രാമകവി കവിത ചൊല്ലിത്തുടങ്ങി. പരപരാന്ന് നേരം പരന്നപ്പോ തോന്നിയ ശ്ലോകം കേൾപ്പിക്കാൻ ഓടിയെത്തിയതാണ്.
തെക്കേടമാണ് കേൾവിക്കാരൻ. കവി ഓരോ വരി ചൊല്ലുമ്പോഴും മേമ്പൊടിയായി നമ്പൂരാര്ടെ വക ഒന്ന് പൂശും.
“ജലം കുടിച്ച്…” രാമൻ പ്രോത്സാഹനം തേടി ഒന്നുനോക്കി.
“അതെന്താ വെള്ളം കുടിക്കാൻ പറ്റൂലേ”, എന്നായി തെക്കേടം.
“തണലു കുടിച്ച്…”, കവി തുടർന്നു.
“എന്റെ തെക്കേടത്തമ്മേ…”, തെക്കേടം അലറിക്കരഞ്ഞു.
വിളി കേട്ട്, കിണറ്റുങ്കരയിൽ വെള്ളം കോരിക്കൊണ്ടിരുന്ന പാറു കയറിന്റെ പിടിവിട്ട് ഓടിവന്നു. കയറ് സ്തംഭിച്ചവിടെ നിന്നു. പതിവ്രതയാണ് വൃഷലി പാർവതി.
ഉച്ചക്കത്തെ മെനു മുൻകൂട്ടിക്കണ്ട് അടുക്കളേല് വിഭവങ്ങൾ തയ്യാറാക്കുന്ന തെക്കേടത്തിന്റെ വേളി രുക്മിണിയും അതേ സ്പീഡിൽ ഓടിയണഞ്ഞു. ഒറ്റ നോട്ടത്തിൽ രണ്ടുപേരും പൂമുഖദൃശ്യം മനസ്സിൽ പകർത്തി തലയൊന്നു വെട്ടിച്ച് പിന്തിരിഞ്ഞു.
“അയ്യോ ന്റെ തൊട്ടീം കയറും”, ന്ന് പോണവഴി അലറി പാറു. ഭാഗ്യം, കെണറ്റില് വീണിട്ടില്ല.
വേലിക്കലെ കാക്കയും തൂണിനുമറവിൽ പരസ്പരം പടവെട്ടിയിരുന്ന പാണ്ടനും കുറിഞ്ഞിയും കാതുകൾ കൂർപ്പിച്ചു. തെക്കേടത്തിന്റെ ശ്രദ്ധയ്ക്കു പക്ഷേ, ഇളക്കം തെല്ലും തട്ടിയിരുന്നില്ല. ഇതൊന്നും അറിയാത്ത കവി കഥനം തുടർന്നു.
“വെയിലു തിന്ന്…”
പ്രോത്സാഹനം കൊടുത്തു നമ്പൂരി, “അതേയതെ”.
“പട്ടിണിയും തിന്ന്…”
തീറ്റപ്രാന്തൻ ന്ന് മനസ്സില് പ്രാകി അനുവാചകൻ.
“കവികളിങ്ങനെ തിന്നും കുടിച്ചും കഴിയുന്നു”, രാമൻ കവിത പൂർത്തിയാക്കി ഒരു ദീർഘശ്വാസം വിട്ടു.
അരിശംപൂണ്ട് തെക്കേടം അക്ഷമനായി. വാക്കുകൾ അറിയാതെയൊഴുകി, “ആശാരിച്ചിയെ കടിച്ചില്യേ ആവോ?”.
അതുകൊണ്ടും അരിശം തീർന്നില്ല. തെക്കേടം പുലിയായി, പുല്ല് തിന്നു. എന്നിട്ടും ശരിയാവണില്ല. അടങ്ങാത്ത വികാരതള്ളിച്ചയിൽ നിവർത്തികേടുകൊണ്ട് തെക്കേടം അലറി, “തന്നെക്കൊണ്ടൊന്നും കൂട്ട്യാ കൂടൂലാന്ന്. വല്ല പണിക്കും പൊയ്ക്കൂടേ”.
രാമകവി കണ്ടം വഴി ഓടി.