ഈ ബുക്കുകളുടെ രാഷ്ട്രീയം

images-2പാറകളിൽ എഴുതിയിരുന്നതിൽ നിന്നും പരിണമിച്ച് മരത്തോലിലും പിന്നെ കടലാസിലും അങ്ങനെ അങ്ങനെ രൂപങ്ങളിൽ നിന്നും നിശ്ചിത സൂചകങ്ങളിലേക്കുള്ള മാറ്റങ്ങൾ.

സാങ്കേതിക വിദ്യ 90 കളിൽ മലയാളിയുടെ ജീവിതത്തിലേക്ക്  കണ്ണടച്ചുതുറക്കുന്ന വേഗതയിലാണ് കടന്നുവന്നത് .ചെറിയ ഇടവേളകളിൽ വലിയ വലിയ മാറ്റങ്ങൾ എന്നതായിരുന്നു കണക്ക്. ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്കും അവയിൽ നിന്നും ഐ പാഡിലേക്കുമുളള കുതിച്ചു ചാട്ടം അത്ഭുപ്പെടുത്തുന്നതാണ്.

 

മലയാളിയുടെ സൈബർ ജീവിതം ഇന്ന് സജീവമാണ്.തിരമൊഴിയെ എഴുത്തിന് പ്രയോജനപ്പെടുത്താമെന്ന ആശയം ആദ്യം മുതൽ തന്നെ ചിലർക്കുണ്ടായി. കുഴൂർ വിത്സന്റെയും മറ്റും ബ്ലോഗുകൾ അത്തരമൊരു നിയോഗമാണ് നിറവേറ്റിയത്. ബ്ലോഗെഴുത്തുകളിൽ നിന്നു പതിയെ സാഹിത്യ സൈറ്റുകളിലേക്കും,സോഷ്യൽ നെറ്റ് വർക്കുകളിലേക്കും സ്വാഭാവികമായവ ചേക്കേറി.അപ്പോഴും അച്ചടി എന്ന ആശയം പലരും പിന്തുടരുകയും ചെയ്തു. കവിതകൾ ആണ് ഇത്തരം തിരമൊഴികളിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നത്.രചനകൾക്ക് പബ്ലിസിറ്റി നൽകാനുള്ള ഒരിടമെന്ന നിലയിലാണ് സൈബർ ഇടം ഇന്ന് കൂടുതലും ഉപയോഗിക്കപെടുന്നത്.

 

സൗജന്യ പുസ്തകങ്ങൾക്ക് ഒരു രാഷ്ട്രീയമുണ്ട് അവ അക്ഷരങ്ങളുടെ കച്ചവടത്തെ വെല്ലുവിളിക്കുന്നു.പ്രോജക്ട് ഗുട്ടെൻബർഗ് പോലുള്ള നിരവധി സംരംഭങ്ങൾ വായനയുടെ അവകാശത്തെ ,സ്വാതന്ത്ര്യത്തെ കുറിച്ചാണ് പറയുന്നത്.ലൈബ്രറി ജെനിസിസ് ,മൊബൈലിസം എന്നിങ്ങനെ ഓണ്ലൈനിൽ ഈ -ബുക്കുകൾ ലഭ്യമാക്കുന്ന ഫ്രീ സൈറ്റുകൾ നിരവധിയുണ്ട്.ഇവ കൂടാതെ ആമസോണ്‌ പോലെയുള്ള നിരവധി സൈറ്റുകളിലൂടെ ഈ ബുക്കുകൾ ലഭ്യമാണ്.

മലയയാളത്തിൽ പുസ്തക പ്രസാധകരുടെ കച്ചവട മനോഭാവം നല്ല പുസ്തകങ്ങൾ അവഗണിക്കപ്പെടാൻ പലപ്പോഴും വഴിവെക്കുന്നുവെന്നത് സത്യമാണ്.ഇവിടെയാണ് സൗജന്യ ഈ ബുക്കുകളുടെ നിലപാട് ശ്രദ്ധേയമാകുന്നത് . കെ.സച്ചിദാനന്ദന്റെ ഒരു കൂട്ടം കവിതകൾ പി.ഡി. എഫ് രൂപത്തിൽ വെബ്ബിൽ ലഭ്യമാണ് കവിതയിൽ എസ്റ്റാബ്ലിഷ്ഡ് ആയ ഒരാൾക്ക് അത്തരമൊരു നീക്കം അനായാസം നടത്താം.എന്നാൽ പുതിയ ഒരു സമാഹാരം അതും ആദ്യ സമാഹാരം തന്നെ ഓണ്ലൈനിൽ സൗജന്യമായി ലഭ്യമാക്കുക എന്നത് പല വശങ്ങളിൽ നിന്നു നോക്കുമ്പോൾ ഒരു വെല്ലുവിളി തന്നെയാണ്. പുതിയ കവികൾക്കിടയിൽ 13 കവിതകളടങ്ങിയ സുജീഷിന്റെ വെയിൽ എന്ന ഈ ബുക് വ്യത്യസ്തമാകുന്നത് അതുകൊണ്ടൊക്കെയാണ്.കിൻഡലിലേക്കും,മൊബൈലിലേക്കും എല്ലാം വായന സാവധാനം കളം മാറുന്ന കാലഘട്ടത്തിലാണ് ഇത്തരമൊരു നീക്കത്തിന്റെ പ്രസക്തി.ലിറ്റ്മോസ്‌ഫിയർ പോലുള്ള പുതിയ പ്രസാധക സംരംഭങ്ങൾ സൈബർ ഇടത്തിന്റെ സാധ്യതകളെ കൂടി പരിഗണിച്ചാണ് മുന്നോട്ട് വന്നിരിക്കുന്നത്.

മാറ്റമില്ലാത്തത് മാറ്റം മാത്രമാണെന്ന് പറയാറുണ്ട് .ജീവിത രീതിക്കും സാഹചര്യത്തിനുമനുസരിച്ച്‌ മാധ്യമങ്ങൾ മാറിയേക്കാം , അത്തരം സാധ്യതകളിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന ഉത്സാഹികൾ പിന്നാലെ വരുന്നവർക്കായി   വളരെ പ്രധാനപ്പെട്ട ഒരു ചുവടു വെയ്പാണ് നടത്തുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here