കുള്ളത്തി

 

നമ്പാൻ പറ്റാത്തവൾ
കള്ളി  കീറിയ ചാക്കോളാം വാക്കിന്
വിലകൽപ്പിക്കപ്പെട്ടവൾ
ദുർമുഖി
നാഴിയിലിട്ടാൽ ഉരിയില്ലാതെ പോയ
കുള്ളത്തി.

കൂട്ടുകാരെല്ലാം
പനപോലെ വളരുന്നകാഴ്ച
കൊതിയോടെ കമ്പിയിൽ തൂങ്ങി നോക്കി വെള്ളമിറക്കി പാവം.

കടലാസുകൾ തനിക്കുനേരെ
ചുരുണ്ടുരുണ്ടു തെറിപ്പന്തുകളായി
അവളുടെ വികാരങ്ങൾ
തുഗ്ലക്ക് നാണയങ്ങളായ്…

ദയതേടി മുട്ടിൻമേൽ
ഇഴയുമ്പോൾ ജലം വാർന്ന
കടൽപഞ്ഞിയായി,
ഇടങ്ങൾ പരിഹാസങ്ങളുടെ
സാമ്രാജ്യമായി,
പരിതാപത്തിൽ ഉരുകി
അവളോ ചിറകറ്റ
ഏകാകിനിയായ്.

ആരറിയുന്നു
മാസം തെറ്റിപിറന്നതും
ദിനരാത്രങ്ങൾ
മൃതിയെ ഓടിപ്പിച്ചു തോൽപ്പിച്ചതും.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here