ഒരു ഗ്രാമത്തില്‍ ഒരു കൊച്ചു കുടിലില്‍ വിറകു വെട്ടുകാരന്‍ വേലുണ്ണിയും മകന്‍ രാവുണ്ണിയും താമസിച്ചിരുന്നു . അമ്മയില്ലാത്ത മകനെ അച്ഛന്‍ അല്ലലറിയാതെ വളര്‍ത്തി.
വേലുണ്ണിയുടെ ഭാര്യ മരിച്ചപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ അഭ്യുദയകാംക്ഷികള്‍ നിര്‍ബന്ധിച്ചു. രണ്ടാം ഭാര്യയുടെ പരിചരണം മകന് ഗുണകരമായിരിക്കുകയില്ലെന്നു അയാള്‍ കരുതി മകന്റെ നല്ല ഭാവിയോര്‍ത്ത് വേറെ വിവാഹം കഴിച്ചില്ല .
മകനെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കണമെന്ന് ആഗ്രഹിച്ചു. അതിനു വേണ്ടി എല്ലാം കഴിവുകളും ഉപയോഗിച്ചു .
രാവുണ്ണി അച്ഛന്റെ ആഗ്രഹത്തിനൊത്ത് പഠിച്ചു മിടുക്കനായി . നല്ല ഉദ്യോഗവും ലഭിച്ചു .
അച്ഛനും മകനും സന്തോഷത്തോടെ ജീവിച്ചു . തന്നേപ്പോലെ ഭാഗ്യവാന്‍ ആരുമില്ലെന്നു വേലുണ്ണി കൂട്ടുകാരോട് പറഞ്ഞു . അയാള്‍ വിറകുവെട്ട് നിര്‍ത്തി വീട്ടു കാര്യങ്ങള്‍ നോക്കി നടന്നു .
മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വേലുണ്ണി ധൃതി കൂട്ടി. രാവുണ്ണി ആദ്യമൊന്നും വഴങ്ങിയില്ല . അച്ഛന്റെ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ സമ്മതിച്ചു .
രാവുണ്ണി വിവാഹിതനായി . അതോടെ വേലുണ്ണിയുടെ കഷ്ടകാലവും ആരംഭിച്ചു . രാവുണ്ണി ജോലി കഴിഞ്ഞു വരുമ്പോള്‍ എന്നും ഭാര്യ അച്ഛന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞു. നിത്യവുമുള്ള തലയണ മന്ത്രം കേട്ട് രാവുണ്ണിക്ക് അച്ഛനോട് ഇഷ്ടമില്ലാതായി. ഭാര്യയോടും ഭാര്യാവീട്ടുകാരോടുമായി സ്നേഹം .
അച്ഛന്‍ തന്റെ കൂടേ താമസിക്കുന്നതു പോലും അലോഹ്യമായി തോന്നി . അച്ഛന്റെ നാടന്‍ രീതിയും മറ്റും പരിഷ്ക്കാരിയായ മകന് ഇഷ്ടപ്പെട്ടില്ല . മകന്റെ സ്നേഹമില്ലാത്ത പെരുമാറ്റ രീതിയും മരുമകളുടെ പുച്ഛവും പരിഹാസവും നിറഞ്ഞ സംസാരവും സഹിച്ചുകൊണ്ട് വേലുണ്ണി അവരുടെ കൂടെ കഴിഞ്ഞു കൂടി .
ദു:ഖിതനായ വേലുണ്ണി മാസസികമായി തളര്‍ന്നു. അടിക്കടിയുള്ള അവഗണന സഹിച്ചു കഴിഞ്ഞ അയാള്‍ മദ്യപാനിയായി തീര്‍ന്നു. മദ്യം കഴിക്കാതെ ഒരു ദിവസം പോലും കഴിച്ചു കൂട്ടാന്‍ വയ്യെന്നായി . കയില്‍ രൂപ കിട്ടിയാല്‍ മദ്യം കുടിക്കണമെന്ന ചിന്ത മാത്രമായി . കൈയില്‍ രൂപയില്ലെങ്കില്‍ കടം വാങ്ങിച്ചും കുടിച്ച് ലഹരിക്ക് അടിമയായി തീര്‍ന്നു. നേരം വെളുക്കുമ്പോള്‍
കുടിച്ചില്ലെങ്കില്‍ കൈ വിറക്കുമെന്നായി.
കുടിച്ചു ലക്കുകെട്ട് റോഡിലും വഴിയിലും വീണൂ കിടന്നു പലപ്പോഴും. പലരും താങ്ങിപ്പിടിച്ച് വീട്ടിലെത്തിച്ചു . ചിലപ്പോള്‍ റോഡില്‍ വീണൂകിടക്കുന്ന വിവരം ആരെങ്കിലും മകനെ അറിയിക്കുമായിരുന്നു.
ഉദ്യോഗസ്ഥനായ മകന് അച്ഛന്‍ കുടിച്ച് റോഡില്‍ കിടക്കുന്നത് മോശമായി തോന്നി . അച്ഛനോട് കുടിക്കരുതെന്നു പറഞ്ഞു. പ്രയോജനമുണ്ടായില്ല. കുടി നിര്‍ത്താന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല.
അങ്ങനെയിരിക്കെ ആ നാട്ടിലൊരു സന്യാസി വന്ന് ആശ്രമം സ്ഥാപിച്ച് താമസമാക്കി . സന്യാസിക്ക് പല ചികിത്സകളും അറിയാമായിരുന്നു . മദ്യപാന ദു:ശീലം ചികിത്സിച്ചു മാറ്റിയിരുന്നു. ഈ വവരമറിഞ്ഞ രാവുണ്ണി അച്ഛന്റെ മദ്യപാന ശീലം മാറ്റണമെന്നാഗ്രഹിച്ചു. സ്വാമിയുടെ അടുത്ത് ചെന്നു വിവരം പറഞ്ഞു.
സന്യാസി പിറ്റെ ദിവസം വേലുണ്ണിയുടെ വീട്ടില്‍ വന്നു. അപ്പോള്‍ വേലുണ്ണി അവിടേ ഉണ്ടായിരുന്നില്ല . അന്വേഷിച്ചപ്പോള്‍ ഒരിടത്ത് കുടിച്ച് ലക്കു തെറ്റി വീണൂ കിടക്കുന്നതായി അറിഞ്ഞു.
സന്യാസി രാവുണ്ണിയുമൊരുമിച്ച് വേലുണ്ണിയുടെ അടുത്തു ചെന്നു. അയാള്‍ ബോധരഹിതനായി കിടക്കുന്നതു കണ്ടു.
സന്യാസി വേലുണ്ണിയെ കിടത്താന്‍ പാകത്തിന് വലിപ്പത്തില്‍ മാവിന്‍ പലകകൊണ്ട് പെട്ടിയുണ്ടാക്കിച്ചു കൊണ്ടു വരാന്‍ രാവുണ്ണിയോടു പറഞ്ഞു .
രാവുണ്ണി പെട്ടിയുണ്ടാക്കിച്ചു കൊണ്ടു വന്നു വേലുണ്ണിയെ പെട്ടിയിലെടുത്തു കിടത്തി. മുകളില്‍ പലക വച്ച് വായു പോകാന്‍ പാകത്തിന് പഴുതിട്ട് ആണിയടിച്ചു രാവുണ്ണിയും സന്യാസിയും കാവലിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മൂളലും ഞരങ്ങലും കേട്ടു.
” ഞാനെവിടെയാണു കിടക്കുന്നത്”?
സന്യാസി പറഞ്ഞു.
” നിങ്ങള്‍ മദ്യം കുടിച്ചു ഹൃദയം പൊട്ടി മരിച്ചു പോയി. ഇപ്പോള്‍ നരകത്തിലാണു കിടക്കുന്നത്”
” നിങ്ങള്‍ ആരാണ്?”വേലുണ്ണി ചോദിച്ചു .
” ഞാന്‍ നിങ്ങളേപ്പോലെ മദ്യപിച്ച് നരകത്തില്‍ കിടക്കുന്ന ഒരുവനാണ്”
” അതു ശരി അപ്പോള്‍ നിങ്ങള്‍ എന്നേക്കാള്‍ മുമ്പ് നരകത്തില്‍ വന്നതാണ് അല്ലേ ?”
” അതെ”
” ഇവിടെ അടുത്തെങ്ങാനും മദ്യഷാപ്പ് ഉണ്ടോ നിങ്ങള്‍ നേരെത്തെ വന്ന സ്ഥിതിക്ക് ഇവിടെ പരിചയം കാണുമല്ലോ ”?
മദ്യപാനം ശീലിച്ചാല്‍ ആ ദുശീലം മാറ്റാന്‍ പ്രയാസമാണ്.