ചുരമിറങ്ങുന്ന ബസ്സിൻ്റെ ബ്രേക്ക് ലൈനർ പഴുത്ത മണം യാത്രക്കാരികളായ തമിഴ് സ്ത്രീകൾ അണിഞ്ഞിരുന്ന മുല്ലപ്പൂമണത്തിനു മിതേ ബസ്സിലാകെ പരന്നു… ഇത്രനേരവും അനിരുദ്ധനെ കടാക്ഷിച്ചു കൊണ്ടിരുന്ന ചെറുതേനിൻ്റെ നിറവും കരിനീല കണ്ണുകളുമുള്ള തമിഴ് പെൺകൊടി തൂവാല കൊണ്ട് മൂക്കു പൊത്തി… ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് ഏപ്രിൽ മാസത്തിലെ ഒരു വെള്ളിയാഴ്ച്ച ദിവസത്തെ സൂചിപ്പിക്കുന്ന തമിഴ് കലണ്ടർ ആ ബസ്സിൽ തറച്ചിട്ടിട്ടുണ്ടായിരുന്നു. ബസ്സിൻ്റെ വിൻ്റോയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ അങ്ങ് താഴ് വാരത്ത് പച്ചയും ഇളം ചുവപ്പും കലർന്ന സമചതുരങ്ങൾ പോലെ തമിഴകത്തിലെ കമ്പം തെളിഞ്ഞു കാണാൻ തുടങ്ങിയിരുന്നു… കൂടുതൽ അടുക്കും തോറും ചേതോഹരമായ എണ്ണഛായ ചിത്രത്തിലെ കളങ്ങൾ പോലെ ഭ്രമിപ്പിച്ചിരുന്ന സമചതുരങ്ങൾ… കടലപാടങ്ങളും തെങ്ങിൻ തോപ്പുകളുമായി രൂപാന്തരം പ്രാപിക്കുന്നത് അനിരുദ്ധൻ സിസംഗമായി നോക്കിയിരുന്നു…. ആദ്യമായി അച്ഛനോടൊപ്പം ഈ ചുരമിറങ്ങിയപ്പോൾ ഈ കാഴ്ച്ചകൾ തനിക്ക് എന്ത് കൗതുകമായിരുന്നുവെന്ന് അനിരുദ്ധൻ ഓർത്തു. കുട്ടികളുടെ കൗതുകങ്ങൾ മുപ്പതുകാരന് ആസ്വദിക്കാൻ കഴിയില്ലല്ലോ…
കമ്പം ബസ്സ് സ്റ്റാൻ്റിൽ ബസ്സ് നിന്നു… മീനചൂടിൽ ചുട്ടുപഴുത്ത് നിൽക്കുന്ന കമ്പം ബസ് സ്റ്റാൻ്റ്… ബസ്സ് സ്റ്റാൻ്റിലെ ലോട്ടറി വിൽപ്പനക്കാരുടെ കോളാമ്പികളിൽ നിന്ന് പുതിയ തമിഴ് പാട്ടുകളും ലോട്ടറി പരസ്യങ്ങളും ഇടവിട്ട് കലപില കൂട്ടി… തണ്ണിമത്തങ്ങ കച്ചവടക്കാർ ചെറിയ ചൂരൽ കൂടകളിൽ തണ്ണിമത്തൻ കനം കുറച്ച് മുറിച്ച് അടുക്കിവെച്ച് ‘ തണ്ണിപളം… തണ്ണിപളം… തണ്ണിപളം എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ബസ്സിൻ്റെ അരുകിലേക്ക് ഓടിയെത്തി… അനിരുദ്ധൻ ബസ്സിൽ നിന്ന് ഇറങ്ങി… തമിഴ് പെൺകൊടിയും കുടുംബവും അനിരുദ്ധൻ ഇറങ്ങുന്നതിനു മുമ്പുതന്നെ ഭാണ്ഡങ്ങളുമായി തിക്കിതിരക്കി ബസിൽ നിന്ന് ഇറങ്ങിയിരുന്നു… അവൾ പിൻതിരിഞ്ഞ് കടക്കണ്ണു