിയെ ഏല്പ്പിച്ചു.

” ചേച്ചീ ഈ പാട്ടൊക്കെ ഒന്ന് കേള്‍ക്കണം എസ് ജാനകിയുടെ നല്ല പാട്ടുകളാണ്, ചേച്ചിക്കു വേണ്ടി ഞാന്‍ ഒരു കൂട്ടുകാരിയോട് പറഞ്ഞ് റെക്കോഡ് ചെയ്യിച്ചതാണ് ”

ചേച്ചിക്കു സന്തോഷമായി. കോട്ടയത്ത് അന്ന് ഏറ്റവും നവീനമായ രീതിയില്‍ വസ്ത്രങ്ങള്‍ തുന്നുന്നത് ചാന്ദിനി ചേച്ചി ആയിരുന്നു. ചേച്ചിക്ക് നല്ല തിരക്കും ആയിരുന്നു. സന്തോഷത്തോടെ കാസറ്റ് വാങ്ങിയിട്ട് ” ഞാന്‍ പിന്നീട് കേള്‍ക്കാം ഇപ്പോള്‍ നല്ല തിരക്കാണ്, നല്ല സെലക്ഷന്‍ ആണല്ലോ കുട്ടുകാരിയോട് നന്ദി പറയണം ” എന്നൊക്കെ ചേച്ചി പറഞ്ഞു ഞാന്‍ അബദ്ധത്തില്‍ പെട്ടതു പോലെ ആയി. ഇതെങ്ങനെ തിരികെ വാങ്ങും കുറെ നേരം അവിടെ ചുറ്റിപറ്റി നിന്നിട്ട് ഞാന്‍ വീട്ടിലേക്കു മടങ്ങി. ശ്രീലങ്കാ പ്രക്ഷേപണ നിലയത്തില്‍ നിന്ന് അപ്പോള്‍ എസ്. ജാനകിയുടെ ” എന്‍ പ്രാണ നായകനെ എന്തു വിളിക്കും എങ്ങെനെ ഞാന്‍ നാവെടുത്തു പേരു വിളീക്കും ” എന്ന ഗാനം കേള്‍ക്കുന്നുണ്ടായിരുന്നു. റേഡിയോയുടെ അടുത്തു ചെന്ന് ഞാന്‍ ആ പാട്ടിനൊപ്പം പാടി. രാത്രിയായി എനിക്കു എന്റെ പാട്ടുകള്‍ കേള്‍ക്കാതെ വയ്യ. പാട്ടു പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന എന്റെ സഞ്ചി പുറത്തെടുത്ത് പാട്ടുകള്‍ക്കായി തിരഞ്ഞു. മോഹന്‍ ദാസ് തന്ന പാട്ടുകള്‍ ഓരോന്നായി കണ്ടു പിടിച്ചു അതിലെ വരികള്‍ ഞാന്‍ ഉറക്കെ പാടി.

‘ എങ്ങനെയടക്കും ഞാന്‍ എങ്ങനെയൊതുക്കും ഞാന്‍
എങ്ങനെ നിന്നാജ്ഞ നിറവേറ്റും
പൂവും ശലഭവും അകലെയിരുന്നാല്‍
പൂമ്പൊടിയെന്തിനു പൂവില്‍”

ഞാനൊന്നു നോക്കിയപ്പോള്‍ മണിമാരന്‍ തന്റെ
കണ്ണിന്റെ മണികളിലോണക്കളി

ഞാന്‍ എസ് ജാനകിയായി ഭൂമിയും സ്വര്‍ഗ്ഗത്തെയും എന്റെ ശബ്ദത്തില്‍ ഞാന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. ഒരു ഹൃദയത്തിന്റെ സ്പന്ദനം മറ്റൊരു ഹൃദയത്തെ തൊടുന്നതായി ഞാനറിഞ്ഞു. സ്വയം പാടുന്ന പാട്ടില്‍ പ്രണയം നിറഞ്ഞു. എന്റെ ആലാപനത്തിനും ജാനകിയുടെ ആലാപനത്തിന്റെ മാധുര്യം. ആ സുവര്‍ണ്ണ ശ്രുതി കൈവരുന്നതായി അനുഭവിച്ചു അന്ന് രാത്രി ആകാശത്തു നിന്ന് ഒരു കുടന്ന നക്ഷത്രങ്ങള്‍ എന്റെ മാറിലേക്ക് പൊഴിഞ്ഞു വീണതായി ഞാനറിഞ്ഞു. ഒരു ഇളങ്കാറ്റെന്നെ പൊതിഞ്ഞു. വ്യക്തമായ ലക്ഷ്യമില്ലാത്ത ഒരഭിലാഷം എന്നില്‍ നിറഞ്ഞു.

