മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.ഹരികുമാർ അന്തരിച്ചു. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. ഒരുമാസത്തോളം ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന ശേഷം ആയിരുന്നു മരണം.
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനാണ് ഹരികുമാർ. 1943 ജൂലൈ 13 ന് പൊന്നാനിയിലാണ് ഹരികുമാറിന്റെ ജനനം. പൊന്നാനി എ. വി. ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു. കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്നു. ഹരികുമാറിന്റെ ആദ്യ കഥ “മഴയുള്ള രാത്രിയിൽ” 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. ദിനോസോറിന്റെ കുട്ടി എന്ന ചെറുകഥ സമാഹാരത്തിന് 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ.
ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, ദിനോസോറിന്റെ കുട്ടി, ശ്രീ പാർവതിയുടെ പാദം എന്നിവയാണ് പ്രധാനകൃതികൾ.
Click this button or press Ctrl+G to toggle between Malayalam and English