കൊണ്ട് അനുരുദ്ധനെ നോക്കി നടന്നകന്നു. ബസ്സ് സ്റ്റാൻ്റിലെ ഈച്ചകൾ ആർത്തു പൊന്തുന്ന ഓടകൾക്കരുകിൽ കറുത്തതും ചെമ്പിച്ചതുമായ നിറങ്ങളുള്ള പന്നികൾ അലഞ്ഞുനടക്കുന്നുണ്ടായിരുന്നു. മനുഷ്യർ കാർന്നുതിന്ന് വലിച്ചെറിഞ്ഞ തണ്ണിമത്തൻ കഷ്ണങ്ങളുടെ തോടുകൾ അവ മൊത്തി വിഴുങ്ങി. കറുത്ത് വയറുന്തിയ നഗ്നരായ ഏതാനും കുട്ടികൾ ബസ് സ്റ്റാൻ്റിൻ്റെ മൂലയിൽ ഒരേ സമയം കളിക്കുകയും ഭിഷയാചിക്കുകയും ചെയ്തുകൊണ്ടിരുന്നത് അനിരുദ്ധൻ കണ്ടു. ഓട്ടോറിക്ഷ തൊഴിലാളികൾ സവാരി തരപ്പെടുത്താൻ കൂട്ടമായി ബസ്സുകളിൽ നിന്നിറങ്ങുന്ന യാത്രക്കാരെ പൊതിയുന്നുണ്ടായിരുന്നു. മീനചൂടിൽ വിയർപ്പുരുകി ഒലിച്ച് ചെറിയ ഉപ്പുപരലുകളായി കൈപ്പത്തികളുടെ പുറത്ത് പറ്റി പിടിച്ചിരിക്കുന്നത് അനിരുദ്ധൻ കണ്ടു. തൊണ്ടയിൽ അവസാന തുള്ളി വെള്ളവും വറ്റിപോയിരിക്കുന്നുവെന്ന് മനസിലായപ്പോൾ അനിരുദ്ധൻ തണ്ണിമത്തൻ കച്ചവടക്കാരുടെ കുട്ടകളിലേക്ക് ആർത്തിയോടെ നോക്കി … ചുവന്നു മാംസളമായ തണ്ണിമത്തൻ കഷ്ണങ്ങളിൽ ചുംബിച്ച് വട്ടമിട്ടു പറക്കുന്ന ഈച്ചകൾ.. അനിരുദ്ധൻ്റെ ദാഹം അറപ്പിന് വഴിമാറി . അയാൾ ഓട്ടോറിക്ഷയിലേക്ക് കയറി ഡ്രൈവറോട് ഒരു നല്ല ബാറിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
ഉമ്മറത്തുതന്നെ വൈൻ ഷോപ്പും ചേർന്നുതന്നെ വിശാലമായ ടൂറിസ്റ്റു ഹോമുമുള്ള ആ ബാറിൻ്റെ പേര് മനോഹരമായിരുന്നു ” വൈശാലി “. ബാറിലെ അരണ്ടവെളിച്ചം മത്രമുള്ള ക്യാമ്പിനിൽ ഇരുന്നു
കഴിഞ്ഞും മിനിറ്റുകളോളം അനിരുദ്ധന് കാഴ്ച്ചതെളിഞ്ഞില്ല. അതുവരെ വെയ്റ്റർ ക്ഷമയോടെ കാത്തു നിന്നു. അനിരുദ്ധൻ വെയ്റ്ററോട് ആദ്യം ഒരു കുപ്പി മിനറൽ വാട്ടർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു… വെയ്റ്റർ കൊണ്ടുവന്ന മിനറൽ വാട്ടറിന്റെകുപ്പി തുറന്ന് അനിരുദ്ധൻ ആർത്തിയോടെ തൊണ്ടയിലേക്ക് കമിഴ്ത്തി. വെയ്റ്ററുടെ കാത്തു നിൽപ്പിന് വിരാമം കുറിച്ചുകൊണ്ട് അനിരുദ്ധൻ ഹാഫ് ബോട്ടിൽ മൊർഫ്യൂസ് ബ്രാണ്ടിക്കും സോഡാക്കും റോട്ടിക്കും പെപ്പർ മഷ്റൂമിനും ഒരു പായ്ക്കറ്റ് ഗോൾഡ് ഫ്ലാക്ക് കിംഗ് ലൈറ്റ്സ് സിഗരറ്റിനും ഓഡർകൊടുത്തു…