മോഹന്‍ദാസിന്റെ വിവാഹം തീരുമാനിച്ചെന്നും വരുന്ന ആറാം തീയതിയാണ് കല്യാണമെന്നും അനിത പിറ്റേന്നു പറഞ്ഞു. പാവപ്പെട്ട വീട്ടിലെ അച്ഛനും അമ്മയും ഇല്ലാത്ത ഒരു പെണ്‍കുട്ടിയെ സ്വന്തം തീരുമാനപ്രകാരം മോഹന്‍ദാസ് സ്വീകരിക്കുകയായിരുന്നു. ആ വിവരം പറയുവാന്‍ ആണ് അവളെ അന്ന് പുറത്തേക്കു കൊണ്ടൂ പോയതെന്നും അവള്‍ പറഞ്ഞു. ആറാം തീയതിയായി ഞാന്‍ മോഹന്‍ദാസിന്റെ വിവാഹത്തിനു പോയി. വധു അയാള്‍ക്ക് ഒട്ടും ഇണങ്ങുന്ന പെണ്കുട്ടിയായി എനിക്കു തോന്നിയില്ല. പക്ഷെ അവളുടെ കണ്ണുകളില്‍ നിറയെ സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു. മോഹന്‍ദാസ് അന്ന് ഹോസ്റ്റലില്‍ വെച്ച് കണ്ടതു പോലെ സ്നേഹനിര്‍ഭരമായ മുഖത്തോടെ എന്നെ നോക്കി. എന്നെ പരിചയപ്പെടുത്തിക്കൊണ്ട് അയാള്‍ വധുവിനോടു പറഞ്ഞു. ‘പാട്ടുഭ്രാന്തിയാണ്’ വാത്സല്യത്തോടെ എന്റെ തലയില്‍ തൊട്ടു. പിന്നീടും അനിയത്തിയുടേ പിറന്നാള്‍ ദിവസങ്ങളില്‍ സ്ഥിരമായി മോഹന്‍ദാസ് എനിക്ക് എസ്. ജാനകിയുടെ പാട്ടുകള്‍ എത്തിച്ചുകൊണ്ടിരുന്നു. ഒരു കുറിപ്പുപോലും അതില്‍ ഉണ്ടാകില്ല.

” അങ്ങില്‍ നിന്നറിഞ്ഞു ഞാന്‍
പൂര്‍ണ്ണമാമാത്മാവിങ്കല്‍
തിങ്ങിടുമനുഭവം പകരും കലാശൈലി”

മൂന്നു വര്‍ഷം കഴിഞ്ഞ് ഞാന്‍ വേറെ കോളേജില്‍ ചേരുകയും അനിതയുടെ വിവാഹം കഴിയുകയും ചെയ്തതോടെ വിവരങ്ങള്‍ ഒന്നും അറിയാതായി. പാട്ടുകള്‍ വരാതെയായി. മോഹന്‍ദാസ് എന്നെ മറന്നു പോയിരിക്കും.

