ഉമ്പർകോനൊത്തവനായിരുന്നു ദുര്യോധനൻ. ഗംഭീരൻ. കടുത്ത യുദ്ധക്കൊതിയൻ. പാണ്ഡവരോട് കടുത്ത അസഹിഷ്ണുതയായിരുന്നു അദ്ദേഹത്തിന്. അവരെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചു അദ്ദേഹം സദാ ചിന്തിച്ചു. ഖജനാവിലെ പണം മുഴുവൻ ആയുധം വാങ്ങാനും യുദ്ധസന്നാഹങ്ങൾക്കുമായി ധൂർത്തടിച്ചു. അദ്ദേഹം രാജ്യക്ഷേമിയും പ്രജാതല്പരനുമായിരുന്നു എന്നു കേട്ടറിവില്ല.
കുരുക്ഷേത്രയുദ്ധാന്ത്യം അനേകായിരം ജഡങ്ങൾക്കിടയിൽ ഒരു ജഡം മാത്രമായി കിടക്കുന്ന ദുര്യോധനിലേക്കു മഹാകവി കൈചൂണ്ടുന്നു. യുദ്ധം വ്യർത്ഥമാണെന്നും വിനാശമാണെന്നും അതുകൊണ്ടു ആരും ഒന്നും നേടുന്നില്ലെന്നും പറയുന്നു. മഹാഭാരതം വിശ്വകാവ്യമായി. അദ്ദേഹത്തിന്റെ ദർശനങ്ങൾ കാലാതീതമായി.
കാലം പോയി. അലക്സാണ്ടറും, ഓട്ടോമൻ ചക്രവർത്തിമാരും, ഔറങ്ങസീബും, നെപ്പോളിയനും, ടിപ്പുവും, ഹിറ്റ്ലറും, മുസ്സോളിനിയും, സദ്ദാം ഹുസൈനുമൊക്കെ ഓരോരോ കാലങ്ങളിൽ വന്നു പോയി. അവർക്കൊക്കെ ദുര്യോധനന്റെ മുഖഛായയായിരുന്നു. ശത്രുപക്ഷത്തോടുള്ള കടുത്ത അസഹിഷ്ണുത, കടുത്ത യുദ്ധക്കൊതി, അതിനു വേണ്ടി ഖജനാവ് ധൂർത്തടിക്കൽ, രാജ്യകാര്യങ്ങളിലെ പിടിപ്പുകേട് -ദുര്യോധനന്റെ മാറ്റമില്ലാത്ത പകർപ്പുകൾ. ചരിത്രത്തിന്റെ ആവർത്തനം.
ചരിത്രം ആവർത്തിക്കുകയാണ്. ശത്രുവിനോടുള്ള അസഹിഷ്ണുതയും യുദ്ധക്കൊതിയും ആയുധം സ്വരുക്കൂട്ടുന്നതിനായി ഖജനാവ് ധൂർത്തടിക്കലും രാജ്യകാര്യങ്ങളിലെ പിടിപ്പുകേടുമൊക്കെ നാം വീണ്ടും കാണുന്നു. മഹാകവിയുടെ കാലാതീതമായ വാക്കുകൾ വീണ്ടും നമ്മുടെ ചെവിയിൽ മുഴങ്ങുന്നു. വെള്ളമെല്ലാം വാർന്നൊഴുകിപ്പോയതിനു ശേഷം മാത്രം ചിറകെട്ടാൻ കാത്തിരിക്കുന്ന ഒരു ജനതയായി നാം അധഃപതിച്ചു കഴിയണോ എന്നും?