മദ്യം നുണഞ്ഞുകൊണ്ട് അനിരുദ്ധൻ ആലോചിച്ചു…എന്തിനായിരുന്നു ഈ യാത്ര…സലീന തന്നെ വഞ്ചിച്ചുവെന്ന് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. അരക്കെട്ടുകളിൽ ചൂട്ടുപൊള്ളുന്ന ആസക്തികളെ പരസ്പരം ആശ്വസിപ്പിച്ചിരുന്നുയെന്നതല്ലാതെ ജന്മം പരസ്പരം തീറെഴുതാൻ ഒരിക്കലും ഇരുവരും ആഗ്രഹിച്ചിരുന്നില്ലല്ലോ …പിന്നെയെന്തിനായിരുന്നു ഈ ഒളിച്ചോട്ടം. കഴിഞ്ഞ ഞായറാഴ്ച്ച… പാതിരാവിലെ അവസാന സംഗമം കഴിഞ്ഞ് യാത്രപറഞ്ഞ് അവളുടെ മുറിയിൽ നിന്ന് ഇറങ്ങിപോരുമ്പോൾ ജാലക ചില്ലിലൂടെ അരിച്ചുവന്ന നിലാവിൽ അവളുടെ കൺപീലികളിൽ തിളങ്ങിയത് വിയർപ്പു തുള്ളികളല്ലാതെ കണ്ണു നീർതുള്ളികളാവാൻ ഒരു സാധ്യതയുമില്ല. മന്ത്രകോടിയിൽ മൂടിനിൽക്കുന്ന അവളെ ഒന്നു കണ്ട് കണ്ണിറുക്കാൻ പോലും കഴിയാത്ത വിവാഹചടങ്ങിന് പോയി അന്യനെ പോലെ ആടുബിരിയാണി തിന്നാൻ താൽപര്യമില്ലാത്തതുകൊണ്ട് ഒരു ദിവസത്തേക്ക് ഒന്നു മാറിനിൽക്കാൻ തീരുമാനിച്ചുവെന്നു മാത്രം. അത്തർ മണമുള്ള രാത്രികൾക്ക് വിട…. ലഹരിയോടൊപ്പം അത്തറിൻ്റെയും ചന്ദനതൈലത്തിൻ്റെയും മണമുള്ള രാത്രികളുടെ മാദകസ്മരണകൾ അനിരുദ്ധനിൽ ഉദ്ധരിച്ചു………… അയാൾ വെയ്റ്ററെ ബെല്ലടിച്ചു വിളിച്ചു… അനിരുദ്ധൻ വെയ്റ്ററോട് പേരു ചോദിച്ചു …അയാളുടെ പേര് നാഗലിംഗം എന്നായിരുന്നു… അനിരുദ്ധൻ അയാളുടെ പേര് പച്ചമലയാളത്തിലേക്ക് വിവർത്തനം ചെയ്തു നോക്കി… പാമ്പിൻ……..അനിരുദ്ധന് ചിരിവന്നു . അനിരുദ്ധൻ വീണ്ടും ശബ്ദം നേർപ്പിച്ച് ആയാളോട് ” ഇങ്കെ പക്കത്തിൽ നിമ്മതിയ കൊഞ്ചനേരം കൂടവെ പടുത്ത് തൂങ്കറുതുക്ക് യാരെയാവത് കിടക്കുമാ ” . നാഗലിംഗം അനിരുദ്ധൻ്റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കികൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു ” പൊണ്ണാ” . അനിരുദ്ധൻ തലയാട്ടി. “ഇങ്കെ ഒരു റൂ പോടട്ടുമാ” അയാൾ ചോദിച്ചു . അനിരുദ്ധൻ വീണ്ടും തലയാട്ടി…….