ഒരിക്കല്‍ മറ്റൊരു കൂട്ടുകാരിയുടെ വിവാഹത്തിന് മാവേലിക്കരയില്‍ പോകേണ്ടി വന്നു. അവിടെയാണ് അനിതയുടെ വീട്. ആ വീട്ടില്‍ പോകാന്‍ വല്ലാതെ ഞാനാഗ്രഹിച്ചു. കല്യാണത്തിനു എല്ലാവരും ഉണ്ണാന്‍ കയറിയ സമയത്ത് ഞാന്‍ അനിതയുടെ വീട്ടിലേക്കു ചെന്നു. വാതിക്കല്‍ രണ്ടു വയസുള്ള ഒരു പെണ്‍കുട്ടി. മോഹന്‍ ദാസിന്റെ ഭര്യ ഒരു പ്ലേറ്റില്‍ ചോറുമായി അവളുടെ പിന്നാലെ നടക്കുന്നു. ജീവിതം അവളെ വല്ലാതെ മാറ്റിയിരിക്കുന്നു. നിറവും വണ്ണവും കൂടിയിരിക്കുന്നു. സമൃദ്ധമായ തലമുടി അഴിഞ്ഞു കിടക്കുന്നു. മനസിലാകാത്ത മട്ടില്‍ എന്നെ സൂക്ഷിച്ചു നോക്കി. ഞാന്‍ പറഞ്ഞു അനിതയുടെ കൂട്ടുകാരി അന്ന് കല്യാണത്തിനു പരിചയപ്പെട്ടിരുന്നു. അവര്‍ തീരെ പിടിക്കാത്ത ഒരു ഭാവം കാണിച്ചുവോ? അകത്തേക്കു കൂട്ടിക്കൊണ്ടൂ പോയി. അവിടെ ഒരു കസേരയില്‍ ഇരിക്കുന്ന മോഹന്‍ദാസ് അനന്തതയിലേക്ക് എന്ന പോലെ നോകി നിര്‍വികാരനായി ഇരിപ്പുണ്ടായിരുന്നു. ആറുവര്‍ഷം ഒരാളെ ഇത്രക്കു മാറ്റിക്കളയുമോ ഞാന്‍ അത്ഭുതപ്പെട്ടു. അനിതയുടെ അമ്മ അകത്ത് നിന്നിറങ്ങി വന്നതും മിനി പുറത്തേക്കിറങ്ങിപ്പോയി. മോഹന്‍ദാസിന്റെ ജീവിതവുമായി മിനിക്കു തീരെ പൊരുത്തപ്പെടാന്‍ ആകുന്നില്ലന്നും അവള്‍ തന്നിഷ്ടപ്രകാരം ജീവിക്കുകയാണെന്നും അമ്മ പറഞ്ഞു. മോഹന്‍ദാസിന് ഓര്‍മ്മക്കുറവ് ഉണ്ടെന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പഴയ പാട്ടുകള്‍ വച്ചു കൊടുത്താല്‍ മാത്രം അല്പ്പം ആഹാരം കഴിക്കും. ഇല്ലെങ്കില്‍ ഇങ്ങനെ മാനം നോക്കിയിരിക്കും. മോഹന്‍ദാസിനെ ഓര്‍മ്മയിലേക്ക് തിരികെ കൊണ്ടു വരാന്‍ എനിക്കു കഴിയും എന്നെനിക്കു തോന്നി. പക്ഷെ മിനിയുടെ മുഖം എന്നെ അധീരയാക്കി. അപ്പോഴാണ് പെട്ടന്ന് മിനി പറഞ്ഞത്.

” ഞങ്ങള്‍ തമ്മില്‍ ചേരില്ല പക്ഷെ അത് ഞങ്ങളുടെ രണ്ടാളുടേയും കുറ്റമല്ല”

വിവേകമുള്ള ഒരു സ്ത്രീയേപ്പോലെ മിനി സംസാരിച്ചപ്പോള്‍ എനിക്കു ബഹുമാനം തോന്നി. ഞാന്‍ മിനിയുടെ കയ്യില്‍ പിടിച്ചതും അവള്‍ എന്റെ തോളില്‍ ചാരിക്കിടന്നു ശബ്ദം ഉണ്ടാക്കാതെ കരഞ്ഞു. എന്റെ കൈകള്‍ ഞെരിയുന്ന പോലെ അവള്‍ അമര്‍ത്തിപ്പിടിച്ചു. അനിതയാണ് അവള്‍ എന്ന് തോന്നി. എനിക്ക് കണ്ണൂകള്‍ നിറയുന്നുണ്ടായിരുന്നു. അവള്‍ പെട്ടന്ന് പെട്ടിയില്‍ നിന്ന് ഒരു പാട്ടെടുത്ത് പ്ലെയറില്‍ ഇട്ടു. എസ്. ജാനകിയുടെ ശബ്ദം.

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റി
പടനിലത്തില്‍ തളരുമ്പോള്‍
ഹൃദയക്ഷതിയില്‍ രക്തം ചിന്തി
മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ് ദിവ്യൗഷധമായ്
താതാ നാഥാ കരം പിടിക്കു.

ഞാന്‍ ധൈര്യപൂര്‍വം ആ കരം പിടിച്ചു പരസ്പരം ആശ്വസിപ്പിക്കുമ്പോള്‍ നമ്മുടെ കരങ്ങള്‍ ദൈവത്തിന്റെ കരങ്ങള്‍ തന്നെയാകും. മോഹന്‍ദാസ് എന്നെ നോക്കി.

