സ്വപ്നാടനം

 

തുടക്കം

കുറ്റിവീഴാതെപോയ വാതിൽ
മെല്ലെ തുറന്നുള്ളിൽകടന്നെന്റെ
കാലിയായ പാത്രത്തിലൊരു ടീസ്പൂൺ
ചോദ്യം ഒഴിച്ചു,അയാൾ തന്നെ
നാളല്പമായീ ശല്യം.

ചോദ്യങ്ങൾ

ഛെ! നാണക്കേടാണ്, തോറ്റത്.
നായര് ചെക്കനോടെന്നത് കഷ്ടം.
കാരണമറിയാതെ വീർപ്പുമുട്ടുന്നു,
അയാൾ സ്പൂണെടുത്തൊഴിച്ചു,
ചോദ്യങ്ങൾ പിന്നെയും.
പരിശ്രമിച്ചില്ലെ? പ്രാർത്ഥിച്ചില്ലെ?
എന്നിട്ടുമെന്തേ? എങ്ങനെ?
ചോദ്യത്തിനൊപ്പം ചിഹ്നങ്ങളും
ചേർന്നാ പാത്രത്തിൽ തിളച്ചു.

ഉത്തരങ്ങൾ

രണ്ടാമതായെന്നാലത് തോൽവിയല്ലെന്ന്
പറയുമ്പോഴേക്കും,വഴിക്കു കുറുകെ
അയാൾ,തോലുരിഞ്ഞപോലായി,
അറിഞ്ഞില്ലേ എല്ലാരും.
പരിശ്രമിച്ചു, നല്ല പോലെ
പ്രാർത്ഥിച്ചു, നല്ല പോലെ
ചിലപ്പോൾ ഭാഗ്യക്കേടാകാം,
ദൈവാധീനമില്ലാത്തതാകാം ചിലപ്പോൾ.

കണ്ടെത്തലുകൾ

അല്പം നിഴലിച്ച മ്ലാനതയിൽ പതിയെ
കണ്ണടഞ്ഞ് അയാൾ ചിന്തയിലാണ്ടു
അയാളുടേതാണ് തീരുമാനങ്ങൾ
അയാളുടേതാണ് കണ്ടെത്തലുകൾ
കൈവശമുള്ള
ഓർമ്മയുടെ വിഡ്ഢിപ്പെട്ടീൽ
പ്രസക്തഭാഗങ്ങൾ റീവൈന്റടിച്ചു കണ്ടു
മുഴുമിക്കുമ്പോഴെല്ലാം വ്യക്തം,
എനിക്ക് അല്ല, അയാൾക്ക് തന്നെ.
മേലേകുന്നിലെ അമ്പലം,ആരുടെ?
ഗണപതീന്റെ, അല്ല
നായന്മാരുടെയെന്നത് സത്യം
നടയിൽ ഞാൻ തൊഴുതുവച്ചയിരുപത്
അവിടം അതുപോലെ,
അല്പം കടന്നൊരമ്പത്
വച്ചതവൻതന്നെ, ആരുമില്ലാ നേരം
നോക്കിയമ്പതു മിണുങ്ങിയ
ഗണപതി.ചതി.

ഒടുക്കം

ചുരുളഴിഞ്ഞു കഴിഞ്ഞതും
തിരികെ നടന്നു മറഞ്ഞതും
അയാളെനിക്കെന്തോ പകർന്നിരുന്നു
കാതിലതിരമ്പമായി
ചിന്തയ്ക്കു പ്രഹരമായി,
ഉള്ളിലതു തളം കെട്ടി,
ഒടുക്കം ഒരലർച്ചയായി.
അതുകേട്ടാരോ വാതിൽ തുറന്നു ,
വീണ്ടും
അമ്മയാണ്,
അമ്മയാണ് പുതപ്പെടുത്തതും.
ഉണർന്നിട്ടും ഞാൻ ഉറക്കത്തിലാണ്
അതാണുണർവ്വെന്ന തോന്നൽ.
ചോദ്യങ്ങൾ,
ഉത്തരങ്ങൾ, കണ്ടെത്തലുകൾ
ഗണപതി,ചതി,മുപ്പത് ഇന്ത്യൻ റുപ്പിക
തളം കെട്ടിയ സംശയത്തിന്റെ
വാദങ്ങൾ,
കേട്ട് വിശ്വസിച്ച
കഥകളുടെ,കഥാപാത്രങ്ങളുടെ ,
അവരുടെ
അസ്തിത്വത്തിന്റെയും.

(നായരെന്നെഴുതിയിടത്ത് ചോനെന്ന് മാറ്റി വായിക്കാവുന്നതാണ്,അപ്പോൾ മേലേക്കുന്ന്,താഴെയാകുമെന്നത് ഒരു അറിയിപ്പായി കരുതുക)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here