തലക്ക് മുകളിൽ കറങ്ങുന്ന ഫാനിൻ്റെ ചുവട്ടിൽ വെള്ളവിരിച്ചമെത്തയിൽ അനിരുദ്ധൻ മലർന്നു കിടന്നു. കറങ്ങുന്ന ഫാനിനോടൊപ്പം മുറിയാകെ കറങ്ങുന്നതുപോലെ അനിരുദ്ധനു തോന്നി… നെഞ്ചിനുള്ളിൽ എന്തോ എരിഞ്ഞു കത്തുന്നതുപോലെ… പുറത്തേക്ക് ചാടാൻ എരിവുള്ളതെന്തോ തൊണ്ടകുഴിയിൽ തടഞ്ഞിരിക്കുന്നതു പോലെ…അനിരുദ്ധൻ റൂമിനുള്ളിലെ വാഷ് ബെയ്സനിലേക്ക് കുനിഞ്ഞു നിന്ന് ഓക്കാനിക്കുമ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതിൽ തുറന്നപ്പോൾ വെളിയിൽ ഉദ്ദേശം അമ്പതുവയസ് പ്രായം തോന്നിക്കുന്ന കറുത്തു മെലിഞ്ഞ ഒരു മധ്യവയസ്കൻ നിൽക്കുന്നതു കണ്ടു… അയാൾ അനിരുദ്ധനെ അടിമുടിനോക്കിയ ശേഷം അടക്കിപ്പിടിച്ച ശബ്ദത്തിൽ ചോദിച്ചു ” ഉനക്ക് ലൈലാൻ്റ് മോഡൽ വേണമ മരുതിപോതുമ ” അനിരുദ്ധന് പെട്ടന്ന് ഒന്നും മനസിലായില്ല. അനിരുദ്ധൻ അയാളുടെ കണ്ണിലേക്ക് മനസിലാകാത്തതു പോലെ സൂക്ഷിച്ചു നോക്കി . അയാൾ തന്നെ പറഞ്ഞു ” ഉങ്കൾക്ക് മാരുതി പോതും അരമണി നേരം ഇങ്കെ വെയിറ്റ് പണ്ണുങ്കോ ” അയാൾ കോറിറോഡിലൂടെ നടന്നുമറഞ്ഞു. അനിരുദ്ധൻ റൂമിൽ കയറി വാതിൽ കുറ്റിയിട്ട് കിടക്കയിലേക്ക് മലർന്നു വീണു… ആ മുറിയിലെ ഉപകരണങ്ങളും ചുവരുകളും തനിക്കു ചുറ്റും തലകുത്തി മറിഞ്ഞ് കറങ്ങികളിക്കുന്നതായി അനിരുദ്ധന് തോന്നി…. അയാൾ കണ്ണുകൾ അടച്ച് മലർന്നു കിടന്നു. അയാൾ തൻ്റെ അരക്കെട്ടിലെ തീ അണയുന്നതും ആ പ്രദേശങ്ങളിൽ മഞ്ഞിൻ്റെ തണുപ്പ് പടരുന്നതും അർദ്ധമയക്കത്തിൽ അറിയുന്നുണ്ടായിരുന്നു…
നേർത്ത മഞ്ഞിലൂടെ ആകെ കെട്ടിമറച്ച ഒരു ലോറി വരുന്നത് അനിരുദ്ധൻ കണ്ടു. അത് ഒരു ഇറച്ചിക്കോഴി ഫാമിൽ നിന്നുള്ള ലോറിയായിരുന്നുവെന്ന് അയാൾക്ക് മനസിലായി. അനിരുദ്ധൻ ഭീതിയോടെ തിരിച്ചറിഞ്ഞു ആ ലോറിക്കുള്ളിലെ കള്ളികളിൽ ഇറച്ചികൊഴികൾക്കു പകരം മനുഷ്യശിശുക്കളായിരുന്നുയെന്ന് . എല്ലാം പെൺകുഞ്ഞുങ്ങൾ! അനിരുദ്ധൻ്റെ അരികിലൂടെ കടന്നുപോയ ആ ലോറിക്ക് മുലപ്പാലിൻ്റെയും ബേബി ടാൽക്കം പൗഡറിൻ്റെയും സമ്മിശ്രഗന്ധമായിരുന്നു…ആ ലോറിയുടെ അഴികൾക്കിടയിലൂടെ ഒരു കുഞ്ഞ് അനിരുദ്ധനെ നോക്കി ചുണ്ടു പിളർത്തി കരഞ്ഞു . ആ കുഞ്ഞ് അഴികളുടെ പഴുതിലൂടെ ഊർന്ന് റോഡിലേക്ക് വീഴുന്നത് അയാൾ കണ്ടു…. അനിരുദ്ധൻ അലറിക്കരഞ്ഞുകൊണ്ട് ഏഴുന്നേറ്റു….. അയാൾ ആകെ വിയർത്തിരുന്നു. മുലപ്പാലിൻ്റെയും ബേബിടാൽക്കം പൗഡറിൻ്റെയും മണം ആ മുറിയിലാകെ പടരുന്നതു പോലെ അയാൾക്കു തോന്നി…. വാതിലിൽ ആരോ തുടർച്ചയായി മുട്ടുന്നു. അനിരുദ്ധൻ എഴുനേറ്റ് വാതിൽ തുറന്നു… മുമ്പിൽ നേരത്തെ കണ്ട മധ്യവയസ്കൻ… അയാളുടെ പിന്നിൽ മഞ്ഞൾ പുരണ്ട മുഖമുള്ള ഒരു ദാവണിക്കാരി … വിളറിമെലിഞ്ഞ അവളുടെ കണ്ണുകളിൽ ഒരു അറവുമാടിൻ്റെ ദൈന്യത തളം കെട്ടിനിന്നിരുന്നു. രണ്ട് മൊട്ടുകൾ മാത്രം മുഴച്ചു നിൽക്കുന്ന അവളുടെ നെഞ്ചിലേക്ക് നോക്കിയപ്പോൾ അനിരുദ്ധന് വല്ലാത്ത ശൂന്യതയാണ് തോന്നിയത്. ആയാളുടെ കണ്ണുകൾ മാറിടത്തിൽ പതിച്ചപ്പോൾ അവൾ സ്വയമറിയാതെ ദാവണി പിടിച്ചുയർത്തി നേരെയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കൈകളിൽ പിടിച്ച് അവളെ മുറിയിലേക്ക് തള്ളിക്കയറ്റിയിട്ട് ആ മധ്യവയസ്കൻ അനിരുദ്ധനോട് പറഞ്ഞു.. ” അയ്യാ ചിന്നപ്പൊണുതാൻ പാത്ത്……” പാതിയിൽ അയാൾ നിർത്തുമ്പോൾ അയാളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ ഭാവത്തിൽ ഒരു പിമ്പിൻ്റെ ശൃംഗാര ഭാവം വായിച്ചെടുക്കാൻ അനിരുദ്ധന് കഴിഞ്ഞില്ല….. പണം എണ്ണി നോക്കി തൃപ്തനായി അയാൾ നടന്നു മറഞ്ഞു….. അനിരുദ്ധൻ മുറിയിൽ കയറി വാതിലടച്ച് തിരിഞ്ഞു നോക്കുമ്പോൾ അവൾ തൻ്റെ ചുവന്ന ദാവണിയഴിച്ച് മടക്കി ഭദ്രമായി മെത്തയുടെ ഒരു ഓരത്ത് വെച്ചിരിക്കുന്നതാണ് കണ്ടത്… ഒരു അനുഷ്ടാനമെന്ന പോലെ അവൾ വസ്ത്രങ്ങൾ ഒരോന്നായി അഴിച്ചുമാറ്റാൻ തുടങ്ങി… അനിരുദ്ധൻ നിസംഗനായി കിടക്കയുടെ അറ്റത്തിരുന്ന് അവളുടെ ആ പ്രവർത്തി വീക്ഷിച്ചു… മേലുടുപ്പുകൾ എല്ലാമഴിഞ്ഞു വീണപ്പോൾ അനിരുദ്ധന് വല്ലാത്ത മടുപ്പുതോന്നി…. അയാൾ അവളോട് നിർത്താൻ ആവശ്യപ്പെട്ടു . ഒരു യന്ത്രത്തിൻ്റെ സ്വിച്ച് ഓഫാക്കിയതുപോലെ അവളുടെ പ്രവർത്തി നിന്നു… മേശപ്പുറത്തിരുന്ന ബോട്ടിലിൽ നിന്ന് അൽപ്പം മദ്യം പകർന്ന് നുകർന്ന് കുടിച്ച ശേഷം അനിരുദ്ധൻ ഒരു സിഗരറ്റിന് തീ പകർന്നു. പുകയെടുത്തു കൊണ്ട് അനിരുദ്ധൻ അവളോട് ചോദിച്ചു ” നിൻ്റെ പേരെന്താ ” അവിശ്വസനീയമായ എന്തോ കേട്ടതുപോലെ അവൾ അനിരുദ്ധനെ മിഴിച്ചു നോക്കി. അനിരുദ്ധൻ അൽപ്പം ഉറച്ച ശബ്ദത്തിൽ ചോദ്യം ആവർത്തിച്ചപ്പോൾ അവൾ ചിലമ്പിയ ശബ്ദത്തിൽ പറഞ്ഞു……. ” ദുർഗ്ഗ ” . അനിരുദ്ധൻ അവസാനത്തെ പുകയും ഊറ്റിയെടുത്ത ശേഷം സിഗരറ്റ് കുറ്റി മുറിയുടെ മൂലയിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു. അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു ” അവങ്കെയാര് നിൻ്റെ അപ്പാവാ ” അവൾ നിലത്തേക്ക് നോക്കി നിന്ന് നിർവ്വികാരയായി തലയാട്ടി.അനിരുദ്ധന് പിന്നെ ഒന്നും അവളോട് ചോദിക്കാൻ ശേഷിയുണ്ടായിരുന്നില്ല. അയാൾ എഴുന്നേറ്റ് അർദ്ധനഗ്നയായി നിൽക്കുന്ന അവളുടെ അടുത്ത് ചെന്നു. പൊടുന്നനവേ അവൾ വേച്ച് കുഴഞ്ഞുവീഴാൻ പോകുന്നതു പോലെ അനിരുദ്ധനു തോന്നി. അയാൾ അവളെ താങ്ങി കിടക്കയിലിരുത്തി. തൻ്റെ ചിലമ്പിയ ശബ്ദത്തിൽ ദുർഗ്ഗ അയാളോട് ചോദിച്ചു ” പശി താങ്കമുടിയാതു സാറ് , എതാവത് കിടയ്ക്കുമാ” അനിരുദ്ധന് ഇടനെഞ്ചിൽ ഒരു കത്തി പാളുന്നതു പോലെ തോന്നി…. അയാൾ റൂംബെല്ലിൽ തൻ്റെ വിറക്കുന്ന ചൂണ്ടുവിരൽ ശക്തിയായി അമർത്തി പിടിച്ചു.
ഇഡ്ഡലി വലിയ കഷണങ്ങളായി വായിലേക്ക് തിരുകി കയറ്റുന്ന അവളെ നോക്കിയിരിക്കുമ്പോൾ അനിരുദ്ധൻ്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചഡ്നിയും സാമ്പാറും ഇഡ്ഡലിയും കൂടിക്കുഴഞ്ഞ ഒരു ദ്രാവകം അവളുടെ കടവായിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….അത് തുടച്ചുമാറ്റാൻ പോലും അവൾ മിനക്കെട്ടില്ല…… കഴിച്ചെഴുന്നേറ്റ അവൾ അയാളോട് വീണ്ടും ചോദിച്ചു.
” കൊഞ്ചനേരം നിമ്മതിയ ഇങ്കെ പടുക്ക വിടുമാ ? ”
അനിരുദ്ധൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി…. ആ കൺപോളകളിൽ ഒരു ജന്മത്തിൻ്റെ മുഴുവൻ നിദ്രയും ഇരമ്പിയാർക്കുന്നത് അയാൾ കണ്ടു. അനിരുദ്ധൻ കിടക്കയിലേക്ക് വിരൽ ചൂണ്ടി ….ശാന്തമായി അവളുറങ്ങുന്നത് നോക്കിയിരിക്കുമ്പോൾ അനിരുദ്ധൻ്റ അടിമനസിൽ പതിഞ്ഞ താളത്തിൽ ഒരു താരാട്ട് ഇഴയുന്നുണ്ടായിരുന്നു…
A well designed portrait of Idukki – Kumbam landscape and culture with a feel full story. Excellent creation my big brother. Keep going on…