ദേഹമെന്ന കൂട്ടില്‍ വാഴും
മോഹമെന്ന കുഞ്ഞിപ്പക്ഷി

എസ് ജാനകിയുടെ ശബ്ദം എന്നെ തൊടുന്നതു പോലെ. അയാളുടെ അമ്മ മിനിയെ കുറിച്ചു പറഞ്ഞത് ഞാന്‍ മറന്നു. മിനി കെട്ടിപ്പിടിച്ചു കരഞ്ഞതും ദാസിന്റെ മുഖത്ത് നിറഞ്ഞ ശാന്തതയും എന്നോട് മറ്റെന്തൊക്കെയോ ആണ് പറഞ്ഞത്. പ്രതിസന്ധികളില്‍ എങ്ങനെയും പിടിച്ചു നില്ക്കാനുള്ള മിനിയുടെ കരുത്തിനെ ഞാന്‍ സ്നേഹിച്ചു. മോഹന്‍ദാസിന് ഇഷ്ടമുളള പാട്ടുകള്‍ അവള്‍ പ്രത്യേകം തിരഞ്ഞെടുത്ത് അടുക്കി വെച്ചിരിക്കുന്നത് എനിക്ക് ആശ്വാസമായി ഞാന്‍ ബാഗില്‍ കരുതിയിരുന്ന കാസെറ്റുകള്‍ ആ മേശപ്പുറത്തു വച്ചു. എസ്. ജാനകി പാടിയ ഏറ്റവും പുതിയ ഗാനങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. മിനിയുടെ കണ്ണുകളില്‍ സ്നേഹവും നന്ദിയും ഇടകലര്‍ന്ന ഒരു അഴിമുഖം പോലെ ചുവന്നു കലങ്ങി മറിയുന്നത് ഞാന്‍ കണ്ടു. അവിടെ നില്ക്കാന്‍ എനിക്ക് പിന്നെ കഴിയുമായിരുന്നില്ല. എന്തു കൊണ്ട് ഇങ്ങനെയൊക്കെ എന്നൊന്നും ഞാന്‍ ആലോചിച്ചില്ല എന്തു കൊണ്ടോ ചില ജീവിതങ്ങള്‍ ഇങ്ങനെ എന്ന് സമാധാനിച്ചു ഞാന്‍ പടിയിറങ്ങുമ്പോള്‍

”ഇനിയും വനിയില്‍ പൂവുകള്‍ പലതും
വിരിയും കൊഴിയും പൂങ്കാറ്റില്‍”

അകത്ത് നിന്ന് ആ ശബ്ദം.

മോഹന്‍ദാസ് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പ് ഓര്‍മ്മയിലേക്ക് തിരികെ വരികയും ജോലിക്കു പോകാന്‍ തുടങ്ങുകയും ചെയ്തതായി പിന്നീട് അറിഞ്ഞു. മിനി എനിക്കെഴുതി നിങ്ങളുടെ വരവും എസ് ജാനകിയുടെ പാട്ടും ചേട്ടന് ജീവിക്കാന്‍ പ്രേരണ നല്കി എന്ന്. മിനിയുടെ കത്ത് എന്റെ കണ്ണു നീരില്‍ കുതിര്‍ന്നു ഇല്ലാതെയായി. ഇത്ര സ്നേഹത്തോടെ എന്നൊരാളും കരുതിയിട്ടുണ്ടാകില്ല. ഇത് ആനന്ദത്തിന്റെ മുഹൂര്‍ത്തമാണോ ? തീരാ വേദനയുടേതോ? മുകളിലേക്കുയര്‍ത്തുന്നത് പോലെ തന്നെ മുള്‍മെത്തയിലേക്കു എറിയാനും ഉള്ള സ്നേഹത്തിന്റെ കഴിവിനെ കുറിച്ച് ഞാന്‍ ആലോചിച്ചു പോയി. ഞങ്ങളെ രണ്ടാളേയും ആനന്ദിപ്പിച്ചതും വേദനിപ്പിച്ചതും ജീവിപ്പിച്ചതുമായ അനശ്വര നാദമേ ഗൃഹാതുരമായ ഒരതിശയമാണ് നിങ്ങള്‍

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English