ഒരു പിക്കാസോചിത്രത്തിലെ മദാമ്മയെപ്പോലെ
കൊഴുത്തു തടിച്ച സ്വപ്നട്ടീച്ചർ,
മലയാളം പിരിയേഡിൽ,
രൂപകാലങ്കാരത്തെ വർണിച്ചു തുടങ്ങിയ നിമിഷം,
എട്ടും പൊട്ടും തിരിയാത്ത ഒരു ശിഷ്യൻ, ബോധബധിരനായി,
പിങ്ക് സിൽക്ക് സാരിയുടെ ഞൊറിവുകളാൽ അലംകൃതമായ
ആ മാംസരൂപത്തിൽ ആഴ്ന്നമരുകയായിരുന്നു.
അപഥസഞ്ചാരപഥത്തിലെ മറ്റൊരു അരങ്ങിൽ
പെൺവൈദ്യയുടെ കരിനീലക്കണ്ണുകളിൽ ചൂണ്ടയിടവേ
അവന്റെ അന്തർഗ്രന്ഥിസ്രാവഘടനയിൽ ഹലാക്കിന്റെ ആന്തോളനം!
“എന്താ മോനെ പ്രശ്നം?”
അവിവാഹിത തിരക്കി.
“ഡോക്ടർ”
മൃദുലമുഴപ്പിന്റെ കൂർത്ത മുനകൾക്കിടയിലുള്ള സ്പോട്ടിൽ എകാഗ്രത സാധകം ചെയ്യൂന്നതിനിടെ, എട്ടും പൊട്ടും തിരിയാത്ത കുട്ടി പറഞ്ഞൊപ്പിച്ചു:
“ദേഹമാസകലം ഒരു തരിപ്പ് …. വയ്യായ്ക! ”
മീശ കുരുത്ത നാളുകളിലെന്നോ,
പൊട്ടിത്തെറിച്ചതിനു രൂപമാറ്റം സംഭവിച്ചു.
അവന്റെ കണ്ണുകൾ പൂവായി
അവന്റെ ചുണ്ടുകൾ വാലായി
തിരക്ക് അവനു പ്രാണവായുവായി
പിരാക്ക് അവനു പോഷകാഹാരമായി
പൂവാലാ പൂവാലാ എന്ന ആക്ഷേപഹാസ്യവിളി
ഒരു പൂവിളിയുടെ ഹരമായി.
കാക്കത്തൊള്ളായിരത്തെ ടീസിച്ച കൂട്ടത്തിൽ ചെറുപ്പക്കാരിയായ ഒരു പെൺപോലീസിനെയും അവൻ വെറുതെ വിട്ടില്ല. രാത്രിയിലെ രഹസ്യയാമങ്ങളിൽ അവൻ അയല്പക്കത്തെ അയകളിൽനിന്ന് അടിച്ചെടുത്ത പാവാടക്കും പാന്റിക്കും ബോഡീസിനും കയ്യും കണക്കുമില്ല.അദൃശ്യനായ അവനെ മനസ്സിൽ കണ്ടു ‘കാമഭ്രാന്താ, നീ നശിച്ചുപോകും’ എന്ന് പ്രാകാത്ത പെൺകുട്ടികളും യുവതികളും വീട്ടമ്മമാരും വൃദ്ധകളും നാട്ടിലില്ല.
കൊറോണക്ക് മുമ്പുള്ള മറ്റൊരു കൊറോണയായി
നാട്ടിൽ പൂവാലശല്യം രൂക്ഷമായി.
മതമേലധ്യക്ഷന്മാരും മനഃശാസ്ത്രജ്ഞന്മാരും നിയമപാലകന്മാരും
രാഷ്ട്രീയനേതാക്കന്മാരും സാംസ്കാരികകോവിദന്മാരും
ശല്യം നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു.
അവസാനം ഒരനുഗ്രഹംപോലെ അത് അവതരിച്ചു.
ഏത്?
സാക്ഷാൽ കൊറോണമൂർത്തി!
മൂർത്തി എന്ത് ചെയ്തു?
സംഹാരവിളംബരദിനം തൊട്ടേ,മൂർത്തി പൂവാലകൾക്ക് വലിയ ഞെരുക്കം സമ്മാനിച്ചു. ക്രമേണ ഭൂമിയിൽ അവർക്കു പൂവും വാലും വാളും വളവും കിട്ടാതായി. അവർ കഷ്ടത്തിലായി. അവരുടെ വംശം മുടിഞ്ഞു.
പൊട്ടിത്തെറിച്ചതിനു എന്ത് പറ്റി?
വഴി പിഴച്ച ആ സന്തതിമാത്രം ആകാശത്തേക്ക് …….!
ഹെന്ത്! ആ പാപി ഉയർന്ന് പുണ്യവാളനായെന്നോ?
ഒരിക്കലുമില്ല. പരേച്ഛയാൽ ചാലിതമായ ഒരു ഡ്രോൺകണക്കെ അവൻ ശപിക്കപ്പെട്ടിരിക്കുന്നു – വട്ടം ചുറ്റാൻ; കുളങ്ങൾക്കുമീതെ, തോടുകൾക്കുമീതെ, പുഴക്കടവുകൾക്കുമീതെ, കടൽത്തീരങ്ങൾക്കുമീതെ!